Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ്, വാഹനം, ഡ്രൈവർ ആരാണു വില്ലൻ?

car-accidents Representative Image

നിങ്ങളുടെ വീ‌ട്ടിൽ ഒരു വാഹനമെങ്കിലുമുണ്ടെങ്കിൽ വായിക്കാതെ പോകരുത്. കാരണം റോഡിലിറങ്ങുന്നവരിൽ സ്വകുടുംബാംഗങ്ങളുണ്ട്. സുഹൃത്തുക്കളുണ്ട്, നാട്ടുകാരുണ്ട്. ആരുടെയും ജീവിതം പാതകളില്‍ അടിയറവു വയ്ക്കനുള്ളതല്ല. നമുക്കു കൈ കോർക്കാം പുതിയൊരു വാഹനസാംസ്കാരം പടുത്തുയർത്താൻ.  പുതിയോരു അവബോധം വളർത്തി​യെടുക്കാൻ.

ഞെ‌ട്ടിക്കുന്ന ഇൗ കണക്കുകൾ 

∙ ലോകത്തു മൊത്തമുള്ള മോട്ടര്‍ വാഹനങ്ങളിൽ ഒരുശതമാനം മാത്രമാണ് ഇന്ത്യയിലോടുന്നത്.

∙ റോഡപകട മരണനിരക്കിന്റെ കാര്യത്തിൽ നാം ഒന്നാം സ്ഥാനത്താണ്.

∙ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (GDP) രണ്ടു ശതമാനം റോഡപകടംമൂലം നഷ്ടപ്പെ‌ടുന്നു. എത്ര നല്ല വാഹനം ലഭ്യമായാലും റോഡ് നന്നായാലും മനുഷ്യന്റെ മനോഭാവത്തിൽ മാറ്റം വരാതെ റോഡപകടങ്ങൾ കുറയ്ക്കാനോ മരണനിരക്കു കുറയ്ക്കാനോ നമുക്കാവില്ല.

ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കൽ, അമിതവേഗത്തിലും മദ്യപിച്ചും വാഹനമോടിക്കുക, ഡ്രൈവിങ്ങില്‍ മ‌ൊബൈല്‍ ഫോൺ ഉപയോഗിക്കുക തുടങ്ങി പല ഗതാഗത നിയമലംഘനങ്ങളും തുടരുന്നത് ബോധവൽക്കരണത്തിന്റെ അഭാവം കൊണ്ടാണ്. ശിക്ഷ ലഭിക്കുമെന്നുറപ്പുളള സാഹചര്യത്തിൽ മാത്രം പലരും ശരിയായ രീതിയിൽ പെരുമാറും. എന്നാൽ 3.3 ലക്ഷം കിലോമീറ്റർ റോഡുളള കേരളത്തിൽ എല്ലായിടത്തും ഉദ്യോഗസ്ഥരെ വിന്യസിച്ച് നിയമപരിപാലനം ഇരുപത്തിനാലു മണിക്കൂറും സാധ്യമല്ല.  ആയതിനാൽ റോഡ്, വാഹനം ഡ്രൈവിങ് എന്നിവയെക്കുറിച്ചും വാഹനനിയമത്തിൽ നിഷ്കർഷിക്കുന്ന പല പ്രധാന നിയമങ്ങളിലും അടങ്ങിയിരിക്കുന്ന ശാസ്ത്രീയമായ കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കണം. അവർ ഹെല്‍മെറ്റും സീറ്റ്ബെൽറ്റും ധരിച്ച് സുരക്ഷിതമായവിധം യാത്രചെയ്യുന്നവരാക്കി മാറ്റണം. അതിനായി മറ്റുളളവരെ പ്രേരിപ്പിക്കുന്നതാക്കി മാറ്റിയെടുക്കണം.

2015 ൽ, 1,41,526 പേർ റോഡപകടങ്ങളിൽ മരണപ്പെട്ടു. കേരളത്തിൽ 4,159 മനുഷ്യർക്കു ജീവഹാനി സംഭവിച്ചു. പരുക്കു പറ്റി നരകിക്കുന്നവർ ഇതിന്റെ നാലിരട്ടിയിലേറെ വരും. 

ആദ്യം ഹെൽമറ്റിന്റെ പ്രാധാന്യം

ഹെല്‍മറ്റ്, ജീവന്റെ കവചമാണ്. ഇന്ത്യയിൽ റോഡപകടമരണം സംഭവിക്കുന്നതിൽ മൂന്നിൽ ഒന്ന് മോട്ടോർസൈക്കിൾ യാത്രികരാണ്. കേരളത്തിൽ 2015 ൽ 39,014 അപകടം സംഭവിച്ചതിൽ 31,614 എണ്ണവും മോട്ടോർസൈക്കിൾ അപകടങ്ങളാണ്. 1,330 പേരാണ് ഈ അപകടങ്ങളില്‍ മരണമടഞ്ഞത്. 14,858 പേര്‍ മാരകമായി പരുക്കു പറ്റി ജീവച്ഛവങ്ങളായി കഴിയുന്നു. ശരിയായവിധം ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിൽ ഇതിൽ ഭൂരിഭാഗവും രക്ഷപെടുമായിരുന്നു എന്നതാണ് ഏറ്റവും ദുഃഖകരം.

