ADVERTISEMENT

നേരിയ പിഴവുകള്‍ക്കു പോലും വലിയ വില നല്‍കേണ്ടി വരുന്ന പ്രഫഷനും പാഷനുമാണ് മുഹമ്മദ് ഫഹദിന്റേത്. കുഞ്ഞുങ്ങളെ പരിശോധിക്കുകയും ചികിത്സ നിര്‍ദേശിക്കുകയും ചെയ്യുന്ന അതേ കൃത്യതയിലാണ് ശിശുരോഗ വിദഗ്ധനായ മുഹമ്മദ് ഫഹദ് ചളിയും ചെങ്കുത്തായ കയറ്റിറക്കങ്ങളും നിറഞ്ഞ ഓഫ് റോഡ് ട്രാക്കിലൂടെ വാഹനം ഓടിക്കാറ്. കൊറോണയെ തോല്‍പിക്കാന്‍ മുന്നണിയിലുള്ള ആരോഗ്യപ്രവര്‍ത്തകരിലൊരാളായ ഡോ. മുഹമ്മദ് ഫഹദ് അടുത്തിടെ കേരളത്തില്‍ നടന്ന ഓഫ് റോഡ് മത്സരങ്ങളിലും മുന്നില്‍ തന്നെയുണ്ട്.  

off-road-5

മലപ്പുറംകാരന്റെ വണ്ടി പ്രേമം

മലപ്പുറത്തിന്റെ ഇഷ്ട കായിക വിനോദം കാല്‍പന്തുകളിയാണെന്ന് ലോകമാകെ അറിയാം. മുഹമ്മദ് ഫഹദിന്റെ നാടായ പെരിന്തല്‍മണ്ണയിലും ഇത് വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ചെറുപ്പം മുതലേ മോട്ടര്‍ സ്‌പോര്‍ട്‌സിലായിരുന്നു മുഹമ്മദ് ഫഹദിനു കമ്പം. ഡ്രൈവിങ് പഠിച്ചത് വീട്ടിലെ ജീപ്പിലാണ്. ജീപ്പുമൊന്നിച്ചുള്ള ആ യാത്രകള്‍ പിന്നീട് മുഹമ്മദ് ഫഹദിന്റെ ഓഫ് റോഡ് ഡ്രൈവിങ്ങിലേക്കുള്ള വഴികളായി മാറുകയായിരുന്നു.

മഹീന്ദ്രയുടെ ഥാര്‍ ആയിരുന്നു ആദ്യമായി സ്വന്തമാക്കിയ വാഹനം. തുടക്കത്തില്‍ ഓഫ് റോഡ് മത്സരങ്ങളുടെ കാഴ്ചക്കാരനായാണ് പോയത്. ഇതിനിടെ, മുഹമ്മദ് ഫഹദിന്റെ ഓഫ് റോഡ് പ്രേമത്തെ തുടക്കം മുതല്‍ പ്രോത്സാഹിപ്പിച്ചിട്ടുള്ള അധ്യാപകന്‍ ഡോ. ഷിബു വര്‍ഗീസ് 2015 ലെ ഓണക്കാലത്ത് ഭൂതത്താന്‍കെട്ടില്‍ ഒരു ഓഫ്‌റോഡ് ഇവന്റ് സംഘടിപ്പിക്കാമോ എന്ന് ചോദിച്ചു. അതിന് യെസ് മൂളിയപ്പോള്‍ ആദ്യത്തെ ഓഫ്‌റോഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം കൂടിയാണ് മുഹമ്മദ് ഫഹദ് നേടിയെടുത്തത്. 

off-road-3

2016 മുതല്‍ സ്ഥിരമായി ഓഫ് റോഡ് മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തുമായി നടന്ന ഓഫ് റോഡ് മത്സരങ്ങളില്‍ പങ്കെടുത്തെങ്കിലും 2016 ലും 2017 ലും ഓരോ ട്രോഫി വീതമാണ് നേടാനായത്. ഇതുപോലും പലരും മത്സരം പൂര്‍ത്തിയാക്കാതെ വന്നതോടെ ലഭിച്ചതായിരുന്നു. പിന്നീട് തുടര്‍ച്ചയായി, മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നത് ഇരുത്തിച്ചിന്തിപ്പിച്ചു. 

off-road-2

ഇതോടെയാണ് ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും കൂടുതലറിയാന്‍ ശ്രമിച്ചത്. അന്ന് ഉപയോഗിച്ചിരുന്ന ഥാര്‍ മോഡിഫിക്കേഷനുകള്‍ക്കൊടുവില്‍ വളരെ ഭാരമേറിയതായി മാറിയിരുന്നു. ഭാരം കൂടുന്നതിനനുസരിച്ച് ഓഫ് റോഡ് മത്സരങ്ങള്‍ക്കുവേണ്ടി പവര്‍ കൂട്ടേണ്ടിയും വന്നു. ഓഫ് റോഡിങ്ങില്‍ വാഹനങ്ങള്‍ക്ക് ഭാരക്കൂടുതല്‍ ഗുണമല്ലെന്ന തിരിച്ചറിവ് കൂടിയാണ് ഥാര്‍ അനുഭവം നല്‍കിയത്. 

