ഫാനുള്ള ഹെൽമറ്റ്, പുറം തിരുമുന്ന ജാക്കറ്റ്; അവസാനിക്കുന്നില്ല സംഗീതിന്റെ കണ്ടുപിടുത്തങ്ങൾ

sangeeth-invention
SHARE

കോഴിക്കോട് ∙ മധുരിക്കും കിനാവുകൾ കണ്ട് സുഷുപ്തിയിലമരേണ്ട ചെറുവാല്യക്കാരന് രാത്രി ഉറക്കമില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നാലും മനസ്സിനെ മദിക്കാൻ ചിന്തകൾ ഓടിയെത്തി ഉറക്കത്തെ ഓടിച്ചുവിടുന്നു! ആശയങ്ങളുടെ ഭണ്ഡാരവും ചുമന്നാണ് പുതിയങ്ങാടി എടക്കാട് പാറപ്പുറത്ത് പി.എൻ.സംഗീതിന്റെ നടപ്പ്. സാധാരണക്കാരന്റെ ജീവിതം ലളിതമാക്കുന്ന ചെറുചെറു കണ്ടുപിടിത്തങ്ങളാണ് ഈ യുവാവിന്റെ തല നിറയെ. ഉള്ളിൽ കയറിയ ആശയം വിട്ടുപോകുമോയെന്ന് ഭയന്നാണ് സംഗീതിന്റെ ശരീരം ഉറക്കത്തിന്റെ താളത്തിനു തുള്ളാൻ മടിക്കുന്നത്. 

തല തണുപ്പിക്കാൻ ഫാനുള്ള ഹെൽമറ്റ്, ടൂവീലർ ഓടിക്കുമ്പോൾ പുറം തിരുമ്മിത്തരുന്ന ജാക്കറ്റ്, ബൈക്കിൽ ചെയിനിനും സോക്കറ്റിനും പകരം ബെൽറ്റ് ഉപയോഗിച്ചുള്ള സുഗമമായ ഡ്രൈവിങ്, വൈദ്യുതി ഇല്ലാത്തപ്പോൾ തേങ്ങ ചിരവാൻ ബൈക്ക് ഉപയോഗിച്ചുള്ള സൂത്രവിദ്യ.. ഇങ്ങനെ ചില ആശയങ്ങൾ സംഗീത് പ്രാവർത്തികമാക്കിക്കഴിഞ്ഞു. ഇതിലും ഏറെ  മനസ്സിൽ കിടന്നു തിളയ്ക്കുന്നു. അടുത്ത തലമുറയ്ക്കായി എന്തെങ്കിലും തന്നാൽ ചെയ്യണമെന്ന ചിന്തയാണ് ഈ കണ്ടുപിടിത്ത പരമ്പരയുടെ ചേതോവികാരം. സ്വകാര്യ കമ്പനിയിൽ ജോലിയെടുത്തു നേടുന്ന ചെറിയ ശമ്പളം മുഴുവൻ കണ്ടുപിടിത്തങ്ങൾ അപ്രത്യക്ഷമാക്കുകയാണ്. ബാങ്ക് ബാലൻസ് കണ്ടുപിടിക്കാൻ വേറെ കണ്ടുപിടിത്തം നടത്തേണ്ട അവസ്ഥ!

തന്റെ കണ്ടുപിടിത്തങ്ങളെ മുന്നോട്ടു നയിക്കാനും പിന്തുണയ്ക്കാനും ആരെങ്കിലും മുന്നോട്ടുവന്നെങ്കിലെന്നാണ് സംഗീത് ആശിക്കുന്നത്. ഹെൽമറ്റ് വച്ച് മുടികൊഴിയുന്നു, തല ചൂടാകുന്നു എന്നീ സാധാരണക്കാരന്റെ പ്രശ്നമാണ് അഞ്ചു വോൾട്ടിന്റെ ചെറുഫാൻ ഹെൽമറ്റിന് മുകളിൽ ഘടിപ്പിച്ച് കൂളിങ് ഹെൽമറ്റ് നിർമിക്കുന്നതിനു പിന്നിൽ. കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു. ഇതിനു പേറ്റന്റ് എടുക്കാൻ ശ്രമവും നടത്തി. എന്നാൽ കുറെ ചെലവു വരുമെന്ന് മനസ്സിലായി. ചെലവാക്കാൻ കാശില്ലാത്തതിനാലും പേറ്റന്റെടുക്കാനുള്ള നൂലാമാലകൾ വശമില്ലാതെയും ആ കണ്ടുപിടിത്തം ഹെൽമറ്റിന്റെ മണ്ടയിൽതന്നെ കിടന്നു. 

