Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ വിപണിയെ മാറ്റിമറിച്ച ഇരുചക്രവാഹനങ്ങള്‍

Bajaj Pulsar 2001 Bajaj Pulsar 2001

സൂപ്പര്‍ബൈക്കുകളും കമ്യൂട്ടര്‍ ബൈക്കുകളും സ്‌കൂട്ടറുകളും തുടങ്ങി ലോകോത്തര വാഹനങ്ങളാല്‍ സമ്പന്നമാണ് ഇന്ന് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഇരുചക്രവാഹനങ്ങള്‍, ജനലക്ഷങ്ങള്‍ ഇരുചക്ര വാഹനങ്ങളെ ആശ്രയിച്ചു ജീവിതം മുന്നോട്ട് നയിക്കുന്നു. അതുകൊണ്ടു തന്നെയാണ് ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വിപണിയായി ഇന്ത്യ മാറിയതും. ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്ത ബുള്ളറ്റിലും, ജാവയിലും യെസ്ഡിയിലും തുടങ്ങി ബജാജിലും ഹീറോ ഹോണ്ടയിലും ട്രയംഫിലും ഹാര്‍ലി ഡേവിഡ്‌സണ്ണിലും എത്തി നില്‍ക്കുന്നു ഇന്ന് വിപണി. പുതിയ നിരവധി ബൈക്കുകളാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത്. ഈ മാറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചവരുണ്ട്, വിപ്ലവം രചിച്ചവര്‍... കാലത്തിന്റെ ഒഴുക്കില്‍ ചിലര്‍ വിസ്മൃതിയിലാണ്ടെങ്കിലും അവര്‍ സൃഷ്ടിച്ച പാതയിലൂടെയാണിന്നും വിപണി മുന്നോട്ടു പോകുന്നത്. ഇന്ത്യന്‍ ഇരുചക്ര വിപണിയില്‍ വിപ്ലവങ്ങള്‍ രചിച്ച വാഹനങ്ങളിലൂടെ.

ബജാജ് ചേതക്

bajaj-chetak Bajaj Chetak

ബജാജ് ഓട്ടോയുടെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സ്‌കൂട്ടറാണ് ചേതക്. ഇന്ത്യക്കാരുടെ സ്വപ്‌നം പൂവണിയിച്ച വാഹനം, ബുക്ക് ചെയ്ത് വര്‍ഷങ്ങള്‍ കാത്തിരുന്നാല്‍ മാത്രം ലഭിക്കുന്ന ഒന്നായിരുന്നു ഒരുകാലത്ത് ബജാജ് ചേതക് ബൈക്ക്. സ്വാതന്ത്രാനന്തരം ഇന്ത്യയിലേക്ക് ഇരുചക്രവാഹനങ്ങളും മുചക്രവാഹനങ്ങളും ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സ് നേടിയാണ് ബജാജ് വാഹനരംഗത്തേയ്ക്ക് എത്തുന്നത്. ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി ബജാജ് 1972 ല്‍ പുറത്തിറക്കിയ സ്‌കൂട്ടറിന് ഇന്ത്യയിലെ ജനപ്രിയ വാഹനമാകാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. പ്രശസ്ത രജപുത്ര രാജാവായിരുന്ന റാണ പ്രതാപ് സിംഗിന്റെ കുതിരയുടെ പേരായിരുന്നു തങ്ങളുടെ സ്‌കൂട്ടറിന് ബജാജ്  നല്‍കിയത്. എന്നാല്‍ മൈലേജ് ബൈക്കുകള്‍ക്കും ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ക്കും ലഭിച്ച സ്വീകാര്യത ചേതകിനെ കാര്യമായി ബാധിച്ചു. നീണ്ട 34 വര്‍ഷത്തെ സേവനം മതിയാക്കി 2006 ലാണ് ചേതക് വിരമിക്കുന്നത്. 

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

bullet RE 350

കഴിഞ്ഞ 60 വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയ ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബ്രിട്ടീഷ് സ്വദേശിയായ ബുള്ളറ്റ് പിന്നീട് തനി ഇന്ത്യക്കാരനായി മാറി. നാല്‍പതുകളുടെ അവസാനത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയിലെത്തിയെങ്കിലും അത്ര പ്രചാരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ആര്‍മി എന്‍ഫീല്‍ഡിനെ സ്വന്തമാക്കി തുടങ്ങിയതോടെയാണ് ഇന്ത്യയില്‍ കമ്പനിയുടെ നല്ലകാലം ആരംഭിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ വിശ്വസിച്ച് ഓടിക്കാവുന്ന ഇരുചക്രവാഹനത്തിന് വേണ്ടിയുള്ള ഇന്ത്യന്‍ ആര്‍മിയുടെ അന്വേഷണമാണ് ബ്രിട്ടനിലെ റോയല്‍ എന്‍ഫീല്‍ഡില്‍ ചെന്നവസാനിച്ചത്. 800 ബുള്ളറ്റുകളാണ് അന്ന് ഇന്ത്യന്‍ ആര്‍മി എന്‍ഫീല്‍ഡില്‍ നിന്ന് സ്വന്തമാക്കിയത്.

ഇന്ത്യയില്‍ പ്രചാരം വര്‍ധിച്ചതോടെ 1955 ല്‍ മദ്രാസ് മോട്ടോഴ്‌സുമായി സഹകരിച്ച് ഇന്ത്യയില്‍ നിര്‍മാണ ഫാക്റ്ററി സ്ഥാപിച്ചു. എന്നാല്‍ ജന്മനാട്ടില്‍ റോയല്‍ എന്‍ഫീല്‍ഡിന് അത്ര നല്ല കാലമായിരുന്നില്ല. ബ്രിട്ടീഷ് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും 1971ല്‍ ജന്മനാട്ടില്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും ഇന്ത്യയില്‍ കമ്പനി വളരുകയായിരുന്നു. 1981 കാലഘട്ടത്തില്‍ 25000 ബൈക്കുകള്‍ വരെ കമ്പനി വിറ്റു. എന്നാല്‍ ആ കുതിപ്പ് അധിക കാലം തുടരാനായില്ല, 1987 ല്‍ കമ്പനി നഷ്ടത്തിലായി. 1990 ല്‍ എയ്ഷര്‍ കമ്പനിയുമായുള്ള പങ്കാളിത്തത്തോടെ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. 1994 ല്‍ റോയല്‍ എന്‍ഫീല്‍ഡിനെ പൂര്‍ണ്ണമായും എയ്ഷര്‍ ഏറ്റെടുത്തു. പിന്നീട് റോയല്‍ എന്‍ഫീല്‍ഡിന്റെ വളര്‍ച്ചയുടെ നാള്‍ വഴികളായിരുന്നു. പഴയ പ്രതാപത്തിലേയ്ക്ക് എത്തിയ കമ്പനി ഇന്ത്യയുടെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളിലൊന്നായി മാറി.

യമഹ ആര്‍എക്‌സ് 100

yamaha-rx-100 Yamaha RX 100

എണ്‍പതുകളുടേയും തൊണ്ണൂറുകളുടേയും ആവേശമായിരുന്നു യമഹ ആര്‍എക്‌സ് 100. ചെറിയ എന്‍ജിന്‍ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയാണ് എസ്‌കോര്‍ട്‌സ് യമഹ ആര്‍എക്‌സ് 100 നെ പുറത്തിറക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ ബൈക്ക് യുവാക്കളുടെ ഹരമായി മാറി. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു ആദ്യ കാലത്തെ വില്‍പന. യമഹ ആര്‍ഡി 350യുടെ പിന്‍ഗാമിയായിട്ടാണ് ആര്‍എക്‌സ് 100 വിപണിയിലെത്തുന്നത്. 98 സിസി , ടൂ സ്‌ട്രോക്ക് , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 10.85 ബിഎച്ച്പിയായിരുന്നു കരുത്ത്. യമഹയുടെ ഏറ്റവും ജനപ്ിയ ബൈക്കായിരുന്നു ആര്‍എക്‌സ് 100. മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയത് ടൂ സ്‌ട്രോക്ക് എന്‍ജിനുള്ള ആര്‍എക്‌സ് മോഡലുകള്‍ക്ക് തിരിച്ചടിയായി. ഇതേ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ആര്‍എക്‌സ് 100 ന്റെ ഉല്പാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു. ഉല്പാദനം അവസാനിപ്പിച്ചെങ്കിലും ഇന്നും ആര്‍എക്‌സ് 100 ന് ആരാധകര്‍ ഏറെയാണ്. 