വിജയപരമ്പര തീര്‍ത്ത കൊളോസസ്

പതുക്കെ ഥാറിനെ ഒഴിവാക്കി 1994 മോഡല്‍ CJ 500 ജീപ്പെടുത്തത് അങ്ങനെയാണ്. ഈ വാഹനത്തില്‍ ഓഫ് റോഡിങ്ങിനു വേണ്ട മോഡിഫിക്കേഷനുകള്‍ വരുത്തിയതോടെയാണ് ‘കൊളോസസ്’ എന്ന ഡോ. മുഹമ്മദ് ഫഹദിന്റെ പ്രിയ വാഹനം പിറക്കുന്നത്. ഭാരക്കുറവ് + കൂടുതല്‍ പവര്‍ എന്ന ഓഫ് റോഡ് വാഹനത്തിന് യോജിച്ച ഫോര്‍മുല കൊളോസസിലൂടെയാണ് യാഥാര്‍ഥ്യമാകുന്നത്. പിന്നീട് 2019 ലും 2020 ലും പങ്കെടുത്ത ഓഫ് റോഡ് മത്സരങ്ങളില്‍ ഏതാണ്ടെല്ലാത്തിലും പോഡിയത്തില്‍ ഡോ. മുഹമ്മദ് ഫഹദിന്റെ പേരുണ്ട്. 

Dr Mohammed Fahed
Dr Mohammed Fahed

കട്ടപ്പന ഓഫ് റോഡ് ചലഞ്ച്- ഡീസല്‍ ക്ലാസ്(റണ്ണര്‍ അപ്പ്), ആര്‍ ആൻഡ് ടി സമ്മര്‍ ചലഞ്ച്- ഡീസല്‍ ക്ലാസ്(റണ്ണര്‍ അപ്പ്), വയനാട് ജീപ്പേഴ്‌സിന്റെ സമ്മര്‍ ചലഞ്ച്- എക്‌സ്ട്രീം ക്ലാസ്(വിന്നര്‍), കോഴിക്കോട് ഫ്‌ളൈ വീല്‍ ഓട്ടോ ഓഫ് റോഡ് ചലഞ്ച്(ബെസ്റ്റ് ഡ്രൈവര്‍), തൃക്കൂര്‍ വിങ്‌സ് ഓഫ് ഹെല്‍പ് ഓഫ്‌റോഡ് ചലഞ്ച് - ഡീസല്‍ കാറ്റഗറി (റണ്ണര്‍ അപ്പ്), കോട്ടക്കലില്‍ ചെറുവാടി ഓഫ് റോഡ് ക്ലബ് നടത്തിയ മഡ് വാറില്‍ ഡീസല്‍ ക്ലാസില്‍ റണ്ണര്‍ അപ്പ്, തിരൂരില്‍ MOAC നടത്തിയ ഓട്ടോ ക്രോസില്‍ റണ്ണര്‍ അപ്പ്, കട്ടപ്പനയില്‍ നടന്ന മഡ്ഡി ചലഞ്ചില്‍ ഡീസല്‍ ക്ലാസില്‍ റണ്ണര്‍ അപ്പ്, വാഗമണ്‍ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ് മോഡിഫൈഡ് ക്ലാസില്‍ ജയം, മൂന്നാറില്‍ കെഎഎസ്‌സി സംഘടിപ്പിച്ച കേരള അഡ്വെഞ്ചര്‍ ട്രോഫിയില്‍ ഡീസല്‍ വിഭാഗത്തില്‍ ജേതാവ്, ബെംഗളൂരുവില്‍ നടന്ന മഹീന്ദ്ര ക്ലബ് ചലഞ്ചില്‍ വിജയിച്ച വയനാട് ജീപ്പേഴ്‌സ് ടീം അംഗം, കാക്കനാട് വി12 ഡീസല്‍ ക്ലാസില്‍ റണ്ണര്‍ അപ്പ്, ഏറ്റുമാനൂര്‍ വി 12 ഓഫ് റോഡ് റേജില്‍ ഓപ്പണ്‍ ക്ലാസില്‍ ജേതാവ്, വാഗമണിലെ ആദ്യ LONല്‍ ഡീസല്‍ ക്ലാസ് ജേതാവ് ഒപ്പം എല്ലാ വിഭാഗത്തിലേയും ഏറ്റവും മികച്ച സമയം എന്നിങ്ങനെ നീണ്ടു കിടക്കുന്നു ആ വിജയങ്ങളുടെ പട്ടിക. 

