Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാച്ച്‌ബാക്ക്, സെഡാൻ, എസ്‍‌യുവി ഈ പേരുകൾ വന്നതെങ്ങനെ ?

Jeep Compass Jeep Compass, Representative Image

സെഡാൻ, ഹാച്ച്ബാക്ക്, എസ്‌യു‌വി,  എംയുവി, ക്രോസ് ഓവറുകൾ തുടങ്ങി വാഹനം വാങ്ങാൻ തീരുമാനിച്ചാൽ വിപണിയിലെ സെഗ്മെന്റുകൾ പല വിധമാണ്. ചിലപ്പോൾ ഒരേ വിലയുള്ള രണ്ടു വാഹനങ്ങൾ‌ വിവിധ സെഗ്മെന്റില്‍ പെടുന്നതായിരിക്കും. എങ്ങനെ ഇവയെല്ലാം തരം തിരിക്കുന്നു? ഹാച്ച്ബാക്കുകളും സെ‍ഡാനുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്. എംയുവി (മൾട്ടി പർപ്പസ് വെഹിക്കിൾ) എസ്‌യുവി (സ്പോർട്സ് യുട്ടിലിറ്റി വെഹിക്കിൾ) എംയുവി (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ) എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെന്താണ്. സാധാരണക്കാരിൽ കൺഫ്യൂഷനുണ്ടാക്കുന്ന ചോദ്യങ്ങളാണിവ. 

ബോഡിക്കും പ്ലാറ്റ്ഫോമിനും അനുസരിച്ചാണ് വാഹനങ്ങളെ ഹാച്ച്ബാക്ക്, സെ‍ഡാൻ, എസ്‌യുവി, കൂപ്പേ, കൺവേർട്ടബിള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്. 

ഹാച്ച്ബാക്ക്

suzuki-swift Swift

പിന്നോട്ട് നീണ്ടു നിൽക്കുന്ന ബൂട്ട് ഇല്ലാത്ത ചെറു വാഹനങ്ങളെയാണ് ഹാച്ചാബാക്കുകൾ എന്നു വിളിക്കുന്നത്. ബൂട്ട് ഡോർ അടക്കം മൂന്നോ അല്ലെങ്കിൽ അഞ്ചോ ഡോറുകളുണ്ടാകും. നഗര യാത്രകൾക്ക് കൂടുതൽ ഇണങ്ങിയ ഇവയിൽ നാലോ അല്ലെങ്കിൽ അഞ്ചോ പേർക്ക് സഞ്ചരിക്കാം. പൊതുവേ നാലുമീറ്ററിൽ താഴെയായിരിക്കും ഇവയുടെ നീളം. എൻജിൻ ശേഷിയുടെ കാര്യത്തിൽ ഹാച്ച്ബാക്കുകളെ മൂന്നായി തരം തിരിക്കുന്നുണ്ട്. 800 സിസിയും അതിന് താഴെയ്ക്കും എൻജിൻ കപ്പാസിറ്റിയും 3200 എംഎമ്മിന് താഴെ നീളവുമുള്ളവയെ മൈക്രോ എന്നും 800 മുതൽ 1000 സിസി വരെ കപ്പാസിറ്റിയും 3600 വരെ നീളവുമുളളവയെ മിനി എന്നും 1000 മുതൽ 1400 സിസി വരെ എൻജിൻ കപ്പാസിറ്റിയും 4000 എംഎം വരെ നീളവുമുള്ളവയെ കോംപാക്റ്റ് എന്നും വിളിക്കുന്നു. ടാറ്റ നാനോ മൈക്രോ ഹാച്ച്ബാക്കാണ്. മാരുതി ഓൾട്ടോ, വാഗൺ ആർ, സ്പാർക്ക് എന്നിവ മിനി ഹാച്ച്ബാക്കിൽ പെടും. സ്വിഫ്റ്റ്, പോളോ, ജാസ്, പുന്തോ, ഫിഗോ തുടങ്ങിയ വാഹനങ്ങളാണ് കോംപാക്റ്റ് വിഭാഗത്തിൽ പെടുക. 

സെഡാൻ

maruti-suzuki-swift-dezire-2017 Dzire

പിന്നോട്ട് നീണ്ടു നിൽക്കുന്ന ഡിക്കി സ്പെയ്സുള്ള വാഹനങ്ങളെയാണ് സെഡാൻ ക്യാറ്റഗറിയിൽ പെടുത്തുക. ഹാച്ച്ബാക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിപ്പം കൂടുതലായിരിക്കും ഇവയ്ക്ക്. സെഡാനിൽ അഞ്ചു പേർക്ക് സുഖകരമായി യാത്ര ചെയ്യാൻ സാധിക്കും. പൊതുവെ നാലുമീറ്ററിൽ മുകളിലായിരിക്കും ഇവയുടെ നീളം. എന്നാൽ നാലു മീറ്ററിൽ താഴെ നീളമുള്ള വാഹനങ്ങൾക്ക് നൽകുന്ന നികുതി ഇളവിന്റെ ആനുകൂല്യം കൈപ്പറ്റാനായി ഇന്ത്യയിൽ നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് സെ‍ഡാൻ എന്നൊരു സെഗ്മെന്റുമുണ്ട്. ഹാച്ച്ബാക്കുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇവ ‍ഡിസൈൻ ചെയ്തിരിക്കുന്നത്. സെഡാനുകളെ തന്നെ മിഡ് സൈസ്, എക്സിക്യൂട്ടീവ്, പ്രീമിയം എന്നീ ക്യാറ്റഗറികളായി തിരിച്ചിട്ടുണ്ട്. 4000 എംഎം മുതൽ 4500 എംഎം വരെ നീളവും 1.6 ലീറ്റർ വരെ എൻജിൻ കപ്പാസിറ്റിയുമുള്ള വാഹനങ്ങളാണ് ഈ ഗണത്തിൽ പെടുന്നത്. 4500 മുതൽ 4700 വരെ നീളവും 2 ലീറ്റർ വരെ എൻജിൻ കപ്പാസിറ്റിയുമുള്ള വാഹനങ്ങളെ എക്സിക്യൂട്ടീവ് ക്യാറ്റഗറിയിലും 4700 എംഎം മുതൽ 5000 എംഎം വരെ നീളവും 3 ലീറ്റർ വരെ എൻജിൻ കപ്പാസിറ്റിയുമുള്ളവ പ്രീമിയം ക്യാറ്റഗറിയിലും പെടുന്നു. 

