Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന സുരക്ഷയുടെ ട്വൻറി 20

സന്തോഷ്
Chief Content Coordinator
Author Details
Follow Twitter
Follow Facebook
airbag

ദിനംപ്രതിയെന്നോണം പുത്തൻ കാറുകൾ വരുന്നു. ഒട്ടുമിക്ക കമ്പനികളുടെയും വിൽപന പട്ടിക മുകളിലേക്ക് കുതിക്കുന്നു. സുഖസൗകര്യങ്ങൾ ഏറുന്നു. എന്നാൽ ഈ വാഹനങ്ങളൊക്കെ എത്രത്തോളം സുരക്ഷിതമാണ് ? ഒാടിക്കുന്നവർക്കും സഞ്ചരിക്കുന്നവർക്കും മാത്രമല്ല വഴിയാത്രക്കാർക്കും സുരക്ഷ നൽകുന്ന വാഹനങ്ങൾക്കാണ് ഭാവി. പുതിയ വാഹന നിയമത്തിൽ കേന്ദ്രം കൊണ്ടു വരുന്നത് കടുത്ത നിബന്ധനകളാണ്.

∙ മരണകവാടം: പ്രതിവർഷം ഒന്നരലക്ഷത്തോളം പേരാണ് ഇന്ത്യയിൽ നിരത്തുകളിൽ മരിക്കുന്നത്. 2020 നുള്ളിൽ റോഡിലെ അപകടമരണനിരക്ക് 50 ശതമാനം കുറയ്ക്കാനുള്ള ഉദ്യമത്തിലാണ് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി. ഈ സ്വപ്നം സഫലമാകാൻ നാലു കാര്യങ്ങ‌ളിലാണ് ശ്രദ്ധ. ബോധവത്കരണം, ഡ്രൈവർമാർക്കുള്ള ശാസ്ത്രീയ ഡ്രൈവിങ് പരിശീലനം, റോഡുകളുടെ നിലവാരം എന്നിവയാണ് പ്രധാന കാര്യങ്ങൾ. ഇതിനൊപ്പം നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് കർശനമായി ഉറപ്പാക്കുകയും ട്രോമ കെയറിന്റെ പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്യും. 

∙ ലോക നിലവാരം: യൂറോപ്പിലെ കാറുകളുടേതിനു തുല്യമായ സുരക്ഷാക്രമീകരണങ്ങൾ നമ്മുടെ കാറുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാർ നൽകിയ അന്തിമ തീയതിക്കു മുൻപായി വാഹനങ്ങളെല്ലാം നിശ്ചിത സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വാഹന നിർമാതാക്കൾ.

∙സുരക്ഷ എന്ന മിഥ്യ: എയർബാഗുകളും എ ബി എസ് ബ്രേക്കിങും ഉണ്ടെങ്കിൽ വാഹനം സുരക്ഷിതമായി എന്നതു തെറ്റിദ്ധാരണയാണ്. ഇവ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ തന്നെ. എന്നാൽ പൂർണ പരിഹാരമല്ല. രൂപകൽപന മുതൽ ടയറുകൾക്കു വരെ സുരക്ഷയിൽ പങ്കാളിത്തമുണ്ട്. മാത്രമല്ല മറ്റുചില പരിഗണനകളും നിർമാതാക്കൾക്കുണ്ട്. എയർബാഗുകളും എ ബി എസും വാഹനത്തിന്റെ ഭാരം കൂടുന്നില്ലെന്ന്  ഉറപ്പാക്കേണ്ടതുണ്ട്. ഭാരം കൂടുന്നതു വാഹനത്തിന്റെ ഇന്ധനക്ഷമത, കാര്യക്ഷമത, സൗകര്യങ്ങൾ എന്നിവയ്ക്കു ഭാഗികമായി കോട്ടം വരുത്തിയേക്കാം.  

∙ മുന്നിൽ മാരുതി: കാറുകൾ  സുരക്ഷിതമാക്കാൻ മുൻനിരയിൽ മാരുതിയുണ്ട്. ആർ ആൻഡ് ഡി മേധാവി സി വി രാമൻ നേരിട്ടാണ് ഈ പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്. ക്രാഷ്ടെസ്റ്റ് പോലുള്ള സുരക്ഷാപരിശോധനകളിൽ വിജയിച്ച് രാജ്യത്തു രൂപകൽപന ചെയ്ത് നിർമിച്ച ആദ്യ സുരക്ഷിത വാഹനം വിറ്റാര ബ്രെസയാണ്. ഇന്ത്യയിൽ വാഹനങ്ങൾ രൂപകൽപന ചെയ്യുന്ന ടാറ്റയും മഹീന്ദ്രയുമൊക്കെ അതീവശ്രദ്ധയാണ് സുരക്ഷയിൽ പുലർത്തുന്നത്.

