Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തൊമ്പതാം വയസ്സിൽ‌ ബുള്ളറ്റിൽ ഹിമാലയം കീഴടക്കിയ റിയ

Riya Yadav, Image Source: Facebook Riya Yadav, Image Source: Facebook

മകളുടെ പത്തൊൻപതാം പിറന്നാൾ ദിനത്തിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് സമ്മാനിക്കുമ്പോൾ സന്ദീപ് യാദവ് കരുതിയത് നഗരത്തിൽ ചുറ്റിയടിക്കാൻ മകൾക്കൊരു ബൈക്ക് ഇരിക്കട്ടെ എന്നായിരുന്നു. പക്ഷേ, അച്ഛന്റെ കണക്കുകൂട്ടലുകൾ മകൾ തെറ്റിച്ചു. ബൈക്കുമെടുത്ത് റിയ  നഗരംവിട്ട് മല കയറി. ഡൽഹിയിൽ നിന്നു നേരെ ലഡാക്കിലേക്ക്! ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡുകളിൽ ഒന്നായ ഖാർദുങ് ‌‌ലാ ചുരത്തിലേക്കു റിയ ബൈക്കോടിച്ചു കയറി.

riya-bullet-rider-5 Riya Yadav, Image Source: Facebook

18,379 അടി ഉയരമുള്ള ഖാർദുങ് ലായിലേക്കു സ്വയം ബൈക്കോടിച്ചെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡും പോക്കറ്റിലാക്കിയാണു റിയ ചുരമിറങ്ങിയത്. ഡൽഹി സർവകലാശാലയിലെ ഇന്ദ്രപ്രസ്ഥ വനിതാ കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനി റിയ യാദവിന്റെ തലയെടുപ്പിന് ഇന്ന് 18,379 അടി ഉയരമുണ്ട്!

ബൈക്കിനെ പ്രണയിച്ചവൾ ഗുഡ്ഗാവ് നിവാസിയായ റിയയ്ക്കു കഴിഞ്ഞ ഒക്ടോബറിലാണു റോയൽ എൻഫീൽഡ് ക്ലാസിക് 350 ബുള്ളറ്റ് പിറന്നാൾ സമ്മാനമായി ലഭിക്കുന്നത്. മകൾക്കു ബൈക്കുകളോടുള്ള ഇഷ്ടം മനസ്സിലാക്കിയായിരുന്നു സന്ദീപിന്റെ സമ്മാനം. ബൈക്ക് ഓടിക്കാൻ അറിയാത്ത റിയ, സമ്മാനംകണ്ട് അച്ഛനെ വാരിപ്പുണർന്നു. സഹോദരൻ ഋഷബ് യാദവിന്റെ സഹായത്തോടെ റിയ ബൈക്കോട്ടത്തിൽ ഹരിശ്രീ കുറിച്ചു.

riya-bullet-rider-3 Riya Yadav, Image Source: Facebook

പരിശീലനം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്വന്തമായി ബൈക്ക് മുന്നോട്ടെടുക്കാൻ ഞാൻ പഠിച്ചു.. ബൈക്കിൽനിന്നു ഞാൻ വീഴുമോ എന്നു ഭയന്ന് ‍ഋഷബ് എന്റെ പിന്നാലെയോടി. പക്ഷേ, ഞാൻ വീണില്ല. ബൈക്കുകളോടുള്ള എന്റെ അഗാധമായ പ്രണയമാവാം അതിനു കാരണം– റിയ പറയുന്നു. യമുനാ എക്സ്പ്രസ് വേയിൽ ഋഷബിനൊപ്പം ചെറു യാത്രകൾക്കു പോയി റിയ ബൈക്കോട്ടത്തിൽ ‘ക്ലച്ച് പിടിച്ചു’. ഏതാനും മാസങ്ങൾ നഗരത്തിൽ ചുറ്റിയടിച്ച ശേഷം റിയ വീട്ടുകാരോടു ഞെട്ടിക്കുന്നൊരു പ്രഖ്യാപനം നടത്തി.

ഞാൻ മല കയറുന്നു!