പരുക്ക് രണ്ടുവിധം

മോട്ടോർസൈക്കിൾ അപകടങ്ങളിൽ തലയ്ക്കേൽക്കുന്ന പരുക്ക് രണ്ടുതരത്തിലുളളതാണ് 

1. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുന്നത്.

2. പുറത്തു പരിക്കില്ലാതെ തലച്ചോറിനു ക്ഷതം പറ്റുന്നത്.

അപകടത്തിൽപെടുന്നയാളുടെ ശിരസ്സ് ചെന്നു ഭൂമിയിലോ മറ്റോ പതിക്കുന്ന സമയത്ത് ശിരസ്സിന്റെ ചലനം നിൽക്കുമെങ്കിലും മസ്തിഷ്കം തലയോട്ടിക്കകത്ത് അതിവേഗത്തില്‍ മുന്നോട്ടു കുതിച്ച് തലയോട്ടിയിൽ ഇടിച്ചു തിരിച്ചുപോകും. ഈ പ്രക്രിയയ്ക്കിടയിൽ (Acceleration and Declaration of Brain) തലച്ചോർ തകർന്നു തരിപ്പണമാകുന്നതാണ് ഏറ്റവും മാരകമായത്. പുറത്ത് യാതൊരു ലക്ഷണവും ഉണ്ടാകില്ല. ഗുണനിലവാരമുളള ഹെൽമറ്റ് ഈ രണ്ട് അപകടങ്ങളെയും ഒഴിവാക്കാനായി രൂപകൽപന ചെയ്യപ്പെട്ടതാണ്.

അപകടത്തിലെ ശാസ്ത്രം

നാൽപ്പതു കിലോമീറ്റർ വേഗമുളള ബൈക്കിൽനിന്ന് അൻപതു കിലോ തൂക്കമുളള ഒരാൾ തെറിച്ചുവീണാൽ ശിരസ് ചെന്നിടിക്കുന്ന ഭാഗത്ത് ഏകദേശം 750 kgf ബലം അനുഭവപ്പെടും. ഇത്ര ബലത്തില്‍ ഒരു പോയിന്റ് ചെന്നിടിച്ചാൽ ശിരസ്സു തകരുന്നതു സ്വാഭാവികം. എന്നാല്‍ ഹെൽമറ്റ് ധരിച്ച് ഒരാൾക്ക് ഇതേ അപകടത്തിൽ ഏൽക്കുന്ന 750 kgf ബലം 2,000 ചതുരശ്ര സെന്റിമീറ്ററില്‍ മുഴുവനായി വ്യാപിക്കുന്നതിനാൽ 750/2,000 അഥവാ 375gm/sqcm മാത്രമായിട്ടായിരിക്കും അനുഭവപ്പെടുക. ഹെൽമറ്റ് ഇല്ലാ എങ്കില്‍ ശിരസ്സിന്റെ ഒരു പോയിന്റിൽ 750kgf ന്റെ അടി കിട്ടുന്നിടത്തു ഹെൽമറ്റ് ധരിച്ചാൽ വെറും 375 gm/sqcm മാത്രം.

തലയോട്ടിയ്ക്കകത്ത് മസ്തിഷ്കം മുന്നോട്ടു കുതിച്ച് മുൻഭാഗത്ത് ഇടിച്ചു പിന്നോട്ടു വരുന്ന സമയത്ത് മസ്തിഷ്കത്തിനു സംഭവിക്കുന്ന കനത്ത നാശം ചികിത്സിച്ചു മാറ്റിയെടുക്കാൻ കഴിയില്ല. എന്നാൽ ഹെൽമറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining ഒരു കുഷൻ പോലെ പ്രവർത്തിച്ച് മസ്തിഷ്കത്തിന്റെ മുന്നോട്ടും പിന്നോട്ടുമുളള ധൃതചലനവും തലയോട്ടിയിലെ ശക്തമായ ഇടിയും വളരെ കുറയ്ക്കാൻ സഹായിക്കും. ഇതു മസ്തിഷ്കത്തിനു വലിയ പരുക്കു പറ്റാതെ നോക്കും.

ഹെൽമറ്റ് ധരിക്കുന്നത് എല്ലാ മോട്ടോർസൈക്കിൾ യാത്രക്കാരും ശീലമാക്കിയാൽ നമുക്കു കേരളത്തിൽ വിലപ്പെട്ട ആയിരം മനുഷ്യജീവനെങ്കിലും വർഷംതോറും രക്ഷിക്കാനാകും. ഒപ്പം 10,000 പേരുടെയെങ്കിലും മാരകമായ പരുക്കും ഒഴിവാക്കാനാകും. നമുക്ക് ഈ മഹത്തായ ശാസ്ത്രനേട്ടത്തെ പ്രയോജനപ്പെടുത്തി നമ്മുടെ ജീവനും ജീവിതവും സുരക്ഷിതമാക്കാം.

വാഹനാപകടങ്ങളിൽ തൊണ്ണൂറ്റിയാറു ശതമാനത്തിലും മനുഷ്യന്റെ തെറ്റുകൂടി കാരണമാകുന്നുണ്ട്. അറുപത്തിനാലു ശതമാനം പരിപൂർണമായും മനുഷ്യന്റെ തെറ്റുകൊണ്ടു മാത്രമുണ്ടാകുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. വെറും രണ്ടു ശതമാനം വീതം മാത്രമാണ് റോഡിന്റെയും വാഹനത്തിന്റെയും കുറ്റം കൊണ്ടുളള അപകടങ്ങൾ