Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻദുരന്തത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്; ഫ്ലൈറ്റ് 32 ന്റെ അത്ഭുതകഥ

Qantas Flight 32 Qantas Flight 32, Image Source: Australian Transport Safety Bureau (ATSB)

പറക്കലിനിടെ നിശ്ചലമായ എൻജിന്‍, ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് 380 ലെ 469 യാത്രികരും മരണം ഉറപ്പിച്ച നിമിഷങ്ങള്‍... വൻദുരന്തത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ കഥയാണ് ക്വാന്റാസ് ഫ്ലൈറ്റ് 32നു പറയാനുള്ളത്. ലോക ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായ രക്ഷപ്പെടലിന്റെ കഥ. പൈലറ്റുമാരുടെ മനസ്സാന്നിധ്യവും ഭാഗ്യവും ഒത്തുചേർന്ന അപൂർവം സന്ദർഭങ്ങളിലൊന്ന്. 2005 ൽ എയർബസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം A  380 ന്റെ ആദ്യത്തെ അപകടവും ഇതുതന്നെ.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എയർലൈൻ‌ കമ്പനികളിലൊന്നാണ് ക്വാന്റാസ്; ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനി. സേഫ്റ്റി റെക്കോർഡുകളിൽ മറ്റാരെക്കാളും മുന്നിൽ നിൽക്കുന്ന ക്വാന്റാസിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണു ഫ്ലൈറ്റ് 32. മുഴുവൻ യാത്രക്കാരും സുരക്ഷിതരായി നിലത്തിറങ്ങിയെങ്കിലും ക്വാന്റാസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപകടമായിരുന്നു അന്നു സംഭവിച്ചത്.  

ക്വാന്റാസിന്റെ ഫ്ലീറ്റിലെ ആദ്യ A 380 വിമാനമാണ് QF 32. ഓസ്ട്രേലിയയിലെ ആദ്യത്തെ വനിതാ പൈലറ്റും ഏവിയേഷൻ വിദഗ്ധയുമായ നാൻസി ബേർഡ് വാൾട്ടനോടുള്ള ആദരസൂചകമായി അവരുടെ പേരാണ് ക്വാന്റാസ് ആദ്യത്തെ A 380 ക്ക് നൽകിയത്. 2008 ൽ‌ സർവീസ് ആരംഭിച്ച വിമാനം രണ്ടു വർഷത്തിനു ശേഷം 2010 ൽ അപകടത്തിൽപെട്ടു. നാല് റോൾസ് റോയ്സ് എൻജിനുകളാണ് ഈ വിമാനത്തിനു ശക്തി പകരുന്നത്. 

qf-32-4 Qantas Flight 32, Image Source: Australian Transport Safety Bureau (ATSB)

2010 നവംബർ നാലിനു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നു സിഡ്‌നിയിലേക്കു പുറപ്പെട്ടതായിരുന്നു QF 32.  ഇടത്താവളമായ സിംഗപ്പൂരിലെ ചെന്കി  വിമാനത്താവളത്തിൽ സുരക്ഷിതമായിറങ്ങിയ QF 32 ഏകദേശം രണ്ടു മണിക്കൂറിനു ശേഷം സിഡ്‌നി ലക്ഷ്യമാക്കി പറന്നുയർന്നു. ജീവനക്കാരും യാത്രക്കാരുമടക്കം 469 പേരാണു വിമാനത്തിലുണ്ടായിരുന്നത്. അസാധാരണമായതൊന്നും രേഖപ്പെടുത്താത്ത ടേക്ക് ഓഫ്. എന്നാൽ‌ കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. പറന്നുയർന്നു മിനിറ്റുകൾക്കകം, ഏകദേശം 7300 അടി ഉയരത്തിൽവെച്ചു രണ്ടു വലിയ സ്ഫോടനങ്ങളുണ്ടായി. സംഭവിച്ചതെന്താണെന്നു പൈലറ്റുമാർക്കു പോലും മനസ്സിലായില്ല. എന്നാൽ ഇടതുവശത്തെ വിൻഡോ സീറ്റുകളിൽ ഇരുന്ന യാത്രക്കാർ ആ ഭയാനകമായ കാഴ്ച കണ്ടു. അതിവേഗം പറക്കുന്ന വിമാനത്തിൽനിന്ന് എന്തൊക്കെയോ മുൻപോട്ടു ചിതറി തെറിക്കുന്നു, രണ്ടാമത്തെ എൻജിനിൽനിന്നു തീയും പുകയും വരുന്നു. ഇത് തങ്ങളുടെ അന്ത്യയാത്രയാകുമെന്ന് അവർ ഉറപ്പിച്ച നിമിഷങ്ങള്‍.

ഇന്തൊനീഷ്യയിലെ ബാഥം ദ്വീപുകളിലെ പ്രധാന പട്ടണത്തിൽ ഈ സമയത്തു ചില അസാധാരണ സംഭവങ്ങളുണ്ടായി. ആകാശത്തുനിന്ന് ചില വിമാനഭാഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചു. ക്വാന്റാസ് ലോഗോ പേറുന്ന റോൾസ് റോയ്‌സ് ട്രെൻഡ് 900 എൻജിന്റെ കവറും ടർബൈൻ ഡിസ്കിന്റെ ഭാഗങ്ങളുമായിരുന്നു നിലംപതിച്ചത്. ടർബൈൻ ഡിസ്കിന്റെ വലിയൊരു ഭാഗം ഒരു സ്‌കൂളിന്റെ മേൽക്കൂര തകർത്തു വിദ്യാർഥികൾക്കിടയിലാണു വീണത്. ഭാഗ്യവശാൽ ആർക്കും അപകടം സംഭവിച്ചില്ല.

ഇതേ സമയം ഫ്‌ളൈറ്റ് ഡെക്കിൽ ക്യാപ്റ്റൻ റിച്ചാർഡ് ക്രെസ്‌പിനിയും ക്രൂവും ഗുരുതരമായ ഒരു സാഹചര്യത്തെ നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. നാല് എൻജിനുകളിൽ രണ്ടാമത്തേത് പൂർണ്ണമായി നഷ്ടപ്പെട്ടു. 1, 3, 4 എൻജിനുകളുടെ പ്രവർത്തനത്തിലും അപകടകരമായ മാന്ദ്യം രേഖപ്പെടുത്തി. ഒരേ സമയത്ത് എയർക്രാഫ്റ്റ് കൺട്രോൾ മുതൽ എയർ കണ്ടീഷനിങ് സിസ്റ്റം വരെ വാണിങ് ലൈറ്റുകളും എറർ മെസേജുകളും കാണിക്കാൻ തുടങ്ങി. ഫ്‌ളൈറ്റ് കൺട്രോൾ, ഫ്യൂവൽ സിസ്റ്റം, ഹൈഡ്രോളിക് സിസ്റ്റം, ബ്രേക്ക് അങ്ങനെ ഫെയിലർ മെസേജുകളുടെ നീണ്ട നിര. 

qf-32-3 Qantas Flight 32, Image Source: Australian Transport Safety Bureau (ATSB)

വിമാനം ഉടൻ നിലത്തിറക്കാൻ വേണ്ടി ക്യാപ്റ്റൻ സിംഗപ്പൂർ ചെങ്കി എയർപോർട്ടുമായി ബന്ധപ്പെട്ട് എമർജൻസി ലാൻഡിങ്ങിനു സഹായം അഭ്യർഥിച്ചു. A 380 സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ആവശ്യമായ 4000 മീറ്റർ നീളമുള്ള റൺവേ 2 ഉടൻ തന്നെ QF 32 വിന് വേണ്ടി ക്ലിയർ ചെയ്യപ്പെട്ടു. ഫയർ ഫൈറ്റിങ് ക്രൂവും ആംബുലൻസുകളും റൺവേയുടെ അറ്റത്തു കാത്തു കിടന്നു.

