Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച ടാറ്റ ഏത്? ഉത്തരം നെക്സോൺ

Tata Nexon | Test Drive Review | Malayalam | Manorama Online

കൈയ്യിലെ സ്മാർട്ട് ബാൻഡുപയോഗിച്ച് വാതിലുകൾ തുറക്കാം, വാഹനം സ്റ്റാർട്ടു ചെയ്യാം. ടാറ്റയുടെ ഏറ്റവും പുതിയ വാഹനം നെക്സോണിനെ ആകർഷകമാക്കുന്ന അനേകം ഫീച്ചറുകളിലൊന്ന് മാത്രമാണിത്. ഇന്ത്യൻ നിരത്തിൽ മറ്റൊരു വാഹനങ്ങളിലും ഇതുവരെ കണ്ടിട്ടില്ലാത്ത പ്രത്യേകതകളുമായെത്തുന്ന ടാറ്റയുടെ ചെറു എസ് യു വി നെക്സോണിന്റെ ഫസ്റ്റ് ഡ്രൈവ് റിപ്പോർട്ട്. ചെറുഹാച്ചായ ടിയാഗോയിലൂടെ വിപണിയില്‍ ലഭിച്ച മുന്‍തൂക്കം മുതലെടുക്കാനാണ് നെക്‌സോണിലൂടെ ടാറ്റ ശ്രമിക്കുന്നത്. ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയില്‍ ടാറ്റ നിര്‍മിച്ച നാലാമത്തെ വാഹനമാണ് നെക്‌സോണ്‍.

നെക്‌സോണിന് അടിമുടി ഒരു എസ് യു വി ചന്തം കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. മുന്‍ ഭാഗത്ത് വലിയ ഗ്രില്ലാണ് ഉപയോഗിച്ചിരിക്കുന്നത്. ഹണികോംപ് ഫിനിഷിലുള്ള ഗ്രില്ലിന്റെ മധ്യത്തിലായി ടാറ്റയുടെ ലോഗോ. ഗ്രില്ലിനു താഴെയായി ക്രോം ഫിനിഷുമുണ്ട്. എന്‍ഇഡി ഡേറ്റൈം റണ്ണിങ് ലാമ്പോടു കൂടിയ വലിയ പ്രൊജക്റ്റര്‍ ഹെഡ് ലാമ്പുകള്‍ വാഹനത്തിന്റെ എസ്്യുവി ലുക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്. സില്‍വറും ബ്ലാക്കും ചേര്‍ന്ന കണ്‍സോളിലാണ് ഫോഗ് ലാമ്പിന്റെ സ്ഥാനം. ‌മസ്‌കുലറായ ബമ്പറും വീല്‍ ആര്‍ച്ചുകളും ബോഡിലൈനുകളും വലിയ വാഹനത്തിന്റെ ഫീല്‍ സമ്മാനിക്കുന്നു. എസ്‌യുവികളെപ്പോലെ തന്നെ 16 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്. ലൈറ്റ് ഗ്രേ നിറത്തിലുള്ള റൂഫ് വാഹനത്തിന് സ്പോർട്ടി ലുക്ക് സമ്മാനിക്കുന്നുണ്ട്. വിന്റോകള്‍ക്ക് താഴെയായി സൈഡ് ബോഡിയിലുടനീളം നീണ്ടു നിൽക്കുന്ന വൈറ്റ് ഫിനിഷും നല്‍കിയിട്ടുണ്ട്. പിന്നിലും മസ്‌കുലറായ ലുക്കു തന്നെ. ചെറിയ വിന്റ് ഷീല്‍ഡാണ് കാറിന്. ഡയമണ്ട് ഷെയിപ്പിലാണ് ടെയില്‍ ലാമ്പ്. ഇരുടെയില്‍ ലാമ്പുകളെ ബന്ധിപ്പിക്കുന്ന വൈറ്റ് ഇന്‍സേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.