ആശയങ്ങളുടെ ‘അസ്കിത’ സ്കൂൾ കാലത്തേ തുടങ്ങിയതാണ്. ഐടിഐയിൽ ഓട്ടോ ഇലക്ട്രിക്കൽ കോഴ്സിൽ മികച്ച നിലയിൽ പാസായതോടെ അത് ടോപ് ഗിയറിലെത്തി. എന്നാൽ കാര്യമായ വരുമാനമുള്ള ജോലിമാത്രം കണ്ടുപിടിക്കാനായില്ല. 18 വയസ്സിൽ തുടങ്ങിയ ഓട്ടം 27 വയസ്സിലും നിർത്തിയിട്ടില്ല സംഗീത്. ആറരയ്ക്ക് ജോലി കഴിഞ്ഞ ശേഷമുള്ള സമയങ്ങളും കണ്ടുപിടിത്തങ്ങൾക്കുള്ളതാണ്. ആരെങ്കിലും ചെയ്തതു പകർത്തുന്നതിലല്ല, സ്വന്തമായി സൃഷ്ടിക്കുന്നതിലാണ് സംഗീതിന്റെ ആനന്ദം.

എഡിസനും ഐൻസ്റ്റിനും 

തോമസ് ആൽവ എഡിസൻ, ആൽബർട്ട് ഐൻസ്റ്റിൻ, നിക്കോള ടെസ്‌ല തുടങ്ങിയ കണ്ടുപിടിത്തക്കാർക്ക് സംഗീതിന്റെ ജീവിതത്തിൽ പ്രധാന സ്ഥാനമുണ്ട്. കാരണം ഇവരുടെ ഉത്തേജിപ്പിക്കുന്ന വാക്കുകളാണ് യുവാവിനെ വെറുതെയിരിക്കാൻ വിടാതെ എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കൈയിൽ കാശുവരുമ്പോൾ ചെയ്യാൻ ഒരു പിടി സംഗതികൾകൂടി സംഗീത് എഴുതി സൂക്ഷിക്കുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് ഡിഫൻസ് ഗ്ലൗസ് അതിൽ ആകർഷകമാണ്. ഇ ഷോക് തംബ് വെയർ എന്നാണു പേര്. 

 വിരൽ ഒടിഞ്ഞാൽ നേരെ നിർത്താൻ വയ്ക്കുന്ന ബോർഡ് ആണ് പ്രധാന അസംസ്കൃത വസ്തു. ഇതിൽ ചെറിയ മോട്ടോറും സ്വിച്ചും ഉണ്ടാകും. സ്ത്രീകൾ ബസിൽ കയറുന്നതിനു മുൻപ് വിരലിൽ ഇതണിയുക. ആരെങ്കിലും ശല്യപ്പെടുത്തിയാൽ സ്വിച്ചിൽ ഒറ്റഞെക്ക്, ശല്യപ്പെടുത്തിയയാൾ ഷോക്കടിച്ചു തരിച്ചുപോകും...! രണ്ടുമിനിറ്റിൽ തുണിയുണക്കുന്ന പെട്ടി, ആറു സെക്കൻഡുകൊണ്ട് അരിയുണക്കുന്ന യന്ത്രം, വാഹനങ്ങളുടെ ചക്രം ദേഹത്തുകയറിയുള്ള പരുക്ക് ഒഴിവാക്കാൻ ടയറിനു സമീപം ചെറിയ ഫിറ്റിങ് സ്ഥാപിക്കുന്ന സൂത്രം.. സംഗീത് ആശയങ്ങൾ നിന്ന നിൽപ്പിൽ പൊഴിച്ചു കൊണ്ടിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA