Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടു പഠിക്കണം ആലപ്പി ബുള്ളറ്റ് ക്ലബിനെ

alpy-bullet-club-2

ലോകമഹായുദ്ധങ്ങളുടെ കാലത്തു മറ്റു വാഹനങ്ങൾക്ക് അപ്രാപ്യമായ സ്ഥലങ്ങളിൽ പ്രധാന സന്ദേശങ്ങളുമായി പാഞ്ഞെത്തിയ ചരിത്രമുണ്ട് റോയൽ എൻഫീൽഡ് ബൈക്കുകൾക്ക്. അടിയന്തര ഘട്ടങ്ങളിൽ‌ സഹായമെത്തിക്കാൻ എൻഫീൽഡ് ബുള്ളറ്റിനുള്ള കരുത്ത് ഇന്നും ചോർന്നുപോയിട്ടില്ലെന്നു തെളിയിക്കുകയാണ് ആലപ്പുഴയിലെ ഒരു കൂട്ടം ചെറുപ്പക്കാർ.  ബുള്ളറ്റ് പ്രേമികൾ എന്ന നിലയിൽ ആരംഭിച്ച ആലപ്പി ബുള്ളറ്റ് ക്ലബ് (എബിസി) ഇന്നു സേവന രംഗത്ത് ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ്. രക്തദാനം, സന്നദ്ധസേവനം, ട്രാഫിക് ബോധവൽക്കരണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരികയാണ് ഈ കൂട്ടായ്മ.

alpy-bullet-club-1 ആലപ്പി ബുള്ളറ്റ് ക്ലബ് അംഗങ്ങൾ റോയൽ എൻഫീൽഡ് ബുള്ളറ്റുകളുമായി ∙ചിത്രം: അരുൺ ജോൺ

ആ യാത്ര തുടങ്ങിയതിങ്ങനെ

എപ്പോൾ വേണമെങ്കിലും യാത്രപോകാൻ മനസ്സുള്ള കുറച്ചു ബുള്ളറ്റ് പ്രേമികളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എബിസിയുടെ ഫെയ്സബുക്ക് കൂട്ടായ്മ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ അധികം പേരും മെഡിക്കൽ റെപ്രസന്റേറ്റിവ്സായിരുന്നു. പിന്നെ പൊലീസുകാരും വിദ്യാർഥികളും ഡോക്ടർമാരും വക്കീലൻമാരുമെല്ലാം ക്ലബ്ബിലെത്തി. ക്ലബ്ബിനെക്കുറിച്ചു കേട്ടറിഞ്ഞു രണ്ടു വനിതാ റൈഡർമാരും അംഗങ്ങളായി; ഗ്രീൻചാനൽ എന്ന സ്ഥാപനത്തിന്റെ എംഡി നന്ദനയും മെ‍ഡിക്കൽ വിദ്യാർഥിനി നീലിമയും. ഇപ്പോൾ ഈ ബുള്ളറ്റ് കൂട്ടായ്മയിൽ രണ്ടു പുരോഹിതരുമുണ്ട്. മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ചർച്ച് വികാരി ഫാ. ബെൻസിൽ സെബാസ്റ്റ്യൻ കണ്ടനാടും ശബരിമല മേൽശാന്തിയുടെ സഹായിയായിരുന്ന കെ. സന്തോഷ് കുമാറും. 140 അംഗങ്ങളാണ് ഇപ്പോൾ ക്ലബ്ബിലുള്ളത്. ക്ലബ്ബിന്റെ നിബന്ധനകൾ കടുകിട തെറ്റാതെ സൂക്ഷിക്കുന്നവർക്കു മാത്രം മെംബർഷിപ്‌. അംഗത്വമെടുത്താൽ യൂണിഫോം, ബുള്ളറ്റ് സ്പെയർപാർട്ടുകൾ വിലക്കുറവിൽ വാങ്ങാൻ പ്രിവിലേജ് കാർഡ് തുടങ്ങിയവ ലഭിക്കും.

