Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ; മൂന്നു കോച്ചുകളിലെ വിപ്ലവം

Kochi Metro Kochi Metro

മൂന്നു കോച്ചുകളിലെ വിപ്ലവമാണ് കൊച്ചി മെട്രോ എന്നു പറഞ്ഞാൽ  അതിശയിക്കേണ്ട. സംഗതി വഴിയേ മനസ്സിലാകും. സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയുള്ള കിടിലൻ ഡിസൈനിൽ മെട്രോ വരുമ്പോൾ വഴിമാറുന്നത് തൊട്ടാൽ തുരുമ്പുപിടിക്കുന്ന ലോക്കൽ ട്രെയിൻ കൺസെപ്റ്റ് മാത്രമല്ല, നമ്മുടെ ഗതാഗതരീതികളുമാണ്.  ബുള്ളറ്റ് ട്രെയിനുകളും അതിവേഗ ഇടനാഴികളും കാലത്തെ റെക്കോർഡ് സമയത്തിനുള്ളിൽ പിന്നിലാക്കുന്ന ഇക്കാലത്ത്, വൈകിയാണെങ്കിലും നമ്മുടെ നാടും ആ പാളങ്ങളിലേക്കു ചുവടുവയ്ക്കുന്നു. മാറ്റം. ഗംഭീരമാറ്റം. അതാണ് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെഎംആർഎൽ) വിഭാവനം ചെയ്യുന്നത്. 

kochi-metro-11 Kochi Metro

അല്ലെങ്കിലും പാലങ്ങളും പാളങ്ങളും പണിതവരാണ് ചരിത്രത്തെയും സമൂഹത്തെയും മാറ്റിയിട്ടുള്ളത്. ചരിത്രത്തിൽനിന്നുള്ള ഉദാഹരണങ്ങൾ ഒട്ടേറെ. ബാവലിയിൽനിന്നു കേരളത്തിലേക്കുള്ള ചെറുപാലം നിർമിച്ചാണ് ടിപ്പു വയനാട്ടിലേക്കു പടനയിച്ചത്. ഭാരതത്തിന്റെ സമ്പത്ത് കടലുകടത്താൻ  സായിപ്പിനെ സഹായിച്ചത് അവർ നിർമിച്ച പാലങ്ങളും പാളങ്ങളുമായിരുന്നു. എന്തൊക്കെ കുറ്റങ്ങളുണ്ടെങ്കിലും ഇന്ത്യയെന്ന രാജ്യത്തെ കോർത്തിണക്കാൻ ഈ നിർമിതികൾ ഏറെ സഹായിച്ചിട്ടുണ്ടെന്നു കാണാം. പിന്നീടിങ്ങോട്ട് ‘വികസനം’ പേരുകളിലൊതുങ്ങി. പ്രത്യേകിച്ച് കേരളത്തിൽ. വാഹനങ്ങളും യാത്രക്കാരും പെരുകി. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായിട്ടും കൊച്ചിപോലും പഴയ കൊച്ചിയായിത്തന്നെ തുടർന്നു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ പാളങ്ങളും പാലങ്ങളും ഒത്തു ചേരുന്നു. ചരിത്രം മാറ്റാൻ മാത്രമല്ല,  കൊച്ചിയുടെയും കേരളത്തിന്റെയും  മുഖച്ഛായ പുതുക്കാൻ. . 

kochi-metro-14 Kochi Metro

മെട്രോ–മാറ്റത്തിന്റെ മറ്റൊരു പേര് 

അർബൻ ട്രാൻസ്പോർട്ട് പാസഞ്ചർ സിസ്റ്റം എന്നാണ് മെട്രോകൾ അറിയപ്പെടുന്നത്. നഗരത്തിനുള്ളിലെ പൊതുഗതാഗത റെയിൽവേ സംവിധാനം എന്നു ലളിതമായി പറയാം. ഗതാഗതക്കുരുക്ക് അതിരൂക്ഷമായ രാജ്യങ്ങളിൽ പാലങ്ങളിലൂടെയും ഭൂഗർഭതുരങ്കങ്ങളിലൂടെയും മെട്രോ ട്രെയിനുകൾ പാഞ്ഞുതുടങ്ങിയപ്പോഴാണ് ജനം ശ്വാസം വിട്ടത്. 1890 ൽ ഓടിത്തുടങ്ങിയ ലണ്ടനിലെ ഭൂഗർഭ തീവണ്ടിയാണ് ലോകത്തെ ആദ്യ മെട്രോ. ഇന്ത്യയിൽ ആദ്യത്തെ മെട്രോ കൊൽക്കത്തയിൽ 1984 ൽ തുടങ്ങി. നിലവിൽ 7 മെട്രോ സിസ്റ്റങ്ങൾ വിജയകരമായി നമ്മുടെ രാജ്യത്ത് ഓടുന്നുണ്ട്. എട്ടാമത്തേതാണ് കൊച്ചിയിൽ.  12 മെട്രോകൾ അണിയറയിൽ ഒരുങ്ങുന്നു.. നമ്മുടെ പട്ടണങ്ങൾക്ക് മെട്രോറെയിൽ പകർന്നുനൽകിയ ഉണർവ് അതിശയിപ്പിക്കുന്നതാണ്. നഗരത്തിന്റെ അഡ്രസ് പോലും മെട്രോത്തൂണുകളുടെ അക്കങ്ങളിലേക്കു ചുരുങ്ങത്തക്കവിധം ജനങ്ങളുടെ ആശ്രയമായി മെട്രോകൾ മാറി. 

kochi-metro-12 Kochi Metro

നുമ്മടെ മെട്രോ–ലോക മെട്രോ

ലോകത്തിലെ തന്നെ ഒട്ടേറെ സെഗ്‍മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് കൊച്ചിമെട്രോ റെയിൽ ഒരുക്കുന്നത് ആദ്യം സുന്ദരമായ ട്രെയിനിന്റെ വിശേഷ‍ങ്ങൾ പറയാം. മൂന്നു കോച്ചുകളാണ് കൊച്ചി മെട്രോ ട്രെയിനിനുള്ളത്. 136 പേർക്ക് ഇരുന്നു സഞ്ചരിക്കാം. പരമാവധി 975 പേരെ വഹിക്കാനുള്ള ശേഷിയുണ്ട് (ക്രഷ് ലോഡ്). കൂടിയ വേഗം മണിക്കൂറിൽ 98 കിലോമീറ്റർ. പക്ഷേ, െകാച്ചിയിലെ ശരാശരി വേഗം 35–40 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിലെ ആൽസ്റ്റോം കമ്പനിയാണ് കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിച്ചു നൽകുന്നത്. അതിവേഗ തീവണ്ടികൾവരെ നിർമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ് ആൽസ്റ്റോം. ആന്ധപ്രദേശിലെ ശ്രീ സിറ്റിയിൽ ആൽസ്റ്റോമിന്റെ പ്ലാന്റിലാണ് നിർമാണം. ബ്രേക്ക് ചെയ്യുമ്പോൾ ബാറ്ററി ചാർജ് ആവുന്ന റീജനറേറ്റീവ് ബ്രേക്കിങ് മെക്കാനിസം, ഭാവിയിൽ ഡ്രൈവർലെസ് ആക്കാവുന്ന സംവിധാനം, പാളത്തിലൂടെ  വൈദ്യുതി നൽകുന്ന തേഡ് റെയിൽ സംവിധാനം,  എന്നിവ സവിശേഷതകൾ.

kochi-metro-8 Kochi Metro

നമ്മുടെ മെട്രോയുടെ പത്തു പുതുമകൾ

∙ ഇന്ത്യയിലെ ആദ്യ മൾട്ടിമോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം

മറ്റു മെട്രോകളിൽനിന്നു വ്യത്യസ്തമായി റോഡും തോടുകളും മെട്രോയുമായി ബന്ധിപ്പിച്ച് നഗരത്തിന്റെ ഗതാഗത സംസ്കാരം തന്നെ മാറ്റുകയാണ് കൊച്ചി മെട്രോ. ഇതിനായി ഫീഡർ സർവീസുകൾ എന്നറിയപ്പെടുന്ന കണക്ടിവിറ്റി സർവീസുകൾ മെട്രോയുമായി ചേർന്നു വിഭാവനം ചെയ്തിട്ടുണ്ട്.  കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും ബോട്ടുകളും ഈ ഫീഡർ സർവീസുകളിൽ പെടുന്നു. ഉൾനാടുകളിൽനിന്നു നഗരത്തിലെ മെട്രോ സ്റ്റേഷനുകളിലെത്താൻ ഫീഡർ സർവീസുകളെ ആശ്രയിക്കാം.

