Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റിനെ റാണയുടെ രഥമാക്കിയ സാബു സിറിള്‍ മാജിക്ക്

bahubali-vehicle-4 Baahubali 2 The Conclusion Chariot

വാക്കിനാൽ വർണ്ണിക്കുന്നതിനുമപ്പുറമായിരുന്നു ബാഹുബലി എന്ന ചിത്രം സമ്മാനിച്ച ദൃശ്യഭംഗി. ഇന്ത്യൻ സിനിമാ ചരിത്രത്തെ ബാഹുബലിക്ക് മുമ്പും പിമ്പും എന്ന് വകഞ്ഞു മാറ്റിയതിൽ ആ ദൃശ്യവിസ്മയം വഹിച്ച പങ്ക് ചെറുതല്ല. രാജമൗലിക്കും പ്രഭാസിനുമൊപ്പം തന്റെ കരിയറിലെ അഞ്ചുവർഷങ്ങൾ ആ ഒറ്റ ചിത്രത്തിനായി മാറ്റിവെച്ച സാബു സിറിലും ആ ബ്രഹ്മാണ്ഡ വിജയാഹ്ലാദത്തിലാണ്. 

bahubali-vehicle-1 Baahubali 2 The Conclusion Chariot

രാജമൗലി എന്ന സംവിധായകന്റെ മികവും സാബുസിറിൾ എന്ന പ്രൊ‍ഡക്ഷൻ ഡിസൈനറുടെ അധ്വാനവുമാണ് ബാഹുബലിയെ മികച്ചതാക്കുന്നത്. ചിത്രത്തിലെ യുദ്ധ രംഗങ്ങൾ ഇമചിമ്മാതെ കാണാൻ േപ്രക്ഷകരെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ് റാണദഗുബതി (ബൽവാൽദേവൻ) ഉപയോഗിക്കുന്ന രഥം. ഹോളിവുഡ് ചത്രങ്ങളിൽ വാർമെഷിനുകൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ ഒരു രഥം ലോകസിനിമയിൽ ആദ്യം. തന്റെ നേർക്ക് പാഞ്ഞടുക്കുന്നവരെയെല്ലാം കൊന്നൊടുക്കുന്ന ഈ വാർമെഷീൻ സാബു സിറിൾ തയ്യാറാക്കിയതിന് പിന്നിലും വലിയൊരു അധ്വാനമുണ്ട്.

bahubali-vehicle-6 Baahubali 2 The Conclusion Chariot

ബുള്ളറ്റിന്റെ എൻജിൻ, ചെറു പിക്കപ്പിന്റെ സ്റ്റിയറിങ് അസംബ്ലി

ബൽവാൽദേവന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് ഈ രഥം. ബൽവാൽദേവന്റെ നേർക്ക് ആർക്കും അടുക്കാൻ സാധിക്കാത്തവിധം, മുന്നിലുള്ള പ്രതിബന്ധങ്ങളെ അരിഞ്ഞുവീഴ്ത്തുന്ന തരത്തിലായിരിക്കണം രഥം എന്ന് സംവിധായകൻ പറഞ്ഞിരുന്നു. അതിനനുസരിച്ചാണ് വാഹനം തയ്യാറാക്കിയത്. സ‍ഡൻ പിക്കപ്പ് അവശ്യമില്ല എന്നാൽ ഭാരം വഹിക്കുകയും വേണം. അതുകൊണ്ടാണ് ബുള്ളറ്റിന്റെ എൻജിൻ തിരഞ്ഞെടുത്തത്.  റോയൽ എൻഫീൽഡിന്റെ 500 സിസി എൻജിന് മറ്റ് എൻജിനുകളെ അപേക്ഷിച്ച് ടോർക്ക് കൂടുതലാണ്. കുടാതെ ചിലവ് കുറയ്ക്കാനുമാകും എന്നത് ബുള്ളറ്റിന്റെ എൻജിൻ ഉപയോഗിക്കാൻ കൂടുതൽ ആർജവം നൽകി.