അച്ചടക്കമില്ലെങ്കിൽ ഞങ്ങളതു പഠിപ്പിക്കും

റൈഡിങ്ങിൽ അച്ചടക്കം കാത്തുസൂക്ഷിക്കുന്നവരാണു ബുള്ളറ്റ് ഉപഭോക്താക്കൾ. ക്ലബ്ബിന്റെ പ്രവർത്തനത്തിലുമുണ്ട് അത്. സുരക്ഷിതമായി വാഹനമോടിക്കാനാണ് അംഗങ്ങളെ ആദ്യം പ്രേരിപ്പിക്കുക. ക്ലബ്ബിലെ എല്ലാം അംഗങ്ങൾക്കും സ്റ്റിക്കർ നൽകും. എബിസി  കുടുംബാംഗങ്ങൾക്കു പരസ്പരം തിരിച്ചറിയാനാണത്. നിയമലംഘകരെ പൊലീസിനു മുൻപേ ബോധവൽക്കരിക്കുക ക്ലബ് അംഗങ്ങളാകും. ചെറുപ്പക്കാരനായ ഒരു അംഗത്തിന് അൽപം സ്പീഡ് കൂടുതലാണെന്ന് അടുത്തിടെ ക്ലബ്ബിന്റെ ശ്രദ്ധയിൽപെട്ടു. ക്ലബ് യോഗത്തിൽ വിലക്കിയിട്ടും സ്പീഡ് കുറഞ്ഞില്ല. ഒടുവിൽ ക്ലബ് അംഗങ്ങൾ തന്നെ വീട്ടിലറിയിക്കുമെന്ന സ്ഥിതിയെത്തിയപ്പോൾ പയ്യൻ സ്പീഡ് കുറച്ചു സെയ്ഫായെന്ന് ക്ലബ് ഭാരവാഹികൾ പറയുന്നു. ദൂരയാത്രകൾ സംഘടിപ്പിക്കുമ്പോൾ പതിനഞ്ചംഗ സംഘങ്ങളായി തിരിഞ്ഞാണു പോകുക. മുൻപിലും നടുക്കും ഏറ്റവും പിറകിലുമായി മൂന്നു ക്യാപ്റ്റൻമാരുണ്ടാകും. വയർലെസിലൂടെ പരസ്പരം ആശയ വിനിമയം നടത്തി മറ്റു യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ദൂരം ക്രമീകരിച്ചാണു യാത്ര പോകുന്നത്.

Untitled-2

ലക്ഷ്യം സേവനം

ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള സ്ഥാപനത്തിലെ അന്തേവാസികൾക്കൊപ്പം ഒരു ദിവസം ചെലവഴിച്ചാണി ക്ലബ്ബിന്റെ സേവനപ്രവർത്തനങ്ങളുടെ തുടക്കം. ഒരു ദിവസം കുട്ടികൾക്ക് ആഗ്രഹമുള്ള എന്തു ഭക്ഷണവും വാങ്ങി നൽകുക എന്നതായിരുന്നു പദ്ധതി. കുട്ടികളുടെ മുഖം തെളിഞ്ഞപ്പോൾ ക്ലബ് അംഗങ്ങളുടെ മനസ്സും നിറഞ്ഞു. സ്ഥിരം സേവനപ്രവർത്തനങ്ങൾക്ക് അതൊരു തുടക്കമായി. കണക്കൂർ നേതാജി ജംക്​ഷനു സമീപം ദുരിതാവസ്ഥയിൽ കഴിയുന്ന അമ്മയ്ക്കും നാലു കുട്ടികൾക്കും സഹായമെത്തിക്കുകയാണ് അടുത്ത ലക്ഷ്യം. കുട്ടികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ വരും ദിവസങ്ങളിൽ നൽകും. സാമ്പത്തിക സഹായം നൽകാനായി 30,000 രൂപയിലധികം സമാഹരിച്ചു.

വിശക്കുന്നവർക്കു സ്വയം ഭക്ഷണം സ്വയം എടുത്തു കഴിക്കാവുന്ന തരത്തിൽ ഭക്ഷണം നിറച്ച ഒരു വലിയ ശീതീകരണി നഗരമധ്യത്തിൽ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഭക്ഷണം നൽകാൻ താൽപര്യമുള്ളവർക്ക് ഇതിൽ വയ്ക്കുകയുമാവാം. ക്ലബ്ബിന് ഓഫിസ് സ്ഥാപിക്കാനും തയാറെടുക്കുന്നുണ്ട്  സേവനപ്രവർത്തനങ്ങൾക്കെല്ലാം സ്വന്തം പോക്കറ്റിൽ നിന്നാണ് അംഗങ്ങൾ പണം കണ്ടെത്തുന്നത്. കല്യാണങ്ങൾക്കും മറ്റു ചടങ്ങുകൾക്കും അകമ്പടിക്കായി ബുള്ളറ്റ് റാലി നടത്താൻ പലരും വിളിക്കാറുണ്ട്. എന്നാൽ ബുള്ളറ്റിന്റെയും ക്ലബ്ബിന്റെയും അന്തസ്സിനു നിരക്കാത്ത പരിപാടികൾ ഏറ്റെടുക്കാറില്ല. സേവനപ്രവർത്തനങ്ങൾക്കാണെങ്കിൽ ഏതു രാത്രിയിലും മുരൾച്ചയോടെ ചീറിപ്പാഞ്ഞെത്താൻ നൂറ്റൻപതോളം ബുള്ളറ്റുകൾ എബിസിയിൽ തയാറാണ്. 

‍ക്ലബ് ഭാരവാഹികൾ: കെ. പ്രിയൻ (പ്രസി), വിധു രമേശ് (വൈ. പ്രസി), കെ. രാജീവ് (സെക്ര.), വിനീത് (ജോ. സെക്ര), ഗോപു കൃഷ്ണൻ, വി.ആർ. സജിത്, പി.സി. കണ്ണൻ, ശ്രീനാഥ്, രഞ്ജിത് രമേശൻ, വിഷ്ണു (എക്സി. കമ്മിറ്റി അംഗങ്ങൾ).

∙ രക്തദാനത്തിനും മറ്റു സേവനപ്രവർത്തനങ്ങൾക്കും എബിസിയെ ബന്ധപ്പെടാം. ഫോൺ: 9747034444, 8714142753.

Your Rating: