Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് തമീം, കുഞ്ഞിനെയും കൊണ്ട് 500 കിലോമീറ്റർ കൊടുങ്കാറ്റു പോലെ പാ‍ഞ്ഞ ഡ്രൈവർ

Thameem Thameem

ആശുപത്രി വരാന്തകളിലെ ചില കാഴ്ചകളുണ്ട്. ജീവന്റെ പാതിയെ ചേർത്തുപിടിച്ച് നിസഹായരായി നിൽക്കുന്ന ചിലർ. ചുടുകണ്ണീരിറ്റു വീഴുന്ന ആ കണ്ണുകളുടെ നോട്ടങ്ങളാണ് ചിലരെ ചില ദൗത്യങ്ങളിലേക്കെത്തിക്കുക. അസാധ്യമെന്ന് നാലു ചുറ്റിൽ നിന്നും ആരവമുയർന്നാലും ആ നോട്ടം നമുക്ക് പകരുന്ന ഊർജം ചെറുതല്ല. മുൻപേ കണ്ട കാഴ്ചകൾ, വർത്തമാനങ്ങൾ, സിനിമകൾ എല്ലാം ആ വെല്ലുവിളികൾക്കൊപ്പം നിൽക്കും. ലക്ഷ്യം മാത്രം മുന്നിൽ കണ്ടുള്ള കുതിപ്പിൽ ലോകം മുഴുവൻ നമുക്കൊപ്പം നിൽക്കും. തമീം എന്ന ഡ്രൈവറും ജിന്റോ എന്ന നഴ്സും കടന്നുപോയത് അത്തരമൊരു അനുഭവത്തിലൂടെയാണ്. ഭൂമിയിലെത്തിയിട്ട് ഒരു മാസം പോലും തികയാത്തൊരു ജീവനുമായി 500 കിലോമീറ്റർ, പഴികളേറെ കേൾക്കുന്ന നമ്മുടെ റോഡിലൂടെ നന്മയുടെയും നിശ്ചയദാർഢ്യത്തിന്റെയും തീരുമാനത്തിൽ ഇവർ ചെയ്ത യാത്രയ്ക്ക് കണ്ണുനിറഞ്ഞ് കയ്യടിക്കണം...അവർ സംസാരിക്കുന്നു...

thameem-jinto ജിന്റോ, തമീം

ഒരേ ഒരു ലക്ഷ്യം ശ്രീചിത്ര

മറ്റേത് ദിവസത്തെപ്പോലെയും കടന്നുപോകുമായിരുന്നു തമീം എന്ന ആംബുലൻസ് ഡ്രൈവറുടെ ആ ദിവസം. എന്നാൽ തമീമിന്റേയും മെയിൽ നേഴ്സായ ജിന്റോ മണിയുടേയും തീരുമാനത്തിൽ ചരിത്രമായി മാറുകയായിരുന്നു. ഏകദേശം ഒരുമാസം മാത്രം പ്രായമായൊരു കുഞ്ഞു ജീവനുമായി ഇവർ ആംബുലൻസ് പറപ്പിച്ചത് അ‍ഞ്ചൂറ് കിലോമീറ്റർ അതും ആറേമുക്കാൽ മണിക്കൂറുകൾ കൊണ്ട് ലക്ഷ്യത്തിലേക്ക്.

കാസർഗോഡ് ജില്ലയിലെ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്ന തമിം എന്ന 26 കാരനും കാസർഗോഡ് ജില്ലയിലെ തന്നെ സ്വകാര്യ ആശുപത്രിയിലെ മെയിൽ നേഴ്സായ ജിന്റോയും ഏറ്റെടുത്ത ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കുമ്പോള്‍ വിജയിച്ചത് അവർ മാത്രമല്ല മാനുഷികതകൂടിയാണ്. ഒരു നിമിഷത്തേക്ക് ഓക്സിജിൻ നഷ്ടപ്പെട്ടാൽ പോലും ജീവൻ നിശ്ചലമാകുന്ന ഗുരുതര അവസ്ഥയിലുള്ള കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിലെത്തിക്കുക എന്ന ദൗത്യം ഇവരെ തേടി എത്തുന്നത് അവിചാരിതമായാണ്.

ഫോഴ്സ് ട്രാവലർ ആംബുലൻസിന്റെ ഡ്രൈവാണ് തമീം. കഴിഞ്ഞ അഞ്ചു വർഷമായി ആംബുലൻസ് ഓടിക്കുന്നു. ഐസിയുവുള്ള ആംബുലൻസായതുകൊണ്ടാണ് തമീം ഈ ദൗത്യം ഏറ്റെടുത്തത്. ഐസിയുവിൽ നിന്ന് പരിചയമുള്ളതുകൊണ്ട് ജിന്റോയും. കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ മുതൽ ഒരിക്കൽ പോലും നൂറു കിലോമീറ്റിൽ‌ താഴെ വണ്ടിയുടെ വേഗം പോയിട്ടില്ല എന്നാണ് തമിം പറയുന്നത്. ഇടയ്ക്ക് കുഞ്ഞിന് പാലു നൽകാൻ 10 മിനിട്ട് നിർത്തി. ആ സമയത്താണ് വെള്ളം കുടിക്കുന്നതു പോലും. എത്രയും പെട്ടെന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം എന്നതായിരുന്നു മനസില്‍.

നന്മയുടെ മുഖങ്ങളായിരുന്നു വഴികളിൽ നിറയെയെന്ന് തമീം. പോലീസുകാരുടേയും നല്ലവരായ നാട്ടുകാരുടേയും സന്നദ്ധ പ്രവർത്തകരുടേയും സഹായം ഒന്നുകൊണ്ടു മാത്രമാണ് ഇത് സാധ്യമായത്.-ഒരു മിനുട്ടു പോലും കളയാതെ ചെയ്ത ഡ്രൈവിങിനെ കുറിച്ച് തമീം വ്യക്തമാക്കുന്നു. 

കഴിഞ്ഞ അഞ്ചു വർഷമായി ആംബുലൻസ് ഓടിക്കുന്ന തമിം ആദ്യമായിട്ടാണ് ഇത്രയും വെല്ലുവിളികളുള്ളൊരു ദൗത്യം ഏറ്റെടുക്കുന്നത്. ബുധനാഴ്ച രാത്രി 8:30 ഓടെയാണ്‌ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കൈകുഞ്ഞിനെയും കൊണ്ടുള്ള യാത്ര ശ്രീചിത്ര ആശുപത്രിയിലേക്ക്‌ തമിം തുടങ്ങിയത്‌. 8 മുതൽ 9 മണിക്കൂർ വരെ വേണ്ടി വരുമെന്ന് പ്രതീക്ഷിച്ച ദൂരം ആറുമണിക്കൂർ 50 മിനിറ്റുകൊണ്ട് തമിം ഓടിച്ചെത്തി. 

thameem-abulance-driver-1

ഒന്നുചേർന്ന് ഒരേ മനസോടെ എല്ലാവരും!

‘KL 14 L 4247 എന്ന നമ്പറിലുള്ള ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുന്നുണ്ട്. അൽപ്പ സമയത്തിനകം കണ്ണൂരിൽ നിന്നും വണ്ടി പുറപ്പെടും. ട്രാഫിക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി  വഴിയൊരുക്കി കൊടുക്കാൻ സഹായിക്കുക.  എവിടെയെങ്കിലും റോഡിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. എന്നായിരുന്നു ആ യാത്രയെക്കുറിച്ച് പൊതുജനങ്ങൾക്കും പൊലീസിനും കിട്ടിയ മുന്നറിയിപ്പ്’

ഇതോടെ നാട് മുഴുവനും ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പലരും സഹായത്തിനെത്തി. പൊലീസും കൈകോർത്തു. വാട്സാപ് കൂട്ടായ്മകൾ ആംബുലൻസിലെ നിലവിലെ സ്ഥലം സഹിതം തൽസമയ അപ്ഡേറ്റ് പ്രചരിപ്പിച്ചു. പ്രാർഥനയും സഹായവുമായി എല്ലാവരും ഒന്നുചേർന്നതോടെ യാത്ര ലക്ഷ്യത്തിലെത്തി. ഇതേ കഥയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മുൻപും സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരെ ആറെ മുക്കാൽ മണിക്കൂറിലെത്തിയ തമീം സിനിമയെ വെല്ലുന്ന കഥയാണ് ജീവിതത്തിലെഴുതിയത്.‌‌

കേരളാ പോലീസ് പരിയാരം മുതൽ ശ്രീചിത്ര വരെ കൂടെ ഉണ്ടായിരുന്നു. കൂടാതെ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ CPT Mission KNR-TVM എന്ന വാട്ട്‌സാപ് ഗ്രൂപ്പ് ഇതിനു വേണ്ടി സജീവമായി അവസാനം വരെയും പ്രവർത്തിച്ചു. ഓരോ ജില്ലകളിലെയും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ഇതിനായി മുന്നോട്ടു വന്നു. ഗ്രൂപ്പിൽ പൊലീസുകാരെ കൂടി ഉൾപ്പെടുത്തി ആംബുലൻസ് പോകുന്ന വഴിക്കുള്ള തടസങ്ങൾ നീക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു. ഓരോ ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പേ വാട്സാപ് ഗ്രൂപ്പിൽ അറിയിച്ച് മാർഗ തടസം നീക്കുന്നതിനായി പ്രത്യേക നിർദ്ദേശം നൽകി കൊണ്ടിരുന്നു. ഏകദേശം 500 കിലോമീറ്റർ വഴിദൂരമുള്ള സ്ഥലത്തേക്ക്‌ എത്തിപ്പെടാൻ റോഡിൽ യാതൊരു വിധ തടസ്സങ്ങളുമില്ലെങ്കിൽ പോലും ഏകദേശം 14 മണിക്കൂർ സമയമെടുക്കുന്നിടത്താണ്‌‌ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിയത്‌.

ഓരോ യാത്രയ്ക്കും ഓരോ ലക്ഷ്യമുണ്ട്. അതു യാഥാർഥ്യമാകുമോ ഇല്ലയോ എന്നറിയില്ലെങ്കിലും, അസാധ്യം എന്ന് നാലു ചുറ്റിൽ നിന്നും ആരവമുയർന്നാലും അവർ പോകുക തന്നെ ചെയ്യും. അങ്ങനെയൊരു യാത്രയാണ് തമീമും ജിന്റേയും കൂടി ചെയ്തത്. സാധാരണക്കാരായ കാസോർഗോഡുകാർ. ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള വഴികൾ തേടിയപ്പോൾ ഞങ്ങൾ വരാം എന്നു പറഞ്ഞ് ഒപ്പം കൂടിയവർ. തമീമും ജോന്റോയും നന്മയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഏറ്റവും മനോഹരമായ രണ്ടു ചിത്രങ്ങളാണ്.