Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാക്ടർ നിർമാതാവിന്റെ പ്രതികാരം, ലംബോർഗിനി

Ferruccio Lamborghini Ferruccio Lamborghini

ഫെറാറി കാറിന് അത്ര ആഡംബരം പോരെന്നു പറഞ്ഞൊരു ട്രാക്ടർ നിർമാതാവിന്റെ കഥയാണു ലംബോർഗിനിയുടെ ചരിത്രം. ഇറ്റാലിയൻ വ്യോമസേനയിൽ നിന്നു വിരമിച്ചു ട്രാക്ടർ നിർമാതാവായി മാറിയ ഫെറൂച്ചിയോ ലംബോർഗിനിയുടെ സംഭാവനയാണ് ലംബോർഗിനി എന്ന പരിചയപ്പെടുത്തലുകൾ വേണ്ടാത്ത ആഡംബര കാർ. ഈ കാറിന്റെ സൃഷ്ടിയിലേയ്ക്കു ഫെറൂച്ചിയോയെ നയിച്ചതാകട്ടെ ഒരു ഫെറാറി കാറിന്റെ വാങ്ങലും.

lamborghini-350-gt 350 GT

ട്രാക്ടറിൽ വന്ന ഐശ്വര്യംവാഹനലോകത്തെ ഒട്ടുമിക്ക വഴിത്തിരിവുകൾക്കും കാരണമായിട്ടുള്ള ലോകമഹായുദ്ധത്തിലൂടെത്തന്നെയാണു ലംബോർഗിനിയുടെ സഞ്ചാരത്തിന്റെ തുടക്കവും. രണ്ടാം ലോകമഹായുദ്ധമാണ് ഇതിലെ കേന്ദ്രബിന്ദു. ലൊക്കേഷൻ ഇറ്റലിയും. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനശേഷം ഇറ്റാലിയൻ സേനയിൽ മെക്കാനിക്കായി ജോലിക്കു കയറിയ ഫെറൂച്ചിയോ ലംബോർഗിനിയുടെ തലയിലുദിച്ച ആശയമാണു ട്രാക്ടറായി രൂപപ്പെട്ടത്.  യുദ്ധത്തിൽ തകർന്ന വാഹനങ്ങളുടെ പുനർനിർമാണത്തിൽ മിടുക്കു കാണിച്ച ഫെറൂച്ചിയോ നാട്ടിലെ കാർഷികാവശ്യം മനസിലാക്കിയാണു ട്രാക്ടറുകളുടെ നിർമാണത്തിലേയ്ക്കു തിരി‍ഞ്ഞത്. സംരംഭം ഹിറ്റായതോടെ 1949 ൽ ലംബോർഗിനി ട്രാക്ടർ ഫാക്ടറിയെന്ന നിലയിലേയ്ക്കു ഫെറൂച്ചിയോയുടെ പ്രസ്ഥാനം വളർന്നു.

lamborghini-mura Miura

ഗുണമേന്മയിൽ അണുവിട വിട്ടുവീഴ്ചയില്ലാത്ത നിർമിതിയെന്ന സൽപ്പേര് ലംബോർഗിനിയുടെ മോഡലുകളെ ഉയരത്തിലെത്തിച്ചു. വിപണിയിലെ ലംബോർഗിനി ട്രാക്ടറുകളുടെ മിന്നുന്ന വിളവെടുപ്പിലൂടെ ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നതിലാണ് ഫെറൂച്ചിയോ വിനോദം കണ്ടെത്തിയത്. ആൽഫാ റോമിയോയും മസെരാറ്റിയും പോലുള്ള നിർമിതികൾ സ്വന്തമാക്കിയ ഫെറൂച്ചിയോ ലംബോർഗിനിയുടെ ആഡംബരഭ്രമം ഒടുവിൽ ഫെറാറി കാറിലെത്തിയതോടെ ട്രാക്ടറിന്റെ വഴിമാറ്റത്തിനാണു ഗിയർ വീണത്.  

ലംബോർഗിനിയുടെ പ്രതികാരം

ഗ്രാൻഡ് ടൂറർ വിഭാഗത്തിലുള്ള ഫെറാറിയുടെ 250 ജിടി കാറാണ് ഫെറൂച്ചിയോ ലംബോർഗിനി സ്വന്തമാക്കിയത്. കുട്ടിക്കാലം തൊട്ടേ യന്ത്രങ്ങളുടെ ലോകത്തു ജീവിച്ച ഫെറൂച്ചിയോയ്ക്ക് അതത്ര ബോധിച്ചില്ല. കാറിന്റെ ക്ലച്ചിലും ഇന്റീരിയറിലുമായിരുന്നു പരാതികളേറെയും. ഫെറൂച്ചിയോ എന്ന മെക്കാനിക്കൽ എൻജിനീയറുടെ മനസിലെ ഗ്രാൻഡ് ടൂറർ (ജിടി) കാറുകളുടെ കാഴ്ചപ്പാട് തന്നെ മറ്റൊന്നായിരുന്നു. പരാതികളും നിർദേശങ്ങളുമായി ഫെറൂച്ചിയോ ഫെറാറിയിലെത്താനും വൈകിയില്ല. കാറിന്റെ സൃഷ്ടാവ് സാക്ഷാൽ എൻസോ ഫെറാറിയെത്തന്നെയാണ് ലംബോർഗിനി സമീപിച്ചത്. പ്രതീക്ഷിച്ച സ്വീകരണമായിരുന്നില്ല ഫെറൂച്ചിയോയ്ക്ക് അവിടെ ലഭിച്ചത്. ഒരു ട്രാക്ടർ നിർമാതാവിന്റെ പരാതിയെന്ന പരിഹാസത്തോടെ എൻസോ ഫെറാറി ആ നിർദേശങ്ങൾ അവഗണിച്ചതോടെ അപമാനിതനായിട്ടായിരുന്നു ഫെറൂച്ചിയോയുടെ മടക്കം.

Lamborghini Aventador S Aventador

ലംബോർഗിനി എന്ന പേരിലെ കാറുകളുടെ തുടക്കവും അവിടെയാണ്. അതേവരെ മനസിൽ സൂക്ഷിച്ച ഗ്രാൻഡ് ടൂറർ കാഴ്ചപ്പാട് ലക്ഷ്യമായി മാറ്റിയാണ് ഫെറൂച്ചിയോ ഫെറാറി വിട്ടത്. ട്രാക്ടറുകൾ  നിര തീർത്ത ഫാക്ടറി  ലംബോർഗിനി ഓട്ടമൊബീൽ ആയി മാറാൻ വൈകിയില്ല. എല്ലാം തികഞ്ഞൊരു ജിടി കാർ എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് 1963 ൽ ലംബോർഗിനി കമ്പനിയുടെ രൂപീകരണം. പ്രഫഷനൽ എൻജിനീയർമാരെയും ഫെറാറിയിൽ നിന്നുള്ളൊരു എൻജിനീയറെയും ഒരുമിച്ചു ചേർത്താണ് ഫെറൂച്ചിയോ തന്റെ സ്വപ്നത്തിനു പിന്നാലെ പോയത്.  പ്രതീക്ഷകളും പ്രതികാരവും വൈകിയില്ല, നാലു മാസത്തിനുള്ളിൽ ലംബോർഗിനിയുടെ ആദ്യ കാർ അവതരിപ്പിക്കപ്പെട്ടു. പേര് ലംബോർഗിനി ജിടിവി ! 

ലംബോർഗിനിയുടെ പടയോട്ടം

ട്രാക്ടറിലൂടെ ഇറ്റാലിയൻ ജനത കണ്ട ഗുണമേന്മയുടെ കാർ അവതാരമായിരുന്നു ലംബോർഗിനി 350 ജിടിവി. മികവിന്റെ നേർക്കാഴ്ചയും അനുകൂലമായ അഭിപ്രായങ്ങളും ഒത്തുച്ചേർന്നപ്പോൾ പ്രഥമ ലംബോർഗിനിയുടെ ജനപ്രീതി കുതിച്ചുകയറി. തികഞ്ഞ തൃപ്തി വരാത്തൊരാൾ ഫെറൂച്ചിയോ ലംബോർഗിനി മാത്രമായിരുന്നു. ഫെറൂച്ചിയോയുടെ നിർദേശപ്രകാരം അഴിച്ചുപണികൾ നടത്തിയ 350 ജിടിവി ഒടുവിൽ 1964 ലെ ജനീവ മോട്ടോർ ഷോയിലാണ് ലോകം കണ്ടത്. തൊട്ടടുത്ത വർഷം തന്നെ കൂടുതൽ കരുത്തുമായി 400 ജിടിയായി വന്ന ലംബോർഗിനിക്കും കിട്ടി കൈയടി. കൂടുതൽ ഗ്രാൻഡ് ടൂററുകളും ഗ്രൗണ്ട് ബ്രേക്കിങ് കാറായ മിയൂറയും എസ്പാഡയും നിരത്തിലെത്തിച്ചതോടെ വാഹനപ്രേമികളുടെ പ്രിയപ്പെട്ട നിർമിതിയായി അതിവേഗം ലംബോർഗിനി മാറി.

എഴുപതുകളിലെ സാമ്പത്തിക മാന്ദ്യവും ഇന്ധനക്ഷാമവും സൃഷ്ടിച്ച തിരിച്ചടികളും ഇതിനിടെ ലംബോർഗിനിയെത്തേടിയെത്തി. 1974 ൽ കമ്പനിയുടെ ഉടമസ്ഥാവകാശം കൈയൊഴിഞ്ഞു ഫെറൂച്ചിയോ കളമൊഴിയുകയും ചെയ്തു. എഴുപതുകളുടെ ഒടുവിൽ ലംബോർഗിനി ഓട്ടമൊബീൽ പാപ്പരാകുകയും ചെയ്തു. ക്രൈസ്‌ലറും ഫോക്സ്‌വാഗനും പോലുള്ള കമ്പനികൾ ഏറ്റെടുക്കാനെത്തിയതോടെ പ്രതിസന്ധി തരണം ചെയ്ത ലംബോർഗിനിയുടെ പടയോട്ടം ഇന്നും തുടരുകയാണ്.  എണ്ണത്തിലല്ല, ആഡംബരവാഹനപ്രേമികളുടെ മനസിലെ മൂല്യത്തിലാണ് ആ മുന്നേറ്റം.