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിലേക്കു ബൈക്കുമായി പോകുന്നുവെന്ന റിയയുടെ വാക്കുകൾ കേട്ട് വീട്ടുകാർ ഞെട്ടി. ബൈക്കോട്ടത്തിൽ മകൾക്കുള്ള അനുഭവസമ്പത്ത് സന്ദീപ് മനസ്സിൽ കണക്കുകൂട്ടി; ബൈക്ക് വാങ്ങിയത് ഒക്ടോബറിൽ, ഇപ്പോൾ മാസം ജൂൺ. ബൈക്കോടിക്കാൻ പഠിച്ച് എട്ടാം മാസത്തിൽ ‍ഡൽഹിയിൽ നിന്ന് 1300 കിലോമീറ്റർ അകലെയുള്ള ഖാർദുങ് ലായിലേക്കു സ്വയം ബൈക്കോടിച്ചു പോകാൻ മകളൊരുങ്ങുന്നു!

riya-bullet-rider-4 Riya Yadav, Image Source: Facebook

റിയ തമാശ പറയുന്നതാണെന്നാണു വീട്ടുകാർ ആദ്യം കരുതിയത്. മകളുടെ തീരുമാനം ഉറച്ചതാണെന്നു പതിയെ അവർ മനസ്സിലാക്കി. ബൈക്ക് യാത്രകളെ അത്രമേൽ പ്രണയിച്ച മകളുടെ ആഗ്രഹത്തിന് ഒടുവിൽ സന്ദീപ് സമ്മതം മൂളി. ആ നിമിഷം മുതൽ റിയയുടെ ഹൃദയതാളം ബുള്ളറ്റിന്റെ ഇരമ്പലിനു വഴിമാറി. ചുരം കയറിയ സ്വപ്നം

ഓഫ് റോഡ് ഡ്രൈവിങ്ങിൽ പ്രഗൽഭയായ സാറാ കശ്യപിന്റെ നേതൃത്വത്തിൽ വനിതകൾക്കായുള്ള ഹിമാലയൻ യാത്രയിൽ റിയ പേരു നൽകി. ചണ്ഡിഗഡിൽ സാറയുടെ കീഴിലുള്ള ഓഫ് റോഡ് ഡ്രൈവിങ് കേന്ദ്രത്തിൽ ഒരുദിവസം പരിശീലിച്ച ശേഷം കഴിഞ്ഞ ജൂൺ 18നു റിയ തന്റെ ലക്ഷ്യത്തിലേക്കു ബൈക്ക് സ്റ്റാർട്ട് ചെയ്തു. സ്വപ്നയാത്രയെക്കുറിച്ചു റിയതന്നെ പറയട്ടെ – ‘ചണ്ഡിഗഡിൽ നിന്നാണു യാത്ര തുടങ്ങിയത്.

riya-bullet-rider-2 Riya Yadav, Image Source: Facebook

സാറയുൾപ്പെടെ ഞങ്ങൾ നാലു വനിതകളായിരുന്നു സംഘത്തിൽ. ഖാർദുങ് ലായിലേക്കു സാറയുടെ ഏഴാമത്തെ യാത്രയായിരുന്നു അത്. ഇരുപതാം വയസ്സിൽ ഖാർദുങ് ലായിലേക്കു ബൈക്കോടിച്ചു കയറിയ അനം ഹാഷിമിന്റെ പേരിലാണ്, ഏറ്റവും പ്രായംകുറഞ്ഞ വനിതാ ബൈക്ക് യാത്രികയുടെ പേരിലുള്ള റെക്കോർഡ് എന്ന് ഞാൻ മനസ്സിലാക്കി.

ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ പത്തൊൻപതു വയസ്സുള്ള ഞാൻ പുതിയ റെക്കോർഡ് കുറിക്കുമെന്ന യാഥാർഥ്യം എന്നെ ത്രില്ലടിപ്പിച്ചു. വളരെ ദുഷ്കരമായിരുന്നു യാത്ര. ആദ്യമൊക്കെ റോഡിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ഞാൻ പേടിച്ചു. യാത്ര പുരോഗമിക്കുന്തോറും എന്റെ ആത്മവിശ്വാസവുമുയർന്നു.

ഹിമാലയൻ മലനിരകളുടെ മടിത്തട്ടിലേക്കു കയറിയപ്പോൾ മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഹിമാലയത്തിന്റെ പ്രൗഢി തൊട്ടറിഞ്ഞ് ഞാനും എന്റെ ബൈക്കും കുതിച്ചു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ എൻസിസി ക്യാംപിൽ പങ്കെടുത്തതിനു ശേഷം വീട്ടിൽനിന്ന് ഇത്രയും ദിവസം വിട്ടു നിൽക്കുന്നത് ആദ്യമായിരുന്നു.