kochi-metro-7 Kochi Metro

∙ സൈക്കിൾ സൗജന്യം

മെട്രോ സ്റ്റേഷനുകളിൽ യാത്രികർക്കായി സൈക്കിളുകൾ കെഎംആർഎൽ ഏർപ്പെടുത്തും. കൊച്ചി ചുറ്റിക്കാണാം. തിരികെ മെട്രോയുടെ സ്ഥലങ്ങളിൽ ഏൽപിക്കാം. നഗരത്തിലെ തിരഞ്ഞെടുത്ത ഇടങ്ങളിൽ  പാർക്കിങ് സൗകര്യമുണ്ടാക്കും.  ട്രാഫിക്കിനെ പേടിക്കേണ്ട. മലിനീകരണം ഇല്ല. 

kochi-metro-4 Kochi Metro

∙ വെള്ളത്തിലോടും മെട്രോ

ജലഗതാഗത സംവിധാനത്തെ ഫലപ്രദമായി മെട്രോയുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ മെട്രോ റെയിൽ.  ഉദാഹരണമായി വൈറ്റില മെട്രോസ്റ്റേഷനിൽ  ഇറങ്ങിയാൽ കാക്കനാട്ടേക്കുള്ള ബോട്ട് ലഭിക്കും. പത്തു ദ്വീപുകളിൽനിന്ന് ഇങ്ങനെ ബോട്ട്  സൗകര്യമുണ്ടായിരിക്കും.  വേഗമേറിയ, ആധുനികമായ 78 ബോട്ടുകൾ ഇതിനായി വാട്ടർ മെട്രോ എന്ന പേരിൽ ഒരുക്കും. 38 ബോട്ട് ജെട്ടികൾ പണിതീർക്കും. കൊച്ചിയുടെ എല്ലാ ജലസാധ്യതകളും ഉപയോഗിക്കുന്ന തരത്തിലാണ് മെട്രോ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. 

kochi-metro-5 Kochi Metro

∙ കേരളത്തനിമയിൽ സ്റ്റേഷനുകൾ

മെട്രോയുടെ പ്രധാന സ്റ്റേഷനുകളിൽ വരയും വർണവൈവിധ്യങ്ങളും ഒരുക്കും. പ്രത്യേക തീമുകളായിട്ടാണ് ഇവ സ്റ്റേഷനുകളെ അലങ്കരിക്കുക.. കേരളത്തിന്റെ വ്യത്യസ്ത പാരമ്പര്യങ്ങൾ അറിയാം.  മറ്റു മെട്രോകളിൽ സാധാരണ സ്റ്റേഷനുകളാണ് ഇപ്പോഴുള്ളത്.സ്റ്റേഷനുകളിൽ സൗരോർജം ഉപയോഗിക്കും. 

kochi-metro-2 Kochi Metro

∙ ഹരിത തൂണുകൾ

നഗരത്തിൽ അൽപം പച്ചപ്പു കാണുക ആശ്വാസകരം. മരങ്ങളില്ലെങ്കിലും ഇനി മെട്രോത്തൂണുകളിൽ നോക്കി ആശതീർക്കാം. മെട്രോ പാലത്തിന്റെ 4000 തൂണുകളിൽ ഓരോ ആറാമത്തെ തൂണിലും ചെടികൾ വച്ചുപിടിപ്പിക്കും. സാധാരണരീതി ചെടിച്ചട്ടികൾ പിടിപ്പിക്കുകയാണ്.  എന്നാൽ കെഎംആർ എൽ ഇവിടെയും ഒരുമരച്ചുവടു മുന്നിലാണ്. പ്രത്യേകം തയാറാക്കുന്ന ജിയോ ടെക്സ്റ്റൈലുകളിൽ ചെടികൾ വളർത്താനാവശ്യമായ വളവും മറ്റു പദാർഥങ്ങളും ഉൾക്കൊള്ളിച്ച് തൂണുകളെ പൊതിയുകയാണ് മെട്രോ ചെയ്യുന്നത്. ചെടികളെ ഈ കയർവസ്ത്രത്തിൽ വളർത്തും. ഒരു പുതുവസന്തമാകും മെട്രോത്തൂണുകൾ എന്നർഥം. 

kochi-metro-6 Kochi Metro

∙ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ സിസ്റ്റം(സിബിടിസി)

സിഗ്‍നലുകൾക്കു പകരം ട്രെയിനുകളുടെ യഥാർഥമായ സ്ഥാനം സെൻസറുകളാൽ കണക്കാക്കുന്ന റയിൽവേ സിഗ്‍നലിങ് സംവിധാനം. സിബിടിസി സിസ്റ്റം ലോകത്തെ തിരക്കേറിയ മെട്രോകളിൽ ഉപയോഗിച്ചുവരുന്നു. ഭാവിയിൽ ഡ്രൈവർ ലെസ് ആക്കാൻ ഈ സംവിധാനം ഉപകാരപ്പെടും. നിലവിൽ ഹൈദരാബാദിൽ മാത്രമേ സിബിടിസി വിഭാവനം ചെയ്യപ്പെട്ടിട്ടൂള്ളൂ. അതായത്, ഇന്ത്യയിൽ കൊച്ചിയിലാകും ഈ സംവിധാനം ആദ്യമായി പ്രാവർത്തികമാവുക. ഇനിയുള്ളവ കൊച്ചി മെട്രോയുടെ ലോകോത്തര ഫീച്ചറുകൾ കൂടിയാണ്

kochi-metro-3 Kochi Metro

∙ എൽസിഡി ഡിസ്പ്ലെ പാനൽ

കൊച്ചി മെട്രോ ട്രെയിനിൽ ഇൻഫർമേഷൻ പാനൽ മുഴുവനായും എൽസിഡി ആയിരിക്കും. ഇറങ്ങേണ്ട സ്റ്റേഷന്റെ പ്രത്യേകതകൾ ചിത്രസഹിതം വലുതാക്കി കാണിക്കും. ഈ ഫീച്ചർ ലോകത്തിലെത്തന്നെ ആദ്യത്തേതായിരിക്കും. 

kochi-metro-1 Kochi Metro

∙ ടിക്കറ്റ് എടുത്താൽ പർച്ചേസും നടക്കും

കൊച്ചി 1 എന്ന പേരിൽ ഡെബിറ്റ് കം ടിക്കറ്റ് കാർഡ് ആണ് മെട്രോയാത്രികർക്കു ലഭിക്കുക. ലോകത്തെ അപൂർവമായൊരു ആശയം. നിശ്ചിത തുകയ്ക്കു ചാർജ് ചെയ്താൽ കാർ‍ഡ്, ഇ വോലിറ്റ് ആയി ഉപയോഗിക്കാമെന്നർഥം. ആക്സിസ് ബാങ്ക് ആണ് ടിക്കറ്റ് കാർഡ് നൽകുക. ഇതിന്റെ റോയൽറ്റിയായി പത്തുവർഷത്തേക്ക് 209 കോടി രൂപ മെട്രോയ്ക്കു ലഭിക്കും. പർച്ചേസ് ചെയ്യുന്നതിന്റെയോ റസ്റ്ററന്റുകളിൽ ചെലവിടുന്നതിന്റെയോ  നിശ്ചിത ശതമാനം തുകയും  മെട്രോയ്ക്കു ലഭിക്കും. പേരും ഫോൺനമ്പറും അടങ്ങുന്ന ചെറിയ ഡോക്യുമെന്റേഷൻ മാത്രം മതി  കാർഡ് കിട്ടാൻ. ഈ ടിക്കറ്റ് മതി കൊച്ചി മുഴുവൻ കറങ്ങാൻ. കിടുവല്ലേ ടിക്കറ്റ്?