എമർജൻസി ലാൻഡിങ്ങിന് തയാറെടുത്തു കൊണ്ടിരുന്ന പൈലറ്റുമാർ ഈ സമയത്ത് അഭിമുഖീകരിച്ച പ്രശ്നങ്ങൾ നിരവധിയായിരുന്നു. ലാൻഡിങ് ഗീയറുകൾ, ബ്രേക്കുകളുടെ പകുതി, ലാൻഡിങ് സമയത്ത് എയർസ്പീഡ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സ്ളാറ്റുകൾ, റൺവേയിൽ‌നിന്നു തെന്നി മാറാതിരിക്കാൻ സഹായിക്കുന്ന ആന്റി ലോക്കിങ് ബ്രേക്ക് സിസ്റ്റം (ABS) ഇവയെല്ലാം പ്രവർത്തന രഹിതമായിരുന്നു. എല്ലാറ്റിനും പുറമേ, ഇടതുചിറകിലെ ടാങ്കുകളിൽ നിന്നുള്ള ഇന്ധനചോർച്ച അപകടകരമായ ഇംബാലൻസ് സൃഷ്ടിക്കുന്നുമുണ്ടായിരുന്നു. ഇടതു ചിറകിന് വലത്തേ ചിറകിനെക്കാൾ പത്തു ടൺ ഭാരക്കുറവ്! ഇത്രയും ഇന്ധനം ചുരുങ്ങിയ സമയത്തിനകം ചോർന്നു പോയിരുന്നു. 

ഇതിനെല്ലാം പുറമേ, ലാൻഡിങ് സ്പീഡ് കണക്കാക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന് ഈ അവസ്ഥയിൽ ലാൻഡ് ചെയ്യേണ്ട സ്പീഡ് കണ്ടുപിടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കൂടിയ വേഗത്തിൽ ലാൻഡ് ചെയ്താൽ വിമാനം റൺവേയിൽ നിന്ന് പുറത്തുപോയി അപകടം സംഭവിക്കും. പരിധിയിലധികം വേഗം കുറച്ചാൽ വിമാനം ലാൻഡിങ്ങിനു മുൻപേ നിലംപതിക്കും. അപകടമായ സാഹചര്യങ്ങൾ തരണം ചെയ്ത് അൽപസമയത്തിനകം രണ്ടാമത്തെ റൺവേയിൽ QF 32 വന്നിറങ്ങി. ലാൻഡിങ് സമയത്തെ എയർസ്പീഡ് വളരെ കൂടുതലും ആയിരുന്നു. ലാൻഡ് ചെയ്തയുടനെ വിമാനം ഇടത്തോട്ട് തെന്നി മാറാൻ തുടങ്ങിയെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം നേർരേഖയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചു. 

qf-32-2 Qantas Flight 32, Image Source: Australian Transport Safety Bureau (ATSB)

3800 മീറ്റർ റൺവേയിലൂടെ ഓടിയിട്ടാണ് വിമാനം നിന്നത്. ബാക്കിയുണ്ടായിരുന്ന റൺവേയുടെ നീളം വെറും നൂറു മീറ്റർ. മൂന്നു ടയറുകൾ പൊട്ടിത്തെറിച്ചു. പകുതി ബ്രേക്കുകളുമായി, 465 ടൺ ഭാരമുള്ള എയർക്രാഫ്റ്റിനെ സുരക്ഷിതമായി നിർത്തിയത് പൈലറ്റുമാരുടെ മിടുക്കു മാത്രം.

