Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷ്വലുകളുടെ ‘ബിഗ് ബി’

Amal Neerad & Dulquer Salmaan In CIA Location Amal Neerad & Dulquer Salmaan In CIA Location

ഇയോബിന്റെ പുസ്തകം’ എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയം. 1946 കളിലെ കഥയാണ്. അതിനനുസരിച്ചുള്ള വാഹനങ്ങളും വേണം. വിന്റേജ് വാഹനങ്ങൾക്കായുള്ള ഇന്റർനെറ്റ് തിരച്ചിലുകൾക്കിടെയാണ് ഒരു ട്രയംഫ് ബൈക്കിന്റെ ഫോട്ടോ സംവിധായകൻ അമൽനീരദിന്റെ കണ്ണിൽപ്പെടുന്നത്. ‘കൊള്ളാം, ഫഹദ് ഫാസിലിന്റെ അലോഷിയെന്ന കഥാപാത്രത്തിനു പറ്റിയ ബൈക്ക്...’ അന്വേഷിച്ചപ്പോൾ എറണാകുളം സ്വദേശിയുടേതാണ്. കക്ഷി ഷൂട്ടിന് വാഹനം വിട്ടുതരാമെന്നേറ്റു. ഓടിച്ചു നോക്കി യാതൊരു കുഴപ്പവുമില്ലെന്നുറപ്പിച്ചാണ്  ഇയോബിന്റെ സെറ്റിലേക്ക് ട്രയംഫ് എത്തിച്ചത്. പക്ഷേ സ്റ്റാർട്ട്, ആക്‌ഷൻ പറഞ്ഞാൽപ്പിന്നെ ബൈക്ക് അനങ്ങില്ല. പതിനെട്ടടവും പയറ്റി നോക്കിയിട്ടും വണ്ടി പിണങ്ങിത്തന്നെ! ഒടുവിൽ ട്രയംഫിനു പകരം ഫഹദിനു വേണ്ടി  ഒരു പഴയ റോയൽ എന്‍ഫീൽഡ് ബുള്ളറ്റ് കൊണ്ടു വരേണ്ടി വന്നു. ടിവിആർ 715 എന്ന നമ്പറോടു കൂടിയ ആ ബുള്ളറ്റാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ട്രയംഫ് പക്ഷേ വിട്ടുകളഞ്ഞില്ല; സിനിമയുടെ ഫോട്ടോകൾ നെറ്റിൽ പ്രചരിച്ചപ്പോൾ അതിലൊന്ന് ട്രയംഫിലിരിക്കുന്ന ഫഹദിന്റേതായിരുന്നു!

iyobinte-pusthakam ഇയോബിന്റെ പുസ്തകത്തിൽ ഉപയോഗിച്ച ട്രയംഫും ബുള്ളറ്റും

എന്താണാ ബൈക്കിന് ഷൂട്ടിനിടെ സംഭവിച്ചത്? അമൽ നീരദ് തന്നെ പറയും അതിനുത്തരം:‘അത് ഞങ്ങൾ സിനിമാക്കാർക്കിടയിലെ ഒരു കോമഡിയാണ്. ഏറ്റവും നല്ല രീതിയിൽ ഓടുന്ന വാഹനമായിരിക്കും ഷൂട്ടിനായി കൊണ്ടുവരിക. കാരണം, താരങ്ങളെല്ലാവരും റെഡിയായിക്കഴിയുമ്പോൾ വണ്ടി നിന്നു പോയാൽ ശരിയാകില്ലല്ലോ. പക്ഷേ എത്ര നല്ല വാഹനമായാലും ഷോട്ടിനു തൊട്ടു മുൻപേ നിൽക്കും. ഇത് എല്ലാ സിനിമാക്കാരും അനുഭവിച്ചിട്ടുള്ള പ്രശ്നവുമാണ്. സിനിമയ്ക്കു വേണ്ടി വണ്ടി കൊണ്ടു വന്നാൽ അത് ഓടില്ലെന്നതാണ് പലരുടെയും വിശ്വാസം തന്നെ...’ 