kochi-metro-13 Kochi Metro

∙ എൽജിബിടി ,വനിതാ മുന്നേറ്റം

എൽജിബിടി സ്റ്റാഫുകൾ, ഇത്രയും  വനിതാ പ്രാതിനിധ്യം (കുടുംബശ്രീ) എന്നിവ ലോകത്ത് ആദ്യം. സ്റ്റേഷൻ നടത്തിപ്പ്, ടിക്കറ്റ് നൽകൽ തുടങ്ങിയ അനുബന്ധ പ്രവൃത്തികൾക്ക് കുടുംബശ്രീ സഹകരണം ഉറപ്പാക്കുന്നു. ലോകത്താദ്യമായി എൽജിബിടി (ലെസ്ബിയൻ, ഗേ, ബൈ സെക്‌ഷ്വൽ, ട്രാൻസ്ജെൻഡർ) കമ്യൂണിറ്റിയിൽപെട്ട വ്യക്തികളെ ജോലിക്കെടുത്ത് മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമം നുമ്മടെ കൊച്ചി മെട്രോയാണ് നടപ്പാക്കുന്നത്. 

∙ വ്യത്യസ്ത സീറ്റുകളും ചെണ്ടനാദവും

kochi-metro-10 Kochi Metro

മെട്രോയ്ക്കുൾവശത്ത് രണ്ടുതരം സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. പ്രയോറിറ്റി സീറ്റുകൾ– ഗർഭിണികൾക്കും മുതിർന്നവർക്കും. നിറം– നാരങ്ങപ്പച്ച.സാധാരണ സീറ്റുകൾ– നിറം മരതകപ്പച്ചബിജിബാൽ ഒരുക്കിയ ചെണ്ടയുടെ നാദമാണ് വാതിലടയുമ്പോൾ േകൾക്കുക. ഇതിലും കേരളത്തനിമയെന്നർഥം. മെട്രോ െകാച്ചിയുടെ മുഖം മാറ്റുമെന്നു പറഞ്ഞതു വെറുതെയല്ലെന്നു മനസ്സിലായില്ലേ? ട്രെയിൻ സർവീസ് മാത്രമല്ല. സ്റ്റേഷനുകളിലെത്താനുള്ള വാഹനവും സ്റ്റേഷനുകളിൽനിന്നു സ്ഥലം കാണാനായി സൗജന്യ സൈക്കിളുകളും ഒരുക്കുന്ന മെട്രോവഴി നഗരം കാണുക എളുപ്പം എന്നർഥം. ഇനി മെട്രോയിൽ നിന്നിറങ്ങി നടന്നാലോ? മോട്ടോർ വാഹനങ്ങളില്ലാത്ത ഗതാഗതവും മെട്രോ വിഭാവനം ചെയ്യുന്നു. പനമ്പിള്ളി നഗറിലെ ഷിഹാബ് തങ്ങൾ റോഡ് ഉദാഹരണം. 350 മീറ്റർ ദൈർഘ്യമുള്ള പാതയോരത്ത് നടപ്പാതയും സൈക്കിൾ ട്രാക്കും ഉഗ്രൻ ലൈറ്റുകളും ഒരുക്കി ഇത്തരത്തിലുള്ള പൈലറ്റ് പ്രൊജക്ട് തന്നെ ഗംഭീരമാക്കിയിട്ടുണ്ട് കെഎംആർഎൽ. . Kerala’s Urban Transit Solution Provider. എന്ന കെഎംആർഎല്ലിന്റെ തലവാചകം അന്വർഥമാകുന്നത് ഇങ്ങനെയാണ്. ഡൽഹി മെട്രോ റയിൽ കോർപറേഷന്റെയും ഇന്ത്യയുടെ മെട്രോമാൻ ഇ. ശ്രീധരന്റെയും പ്രവർത്തനങ്ങൾ പിന്നണിയിലുണ്ടെന്നു പറയേണ്ടല്ലോ? 

kochi-metro-9 Kochi Metro

∙ കൊച്ചിയിലങ്ങനെ സസുഖം കറങ്ങിയടിക്കാം. 

ഈ സവിശേഷതകളൊക്കെ ആസ്വദിക്കാൻ കേരളം മൊത്തം കൊച്ചിയിലേക്കു വരും തീർച്ച. ലുലുമാളിലേക്കു ടൂർ വരുന്നതുപോലെ മെട്രോ ട്രെയിനിൽ കയറാനും വിനോദസഞ്ചാരികളുണ്ടാകും.