ADVERTISEMENT

ഈ കാറ് മലപ്പുറത്തിനപ്പുറം പോകുമോ? എന്നു കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് ഈ നാല്‍വര്‍ സംഘം മാരുതി 800ല്‍ നടത്തിയ ഓള്‍ ഇന്ത്യ ട്രിപ്പ്. മലപ്പുറം സ്വദേശികളായ നസീബ്, സക്കീബ്, സര്‍ഫാസ്, സലിം എന്നിവരാണ് വൈറ്റ് ബഗ് എന്ന് വിളിക്കുന്ന മാരുതി 800ല്‍ 20 സംസ്ഥാനങ്ങളിലൂടെ 8,500 കിലോമീറ്റര്‍ സഞ്ചരിച്ചത്.

കേരളത്തിനകത്തും പുറത്തുമായി നേരത്തെയും നസീബിന്റെ ഈ മാരുതി 800 യാത്ര പോയിട്ടുണ്ട്. ആ യാത്രകളെല്ലാം പുറംലോകം അറിഞ്ഞത് ഇന്‍സ്റ്റഗ്രാമിലെ സ്‌ക്വാഡ് 1996 എന്ന അക്കൗണ്ട് വഴിയാണ്. ഈ പേരിന് പിന്നിലൊരു കാര്യമുണ്ട്. 1996 മോഡലാണ് വൈറ്റ് ബഗ് എന്ന ഇവരുടെ വെള്ള മാരുതി 800. അതുപോലെ ഏഴുപേരടങ്ങുന്ന സ്‌ക്വാഡ് 1996ലെ അംഗങ്ങളും ജനിച്ചത് ഇതേ വര്‍ഷം തന്നെ. ഇക്കൂട്ടത്തിലെ നാലു പേരാണ് ഓള്‍ ഇന്ത്യ ട്രിപ്പ് നടത്തിയത്. 

maruti-800-all-india-trip
നസീബ്, സക്കീബ്, സര്‍ഫാസ്, സലിം

കോവിഡിനെ തുടര്‍ന്നുള്ള ആശങ്കകള്‍ ഒന്നു കുറഞ്ഞ ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ യാത്ര ആരംഭിച്ചത്. ഡിസംബര്‍ 16ന് പുത്തനത്താണിയില്‍ നിന്നും പുറപ്പെട്ട നാല്‍വര്‍ സംഘം ജനുവരി പത്തിന് തിരിച്ചെത്തുകയായിരുന്നു. ആദ്യം രാജസ്ഥാനിലേക്കായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. പിന്നീട് അത്ര ദൂരം വരെ പോകാമെങ്കില്‍ എന്തുകൊണ്ട് മണാലി വരെ പോയി തിരിച്ചുവന്നു കൂടെന്ന തോന്നലും വന്നു. ഇതാണ് പിന്നീട് യാഥാര്‍ഥ്യമായത്. 

യാത്രക്ക് മുമ്പ് കാറില്‍ ആവശ്യമായ മാറ്റങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്തിയിരുന്നു. ടയര്‍ സൈസില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി, മഞ്ഞിലും കാഴ്ച്ച മങ്ങാതിരിക്കാന്‍ നാലു ഫോഗ് ലാംപുകള്‍ ഘടിപ്പിച്ചു, നസീബ് ബംഗളൂരുവിലുള്ളപ്പോള്‍ വൈറ്റ് ബഗിന് മുകളില്‍ ഘടിപ്പിച്ച കാര്‍ കാരിയറും ഉപകാരമായി. ദീര്‍ഘയാത്രയില്‍ റേഡിയേറ്റര്‍ സെന്‍സര്‍ അടിച്ചുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതിനും പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

യാത്രക്ക് മുമ്പ് ടി.ആര്‍.സി സമ്മാനിച്ച ജി.പി.എസും ഏറെ ഉപകാരപ്രദമായി. മൊബൈല്‍ റേഞ്ചില്ലെങ്കില്‍ പോലും വൈറ്റ് ബഗും സംഘവും എവിടെയെത്തിയെന്നും എത്ര വേഗതയില്‍ സഞ്ചരിക്കുന്നുവെന്നുമെല്ലാം വീട്ടിലുള്ളവര്‍ക്ക് അറിയാനാകും. ഇതു വീട്ടുകാരുടെ ആശങ്ക തെല്ലൊന്നുമല്ല കുറച്ചത്. എളുപ്പത്തില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ജംപ് സ്റ്റാര്‍ട്ടറും കൂടെക്കരുതി. മണാലി അടക്കം തണുപ്പേറെയുള്ള സ്ഥലങ്ങളിലും മറ്റും വൈറ്റ് ബഗിനെ എളുപ്പത്തില്‍ സ്റ്റാര്‍ട്ടാക്കിയെടുത്തത് ഈ പോര്‍ട്ടബിള്‍ ജംപ് സ്റ്റാര്‍ട്ടറുടെ സഹായത്തിലാണ്. 

വെള്ളത്തിനായി 25 ലിറ്ററിന്റെ കാന്‍, മൂന്നു ലിറ്റര്‍ ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ഗ്യാസ് സ്റ്റൗ, പാന്‍, കുക്കര്‍, ടെന്റ് എന്നിവയൊക്കെയാണ് യാത്രക്കിടെ ഇവരെ സ്വയംപര്യാപ്തരാക്കാന്‍ സഹായിച്ചത്. 26 ദിവസം നീണ്ട യാത്രക്കിടെ വെറും ആറു ദിവസം മാത്രമാണ് ഇവര്‍ക്ക് ഹോട്ടല്‍ മുറിയില്‍ പൈസകൊടുത്ത് കഴിയേണ്ടി വന്നത്. പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ ടെന്റ് അടിച്ചും യാത്രയെക്കുറിച്ചറിഞ്ഞ ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ സുഹൃത്തുക്കള്‍ നല്‍കിയ താമസ സൗകര്യങ്ങളിലുമായിരുന്നു മറ്റു ദിവസങ്ങളില്‍ രാത്രികളില്‍ ചിലവഴിച്ചത്. രണ്ട് ദിവസം മഴയായപ്പോള്‍ കാറിനകത്ത് തന്നെ രാത്രി കഴിച്ചുകൂട്ടുകയും ചെയ്തു. 

maruti-800-all-india-trip-2

രാവിലെ ആറ് മണിയോടെ എഴുന്നേറ്റ് ഏഴരക്കുള്ളില്‍ യാത്ര പുറപ്പെടുന്ന രീതിയായിരുന്നു. രാവിലെ നൂഡില്‍സ്, ബ്രഡ് & ജാം തുടങ്ങിയ ലഘുഭക്ഷണങ്ങളാണ് കഴിച്ചത്. ഉച്ചക്ക് സൗകര്യപ്രദമായ സ്ഥലത്ത് വണ്ടി നിര്‍ത്തി പാചകം ചെയ്യും. മിക്കവാറും നെയ്‌ചോറും കഞ്ഞിയുമൊക്കെയാണ് വെച്ചിരുന്നത്. യാത്രയോടുള്ള ആവേശമാണ് ഭക്ഷണത്തേക്കാള്‍ ഇവരുടെ വിശപ്പടക്കിയതെന്നു ചുരുക്കം. 

ക്രിസ്മസ് ദിനത്തിലാണ് മണാലിയില്‍ സ്‌ക്വാഡ് 1996 എത്തിയത്. സീസണായിരുന്നതുകൊണ്ടുതന്നെ റൂമൊന്നും കിട്ടിയില്ല. അങ്ങനെ മരം കോച്ചുന്ന തണുപ്പില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് മലപ്പുറം വേങ്ങര സ്വദേശി സഫ്‌വാന്റെ കോള്‍ വരുന്നത്. മണാലി തട്ടുകടയെന്ന പേരില്‍ മണാലിയില്‍ ഹോട്ടല്‍ നടത്തുന്ന സഫ്‌വാന്‍ സ്‌ക്വാഡ് 1996ന്റെ ഓള്‍ ഇന്ത്യ ട്രിപ്പിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാം വഴി അറിഞ്ഞിട്ട് വിളിച്ചതായിരുന്നു. അങ്ങനെ തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ ആ അപ്രതീക്ഷിത കോള്‍ ഇവര്‍ക്ക് താമസമൊരുക്കി. 