വിമാനം നിന്നുകഴിഞ്ഞപ്പോൾ ബ്രേക്കുകളുടെ താപനില 980 ഡിഗ്രി വരെ എത്തിയിരുന്നു (ഇരുമ്പ് ഉരുകാൻ 1500 ഡിഗ്രി മതിയെന്നോർക്കണം). ചുട്ടുപഴുത്തിരിക്കുന്ന ബ്രേക്കുകളുടെ തൊട്ടടുത്തു ചെറിയൊരു വെള്ളച്ചാട്ടം പോലെ ജെറ്റ് ഫ്യുവൽ ലീക്കായിക്കൊണ്ടിരിക്കുന്നു. ആകാശത്തായിരുന്നതിനേക്കാൾ വലിയ അപകടാവസ്ഥ. ക്യാപ്റ്റൻ ഈ സമയത്ത് ഫയർ ഫൈറ്റർമാരുമായി സംസാരിക്കുകയായിരുന്നു. എന്‍ജിനുകളെല്ലാം ഷട്ട് ഡൗൺ ചെയ്തിട്ടും  എന്‍ജിൻ–1 ഓടിക്കൊണ്ടേയിരുന്നു. നൂറുകണക്കിനു ലീറ്റർ വെള്ളം പമ്പു ചെയ്തിട്ടും എന്‍ജിൻ നിലച്ചില്ല. ഒരു മണിക്കൂറെടുത്തു  എന്‍ജിൻ നിശ്ചലമാവാൻ. കോരിച്ചൊരിയുന്ന മഴയിലും അനായാസം പ്രവർത്തിക്കാൻ ഡിസൈൻ ചെയ്ത ട്രെൻഡ് 900 എന്‍ജിൻ നിശ്ചലമാക്കാൻ ഫയർ  എന്‍ജിനുകൾ പമ്പ് ചെയ്യുന്ന വെള്ളം പോരാ എന്നതാണു വസ്തുത. (റോൾസ് റോയ്സിന്റെ ടെസ്റ്റിങ് സെന്ററിൽ ഒരു മിനിറ്റിൽ രണ്ടായിരം ലീറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്തിട്ടാണ്  എന്‍ജിൻ ടെസ്റ്റ് ചെയ്യുക !!).Fom extinguisher ഉപയോഗിച്ചാണ് എൻജിൻ ഓഫ് ചെയ്തത്. ലാൻഡ് ചെയ്ത് ഒരു മണിക്കൂറിനു ശേഷം യാത്രക്കാർ മുഴുവൻ പുറത്തിറങ്ങി. ആർക്കും ഒരു പോറൽ പോലും പറ്റിയിട്ടില്ല !

അപകട കാരണം ചെറിയ പിഴവ്

ഓസ്ട്രേലിയൻ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (ATSB) ആണ് അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.  എന്‍ജിൻ ഫെയിലർ ആണ് പ്രാഥമിക കാരണം എന്നതു വ്യക്തമായിരുന്നു. നിലംപതിച്ച ടർബൈൻ ഡിസ്കിന്റെ ഭാഗങ്ങൾ പരിശോധിച്ചപ്പോൾതന്നെ അപകടകാരണം എന്‍ജിനിൽ ഉണ്ടായ തീപിടുത്തമാണെന്നു വ്യക്തമായി‍. കൂടുതൽ പരിശോധനകൾക്കായി നാൻസി ബെർഡിനെ ഹാങ്ങറിലേക്കു മാറ്റി. റോൾസ് റോയ്‌സ് /ക്വാന്റാസ്/ എയർബസ്‌ എൻജിനീയർമാരും ATSB ഉദ്യോഗസ്ഥരും ചേർന്ന് അപകടകാരണമായ  എന്‍ജിൻ 1 അഴിച്ചു പരിശോധിക്കാൻ തുടങ്ങി. ട്രെൻഡ് 900 ഒരു ചെറിയ നിർമിതിയല്ല. ഏഴു ടണ്ണോളം ഭാരമുണ്ടതിന്. തീപിടിത്തമുണ്ടായ ഭാഗം അഴിച്ചു പരിശോധിച്ചപ്പോൾ എന്‍ജിനിലേക്ക് ലൂബ്രിക്കേഷൻ ഓയിൽ സപ്ലൈചെയ്യുന്ന ഒരു പൈപ്പ് മുറിഞ്ഞു പോയതായി കണ്ടെത്തി. ചൂടായ എൻജിൻ ഭാഗങ്ങളിലേക്ക് ഒഴുകിയ ഓയിലിന് തീപിടിക്കുകയും ക്രമാതീതമായി ഉയർന്ന താപനില കാരണം ടർബൈൻ ഡിസ്ക് പൊട്ടിത്തെറിക്കുകയുമാണ് ഉണ്ടായത്.

qf-32-1 Qantas Flight 32, Image Source: Australian Transport Safety Bureau (ATSB)

മൂന്നു ഭാഗങ്ങളായാണ് ടർബൈൻ ഡിസ്ക് പൊട്ടിത്തെറിച്ചത്. മൂന്നു ദിശകളിൽ ശബ്ദാതിവേഗത്തിൽ സഞ്ചരിച്ച ഈ ഭാഗങ്ങളിൽ ഒന്ന് ഇടതു ചിറകിനെയും അതിനകത്തെ രണ്ട് ഇന്ധനടാങ്കുകളെയും ഹൈഡ്രോളിക് ലൈനുകളെയും തുളച്ചു കൊണ്ട് മുകളിലേക്ക് തെറിച്ചു. മറ്റൊന്നു ചിറകിന്റെ മുൻഭാഗം തകർത്തു. മൂന്നാമത്തെ ഭാഗം എയർക്രാഫ്റ്റിന്റെ അടിഭാഗവും അകത്തെ വയറിങ്ങും കീറിമുറിച്ചു കടന്നു പോയി. ലാൻഡിങ് ഗിയർ, ബ്രേക്ക് സിസ്റ്റം, ഫ്യുവൽ സിസ്റ്റം, എയർ കണ്ടീഷനിങ് സിസ്റ്റം, ഹൈഡ്രോളിക്‌സ്, ABS ഇതിനെയൊക്കെ നിയന്ത്രിക്കുന്ന വയറുകളാണ് മുറിഞ്ഞു പോയത്.

ഫ്‌ളൈറ്റ് ഡെക്കിലെ അലാമുകൾ നിർത്താതെ ശബ്ദിച്ചതും എറർ മെസേജുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതും ഈ വയറിങ്ങുകൾ വിച്ഛേദിക്കപ്പെട്ടതിനാലായിരുന്നു. ഈ വയറിങ് Redundent ആണ്. (രണ്ടു നിര മെയിൻ വയറിങ് ഉണ്ട് A 380 യിൽ. ഒന്ന് പരാജയപ്പെട്ടാൽ മറ്റൊന്നു ബാക്കപ്പ് ആയി ഉപയോഗിക്കാനാണിത്.) പൊട്ടിത്തെറിച്ച ടർബൈൻ ഡിസ്കിന്റെ ഭാഗം രണ്ടിനെയും തകർത്തുകളഞ്ഞു. എൻജിൻ 1 ഷട്ട്ഡൗൺ ചെയ്തിട്ടും അനിയന്ത്രിതമായി പ്രവർത്തിച്ചു കൊണ്ടിരുന്നത് വയറിങ്ങുകൾ വിച്ഛേദിക്കപ്പെട്ടതിനാൽ ആയിരുന്നു.

എല്ലാ ജെറ്റ്  എന്‍ജിനുകളും ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് കണ്ടെയിൻഡ് ഫെയിലറുകൾ മാത്രം സംഭവിക്കാവുന്ന രീതിയിലാണ്. അതായത് എന്‍ജിന് അകത്തെ ഏതെങ്കിലും ഘടകം പൊട്ടിത്തെറിക്കുകയോ ഇളകിപ്പോരുകയോ ചെയ്താൽ  എന്‍ജിൻ തന്നെ അതിനെ പുറംതള്ളുന്ന സാങ്കേതികവിദ്യ. എന്‍ജിൻ പ്രവർത്തനരഹിതമാവുക എന്നതിൽ കവിഞ്ഞൊരു കേടുപാടും എയർക്രാഫ്റ്റിനു സംഭവിക്കാൻ പാടില്ല. എന്നാൽ‌ QF 32 വിൽ സംഭവിച്ചത് നേരെ മറിച്ചാണ്.  എന്‍ജിൻ രണ്ട് പൊട്ടിത്തെറിച്ച് എയർക്രാഫ്റ്റിന്റെ മറ്റു ഭാഗങ്ങളിൽ ഗുരുതരമായ കേടുപാടുകൾ വരുത്തി. 450 പേരുടെ ജീവൻ അപകടത്തിലാക്കി. 

ഓയിൽ സപ്ലൈ പൈപ്പ് മുറിഞ്ഞു പോവാൻ കാരണം എന്താണെന്നു കണ്ടെത്തേണ്ടിയിരുന്നു. മുറിഞ്ഞു പോയ പൈപ്പിന്റെ ഭാഗം പരിശോധിച്ചപ്പോൾ നിർമാണത്തിൽ ഗുരുതരമായ പിഴവുണ്ടായിരുന്നതായി കണ്ടെത്തി. ഓയിൽ ഫിൽറ്ററിന് വേണ്ടി പൈപ്പിൽ ഉണ്ടാക്കിയിരുന്ന ദ്വാരം നേർരേഖയിൽ ആയിരുന്നില്ല. അല്പം ചെരിഞ്ഞാണ് ഈ ഹോൾ കട്ട് ചെയ്തിരുന്നത്. ഈ പിഴവ് കാരണം പൈപ്പിന്റെ ഒരു ഭാഗം ദുർബലമായിരുന്നു. ഹൈ പ്രഷർ ഓയിൽ സപ്ലൈ ആയിരുന്നതിനാൽ കാലക്രമേണ പൈപ്പ് മുറിഞ്ഞ് ഓയിൽ ലീക്കാവുകയായിരുന്നു.

എയർബസ്, ക്വാന്റാസ്, റോൾസ് റോയ്‌സ് - ലോകപ്രശസ്തമായ മൂന്നു ബ്രാൻഡുകളുടെ വിശ്വാസ്യതയാണ് ഈ അപകടത്തോടെ ചോദ്യം ചെയ്യപ്പെട്ടത്. ഇൻസ്റ്റാൾ ചെയ്തതു മുതൽ എന്‍ജിനുകൾ സർവീസ് ചെയ്ത് പ്രവർത്തനക്ഷമത ഉറപ്പാക്കിയതുവരെ റോൾസ് റോയ്‌സ് ആണെന്നും അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു പൊതുജന മധ്യത്തിൽ റോൾസ് റോയ്‌സ് വിശദീകരണം നൽകണമെന്നും ക്വാന്റാസ് ആവശ്യപ്പെട്ടു. പക്ഷേ റോൾസ് റോയ്സ് ഈ പിഴവ് പൊതുസമൂഹത്തിനു മുന്നിൽ ഏറ്റു പറയാൻ വിസമ്മതിച്ചു. ഇതൊരു ആഭ്യന്തര കാര്യമാക്കി ഒതുക്കി നിർത്താനായിരുന്നു അവരുടെ താൽപര്യം.