off-road
ഡോ. മുഹമ്മദ് ഫഹദ് മലപ്പുറം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നു

തന്റെ നേട്ടങ്ങളില്‍ സഹ ഡ്രൈവറായ രാജീവ് ലാലിനും വലിയ പങ്കുണ്ടെന്ന് മുഹമ്മദ് ഫഹദ് ഓര്‍മിപ്പിക്കുന്നുണ്ട്. ഓരോ വിജയത്തിലും ഡ്രൈവര്‍ക്കും സഹ ഡ്രൈവര്‍ക്കും 40 ശതമാനം വീതവും ഓടിക്കുന്ന വാഹനത്തിന് 20 ശതമാനവും പങ്കുണ്ടെന്നാണ് മുഹമ്മദ് ഫഹദ് കരുതുന്നത്. കോഴിക്കോട്ടുകാരനും വണ്ടി ഭ്രാന്തനുമായ രാജീവ് ലാല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായാണ് ജോലി നോക്കുന്നത്. 

ഒരു ഇവന്റ് കഴിഞ്ഞ് വര്‍ക്ക് ഷോപ്പിലേക്ക് പോകും വഴി കൊളോസസിന് ഒരു അപകടം പിണഞ്ഞിരുന്നു. തുടര്‍ന്ന് ലോക്ഡൗണിനിടെ വയനാട് ജീപ്പേഴ്‌സിലെ വിപിന്‍ വര്‍ഗ്ഗീസും സൈഫുദീനും ചേര്‍ന്ന്  കൊളോസസിനെ പുതുക്കി പണിയുകയായിരുന്നു. ഫിഡില്‍ ബ്രേക്കും ഡിഫറന്‍ഷ്യല്‍ ലോക്കേഴ്‌സും അടക്കം പുത്തനാക്കി പുതു ലുക്കിലാണ് കൊളോസസ് പിന്നീടിറങ്ങിയത്. 

ശേഷം നടന്ന നാല് ഓഫ് റോഡ് മത്സരങ്ങളില്‍ മൂന്നിലും മുഹമ്മദ് ഫഹദ് ഒന്നാമതെത്തുകയോ മികച്ച ഡ്രൈവറാവുകയോ ചെയ്തു. ഒരെണ്ണത്തില്‍ രണ്ടാം സ്ഥാനം നേടി. മികച്ച പ്രകടനം തുടരുന്ന കൊളോസസിന്റെ രണ്ടാം ജന്മത്തിന്റെ ക്രെഡിറ്റില്‍ വിപിന്‍ വര്‍ഗ്ഗീസിനും സൈഫുദീനും കൂടി പങ്കുണ്ട്. ഫിഡില്‍ ബ്രേക്കിനെക്കുറിച്ച് താന്‍ ചിന്തിച്ചു തുടങ്ങിയ കാലത്തു തന്നെ വാഹനത്തില്‍ ഉപയോഗിച്ചു നോക്കിയവരാണ് വയനാട് ജീപ്പേഴ്‌സിലെ ഈ സുഹൃത്തുക്കളെന്നും ഡോ. മുഹമ്മദ് ഫഹദ് പറയുന്നു. 

off-road-4

ആര്‍എഫ്സിയെന്ന സ്വപ്നം

ഏതൊരു ഓഫ് റോഡ് ഡ്രൈവറേയും പോലെ ആര്‍എഫ്സി (റെയിന്‍ ഫോറസ്റ്റ് ചലഞ്ച്) തന്നെയാണ് ഡോ. മുഹമ്മദ് ഫഹദിന്റെ സ്വപ്‌നം. കഴിഞ്ഞ സെപ്റ്റംബറില്‍ ഏറ്റുമാനൂരില്‍ നടന്ന വി12 ഓഫ്‌റോഡ് റേജ് മത്സരമാണ് ആര്‍എഫ്സി സ്‌പോണ്‍സറിലേക്കുള്ള വാതിലായത്. ഷെമി മുസ്തഫയുടെ ആര്‍എഫ്സിയില്‍ പങ്കെടുത്തിട്ടുള്ള ജീപ്പാണ് അന്ന് ഡോ. മുഹമ്മദ് ഫഹദും രാജീവ് ലാലും ചേര്‍ന്ന് ‘കടം വാങ്ങി’ ഓടിച്ചത്. ഫിഡില്‍ ബ്രേക്ക് ഉപയോഗിച്ച് വളവുകളില്‍ ഒഴുകിപ്പാഞ്ഞ മുഹമ്മദ് ഫഹദ്- രാജീവ് ലാല്‍ ടീം അന്ന് മികച്ച സമയത്തിലാണ് മത്സരം അവസാനിപ്പിച്ചത്. 