മണാലി കഴിഞ്ഞപ്പോൾ ഫോണിന്റെ റേഞ്ച് പോയി. അതോടെ വീട്ടുകാരുടെ ഫോൺവിളി നിലച്ചു. പക്ഷേ, ഖാർദുങ് ലാ മാത്രമായിരുന്നു എന്റെ മനസ്സിൽ. മനസ്സിനുള്ളിലെ നിശ്ചയദാർഢ്യം കൈകളിലൂടെ ആക്സിലറേറ്ററിലേക്കു പ്രവഹിച്ചു. ലഡാക്ക് പിന്നിട്ടതിനു പിന്നാലെ വൻ മലയിടിച്ചിലിൽ ഞങ്ങൾ കുടുങ്ങി. പാറയും വെള്ളവും മഞ്ഞും മണ്ണും മലമുകളിൽ നിന്ന് ഒലിച്ചിറങ്ങി. അതിശക്തമായിരുന്നു വെള്ളത്തിന്റെ ഒഴുക്ക്. എന്റെ കാൽമുട്ടോളം വെള്ളമുയർന്നു.

ബൈക്കിന്റെ ഭാരത്തിനു പുറമെ അതിലുണ്ടായിരുന്ന 200 കിലോ ലഗേജ് കൂടിയായതോടെ ഞാൻ നിലതെറ്റി വീഴുമെന്ന അവസ്ഥയായി. തൊട്ടുമുന്നിലുള്ളയാളെപ്പോലും കാണാത്ത വിധം മൂടൽ മഞ്ഞും നിറഞ്ഞതോടെ, ഞാൻ ഭയന്നു വിറച്ചു. മനഃസാന്നിധ്യം കൈവിടാതെ ബൈക്കിന്റെ ഹാൻഡിലിൽ മുറുകെ പിടിച്ചു നിന്നു. എന്തു സംഭവിച്ചാലും വിട്ടുകൊടുക്കില്ലെന്നു മനസ്സിലുറപ്പിച്ചു. കാൽച്ചുവട്ടിൽ, ഖാർദുങ് ലാ

riya-bullet-rider-1 Riya Yadav, Image Source: Facebook

അൽപനേരത്തെ താണ്ഡവത്തിനു ശേഷം പ്രകൃതി ശാന്തമായി. ഞങ്ങൾ മുന്നോട്ടു നീങ്ങി. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലേക്കു ജൂൺ 25നു ഞാൻ ബൈക്കോടിച്ചു കയറി. ഖാർദുങ് ലാ എന്റെ കാൽച്ചുവട്ടിൽ! 18,379 അടി ഉയരത്തിൽ എന്റെ ബൈക്കിനെ തലോടി ഞാൻ നിന്നു. അത്രയും ഉയരത്തിൽ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടിയെങ്കിലും ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദീർഘനിശ്വാസം ഞാൻ അവിടെ ഉതിർത്തു. ലക്ഷ്യം സഫലം; യാത്ര വിജയകരം.

ഖാർദുങ് ലായിൽ സ്വയം ബൈക്കോടിച്ചെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞവളായി ഞാൻ! ആ നിമിഷത്തെ റിയ ഓർത്തെടുത്തു. കനത്ത ശീതക്കാറ്റും ഓക്സിജന്റെ കുറവുംമൂലം അധിക സമയം അവിടെ തങ്ങാൻ റിയയ്ക്കും സംഘത്തിനുമായില്ല. ജൂലൈ ഒന്നിനു ഗുഡ്ഗാവിലെ വീട്ടിൽ റിയ തിരിച്ചെത്തുമ്പോൾ, അഭിമാന പുഞ്ചിരിയോടെ അച്ഛൻ സന്ദീപ് അവിടെയുണ്ടായിരുന്നു. ശുഭയാത്ര

ഇനിയെന്ത്? ഈ ചോദ്യത്തിനു മറുപടി പറയാൻ റിയയ്ക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ട. തന്റെ ഭാവി ബൈക്കുകളുടെ ലോകത്തു തന്നെയെന്നു റിയ ഉറപ്പിച്ചു പറയുന്നു. അടുത്ത വർഷം ബൈക്ക് റാലികളിൽ പങ്കെടുക്കണം. ഇനിയും ഹിമാലയൻ യാത്രകൾക്കു പോകണം. റിയയുടെ വാക്കുകളിലുണ്ട്; ബുള്ളറ്റിന്റെ ഇരമ്പൽ!