Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംപസ്, ഇന്ത്യയാൽ നിർമിതം

സന്തോഷ്
Chief Content Coordinator
Author Details
Follow Twitter
Follow Facebook
Jeep Compass Jeep Compass

∙ മെയ്ക്ക് ഇൻ ഇന്ത്യ: അമേരിക്കയിലെ ഡെയിംലർ ക്രൈസ്‌ലർ ജീപ്പ് വ്യാപാര നാമത്തിന്റെ ഉടമകളായിരുന്ന പഴയ കാലത്താണ് കോംപസ് ആദ്യമായി ഉണ്ടായത്. പരമ്പരാഗത ജനറൽ പർപസ് വെഹിക്കിളായ ജീപ്പിന്റെ അടിസ്ഥാനരൂപം വിട്ട് ആധുനികതയോടു ചേർത്തു വയ്ക്കാവുന്ന വാഹനമാക്കി കൊണ്ടു വരികയെന്നത് ജന്മലക്ഷ്യം. 2007 ൽ കോംപസ് ആ ലക്ഷ്യം സാക്ഷാത്കരിച്ചു. ഇപ്പോഴിതാ ഫിയറ്റിന്റെ ഉടമസ്ഥതയിൽ വേറൊരു ലക്ഷ്യവുമായി പുതുതലമുറ കോംപസ് ഇന്ത്യയിൽ പിറക്കുന്നു. ലക്ഷ്യം ഇന്ത്യയെ ജീപ്പിന്റെ ഈറ്റില്ലമാക്കുക. ഇവിടെയുണ്ടാക്കി ലോകത്തിനുനൽകുക. മഹാരാഷ്ട്രയിലെ നിർമാണശാലയിൽപ്പിറക്കുന്ന ജീപ്പ് ഇനി ലോകത്തിലെ പല നിരത്തുകളിലും ഓടും, ഇന്ത്യയിലും.

jeep-compass-1 Jeep Compass

∙ വിലയൊന്നു കുറയ്ക്കണ്ടേ? ഇന്ത്യയിൽ ഗ്രാൻഡ് ചെറോക്കിക്കും റാംഗ്ലർ അൺലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. ആദ്യം പുറത്തിറക്കിയ വാഹനങ്ങൾ വിലകൊണ്ട് ജീപ്പ്പ്രേമികളെ വെറുപ്പിച്ചപ്പോൾ കോംപസ് പരാതി പരിഹരിക്കുമത്രെ. 30 ലക്ഷം രൂപയ്ക്ക് നാലു മഹീന്ദ്ര ഥാറിനുള്ള വിലയുമായി കോംപസ് മാറ്റങ്ങളുണ്ടാക്കുന്നത് കണ്ടറിയാം.

jeep-compass-2 Jeep Compass

∙ ഒന്നല്ല, രണ്ടല്ല, മൂന്ന്: മൂന്നു വകഭേദങ്ങളിലായാണ് കോംപസ് ഇന്ത്യയിൽ എത്തുക; സ്പോർട്, ലാറ്റിട്യൂഡ്, ലിമിറ്റഡ്. 4398 മി മി നീളം, 1819 മി മി വീതി, 1667 മി മി ഉയരം, 2636 മി മി വീൽബെയ്സ്. നിർമാണനിലവാരം, അമ്പതിലധികം സുരക്ഷാസംവിധാനങ്ങൾ, ഈ വിഭാഗത്തിൽ ഏറ്റവും മികച്ച ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നിവയാണ് ജീപ്പ് കോംപസ്. ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും വീൽബേസ് കൂടുതലുണ്ട്. ഫിയറ്റിന്റെ സ്മോൾ വൈഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ സ്വതന്ത്ര സസ്പെൻഷനും ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമാണ്. 

jeep-compass-3 Jeep Compass

∙ ഉള്ളെല്ലാം ഫിയറ്റാണ്: ജീപ്പിനെക്കാൾ ഫിയറ്റാണ് കോംപസ്. രൂപത്തിൽ ഗ്രാൻഡ് ചെറോക്കിയോടു സാദൃശ്യം. പ്രൊജക്റ്റർ ഹെ‍‍‍ഡ്‌ലാംപ്, എൽ ഇഡി ഡേ ടൈം റണ്ണിങ് ലാംപും ഫോഗ്ലാംപും ചേർന്ന കൺസോൾ, ജീപ്പ് സ്വഭാവമുള്ള ഗ്രിൽ എന്നിവ മികച്ച കാഴ്ചയാണ്. വശങ്ങളിൽ എസ്‌യുവിക്ക് ചേർന്ന തരത്തിലുള്ള മസ്കുലർ വീൽ ആർച്ചുകളും ഷോൾഡർ ലൈനുമുണ്ട്. പ്ലാസ്റ്റിക്ക് ക്ലാഡിങ് ഗൗരവം കൂട്ടുന്നു. 17 ഇഞ്ച് അലോയ്.

Jeep Compass Jeep Compass

∙ നല്ല ഫിനിഷ്: മികച്ച ഫിറ്റ് ആന്റ് ഫിനിഷ്. ഉപയോഗക്ഷമതയ്ക്ക് മുൻതൂക്കം. ഡയലും നോബുകളും പഴയ തലമുറയിൽനിന്ന് കടംകൊണ്ടതു പോലുണ്ട്. ഡ്യുവൽ ടോണിലുള്ള ഇന്റീരിയറിന് ക്രോം ഫിനിഷും പിയാനോ ബ്ലാക്ക് ഇൻസേർട്ടുകളും. ഡ്യുവൽ ടോൺ ക്ലൈമറ്റ് കൺട്രോൾ. 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം. പിൻ യാത്രക്കാർക്കും എ സി വെന്റുകൾ. 

jeep-compass Jeep Compass

∙ മൾട്ടിജെറ്റ് കരുത്ത്: 171 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുള്ള 2 ലീറ്റർ ടർബോ ഡീസൽ എൻജിനാണ് ഇന്ത്യൻ കാംപേസിനു കരുത്തു പകരുക. ഫിയറ്റ് മൾട്ടിജെറ്റ് കുടുംബത്തിൽപെട്ട എൻജിൻ ആ നിലവാരം കാത്തുസൂക്ഷിക്കുന്നു. ടൂവീൽ, ഫോർവീൽ ഡ്രൈവ് മോ‍ഡലുകളുണ്ട്.

Read More: Fasttrack Auto Tips Test Drives