∙ നൂതന ആശയങ്ങൾ: ഉദാഹരണം മാരുതി സുസുക്കിയുടെ പുതിയ പ്ലാറ്റ്ഫോം. ഭാരം കുറഞ്ഞ ഈ പ്ലാറ്റ്ഫോം സുരക്ഷിതവുമാണ്. അപകടത്തിന്റെ ആഘാതം വാഹനം സ്വയമേറ്റെടുത്തു ഡ്രൈവറെയും യാത്രികരെസുരക്ഷിതമാക്കുന്ന രീതിയിലാണു പുതിയ പ്ലാറ്റ്ഫോമിന്റെ രൂപകൽപന. 

∙ ക്രാഷ്ടെസ്റ്റ് മുഖ്യം: രൂപകൽപന കഴിഞ്ഞാൽപ്പിന്നെ പരീക്ഷണമാണ്. വ്യത്യസ്ത തരം ക്രാഷ് ടെസ്റ്റുകൾ നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് അടുത്ത പടി. മാരുതി സുസുക്കിയുടെ ആർ ആൻഡ് ഡി ലാബിൽ ഇതിനുള്ള സൗകര്യമുണ്ട്. മനുഷ്യ രൂപത്തോടു സാദൃശ്യമുള്ള ഡമ്മികൾ ഉപയോഗിച്ചാണ് പരീക്ഷണം. ഇതിനായി കുട്ടികളുടെയും മുതിർന്നവ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഡമ്മികൾ ഉപയോഗിക്കാറുണ്ട്.  

∙ ഡമ്മി ടു ഡമ്മി: ഓരോ ടെസ്റ്റിനു ശേഷവും ഡമ്മികളിൽ ഏറ്റിരിക്കുന്ന ആഘാതം സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തിട്ടപ്പെടുത്തുന്നു. വ്യത്യസ്ത സെൻസറുകൾ ഉപയോഗിച്ചാണ് അളക്കുന്നത്. വഴിയാത്രികർക്ക് ഏൽക്കുന്ന ആഘാതവും ഡമ്മികൾ ഉപയോഗിച്ച് പഠനവിധേയമാക്കാറുണ്ട്. 35 മുതൽ 40 വരെ വാഹനങ്ങൾ ഹരിയാനയിലെ ലാബിൽ ക്രാഷ്ടെസ്റ്റ് നടത്തി അവ സുരക്ഷിതമെന്നുറപ്പു വരുത്തിയതിനു ശേഷമാണ് ഓരോ മോഡലും മാരുതി വിപണിയിൽ അവതരിപ്പിക്കുന്നത്. 

∙ അശ്രദ്ധ അരുത്: വാഹനം എത്ര പിഴവുറ്റതായി നിർമിച്ചാലും അപകടമരണങ്ങളുടെ എണ്ണം കുറയുന്നതിന് അശ്രദ്ധമായ ഡ്രൈവിങ് ഒഴിവാക്കണം. സുരക്ഷാക്രമീകരണങ്ങൾ അപകടനിരക്കു കുറയ്ക്കാൻ സഹായിച്ചേക്കാം. പക്ഷേ അപകടങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ വാഹനമോടിക്കുന്നവർ പരിശീലനം നേടണം. ഡ്രൈവറും യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കുകയും മറ്റു സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും വേണം. ഇന്നുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സുരക്ഷാക്രമീകരണം സീറ്റ്ബെല്‍റ്റാണ്്. സീറ്റ്ബെൽറ്റ് ഇല്ലെങ്കിൽ എയർബഗും പ്രവർത്തിക്കില്ല. 

∙ ചെറുവണ്ടികൾ: ഇങ്ങനെയൊക്കെയാണെങ്കിലും മുച്ചക്ര വാഹനങ്ങളും ചെറു വാണിജ്യ വാഹനങ്ങളും എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത്തരം വാഹനങ്ങൾ നിരോധിച്ച് പകരം സുരക്ഷിതമായ നാലു ചക്രവാഹനങ്ങൾ ഇറക്കണമെന്ന കാര്യം പരിഗണനയിലാണ്. കൂടുതൽ സുഖകരവും സുരക്ഷിതവുമായ ചെറുവാഹനങ്ങള്‍ ഈ മാറ്റത്തിെനാപ്പം ജനിക്കും.