Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബസിന്റെ എൻജിൻ പൊട്ടിത്തെറിക്കുന്നത് രണ്ടാം തവണ, അദ്ഭുതകരം ഈ രക്ഷപ്പെടൽ

air france a380 എയര്‍ഫ്രാന്‍സ് എ380 വിമാനത്തിന്റെ എൻജിനുണ്ടായ തകരാർ (യാത്രക്കാർ പകർത്തിയ ചിത്രങ്ങൾ)

അഞ്ഞൂറിലധികം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനം. നാല് എൻജിനുകൾ, അതിസങ്കീർണമായ സാങ്കേതിക വിദ്യ, വിരലിലെണ്ണാവുന്ന അപകടങ്ങൾ, കഴിഞ്ഞ പത്തു വർഷത്തിലധികമായി ആകാശത്തെ കീഴടക്കി മുന്നേറുന്ന എ 380നെ മറ്റു വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവയൊക്കെയാണ്. ലോകത്തിലെ പ്രമുഖ വിമാനകമ്പനികൾക്കെല്ലാം എ380 സ്വന്തമായുണ്ട്. ഇതുവരെ ഏകദേശം 215 എ380 വിമാനങ്ങളാണ് എയർബസ് വിറ്റിട്ടുള്ളത്.

രണ്ട് അപകടങ്ങൾ രണ്ട് വ്യത്യസ്ത എൻജിനുകൾ

ലോക വൈമാനിക ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകരമായേക്കാവുന്ന രണ്ട് അപകടങ്ങളിൽ നിന്നാണ് എയർബസ് എ 380 രക്ഷപെട്ടത്. അതിൽ ആദ്യത്തേത് 2010ലായിരുന്നെങ്കിൽ രണ്ടാമത്തേത് കഴിഞ്ഞ ദിവസമായിരുന്നു. രണ്ടിലും വില്ലനായത് എൻജിനുകൾ. ആദ്യത്തെ അപകടത്തിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എയർലൈൻ‌ കമ്പനികളിലൊന്നാണ് ക്വാന്റാസാണ് പെട്ടതെങ്കിൽ രണ്ടാമത്തേതിൽ ഇരയായത് എയർ ഫ്രാൻസാണ്. ആദ്യത്തെ അപകടത്തിൽ റോൾസ് റോയ്സ് എൻജിനാണ് പൊട്ടിത്തെറിച്ചതെങ്കിൽ  രണ്ടാമത്തേതിൽ എൻജിൻ അലയൻസിന്റെ ജിപി 7000 എൻജിനാണ് പൊട്ടിത്തെറിച്ചത്. 

എയര്‍ ഫ്രാൻസ് ഫ്ലൈറ്റ് 66

2011 മെയ് 17നാണ് എയർ ഫ്രാൻസിന് വിമാനം ലഭിച്ചത്. തുടർന്നിങ്ങോട്ടുള്ള വർഷങ്ങൾ വിമാനം സുരക്ഷിതമായി പറന്നു. എൻജിൻ അലയൻസിന്റെ ജിപി 7000 ശ്രേണിയിൽ പെട്ട നാല് എൻജിനുകളാണ് ഈ വിമാനത്തിൽ ഉപയോഗിക്കുന്നത്. 496 യാത്രക്കാരും 24 ജീവനക്കാരുമായി ലൊസാഞ്ചൽസിലേക്കു പറക്കുകയായിരുന്ന എയർഫ്രാൻസ് എ380 വിമാനം. അറ്റ്ലാന്റിക് സമുദ്രത്തിന് 35,000 അടി മുകളിൽ വച്ചുണ്ടായ അപകടത്തിൽ പൈലറ്റുമാരുടെ സന്ദർഭോചിതമായ ഇടപെടലാണ് രക്ഷയായത്. യാത്ര തുടങ്ങി ഏറെ സമയം കഴിഞ്ഞപ്പോഴായിരുന്നു അപകടം. അറ്റ്‌ലാന്റിക് സമുദ്രം കടക്കവേ ആകാശത്ത് വലിയ ശബ്ദത്തോടെ എൻജിനുകളിൽ ഒരെണ്ണം പൊട്ടിത്തകരുകയായിരുന്നുവെന്നും വൻ കുലുക്കം അനുഭവപ്പെട്ടെന്നും യാത്രക്കാർ പറയുന്നു. വിറയലോടെ വിമാനം അൽപം താഴേക്കു പതിച്ചെങ്കിലും ഉടൻതന്നെ പൂർവസ്ഥിതി പ്രാപിക്കുകയായിരുന്നു. അതിനിടെ എൻജിൻ പൊട്ടിത്തെറിച്ചതായുള്ള ക്യാപ്ടന്റെ അറിയിപ്പും വന്നു. വലതുവശത്തെ എൻജിനു സംഭവിച്ച തകരാറിന്റെ ചിത്രങ്ങളും വിഡിയോയും യാത്രക്കാരിൽ പലരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ എൻജിന്മേലുള്ള ലോഹാവരണം പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. എൻജിന്റെ ഫാനിലുണ്ടായ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻജിനിൽ പക്ഷി ഇടിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. കിഴക്കൻ കാനഡയിലെ ഗൂസ് ബേ സൈനിക വിമാനത്താവളത്തിലാണ് എ380 സുരക്ഷിതമായിറക്കിയത്. ആർക്കും പരുക്കില്ല.

Qantas Flight 32 QF 32

ക്വാന്റാസ് ക്വാന്റാസ് 32 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എയർലൈൻ‌ കമ്പനികളിലൊന്നാണ് ക്വാന്റാസ്; ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനി. സേഫ്റ്റി റെക്കോർഡുകളിൽ മറ്റാരെക്കാളും മുന്നിൽ നിൽക്കുന്ന ക്വാന്റാസിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണു ക്വാന്റാസ് 32. മുഴുവൻ യാത്രക്കാരും സുരക്ഷിതരായി നിലത്തിറങ്ങിയെങ്കിലും ക്വാന്റാസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപകടമായിരുന്നു അന്നു സംഭവിച്ചത്.  2010 നവംബർ നാലിനു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നു സിഡ്‌നിയിലേക്കു പുറപ്പെട്ടതായിരുന്നു QF 32 എന്ന വിമാനം. ഇടത്താവളമായ സിംഗപ്പൂരിലെ ചെന്കി വിമാനത്താവളത്തിൽ സുരക്ഷിതമായിറങ്ങിയ QF 32 ഏകദേശം രണ്ടു മണിക്കൂറിനു ശേഷം സിഡ്‌നി ലക്ഷ്യമാക്കി പറന്നുയർന്നു. ജീവനക്കാരും യാത്രക്കാരുമടക്കം 469 പേരാണു വിമാനത്തിലുണ്ടായിരുന്നത്. പറന്നുയർന്നു മിനിറ്റുകൾക്കകം, ഏകദേശം 7300 അടി ഉയരത്തിൽവെച്ചു രണ്ടു വലിയ സ്ഫോടനങ്ങളുണ്ടായി. ഇത് തങ്ങളുടെ അന്ത്യയാത്രയാകുമെന്ന് യാത്രക്കാർ ഉറപ്പിച്ച നിമിഷങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് അവരെ തിരിച്ചു കൊണ്ടു വന്നത് പൈലറ്റുമാരുടെ മികവായിരുന്നു. 

qf-32-3 QF 32

മാസങ്ങൾ നിണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് അപകട കാരണം കണ്ടെത്തിയത്. ഓസ്ട്രേലിയൻ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (ATSB) ആണ് അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. എന്‍ജിൻ ഫെയിലർ ആണ് പ്രാഥമിക കാരണം എന്നതു വ്യക്തമായിരുന്നു. നിലംപതിച്ച ടർബൈൻ ഡിസ്കിന്റെ ഭാഗങ്ങൾ പരിശോധിച്ചപ്പോൾതന്നെ അപകട കാരണം എന്‍ജിനിൽ ഉണ്ടായ തീപിടുത്തമാണെന്നു വ്യക്തമായി‍. എന്‍ജിനിലേക്ക് ലൂബ്രിക്കേഷൻ ഓയിൽ സപ്ലൈചെയ്യുന്ന ഒരു പൈപ്പ് മുറിഞ്ഞു പോയതായി കണ്ടെത്തി. ചൂടായ എൻജിൻ ഭാഗങ്ങളിലേക്ക് ഒഴുകിയ ഓയിലിന് തീപിടിക്കുകയും ക്രമാതീതമായി ഉയർന്ന താപനില കാരണം ടർബൈൻ ഡിസ്ക് പൊട്ടിത്തെറിക്കുകയുമാണ് ഉണ്ടായത്.

മൂന്നു ഭാഗങ്ങളായാണ് ടർബൈൻ ഡിസ്ക് പൊട്ടിത്തെറിച്ചത്. മൂന്നു ദിശകളിൽ ശബ്ദാതിവേഗത്തിൽ സഞ്ചരിച്ച ഈ ഭാഗങ്ങളിൽ ഒന്ന് ഇടതു ചിറകിനെയും അതിനകത്തെ രണ്ട് ഇന്ധനടാങ്കുകളെയും ഹൈഡ്രോളിക് ലൈനുകളെയും തുളച്ചു കൊണ്ട് മുകളിലേക്ക് തെറിച്ചു. മറ്റൊന്നു ചിറകിന്റെ മുൻഭാഗം തകർത്തു. മൂന്നാമത്തെ ഭാഗം എയർക്രാഫ്റ്റിന്റെ അടിഭാഗവും അകത്തെ വയറിങ്ങും കീറിമുറിച്ചു കടന്നു പോയി. ലാൻഡിങ് ഗിയർ, ബ്രേക്ക് സിസ്റ്റം, ഫ്യുവൽ സിസ്റ്റം, എയർ കണ്ടീഷനിങ് സിസ്റ്റം, ഹൈഡ്രോളിക്‌സ്, ABS ഇതിനെയൊക്കെ നിയന്ത്രിക്കുന്ന വയറുകളാണ് മുറിഞ്ഞു പോയത്. 

qf-32-1 QF 32

മുറിഞ്ഞു പോയ ഓയിൽ സപ്ലൈ പൈപ്പിന്റെ ഭാഗം പരിശോധിച്ചപ്പോൾ നിർമാണത്തിൽ ഗുരുതരമായ പിഴവുണ്ടായിരുന്നതായി കണ്ടെത്തിയത്. ഓയിൽ ഫിൽറ്ററിന് വേണ്ടി പൈപ്പിൽ ഉണ്ടാക്കിയിരുന്ന ദ്വാരം നേർരേഖയിൽ ആയിരുന്നില്ല. അൽപം ചെരിഞ്ഞാണ് ഈ ഹോൾ കട്ട് ചെയ്തിരുന്നത്. ഈ പിഴവ് കാരണം പൈപ്പിന്റെ ഒരു ഭാഗം ദുർബലമായിരുന്നു. ഹൈ പ്രഷർ ഓയിൽ സപ്ലൈ ആയിരുന്നതിനാൽ കാലക്രമേണ പൈപ്പ് മുറിഞ്ഞ് ഓയിൽ ലീക്കാവുകയായിരുന്നു.

എയർബസ്, ക്വാന്റാസ്, റോൾസ് റോയ്‌സ് - ലോകപ്രശസ്തമായ മൂന്നു ബ്രാൻഡുകളുടെ വിശ്വാസ്യതയാണ് ഈ അപകടത്തോടെ ചോദ്യം ചെയ്യപ്പെട്ടത്. ക്വാന്റാസും റോൾസ് റോയ്‌സുമായി മുപ്പതു വർഷമായി നിലനിന്നിരുന്ന ബിസിനസ് ബന്ധങ്ങൾ ഉലഞ്ഞു. ക്വാന്റാസ് റോൾസ് റോയ്സിനെതിരെ നിയമനടപടികൾ ആരംഭിച്ചു. 100 മില്യൺ ഓസ്ട്രേലിയൻ ഡോളർ ആയിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 95 മില്യൺ ഡോളർ റോൾസ് റോയ്‌സ് നൽകേണ്ടി വന്നു. ഇതിനു ശേഷം ആഗോളതലത്തിൽ ട്രെൻഡ് 900 എൻജിനുകൾ റോൾസ് റോയ്‌സ് തിരിച്ചുവിളിച്ച് അറ്റകുറ്റപ്പണികൾ നടത്തി.