ഹീറോ ഹോണ്ട സിഡി 100

hero-honda-cd-100 Hero Honda CD 100

ഇന്ത്യന്‍ നിരത്തില്‍ മൈലേജ് യുഗത്തിന് തുടക്കം കുറിച്ച ബൈക്കാണ് ഹീറോ ഹോണ്ട സിഡി 100. ഫില്‍ ഇറ്റ,് ഷട്ട് ഇറ്റ്, ഫൊര്‍ഗെറ്റ് ഇറ്റ് എന്ന പരസ്യവാചകവുമായി എത്തി സിഡി 100 ഇന്ത്യന്‍ ബൈക്ക് വിപണി തന്നെ മാറ്റി മറിച്ചു. ഇന്ത്യന്‍ കമ്പനിയായ ഹീറോയും ജാപ്പനീസ് കമ്പനിയായ ഹോണ്ടയുമായി സഹകരിച്ച് പുറത്തിറക്കിയ ആദ്യ ബൈക്കുകളിലൊന്നാണ് ഹീറോ ഹോണ്ട സിഡി 100. 1985 ലാണ് സിഡി 100 വിപണിയിലെത്തുന്നത്, തുടര്‍ന്ന് 1991 ല്‍ സിഡി 100 എസ്എസ് പുറത്തിറക്കി. ഹീറോയെ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാവയി വളരാന്‍ അടിത്തറ പാകിയ ബൈക്കായിരുന്നു സിഡി 100. രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് ഹീറോ തങ്ങളുടെ ഈ ജനപ്രിയന്റെ നിര്‍മാണം അവസാനിപ്പിച്ചത്. 

സ്‌പ്ലെന്‍ഡര്‍

splendor-plus Hero Splendor Plus

ഹീറോ ഹോണ്ടയെന്ന ബ്രാന്‍ഡിനുപരിയായി വളര്‍ന്ന ബൈക്കാണ് സ്‌പ്ലെന്‍ഡര്‍. എല്ലാത്തരം ഉപഭോക്താക്കളേയും ഒരു പോലെ ആകര്‍ഷിച്ചു ഹീറോയുടെ ഈ പടക്കുതിര. സിഡി 100നും സ്‌ളീക്കെന്ന മോഡലിനും ശേഷം  പുറത്തിറക്കിയ  സ്‌പ്ലെന്‍ഡറിലൂടെ വാഹന വിപണി പിടിച്ചടക്കുകയായിരുന്നു ഹീറോ ഹോണ്ട. 10 ലക്ഷം സ്‌പ്ലെന്‍ഡര്‍ ബൈക്കുകളാണ് ഒരു വര്‍ഷം വിറ്റുപോയത്. 97.2 സിസി എഞ്ചിനും ഇലക്ട്രോണിക് ഇഗ്‌നീഷ്യന്‍ സംവിധാനവും ട്യൂബുലര്‍ ഡബിള്‍ ക്രാഡില്‍ ടൈപ്പ് ഫ്രെയിമുമാണ് ഈ മോഡലില്‍ ഉണ്ടായിരുന്നത്. 

2004ല്‍ കമ്പനി സ്‌പ്ലെന്‍ഡര്‍ പ്‌ളസ് എന്ന പേരില്‍ വാഹനത്തെ പരിഷ്‌കരിച്ചു. മള്‍ട്ടി റിഫ്‌ളെക്ടര്‍ ഹെഡ്‌ലൈറ്റുകളും ടെയില്‍ ലൈറ്റും ടേണ്‍ സിഗ്‌നല്‍ ലൈറ്റുകളും പുതിയ ഗ്രാഫിക്‌സും ഈ മോഡലിനെ ശ്രദ്ധേയമാക്കി. 2007ല്‍ അലോയ് വീലുകളുള്‍പ്പടെയുള്ള മാറ്റങ്ങളുണ്ടായി. 2011ല്‍ ബോഡി ഫെയറിങ്ങില്‍ മാറ്റങ്ങളും, സെല്‍ഫ് സ്റ്റാര്‍ട്ടുമൊക്കെയായി ബൈക്ക് പുറത്തിറങ്ങി. ഹീറോ ഹോണ്ട എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങിയ ബൈക്ക് ഹീറോ മോട്ടോകോര്‍പ്പായി മാറിയെങ്കിലും സ്‌പ്ലെന്‍ഡറിന്റെ ജനപിന്തുണയില്‍ മാത്രം മാറ്റങ്ങളൊന്നുമുണ്ടായില്ല. 