amal അമൽ നീരദും ഡോഡ്ജ് റേം പിക്കപ്പും, സിഐഎ ലോക്കേഷൻ

വിടില്ല ‘വിഷ്വൽ’ വാഹനങ്ങൾ

വണ്ടികളെപ്പറ്റി ഭയങ്കരമായൊന്നും അന്വേഷിക്കാനോ അറിയാനോ താൻ പോകാറില്ലെന്നു പറയുന്നു അമൽ. പക്ഷേ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാൽ അങ്ങനെ തോന്നില്ലെന്ന സംശയം ഏതൊരു ആരാധകനും സ്വാഭാവികം. അതിനു കാരണം ചില വാഹനങ്ങൾ കാണുമ്പോൾ തന്നെ ഇഷ്ടം തോന്നാറുണ്ടെന്നതാണ്. അവ സ്ക്രീനിൽ കാണുമ്പോഴും കാഴ്ചാസുഖം ലഭിക്കുമെന്നുറപ്പായാൽ സിനിമയിലേക്കെടുത്തിരിക്കും. അമൽ. കാഴ്ചയ്ക്കാണ് പ്രാധാന്യം. ആദ്യചിത്രമായ ‘ബിഗ്ബി’യിൽ ബിലാൽ ഉപയോഗിക്കുന്നത് ഒരു ടാറ്റ സഫാരിയാണ്. അമ്മയുടെ മരണവാർത്തയറിഞ്ഞ് ഏറെ ദൂരെ നിന്നാണ് അദ്ദേഹം വരുന്നത്. വലിയ പണക്കാരെപ്പോലെ പോർഷെയിലോ ലെക്സസിലോ വന്നിറങ്ങാനാകില്ല. പക്ഷേ ഗാംഭീര്യമൊട്ടു കുറയ്ക്കാനും പറ്റില്ല. പത്തു വർഷം മുൻപാണ്; അന്ന് വാഹനങ്ങളുടെ കാര്യത്തിൽ അത്രയേറെ ഓപ്ഷനുകളുമില്ല.. ദീർഘദൂരയാത്ര കഴിഞ്ഞ് ഒരു എസ്‌യുവിയിലാണ് വരുന്നതെങ്കിൽ ഓകെ; ആ തീരുമാനത്തിനൊടുവിലാണ് ബിലാലുമായി ചീറിപ്പാഞ്ഞ ഡാര്‍ക്ക് ബ്ലൂ സഫാരി ബിഗ് ബിയിലേക്ക് തലയെടുപ്പോടെ എത്തുന്നത്. 

വാഹനങ്ങളും ‘അഭിനയിക്കും’

ഓരോ കഥാപാത്രത്തിന്റെയും സ്വഭാവം എന്താണെന്ന് പ്രേക്ഷകനു മനസിലാക്കിക്കൊടുക്കുന്നതിൽ അവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിർണായക പങ്കുണ്ടെന്നു പറയുന്നു അമൽ. ‘ബിഗ് ബി’യിൽ ബിലാലിന് സഫാരി കൊടുത്തപ്പോൾ ഒരു മെറൂൺ ക്വാളിസാണ് മനോജ് കെ.ജയനുണ്ടായിരുന്നത്.

anwar-poster അൻവർ

‘അൻവറിൽ’ പൃഥ്വിരാജ് ഓടിക്കുന്നത് എഡിറ്റർ വിവേകിന്റെ അച്ഛൻ ഹർഷന്റെ 1960 മോഡൽ റോയൽ എൻഫീൽഡ് ബുള്ളറ്റാണ്. കക്ഷി പൊന്നുപോലെ നോക്കുന്ന വണ്ടിയാണ്. ‘സാഗർ ഏലിയാസ് ജാക്കി’യിലെ ഹമ്മറാകട്ടെ മോഹൻലാലിന്റെ ഒരു സുഹൃത്ത് നൽകിയതും. ‘ബാച്ചിലർ പാർട്ടി’യിൽ കലാഭവൻ മണിയും വിനായകനും കൂട്ടരും കറങ്ങുന്ന വാൻ നൽകിയതാകട്ടെ ടാറ്റ മോട്ടോർസും. സ്കൂൾ പിള്ളേരെ കൊണ്ടുപോകുന്ന അത്തരമൊരു വാൻ ഒരിക്കൽ ശ്രദ്ധിച്ചു വച്ചിരുന്നു അമൽ.