എസ്‌യുവി (സ്പോർട്സ് യുട്ടിലിറ്റി വെഹിക്കിൾ)

volkswagen-tiguan-test-drive-4 Tiguan

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള വിഭാഗങ്ങളിലൊന്നാണ് എസ് യു വി. എൻജിൻ ശേഷിയും വലിപ്പവും കൂടിയ വാഹനങ്ങളാണ് എസ് യു വി ഗണത്തിൽ പെടുക. നാലുമീറ്ററിൽ താഴെ നീളവും 1500 സിസിയിൽ മുകളിൽ എൻജിൻ കപ്പാസിറ്റിയും 170 എംഎമ്മിന്റെ മുകളിൽ ഗ്രൗണ്ട് ക്ലിയറൻസുമുള്ള വാഹനങ്ങളാണ് എസ് യു വി ക്യാറ്റഗറിയിൽ പെടുന്നത്. നാലു വീൽ ഡ്രൈവോ, രണ്ടു വീൽ ഡ്രൈവോ ആയിരിക്കും എസ്‌യുവികൾ.  നാലു മീറ്ററിൽ താഴെ നീളമുള്ള വാഹനങ്ങൾക്ക് നൽകുന്ന നികുതി ഇളവിന്റെ അനുകൂല്യം കൈപ്പറ്റാനായി ഇന്ത്യയിൽ നാലും മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ്‌യുവി എന്നൊരു സെഗ്മെന്റുമുണ്ട്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിവയാണ് ഇതിനുള്ള ഉദാഹരണങ്ങൾ. കോംപാക്റ്റ് എസ് യു വികളെ കൂടാതെ മിഡ് സൈസ് എസ്‌യുവികളും ഫുൾസൈസ് എസ്‌യുവികളുമുണ്ട്. വലിപ്പമുള്ള രൂപമാണെങ്കിലും മിഡ് സൈസ് എസ്‌യുവികൾ‌ക്ക് രണ്ട് നിര സീറ്റുകളായിരിക്കും ഉണ്ടാകുന്നത്. ഫോക്സ്‌വാഗൺ ടിഗ്വാൻ, ഔഡി ക്യൂ 3 എന്നിവ ഉദാഹരണങ്ങൾ. മൂന്നു നിര സീറ്റുകളുള്ള വലിയ എസ്‌യുവികളെയാണ് ഫുൾസൈസ് എസ് ‌യുവി എന്നു വിളിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര എക്സ്‍യുവി 500 തുടങ്ങിയ വാഹനങ്ങൾ ഉദാഹരണം.

എംയുവി‌ (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ) അഥവ എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ)

toyota-innova-touring-sport Innova Crysta

എംയുവികൾ അല്ലെങ്കിൽ എംപിവികളുമായി അധികം വ്യത്യാസങ്ങള്‍ അവകാശപ്പെടാനില്ല. രൂപത്തിൽ എസ് യുവികളോടാണ് സാമ്യമെങ്കിൽ ഇന്റീരിയറിലും പെർഫോമൻസിലും കാറുകളോടായിരിക്കും സാമ്യം. യാത്രാസുഖം മുൻ നിർത്തിയാണ് ഇത്തരം വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നത്.  എസ് യു വികളെപ്പോലെ നാലു വീൽ ഡ്രൈവ് ആയിരിക്കില്ല. ഏഴ് അല്ലെങ്കിൽ എട്ടുപേർക്കായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക. ടൊയോട്ട ഇന്നോവ, മഹീന്ദ്ര സൈലേ എന്നിവ ഉദാഹരണങ്ങള്‍.

കൂപ്പേ, കൺവേർട്ടബിൾ

mini-cooper-s-convertable Mini

രണ്ടു ഡോർ ലേ ഔട്ടിലുള്ള വാഹനങ്ങളെയാണ് കൂപ്പേ എന്നു വിളിക്കാറ്. മേൽക്കൂര മടക്കാവുന്ന വാഹനങ്ങളെ കൺവേർട്ടബിൾ എന്നും വിളിക്കുന്നു. എന്നാൽ ഈ ഗണത്തിൽ പെട്ട വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രചാരം കുറവാണ്.

Read More: New Bike Features | Car Safety Features