ഇതോടെ ഷെമി മുസ്തഫയുടെ ഗള്‍ഫ് ഫസ്റ്റ് മുഹമ്മദ് ഫഹദിനേയും രാജീവ് ലാലിനേയും സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 2021ലെ ആര്‍എഫ്സിയില്‍ മത്സരിക്കാന്‍ ഡോ. മുഹമ്മദ് ഫഹദിന് വാഹനം പ്രത്യേകമായി നിര്‍മിച്ചാണു നല്‍കുന്നത്. ജീപ്പില്‍ ഫോര്‍ച്യൂണറിന്റെ എൻജിനും ഗിയര്‍ ബോക്‌സും ഉപയോഗിക്കുന്ന ജീപ്പുമായാണ് ഡീസല്‍ ക്ലാസില്‍ ആര്‍എഫ്സിക്കിറങ്ങുക. 

off-road-1

ഇന്ത്യയിലെ തന്നെ പ്രമുഖ ഓഫ്‌റോഡ് ബില്‍ഡറായ പഞ്ചാബിലെ സര്‍ബ്ലോഹ് മോട്ടോഴ്‌സാണ് ഈ വാഹനം പ്രത്യേകമായി നിർമിക്കുന്നത്. വരുന്ന ജനുവരി ഒമ്പതിനും പത്തിനുമായി പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ഓഫ്‌റോഡ് ജംബോരേയില്‍ പുതിയ വാഹനത്തില്‍ പങ്കെടുക്കാനാകുമെന്നാണ് മുഹമ്മദ് ഫഹദും രാജീവ് ലാലും പ്രതീക്ഷിക്കുന്നത്. ആര്‍എഫ്സി പോലെ തന്നെ വിവിധ ഘട്ടങ്ങളിലായാണ് ഇവിടെയും മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. 

കൂട്ടിയിടിക്കാത്ത പ്രഫഷനും പാഷനും

ശിശുരോഗ വിഭാഗം ആയുര്‍വേദ ഡോക്ടറായ മുഹമ്മദ് ഫഹദ് മലപ്പുറം ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് 2016 മുതല്‍ സേവനം അനുഷ്ഠിക്കുന്നത്. ഓഫ് റോഡ് എന്ന പാഷന് ആദ്യം കുടുംബാംഗങ്ങളുടെ വലിയ പിന്തുണയുണ്ടായിരുന്നില്ല. അപകടം പറ്റുമോ എന്ന സ്വാഭാവിക ആശങ്കയായിരുന്നു കാരണം. റോള്‍ കേജും ഫൈവ് പോയിന്റ് സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും നിര്‍ബന്ധമായുള്ള ഓഫ് റോഡ് ട്രാക്കില്‍ വാഹനം തലകുത്തി മറിഞ്ഞാല്‍ പോലും ഉള്ളിലുള്ളവര്‍ക്ക് പോറലേല്‍ക്കില്ല. ഇക്കാര്യം സ്വന്തം വിഡിയോ സഹിതം പല തവണ കാണിച്ചാണ് കുടുംബത്തിനുള്ളിലെ ആശങ്ക കുറച്ചത്. 

ജീവിതപങ്കാളിയായ ഡോ. നെസ്‌നിന്‍ കെ.ജെ വീട്ടില്‍ തന്നെയുള്ള സ്വന്തം ക്ലിനിക്കിലാണ് പ്രാക്ടീസ് ചെയ്യുന്നത്. അഞ്ചു വയസുള്ള ഐഗുല്‍ ഇറമും അഞ്ച് മാസം പ്രായമായ അഹദ് മദാരിയുമാണ് മക്കള്‍. മാതാവ് ഖദീജ. മൂന്ന് സഹോദരങ്ങളുണ്ട്. കെ.ടി.എം ജീപ്പേഴ്‌സ്, കെഎല്‍10 ഓഫ്‌റോഡ് ക്ലബ് എന്നീ മോട്ടോര്‍സ്‌പോര്‍ട്‌സ് ക്ലബുകളില്‍ അംഗമാണ് ഡോ. മുഹമ്മദ് ഫഹദ്.

English Summary: Doctor Muhammad Fahad Off Road Champion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com