bachelor-party ബാച്ചിലർ പാർട്ടി

ടാറ്റയോട് അന്വേഷിച്ചപ്പോൾ ഒന്നരമാസത്തോളം ഷൂട്ടിനു വേണ്ടിത്തന്നെ ‘വിന്നർ’ എന്ന മോഡൽ വിട്ടു തന്നു. നീല പെയിന്റൊക്കെയടിച്ച് അതിനെ മാറ്റിയെടുക്കുകയായിരുന്നു. ‘സിഐഎ’യിൽ സിദ്ദീഖിനു വേണ്ടി ഒരു പഴയ കറുത്ത അംബാസഡറും പ്രത്യേകം തിരഞ്ഞെടുത്തതാണ്. അങ്ങനെ അമലിന്റെ ഓരോ സിനിമയിലുമുണ്ട് കഥാപാത്രങ്ങൾക്കൊപ്പം അഭിനയിക്കാൻ ഒരു ‘കാരട്കർ വണ്ടി’.

‘കൊമ്രേഡ്’ വാഹനപ്രേമി 

1983 മോഡൽ യമഹ രാജ്ദൂത് 350 ആയിരുന്നു ‘സിഐഎ’യിൽ ആദ്യം ദുൽഖറിനു വേണ്ടി അന്വേഷിച്ചത്. പിന്നീടറിഞ്ഞു അത് മുൻപ് പല സിനിമകളിലും വന്നിട്ടുള്ളതാണെന്ന്; മറ്റൊരു ബൈക്കിനെപ്പറ്റി ആലോചിച്ചപ്പോൾ ആദ്യം ഓർമയിലെത്തിയത് തന്റെ അസി. ഡയറക്ടർ സംഘത്തിലെ പ്രതിക് ചന്ദ്രന്റെ യെസ്ഡിയും. പ്രതികിന്റെ അച്ഛന്റെ ആ ബൈക്കിലാണ് കക്ഷി ഇടയ്ക്ക് സെറ്റിലെത്താറുള്ളത്. പഴയ വണ്ടിയാണെങ്കിലും ഇപ്പോഴും നല്ല ‘റീസെയ്‌ൽ വാല്യൂ’ ആണ്, നല്ല ശബ്ദവും.

CIA സിഐഎയിൽ ഉപയോഗിച്ച യെസ്ഡി

ദുൽഖറിന്റെ ‘അജിപ്പാനാ’കാട്ടെ മനസ്സു നിറയെ നൊസ്റ്റാൾജിയയുമായി നടക്കുന്നയാളും. അതോടെ ‘സിഐഎ’യിൽ യെസ്ഡിക്കും കിട്ടി ഒരു റോൾ. ചലച്ചിത്രമേഖലയിൽ വാഹനങ്ങളോട് ഏറ്റവും ഇഷ്ടം കാണിക്കുന്നയാൾ ദുൽഖറാണെന്നും പറയുന്നു അമൽ. ‘പഴയ വാഹനങ്ങളോടൊക്കെ ഒരു വല്ലാത്ത ഇഷ്ടമാണ് ദുൽഖറിന്...’

amal-1 സിഐഎയിലെ ഫോഡ് പിക്ക്അപ്പ്

‘സിഐഎ’യുടെ ഷൂട്ടിലേറെയും ടെക്സസിലും യുഎസിലെ തെക്കൻമേഖലകളിലുമായിരുന്നു. അവിടെ ഷൂട്ടിങ്ങിനു വേണ്ടി മുഴുവൻ സമയവും വാടകയ്ക്കെടുത്ത് ഉപയോഗിച്ചതാകട്ടെ ഒരു ഡോഡ്ജ് റേം പിക്കപ്പും. അക്കൂട്ടത്തിൽ പിക്കപ്പിനും കിട്ടി ഒരു റോൾ. ദുൽഖറിനെ കാണാനായി ബന്ധുവായ സിറിൽ വരുന്നത് ഈ പിക്കപ്പ് ട്രക്കിലാണ്. ടെക്സസിലും പരിസരത്തും എല്ലാ വീട്ടിലും കാണും ഒരു പിക്കപ്പ്. അവിടെ കാറിനു പകരം യാത്ര പോകാനും ഷോപ്പിങ്ങിനും തോട്ടങ്ങളിൽ പോകാനുമെല്ലാം ഉപയോഗിക്കുന്നത് ഇതാണ്. വീട്ടിലൊരു പിക്കപ്പ് ട്രക്കുണ്ടെന്നു പറയുന്നതിലാണ് അവിടുത്തുകാരുടെ അഭിമാനം.

