Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടു ലക്ഷത്തിന്റെ ആഡംബര ഹ്യുണ്ടേയ്‌

Hyundai Verna Test Drive| ManoramaOnline

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്‌യുടെ മിഡ് സൈസ് സെഡാനായ വെര്‍ണ ഇന്ത്യയിലെത്തുന്നത് 2006ൽ ആണ്. മികച്ച കരുത്തും സ്റ്റൈലുമായി ഹോണ്ട സിറ്റിയുടെ എതിരാളിയായി എത്തിയ വെര്‍ണയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചു. പിന്നീട് 2011ൽ വെര്‍ണയുടെ പുതിയ തലമുറയെ ഹ്യുണ്ടേയ് പുറത്തിറങ്ങി. വെര്‍ണ ഫ്‌ളൂയിഡിക് എന്ന പേരിലെത്തിയ ഇന്ത്യയിലെ രണ്ടാം തലമുറയ്ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇടക്കാലത്ത് വെർണയുടെ വിപണി കാര്യമായി ഇടിഞ്ഞു. പുതിയ ഹോണ്ട സിറ്റിയും മാരുതി സിയാസും വിപണിയില്‍ സൃഷ്ടിച്ച ആധിപത്യം തകര്‍ക്കാനാണ് പുതിയ രൂപത്തിൽ വെര്‍ണ എത്തിയിരിക്കുന്നത്. സെഗ്മെന്റില്‍ തന്നെ പുതിയ ഫീച്ചറുകളുമായി എത്തിയിരിക്കുന്ന വെര്‍ണയുടെ ഫസ്റ്റ് ഡ്രൈവ്.

Hyundai Verna Hyundai Verna

ഹ്യുണ്ടേയ്‍യുടെ കണക്കുകള്‍ പ്രകാരം മിഡ്‌സൈസ് സെഡാന്‍ സെഗ്മെന്റിലെ 80 ശതമാനവും സിറ്റിയും സിയാസും കൈയടക്കി വെച്ചിരിക്കുകയാണ്. അത്രയും ശക്തരായ എതിരാളികളുള്ള സെഗ്മെന്റിലേക്ക് എത്തുമ്പോള്‍ വെറുതെ വന്നാല്‍ പോരാ, അതുകൊണ്ടു തന്നെ പുതിയ 21 ഫീച്ചറുകളുമായിട്ടാണ് വെര്‍ണയുടെ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. അതില്‍ 9 എണ്ണം സെഗ്മെന്റിലെ തന്നെ പുതിയവ.

hyundai-verna-test-drive-4 Hyundai Verna

കാഴ്ചയില്‍ പുതിയൊരു കാറാണ് വെര്‍ണ. പഴയ കാറിന്റെ ഡിസൈന്‍ ഘടകങ്ങൾ അധികം കാണാനില്ല. ഹ്യുണ്ടേയ്‌യുടെ പ്രീമിയം കാറായ എലാന്‍ട്രയോടാണ് കൂടുതല്‍ സാമ്യം. പഴയ വെര്‍ണയെക്കാള്‍ 65 എംഎം നീളവും 29 എംഎം വീതിയും 30 എംഎം വീല്‍ബെയ്‌സും കൂടുതലുണ്ട്. എലാന്‍ട്രയുടെ പുത്തന്‍ കെ ടു പ്ലാറ്റ്‌ഫോം തന്നെയാണ് വെര്‍ണയ്ക്കും അടിത്തറയാവുന്നത്. കൂടുതല്‍ ദൃഢത ഉറപ്പാക്കാന്‍ അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ (എ എച്ച് എസ് എസ്) ബോഡി സ്ട്രക്ചറും നൽകിയിരിക്കുന്നു. പഴയ മോഡലിന് ചെറിയ ഗ്രില്‍ ഒരു അപാകതയായി തോന്നിയവര്‍ക്ക് പുതിയ ഹെക്‌സഗന്‍ ഗ്രിൽ ഇഷ്ടപ്പെടും. മുന്‍ ബംബറും പുതിയതാണ്. ഡേ ടൈം റണ്ണിങ് ലാംപ്, കോര്‍ണ്ണറിങ് അസിസ്റ്റ് എന്നിവയുള്ള സ്വപ്റ്റ്ബാക്ക് ഹെഡ്‌ലാംപ്, സെഗ്മെന്റിലെ പുതിയയിനമായ പ്രൊജക്റ്റര്‍ ഫോഗ് ലാംപ് എന്നിവയുണ്ട് പുതിയ വെര്‍ണ്ണയില്‍.

hyundai-verna-test-drive-7 Hyundai Verna

ഫ്‌ളൂയിഡിക് രൂപകല്‍പന പിന്തുടരുന്ന വശങ്ങളും 16 ഇഞ്ച് (ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രം) അലോയ് വീലുകളും പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്. താക്കോലുമായി വാഹനത്തിന്റെ പിറകിലെത്തിയാല്‍ തനിയെ തുറക്കുന്ന ബൂട്ടാണ് വെര്‍ണയ്ക്ക്. സെഗ്മെന്റിലെ ഈ പുതിയ ടെക്‌നോളജിയെ സ്മാര്‍ട്ട് ട്രങ്ക് എന്നാണ് കമ്പനി വളിക്കുന്നത്. മനോഹരമായ എല്‍ ഇ ഡി ടെയില്‍ ലാംപ്, ബൂട്ട് ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍, പരിഷ്‌കരിച്ച പിന്‍ ബംപര്‍ എന്നിവയുമുണ്ട് വെര്‍ണയില്‍.

hyundai-verna-test-drive-3 Hyundai Verna

ഫീച്ചറുകളുടെ നീണ്ട നിരയാണ് ഉള്‍ഭാഗത്ത്. ഹ്യുണ്ടേയ്‌യുടെ തന്നെ മറ്റു ചില വാഹനങ്ങളെ അനുസ്മരിപ്പിക്കും ഇന്റീരിയര്‍.മികച്ച ഫിനിഷും ഗുണേന്മയുമുള്ള ലളിതമായ ഡാഷ് ബോര്‍ഡ്. ലളിതമായ സെന്‍ട്രല്‍ കണ്‍സോള്‍, നാവിഗേഷന്‍ അടക്കമുള്ള വലിയ ടി എഫ് ടി സ്‌ക്രീന്‍, ഇലക്ട്രിക് സണ്‍ റൂഫ്, മുന്‍ സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സിസ്റ്റം എന്നപുത്തൻ ഫീച്ചർ അങ്ങനെ എല്ലാ ആധുനികതയും പുതിയ വെര്‍ണയിലുണ്ട്. കഴിഞ്ഞ തലമുറ വെര്‍ണയിലില്ലായിരുന്നു റിയര്‍ എ സി വെന്റ് ഫീച്ചര്‍ പുതിയതിലുണ്ട്. പഴയ വെര്‍ണയെക്കാള്‍ 3 എംഎം ഹെഡ് റൂമും 44 എംഎം ലെഗ്‌റൂമും അധികമുണ്ട്. എക്കോ കോട്ടിങ് ടെക്‌നോളജിയോടു കൂടിയ എസിയാണ് വെര്‍ണയില്‍.

hyundai-verna-test-drive-5 Hyundai Verna

അതീവസുഖകരമായ സവാരി നല്‍കുന്ന ടോര്‍ഷന്‍ ബീം സസ്‌പെന്‍ഷനാണ് പിന്നില്‍. സുരക്ഷയ്ക്കായി എ ബി എസ്, ഇ ബി ഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍/കാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്‌സൈഡ് ആറ് എയര്‍ബാഗുകള്‍, ഓട്ടോ ഡിമ്മിങ് മിറര്‍, ഓട്ടോ ഫംക്ഷന്‍ സഹിതം എച്ച് ഐ ഡി ഹെഡ്‌ലാംപ് എന്നിവയുണ്ട്.

hyundai-verna-test-drive-9 Hyundai Verna

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ പുതിയ വെര്‍ണയിലുണ്ട്. 1.6 ലീറ്റര്‍, വി ടി വി ടി പെട്രോള്‍ എന്‍ജിന് 6400 ആര്‍പിഎമ്മില്‍ പരമാവധി 123 പി എസ് കരുത്തും 4850 ആര്‍പിഎമ്മില്‍ 155 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍.

hyundai-verna-test-drive-6 Hyundai Verna

ഡീസല്‍ മോഡലില്‍ 1.6 ലീറ്റർ‍, യു ടു, സി ആര്‍ ഡി ഐ, വി ജി ടി എന്‍ജിനാണ്. 4000 ആര്‍പിഎമ്മില്‍ 128 പി എസ് കരുത്തും 1500 മുതല്‍ 3000 വരെ ആര്‍പിഎമ്മില്‍ 260 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് ഓട്ടമാറ്റിക്, ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍.

hyundai-verna-test-drive-2 Hyundai Verna

ഒരേ സമയം ശക്തനും ശാന്തനുമാണ് പുതിയ വെര്‍ണ. വേഗം കൂടുന്നത് അറിയുകയേയില്ല. മികച്ച ഹാന്‍ഡിലിങ്ങും റൈഡ് ക്വാളിറ്റിയുമുണ്ട്. ബ്രേക്കുകളും നിലവാരം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ എന്‍വിഎച്ച് ഏറ്റവും മികച്ചതെന്ന് പറയാനാവില്ല.

hyundai-verna-test-drive-1 Hyundai Verna

എല്ലാ കാര്യങ്ങളിലും ഹ്യുണ്ടേയ് പ്രീമിയം കാറായ എലാന്‍ട്രയോടാണ് വെര്‍ണയ്ക്ക് സാമ്യം. മിഡ് സൈസ് സെഡാന്‍ സെഗ്മെന്റിലെ 35 ശതമാനം വിപണിയിലാണ് വെര്‍ണയിലൂടെ ഹ്യുണ്ടേയ് ലക്ഷ്യം വെയ്ക്കുന്നത്. ഡ്രൈവ്, യാത്രാ സുഖം, ഹാന്‍ഡിലിങ്, വില എന്നിവ പരിഗണിക്കുകയാണെങ്കില്‍ സെഗ്മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് വെര്‍ണ. സെഗ്മെന്റിലേക്ക് പുതിയ പല ഫീച്ചറുകളുമായി എത്തുന്ന വെര്‍ണ എതിരാളികള്‍ക്ക് തലവേദന സൃഷ്ടിക്കും എന്നുതന്നെ പ്രതീക്ഷിക്കാം.