ടാറ്റയുടെ പുതു തലമുറ വാഹനങ്ങളിലേതു പോലെ മികച്ച ഇന്റീരിയറാണ് നെക്‌സോണിനും. നേര്‍ രേഖകളിലുള്ള ഡിസൈന്‍ കണ്‍സെപ്റ്റാണ് ഡാഷ് ബോര്‍ഡിന്. പ്രീമിയം ഫീല്‍ നല്‍കുന്നതിനായി പിയാനോ ബ്ലാക്ക് ഫിനിഷും നല്‍കിയിരിക്കുന്നു. റിവേഴ്‌സ് ക്യാമറയോടു കൂടിയതാണ് 6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം. വാഹനത്തിനെ പറ്റിയുള്ള വിവിധ വിവരങ്ങള്‍ മള്‍ട്ടിഇന്‍ഫര്‍മെഷന്‍ ഡിസ്‌പ്ലെയിലൂടെ ഡ്രൈവര്‍ക്ക് ലഭിക്കും. ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിലെ എസി വെന്റുകള്‍ എട്ടു സ്പീക്കറുകളുള്ള ഹര്‍മന്‍ മ്യൂസിക്ക് സിസ്റ്റം എന്നിവ നെക്‌സോണിലുണ്ട്.  മികച്ച നിലവാരമുണ്ട് ഇന്റീരിയര്‍ പ്ലാസ്റ്റിക്കിന്. കൂള്‍ഡ് ഗ്ലൗ ബോക്‌സും പ്രീമിയം ഫിനിഷിലൂള്ള ഗിയര്‍ബോക്‌സും നെക്സോണിന്റെ പ്രത്യേകതകളാണ്. റോള്‍സ്‌റോയ്‌സിന്റെ കാറുകളില്‍ കാണുന്നതുപോലെ കുട സൂക്ഷിക്കാനുള്ള പ്രത്യേക അറ വരെ കാറിലുണ്ട്.യാത്ര സുഖം നല്‍കുന്ന മികച്ച കുഷ്യനുള്ള സീറ്റുകളാണ്, നല്ല തൈ സപ്പോര്‍ട്ടുമുണ്ട്. മികച്ച ലൈഗ് റൂമും ഹെഡ് റൂമുമുണ്ട് മികച്ച പിന്‍ സീറ്റുകളിലിരുന്നാലും യാത്ര സുഖത്തിൽ കുറവില്ല.

ടാറ്റ വികസിപ്പിച്ച  'റെവോട്രോണ്‍' ശ്രേണിയില്‍ പെട്ട പുതിയ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 'റെവോടോര്‍ക്' ശ്രേണിയിലെ പുതിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് 'നെക്‌സോണിൽ  ഉപയോഗിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച പ്രകടനവുമാണ് എന്‍ജിനുകള്‍ക്ക്. നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 3,750 ആര്‍ പി എമ്മില്‍ 110 പി എസ് വര കരുത്തും 1,500 - 2,750 ആര്‍ പി എമ്മില്‍  260 എന്‍ എം വരെ ടോര്‍ക്കും നൽകും.  മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്താവട്ടെ 5,000 ആര്‍ പി എമ്മിൽ 110 പി എസ് ആണ്. 2,000 മുതൽ 4,000 ആര്‍ പി എമ്മിൽ 170 എന്‍ എമ്മാണ് ഈ എന്‍ജിന്റെ പരമാവധി ടോര്‍ക്. ആറു സ്പീഡാണ് ഗിയര്‍ ബോക്‌സ്. മികച്ച ഡ്രൈവാണ് ഇരു എന്‍ജിനുകളും സമ്മാനിക്കുന്നത്. 

കോംപാക്റ്റ് എസ് യുവിയാണ് നെക്‌സോണെങ്കിലും ഹാച്ച്ബാക്കുകള്‍ ഓടിക്കുന്നതുപോലെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.  ഉയര്‍ന്ന വേഗതയിലും ഒാടിക്കുന്നയാൾക്ക് അല്‍പ്പം പോലും ആത്മവിശ്വാസം നഷ്ടപ്പെടുകയില്ല. നല്ല റെസ്‌പോണ്‍സുള്ള സ്റ്റയറിങ് വീലാണ്. മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട് ബ്രേക്ക്്. റൈഡ് ക്വാളിറ്റിയും ഒന്നാന്തരം. ഇന്ത്യന്‍ വിപണിയിലെ ഹോട്ട് സെഗ്മെന്റിലേയ്ക്കാണ് ടാറ്റ നെക്‌സോണിനെ പുറത്തിറക്കിയിരിക്കുന്നത്. ഫോഡ് ഇക്കോസ്‌പോര്‍ട്ട്, വിറ്റാര ബ്രെസ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന നെക്‌സോണിന് വിപണി പിടിക്കുക അത്ര എളുപ്പമാകില്ല. മികച്ച ഡ്രൈവും യാത്ര സുഖവും നൂതന ഫീച്ചറുകളും നെക്‌സോണിന് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളാണ്.

Tata Nexon Diesel Technical Specification  Tata Nexon Petrol Technical Specification