amal--2 സിഐഎ

ദുൽഖറിനെയും സംഘത്തിനെയും മെക്സിക്കൻ അതിർത്തി കടത്താനായി എത്തിക്കുന്നത് ഫോഡിന്റെ ഒരു ചുവന്ന പഴഞ്ചൻ ട്രക്കിലാണ്. പലയിടത്തും ദിവസങ്ങളോളം കറങ്ങിയിട്ടാണ് ആ തുരുമ്പിച്ച ട്രക്ക് തപ്പിയെടുത്തത്. അജിപ്പാനെ സഹായിക്കാനെത്തുന്ന ശ്രീലങ്കൻ ഡ്രൈവർ അരുളിന്റെ കാർ മെക്സിക്കോയിലെ യഥാർഥ ടാക്സി തന്നെ വാടകയ്ക്കെടുത്തതാണ്. ഷൂട്ടിനിടെ അടിയും വെടിവയ്പുമൊക്കെ ഉണ്ടായാലും വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ അതിന്റെ അറ്റകുറ്റപ്പണിക്കുള്ള ചെലവും സിനിമാസംഘം തന്നെ വഹിക്കണമെന്നാണ്. ‘സിഐഎ’യിൽ ഭാഗ്യത്തിന് അത്രയേറെ തട്ടുകേടുകളൊന്നും സംഭവിച്ചില്ല ഒരു വാഹനത്തിനും!

ഇയോബിലെ വില്ലീസും സംഘവും!

1900കളിൽ ആരംഭിച്ച് 1946കളിൽ വികസിക്കുന്നതാണ് ‘ഇയോബിന്റെ പുസ്തകം’ എന്ന സിനിമ. അക്കാലത്തെ വാഹനങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു; അതിനാൽത്തന്നെ വാഹനങ്ങളുടെ കാര്യത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടിയതും ഈ സിനിമയ്ക്കു വേണ്ടിയാണ്. ഇഷ ഷർവാണിയുടെ ‘മാർത്ത’യെന്ന നായികയ്ക്കു വേണ്ടി കാളവണ്ടി അന്വേഷിച്ചപ്പോൾ കേരളത്തിൽ കാളകളെ കിട്ടാനേയില്ല! ഒടുവിൽ കമ്പം–തേനി ഭാഗത്തു നിന്നു വരുത്തേണ്ടി വന്നു. ആലപ്പുഴയിലെ  ‘കോഹിനൂർ’ ഗ്രൂപ്പാണ് വിന്റേജ് കാറുകളിലേറെയും നൽകി സഹായിച്ചത്. തലമുറകളായി വാഹനഭ്രാന്തുമായി നടക്കുന്ന കുടുംബമാണവരുടേത്. ഈ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയിലെ നിമേഷ് ഷൂട്ടിനിടെ ഒപ്പം തന്നെയുണ്ടായിരുന്നു. കാരണം, വണ്ടികൾ പലതും ഇടയ്ക്ക് നിന്നു പോകും. പിന്നെ ശരിയാക്കണമെങ്കിൽ ഉടമ തന്നെ വേണം. നിമേഷിന്റെ വല്യുപ്പ ഷൗക്കത്ത് അലിയുടെ കലക്‌ഷനിനുള്ള പല ഗംഭീരൻ വാഹനങ്ങളും അവരുടെ പോർച്ചിലുണ്ട്. അതിലൊന്നാണ് ജയസൂര്യ ഓടിപ്പിക്കുന്ന 1930കളിലെ ഒരു ഫ്രഞ്ച് വണ്ടി. ഷൗക്കത്തിന്റെ മകൻ സിയാദിനും അദ്ദേഹത്തിന്റെ മകൻ നിമേഷിനും ഇപ്പോഴും വണ്ടികളോടുള്ള പ്രേമത്തിന് ഒരു കുറവുമുണ്ടായിട്ടില്ല.