മാരുതി 800 പ്രേമികള്‍ക്കായുള്ള കൂട്ടായ്മയായ CLUBMS8INDIAയും അപ്രതീക്ഷിതമായി പലപ്പോഴും സഹായത്തിനെത്തി. ഹൈദരാബാദിലും പഞ്ചാബിലും താമസത്തിന് സൗകര്യമൊരുക്കിയത് ഈ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ഈ യുവാക്കളുടെ ഓള്‍ ഇന്ത്യ യാത്രയെക്കുറിച്ച് CLUBMS8INDIA വഴി അറിഞ്ഞ ഗോവയിലെ ഒരു കാര്‍ വര്‍ക്‌ഷോപ്പ് ഇവരുടെ വാഹനം സൗജന്യമായി ഫുള്‍ സര്‍വീസ് ചെയ്തു കൊടുത്തു. തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയവര്‍ക്കുള്ള സമ്മാനമായിരുന്നു ആ സൗജന്യ സര്‍വ്വീസ്.

ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചിലവിട്ട രാജസ്ഥാന്‍ തന്നെയാണ് ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ നല്ല ഓര്‍മ്മകളും നല്‍കിയത്. നാട്ടുകാരും പോലീസുകാരടക്കമുള്ള സംവിധാനവും യാത്രികരെ പരമാവധി സഹായിക്കാന്‍ മനസുകാണിച്ചവരായിരുന്നു. സാമ്പാര്‍ ലെയ്ക്, അജ്മീര്‍, ജോഥ്പൂര്‍, ജയ്‌സാല്‍മീര്‍ കോട്ട, റാന്‍ ഓഫ് കച്ച് തുടങ്ങി രാജസ്ഥാനിലെ കാഴ്ച്ചകള്‍ക്കായി എട്ട് ദിവസമാണ് ഇവര്‍ മാറ്റിവെച്ചത്. 

26 ദിവസം നീണ്ട യാത്രക്കായി ഓരോരുത്തര്‍ക്കും ആകെ 25,000 രൂപ വീതമാണ് ചിലവായത്. ഇതില്‍ താമസവും ഭക്ഷണവും മാത്രമല്ല കാറിന്റെ രണ്ടു ടയറ് മാറ്റിയതും ഇന്‍ഷുറന്‍സ് തുകയുമെല്ലാം വരുന്നുണ്ട്. ജനുവരി പത്തിന് പുത്തനത്താണിയില്‍ വൈറ്റ് ബഗ് തിരിച്ചെത്തിയപ്പോഴേക്കും ട്രിപ്പ് മീറ്ററില്‍ 8500 കിലോമീറ്ററിലേറെ രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഇന്ത്യ പര്യടനം അവസാനിച്ചെങ്കിലും 1996 മോഡല്‍ വൈറ്റ് ബഗിന്റേയും സ്‌ക്വാഡ് 1996ലെ അംഗങ്ങളുടേയും യാത്രകള്‍ അവസാനിക്കുന്നില്ല. ഭാവിയില്‍ ഇന്ത്യക്ക് പുറത്തേക്ക് തങ്ങളുടെ വിശ്വസ്ഥ വാഹനമായ വൈറ്റ് ബഗുമായി പോകണമെന്നാണ് ഈ യാത്ര തലക്കുപിടിച്ചവരുടെ ആഗ്രഹം.

English Summary: All India Tour In Maruti 800

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com