ഗുരുതരമായ കേടുപാടുകൾ ഉണ്ടായിട്ടും സുരക്ഷിതമായി QF32 ലാൻഡ് ചെയ്ത പൈലറ്റുമാരുടെ വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്. അന്നു ഫ്‌ളൈറ്റ് ഡെക്കിൽ ഉണ്ടായിരുന്ന ക്രൂവിന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ക്യാപ്റ്റൻ റിച്ചാർഡ് ക്രിസ്പിനി, ഫസ്റ്റ്, സെക്കൻഡ് ഓഫിസർമാർ എന്നിവരെ കൂടാതെ രണ്ട് പേർ കൂടി അന്നു ഫ്‌ളൈറ്റ് ഡെക്കിൽ ഉണ്ടായിരുന്നു. നാലാമത്തെയാൾ ഒരു ചെക്ക് ക്യാപ്റ്റൻ ആയിരുന്നു. അതായത് 30 വർഷം പ്രവൃത്തിപരിചയമുള്ള ക്യാപ്റ്റൻ ക്രിസ്പിനിയെ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട മറ്റൊരു സീനിയർ ക്യാപ്റ്റൻ. അഞ്ചാമത്തെയാൾ ചെക്ക് ക്യാപ്റ്റനെ പരിശീലിപ്പിക്കാൻ നിയോഗിക്കപ്പെട്ട അയാളേക്കാൾ സീനിയർ ആയ മറ്റൊരു ക്യാപ്റ്റൻ. ചുരുക്കിപ്പറഞ്ഞാൽ, ക്യാപ്റ്റൻ ക്രിസ്പിനിയെ ഒരു ചെക്ക് ക്യാപ്റ്റൻ നിരീക്ഷിക്കുന്നു, ആ ചെക്ക് ക്യാപ്റ്റനെ മറ്റൊരു ചെക്ക് ക്യാപ്റ്റൻ നിരീക്ഷിക്കുന്നു. ഇവരുടെ വൈദഗ്ധ്യവും ടീം വർക്കുമാണ് ഈ അപകടം ഒഴിവാക്കാൻ സഹായിച്ചത്. ക്വാന്റാസിന്റെ ദീർഘമായ പൈലറ്റ് ട്രെയിനിങ് പദ്ധതികൾക്ക് സ്തുതി !!

ക്വാന്റാസും റോൾസ് റോയ്‌സുമായി മുപ്പതു വർഷമായി നിലനിന്നിരുന്ന ബിസിനസ് ബന്ധങ്ങൾ ഉലഞ്ഞു. ക്വാന്റാസ് റോൾസ് റോയ്സിനെതിരെ നിയമനടപടികൾ ആരംഭിച്ചു. 100 മില്യൺ ഓസ്ട്രേലിയൻ ഡോളർ ആയിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 95 മില്യൺ ഡോളർ റോൾസ് റോയ്‌സ് നൽകേണ്ടി വന്നു. ഇതിനു ശേഷം ആഗോളതലത്തിൽ ട്രെൻഡ് 900 എൻജിനുകൾ റോൾസ് റോയ്‌സ് തിരിച്ചുവിളിച്ച് അറ്റകുറ്റപ്പണികൾ നടത്തി.

139 മില്യൺ ഡോളർ ചെലവിട്ട് നാൻസി ബേർഡ് അറ്റകുറ്റപ്പണി ചെയ്തെടുത്തു. ആറു കിലോമീറ്റർ നീളത്തിലുള്ള വയറിങ് പുനഃസ്ഥാപിക്കേണ്ടി വന്നു. ഇടതു ചിറകിൽ സാരമായ കേടുപാട് വന്നതിനാൽ പല ഭാഗങ്ങളും മാറ്റി സ്ഥാപിച്ചു. നാലു പുതിയ എൻജിനുകളുമായി 2012 ഏപ്രിലിൽ ഈ വിമാനം സർവീസിൽ തിരികെയെത്തി. ഇന്നും സർവീസ് നടത്തുന്നുണ്ട് ലോകത്തിലെ ഏറ്റവും അധികം ആളുകൾ മരണപ്പെട്ട വിമാനാപകടമായി മാറിയേക്കാമായിരുന്ന സാഹചര്യത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപെട്ട നാൻസി ബേർഡ് QF32.