bahubali-vehicle-2 Baahubali 2 The Conclusion Chariot

രഥ നിർമാണത്തിനായി സെക്കന്റ് ഹാൻഡ് ബുള്ളറ്റ് വാങ്ങിക്കുകയായിരുന്നു. ഹാൻഡിലിന് പകരം സ്റ്റിയറിങ്ങാണ് രഥത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചത്. മുന്നിലും പിന്നിലും രണ്ട് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ചെറു പിക്കപ്പിന്റെ സ്റ്റിയറിങ് അസംബ്ലിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഒരാൾ രഥം ഓടിക്കുന്നുമുണ്ട്. രഥത്തിൽ ആൾ ഇരിക്കുന്ന സ്ഥലത്തു നിന്നാണ് അമ്പുകൾ തൊടുക്കുന്നത്. അതുകൊണ്ട് ആളെ കാണില്ലെന്നു മാത്രം. എകദേശം ഒരു മാസം സമയമെടുത്താണ് രഥം തയ്യാറാക്കിയതെന്നും സാബു സിറിൾ പറയുന്നു.

bahubali-vehicle Baahubali 2 The Conclusion Chariot

രാജമൗലിയുടെ ആശയം

ആദ്യ ഭാഗത്തിലാണ് ബൽവാൽദേവന് യുദ്ധത്തിൽ കൂട്ടകൊല നടത്താൻ പറ്റുന്നൊരു രഥം എന്ന ആശയം സംവിധായകൻ പറയുന്നത്. ബൽവാൽദേവന്റെ അടുത്തുവരുന്നവരെയെല്ലാം അരിഞ്ഞെറിയുന്ന രഥം. ആ ആശയത്തിൽ നിന്നാണ് ഇപ്പോൾ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന രഥം വരുന്നത്. ആദ്യ ഭാഗത്തിൽ രഥത്തിൽ നാലു ബ്ലെയിഡുകൾ വീതമുള്ള ഫാനായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്തിലെത്തിയപ്പോൾ കുറച്ചു കൂടി റഫ് ലുക്ക് വേണമെന്ന് പറഞ്ഞതുകൊണ്ടാണ് മൂന്ന് ഫാനുകളാക്കിയത്. വലിപ്പം കൂടുതലുള്ളതുകൊണ്ടാണ് ബുള്ളറ്റിന്റെ എൻജിൻ ഉപയോഗിക്കാമെന്ന് തീരുമാനിച്ചതും.

bahubali-vehicle-3 Baahubali 2 The Conclusion Chariot

ആദ്യമായല്ല മോഡിഫിക്കേഷൻ

നേരത്തെ കണ്ണത്തിൽ മുത്തമിട്ടാൽ, മങ്കാത്ത, ഹേ റാം, തീസ്മാർഖാൻ തുടങ്ങിയ ചിത്രങ്ങളിൽ ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകൾ നടത്തിയിട്ടുണ്ട്. അമ്പാസിഡറിന്റെ എൻജിൻ കൊണ്ടാണ് കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ട്രാം നിർമിച്ചത്. കൂടാതെ അക്ഷയ്കുമാർ നായകനാവുന്ന തീസ്മാർഖാൻ എന്ന ചിത്രത്തിലെ ട്രെയിന് രണ്ട് ലോറികൾ ചേർത്ത് വെച്ചാണ് നിർമിച്ചത്. 

bahubali-vehicle-5 Baahubali 2 The Conclusion Chariot

അച്ഛന്റെ ബിഎസ്എ ബൈക്ക്

സാബു സിറിളിന്റെ പിതാവിന് സ്വന്തമായൊരു ബിഎസ്എ ബൈക്കുണ്ടായിരുന്നു. ബുള്ളറ്റിനോട് സാമ്യം തോന്നുന്ന ആ ബൈക്ക് മനസിലുണ്ടായിരുന്നതുകൊണ്ടായിരിക്കണം രഥത്തിന്റെ ആശയം വന്നപ്പോൾ ബുള്ളറ്റിന്റെ എൻജിൻ തന്നെ ഉപയോഗിക്കാം എന്ന് ആശയം വന്നത്.

‌അമർചിത്രകഥകളിലെ ആ ഭ്രമാത്മകതയെ വെള്ളിത്തിരയിലെത്തിച്ച ബാഹുബലി എന്ന ദൃശ്യ വിസ്മയം ബോക്സ് ഓഫീസിലും സാങ്കേതികതികവിലും വിസ്മയമായി തന്നെ തുടരും ഏറെക്കാലം.