iyobinte-pusthakam-1 ഇയോബിന്റെ പുസ്തകം

ഫഹദ് ഓടിപ്പിക്കുന്ന ഒരു വില്ലീസ് ജീപ്പുണ്ട്, അത് മറ്റൊരിടത്തു നിന്നു ലഭിച്ചതാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ വരെ പങ്കെടുത്തതാണെന്നാണ് അതിനെപ്പറ്റി പറയുന്നത്. എല്ലാ വിന്റേജ് വാഹനങ്ങളും ക്രെയിനിൽ കെട്ടിവലിച്ചാണ് വാഗമണിലും കുട്ടിക്കാനത്തും എത്തിച്ചത്. പക്ഷേ മിക്കതും ഷോട്ട് തുടങ്ങുന്നതോടെ നിന്നു പോകും. അതിനാൽത്തന്നെ വാഹനങ്ങൾക്കായി ഒരു മുഴുവൻ സമയ മെക്കാനിക്കിനെ നിർത്തിയാണ് ‘ഇയോബിന്റെ’ വണ്ടികളോടിച്ചെടുത്തത്.

bachelor-party-2 ഇയോബിന്റെ പുസ്തകം

സിനിമയിൽ വാഹനങ്ങളെത്തന്നെ ഒരു കഥാപാത്രമാക്കി മാറ്റുകയും അവയ്ക്കായി സകലസൗകര്യങ്ങളുമൊരുക്കുന്ന  സംവിധായകനോട് ഒരൊറ്റച്ചോദ്യം കൂടിയുണ്ടായിരുന്നു: ‘ഏതാണ് ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കിയ വാഹനം...?’ ഒരു ചെറുചിരിയോടെയായിരുന്നു മറുപടി: ‘അതൊരു സമ്മാനമായി ലഭിച്ച ബിഎസ്എ എസ്എൽആർ സൈക്കിളാണ്...’

തീവണ്ടി കണ്ടോടിയ കാലമല്ല ഇത്!

സിനിമകളിൽ ചീറിപ്പായുന്ന ബൈക്കുകളും കാറുകളുമെല്ലാം കണ്ട് അതുപോലെ ജീവിതത്തിലും ശ്രമിച്ചാലോ എന്നു ചിന്തിക്കുന്നവരോട് അമൽ നീരദിന് പറയാനുള്ളത് ഇതാണ്: ‘ലൂമിയർ സഹോദരന്മാർ ആദ്യ സിനിമ പ്രദർശിപ്പിക്കുമ്പോൾ സ്ക്രീനിലേക്ക് പാഞ്ഞുവന്ന ട്രെയിൻ കണ്ട് പേടിച്ചോടിയിട്ടുണ്ട് കാഴ്ചക്കാർ. അതു സംഭവിച്ച് നൂറിലേറെ വർഷം കഴിഞ്ഞു. സിനിമ ഒരു തരത്തിലും ‘റിയാലിറ്റി’യല്ലെന്ന സത്യം ഇത്രയും കാലത്തിനിടെ പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. ‘ബാഹുബലി’യിലെ നായകൻ പന വളച്ച് കോട്ടയ്ക്കകത്തേക്കു കയറുന്നതു പോലെ നമുക്ക് യഥാർഥത്തിൽ ചെയ്യാൻ പറ്റില്ലല്ലോ; അതിനാലാണതിനെ സിനിമയെന്നു വിളിക്കുന്നതും. വാഹനങ്ങളെന്നല്ല, എന്തുതന്നെയായാലും അത് സിനിമയാണെന്ന കാര്യം 100 വർഷം കഴിഞ്ഞിട്ടും ഞാനായിട്ട് പറഞ്ഞു മനസിലാക്കിക്കേണ്ടതല്ല...’