ബജാജ് പള്‍സര്‍ 

bajaj-pulsar-dtsi Bajaj Pulsar

മൈലേജ് ബൈക്കുകള്‍ക്ക് മാത്രമല്ല പെര്‍ഫോമന്‍സ് ബൈക്കുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുണ്ടെന്ന് കാണിച്ചു തന്നത് ഹീറോ ഹോണ്ട പുറത്തിറക്കിയ സിബിസിയായിരുന്നു. എന്നാല്‍ സിബിസിക്ക് വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. സിബിസി തെളിച്ച പാതയിലൂടെയെത്തി ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ ബൈക്കാണ് പള്‍സര്‍. 24 നവംബര്‍ 2001നാണ് പള്‍സര്‍ ആദ്യമായി വിപണിയിലെത്തുന്നത്. 100സിസി വാഹനങ്ങള്‍ നിരത്തുകള്‍ അടക്കി വാണിരുന്ന കാലഘട്ടത്തിലാണ് പോക്കറ്റ് കീറാത്ത 150 സിസി മോഡലും 180 സിസി മോഡലുമായെത്തി ബജാജ് വിപണി കീഴടക്കിയത്. പിന്നീടു കണ്ടത് പള്‍സര്‍ തന്നെയൊരു ബ്രാന്‍ഡായി മാറുന്ന കാഴ്ച്ചയാണ്. ചേതക്കിന് ശേഷം ബജാജിന്റെ ഏറ്റവും അധികം വിജയിച്ച മോഡലുകളിലൊന്നാണ് പള്‍സര്‍. നിരവധി സാങ്കേതിക വിദ്യകളാണ് ബജാജ് പള്‍സറിലൂടെ ഇന്ത്യന്‍ വിപണിക്ക് കാഴ്ച്ച വെച്ചത്. അക്കാലത്ത് സൂപ്പര്‍ ബൈക്കുകളില്‍ മാത്രം കണ്ടിരുന്ന ഡിസ്‌ക് ബ്രേക്ക് സംവിധാനവും പള്‍സറിലൂടെയാണ് ജനപ്രിയമായത്. 2003 ആയപ്പോള്‍ പള്‍സറിന്റെ വില്‍പന കുത്തനെ വര്‍ധിച്ചു. ഡിറ്റിഎസ്‌ഐ എഞ്ചിന്‍ കമ്പനി അവതരിപ്പിച്ചു. പെര്‍ഫോമന്‍സിലും സ്‌റ്റൈലിലും ശ്രദ്ധവെക്കുന്ന ബൈക്കുകളുടെ കാലം ആരംഭിച്ചത് പള്‍സറിന്റെ വരവോടെയാണെന്ന് പറയാം. 

ഹോണ്ട ആക്ടീവ 

Honda Activa Honda Activa

ഇന്ത്യന്‍ ഇരുചക്ര വിപണിയില്‍ ഗിയര്‍ലെസ് സ്‌കൂട്ടറുകളുടെ വിപണി തുറന്നിട്ടത് കൈനെറ്റിക്ക് ഹോണ്ടയാണ്. കൈനെറ്റിക്കുമായുള്ള സഹകരണം അവസാനിപ്പിച്ച് ഹോണ്ട 2001 ല്‍ പുറത്തിറക്കുന്ന സ്‌കൂട്ടറാണ് ആക്ടീവ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സ്‌കൂട്ടര്‍ വിപണിയിലെ ഒന്നാമനായി മാറി ആക്ടീവ. കൂടാതെ മോട്ടോര്‍ ബൈക്കുകള്‍ കുത്തകയാക്കി വച്ച ഇരുചക്ര വാഹന വില്‍പനയിലെ ഒന്നാം സ്ഥാനവും ഹോണ്ട ആക്ടീവ കരസ്ഥമാക്കി. സ്‌കൂട്ടര്‍ കാലഘട്ടം അവസാനിച്ചെന്നു കരുതിയവരെ ഞെട്ടിച്ച വളര്‍ച്ചയാണ് ഹോണ്ട ആക്ടീവ കാഴ്ച വച്ചത്. 2015 ആഗസ്റ്റില്‍ ആക്ടീവ നേടിയത് ഒരു കോടി വില്‍പനയാണ്. കിക്ക് സ്റ്റാര്‍ട്ടിംഗും സെല്‍ഫ് സ്റ്റാര്‍ട്ടിംഗ് സംവിധാനവും ചേര്‍ത്തിണക്കിയായിരുന്നു വാഹനം വിപണിയിലെത്തിയത്. പുറത്തിറങ്ങിയിട്ട് 16 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആക്ടീവയുടെ ജനപ്രീതിക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല.