Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴു സീറ്റിൻറെ കുറുമുന്നണി

സന്തോഷ്
by സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
honda freed ഹോണ്ട ഫ്രീഡ്

ഏതു വിപണിയും കാലത്തിനൊത്തു മാറും. വാഹനവിപണിയും ഈ നിയമത്തിനൊപവാദമല്ല. മാറ്റങ്ങൾ തുടർക്കഥയായ ഇന്ത്യയിലെ വാഹനവിപണിയിലെ ഏറ്റവും പുതിയ ട്രെൻഡ് മിനി എം പി വികളാണ്. എന്നുവച്ചാൽ വലുപ്പം കുറഞ്ഞ മൾട്ടിപർപസ് വാഹനങ്ങൾ. ഇന്ത്യയിലെ ഏറ്റവും വിജയകരമായ മൾട്ടി പർപസ് വാഹനങ്ങൾ മഹീന്ദ്രയിൽ നിന്നാണുണ്ടായത്. ജീപ്പ് മുതലിങ്ങോട്ട് ബൊലീറൊയും സ്കോർപിയോയും സൈലോയുമൊക്കെ വിജയകഥകളാണ്. ടൊയോട്ടയും ടാറ്റയും ഷെവർലെയുമൊക്കെ പിടിമുറുക്കാൻ ശ്രമിക്കുന്ന വിപണിയിൽ നിസ്സാനടക്കമുള്ള പുതിയ അതിഥികളുമുണ്ട്. എന്നാൽ പരമ്പരാഗത എം പി വികൾക്ക് മുഖ്യമായ ചില വീഴ്ചകളുണ്ട്. ഒന്ന് വലുപ്പം. രണ്ട് കാറിനൊപ്പം ഉയരാത്ത ഫിറ്റും ഫിനിഷും. മൂന്ന് നഗര ഡ്രൈവിങ്ങിനുള്ള ബുദ്ധിമുട്ട്. നാല് ഇന്ധനക്ഷമതക്കുറവ്. അഞ്ച് യാത്രാസുഖക്കുറവ്.

ഈ വിഭാഗത്തിൽ വിപണിയിലെ ഏറുന്ന ആവശ്യം കാറിനൊപ്പം മാത്രം വലുപ്പവും ഒന്നു രണ്ടുപേർക്കു കൂടി യാത്ര ചെയ്യാനുള്ള സൗകര്യവും മികച്ച ഇന്ധനക്ഷമതയുമാണെന്ന് അടുത്തയിടെ വ്യക്തമായി തെളിയിക്കപ്പെട്ടു. മാരുതി എർട്ടിഗയിലൂടെ. വിൽപന ഗ്രാഫ് പരിശോധിച്ചാൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽപന നേടിയിട്ടുള്ള വണ്ടികളുടെ പട്ടികയിലേക്കാണ് എർട്ടിഗയുടെ കുതിപ്പ്.

Ford B Max ഫോഡ് ബി മാക്സ്

ടൊയോട്ട ഇന്നോവ പോലെയുള്ള എതിരാളികളുടെ ഒപ്പം യാത്രക്കാരെ കയറ്റാവുന്ന വാഹനം. ലീറ്ററിന് ബുദ്ധിമുട്ടി 10—12 കിലോ മീറ്റർ ഇന്ധനക്ഷമത ഇന്നോവയും മറ്റും കൊടുക്കുമ്പോൾ അനായാസം 20 കി മി വരെ ഒരു ലീറ്റർ ഡീസലിനെ വലിച്ചു നീട്ടാനാവുന്ന മൈലേജ്. കാറുകളെ തോൽപിക്കുന്ന ഉൾവശ ഫിനിഷ്. കാർ പ്ലാറ്റ്ഫോമിൽ നിർമിക്കയാൽ മികച്ച യാത്രാസുഖം. വിപണിയിൽ ഉറഞ്ഞാടുന്ന പല എം പി വികളും ഷാസിയിൽ ബോഡി കെട്ടുന്ന പഴഞ്ചൻ സാങ്കേതികതയെങ്കിൽ ഇവിടെ കാറുകളെപ്പോലെ മോണോ കോക് രൂപകൽപനയത്രെ. ഇത് യാത്രാസുഖത്തിനൊപ്പം നിയന്ത്രണവും മെച്ചപ്പെടുത്തുന്നുണ്ട്. സ്വിഫ്റ്റ് പ്ലാറ്റ്ഫോമിൽ എസ് എക്സ് ഫോറിൻറെ ഡീസൽ എൻജിൻ കടം കൊണ്ടാണ് എർട്ടിഗ ഡീസൽ പണിതത്. ഓടിക്കാനും നീളം കാറിനൊപ്പമേയുള്ളുവെന്നതിനാൽ പാർക്ക് ചെയ്യാനും ബഹുകേമം. ഏറ്റവും പിന്നിലെ സീറ്റ് മടക്കിയിട്ടാൽ വലിയൊരു ഡിക്കി ശരിയാ മൾട്ടി യൂട്ടിലിറ്റിവാഹനത്തിൻറെ പ്രയോജനം തരും. ഈ നേട്ടങ്ങൾ ത്രോട്ടിൽ തിരിക്കുന്നതിനാലാവണം എർട്ടിഗയുടെ വിജയക്കുതിപ്പ് എതിരാളികളെ ഞെട്ടിക്കുന്ന വേഗത്തിലായിരുന്നു. ന്യായമായും വിപണിയിൽ കൂടുതൽ സമാന ഉത്പന്നങ്ങൾ വരും. അവ ഇതൊക്കെ: ഫോഡ് ബി മാക്സ്, ഹോണ്ട ഫ്രീഡ്, മഹീന്ദ്ര മിനി സൈലോ (ക്വാണ്ടോ). ഇത്രയും വാഹനങ്ങൾ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഇനിയും വരും കൂടുതൽ മോഡലുകൾ. വരാനിരിക്കുന്നവയെപ്പറ്റി കൂടുതൽ അറിവുകൾ.

∙ ഫോഡ് ബി മാക്സ്: ഫിയസ്റ്റ പ്ലാറ്റ്ഫോമിലുള്ള ബി മാക്സ് രണ്ടു കൊല്ലത്തിനുള്ളിൽ വരും. ബി പില്ലർ എന്നു സാങ്കേതിക നാമമുള്ള മുൻ പിൻ ഡോറുകളുടെ ഇടയിലെ പില്ലർ ഇല്ല എന്നതാണ് ബി മാക്സിൻറെ പ്രത്യേകത. അതായത് മുന്നിലെയും പിന്നിലെയും (സ്ലൈഡിങ്) ഡോറുകൾ തുറന്നാൽ അനായാസം കയറിക്കൂടാം. ഏറ്റവും പിന്നിൽ ഒരു നിര സീറ്റ് കൂടിക്കൊടുത്ത് ഏഴു സീറ്ററായാവും ഇന്ത്യയിലെ ബി മാക്സിൻറെ വരവ്. ഏറ്റവും പുതിയ 1 ലീറ്റർ, 3 സിലിണ്ടർ ഇക്കോമാക്സ് പെട്രോൾ, 1.5 ഡ്യൂറാടോർക്ക് ഡീസൽ എൻജിനുകൾ പ്രതീക്ഷിക്കാം. നാലു മീറ്ററിലും നീളം കുറഞ്ഞ കാറിന് വില 10 ലക്ഷത്തിൽ താഴെ നിൽക്കണം.

Mahindra Mini Xylo മഹീന്ദ്ര മിനി സൈലോ

∙ ഹോണ്ട ഫ്രീഡ്: ഹോണ്ടയിൽ നിന്നു വരുന്നതൊന്നും മോശമാകില്ലല്ലോ ? ജാസ് ഹാച്ച് ബാക്കിന് നീളം കൂടിയതുപോലെ തോന്നിക്കുന്ന ഫ്രീഡ് രൂപകൽപനയിൽ മാത്രമല്ല പെർഫോമൻസിലും ഒരു പടി മുകളിൽ നിൽക്കും. വില പക്ഷെ പത്തിൽത്താഴെ കൊണ്ടുവരുന്നുണ്ട്. പെട്രോൾ എൻജിൻ മാത്രമേയുള്ളൂ എന്നൊരു കുറവ് സെവൻസീറ്റർ ഫ്രീഡിനെപ്പറ്റിപ്പറയാം. ജാസിലും ഉയരവും നാലു മീറ്ററിലധികം നീളവുമുള്ള ഫ്രീഡിന് പിന്നിൽ സ്ലൈഡിങ് ഡോറാണ്. 1.5 എെ വി ടെക് എൻജിൻ.

∙ മഹീന്ദ്ര മിനി സൈലോ: ഈ മാസം തന്നെ കാത്തിരിപ്പിനു വിരാമമിട്ട് വാഹനം എത്തിയേക്കും. ക്വാണ്ടോ എന്നാവാം പേര്്. മൂന്നു നിര സീറ്റുകളുണ്ട്. ഏഴു യാത്രക്കാർക്കു വരെ കയറാം.സൈലോയുടെ എൻജിനിൽ നിന്ന് ഒരു സിലണ്ടർ കുറച്ച് 1500 സി സിയാക്കിയതാണത്രെ ക്വാണ്ടോയുടെ എൻജിൻ. മികച്ച ഇന്ധനക്ഷമതയും ആവശ്യത്തിനു പെർഫോർമൻസും പ്രതീക്ഷിക്കാം. ധാരാളം ഘടകങ്ങൾ സൈലോയിൽ നിന്നു സ്വീകരിക്കയാൽ വിലയുടെ കാര്യത്തിൽ ക്വാണ്ടോ എതിരാളികളെ പിന്തള്ളും. അഞ്ചു ലക്ഷത്തിൽ വില തുടങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.