Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവസുന്ദരമായൊരു ബൈക്ക് യാത്രയുടെ കഥ

athul-02 അതുൽ കൃഷ്ണവാരിയർ തന്റെ ബൈക്കുമായി ഓസ്ട്രേലിയയിൽ

ഇറാനിൽനിന്നു തുർക്കിയിലേക്കു കടക്കുമ്പോഴേക്കും കാ​റ്റിനു വേഗം കൂടിയിരുന്നു. ചുറ്റും മരുഭൂമിപോലെ ഭൂമി പരന്നുകിടക്കുന്നു. അപൂർവം ചില കു‌റ്റിക്കാടുകൾ മാത്രം. ചിലയിടത്തു മണൽമൂടി റോഡ് കാണാനില്ല. ഉച്ചയായപ്പോഴേക്കും ആകാശം കൂടുതൽ തെളിഞ്ഞു. പെട്ടെന്ന്, ആകാശത്തുനിന്ന് അപ്പൂപ്പൻതാടികൾ പറന്നുവരുന്നതുപോലെ മഞ്ഞു തുണ്ടുകൾ പാഞ്ഞുവന്നുതുടങ്ങി. പതുക്കെ പതുക്കെ കാറ്റിനു ശക്തികൂടി. ദൂരെക്കാഴ്ച ഇല്ലാതായിത്തുടങ്ങി.

in-Vietnam

വെളിച്ചവും മങ്ങുകയാണ്. മഞ്ഞുകാ​​റ്റ് ശക്തമായി. അതിനെ പ്രതിരോധിക്കാൻ അതുൽ കൃഷ്ണവാരിയരുടെ ബൈക്കിനു കഴിയില്ലായിരുന്നു. ബൈക്ക് വഴ​ിയോരത്തു നിർത്തി. മഞ്ഞുതുണ്ടുകൾ പെരുമഴയായി ചുറ്റും വീഴുന്നു. കാറ്റിനു വേഗം കു‌റയുന്നുമില്ല.

ഏകദേശം ഒരു മണിക്കൂറിനു ‌ശേ‌ഷം എല്ലാം ശാന്തമായി. ഇറാനിൽനിന്നു തുർക്കിയിലേക്ക് അതുലിനും ബൈക്കിനും പ്രകൃതി നൽകിയ വരവേൽപ്പായിരുന്നു ഇത്. ഓരോ ദേശം കടക്കുമ്പോഴും ഇതുപോലെ അതുലിനെ നാടു വരവേറ്റു.

in-Oman

പൊരിവെയിൽനിന്നു മഴയിലേക്ക്, അവിടെനിന്നു മഞ്ഞിലേക്കും തണുപ്പിലേക്കും. വീണ്ടും വെയിലിലേക്ക്. അങ്ങനെ യാത്ര തുടർന്നു. മരുഭൂമിയിലൂടെയും പുൽമേടിലൂടെയും മലയടിവാരങ്ങളിലൂടെയും നഗരങ്ങളിലൂടെയും യാത്ര തുടർന്നു. ഒരു വർഷം നീണ്ട യാത്ര. ഒടുവിൽ, ൈബക്കിനു കേടുവന്നതോടെ യാത്ര തൽക്കാലം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും കന്യാകുമാരിയിൽനിന്ന് ഓടിത്തുടങ്ങിയ ബുള്ളറ്റ് 36,000 കിലോമീറ്ററുകൾ പിന്നിട്ടിരുന്നു. 20 രാജ്യങ്ങൾ കടന്നുപോയിരുന്നു. ബൈക്കിൽ 10 രാജ്യങ്ങൾകൂടി സഞ്ചരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ബാക്കിവന്ന പത്തു രാജ്യങ്ങൾ അതുൽ മറ്റു വാഹനങ്ങളിലായി കണ്ടുതീർത്തു.

in-Indonesia

ബെംഗളൂരുവിലെ സ്വന്തം വീടു വിറ്റാണ് അതുൽ യാത്ര പോയത്. സ്പോൺസർ ചെയ്യാൻ ആരുമില്ലെന്നു കണ്ടതോടെ യാത്രയ്ക്കു പണം കണ്ടെത്താനായി ജോലി ചെയ്തു സമ്പാദിച്ച വീടു വിൽക്കുകയായിരുന്നു.

സത്യത്തിൽ ഇതൊരു വട്ടല്ലേ ?

അല്ല എന്നു പറയുന്നില്ല. ജീവിതത്തിൽ ചിലതു കൈവിട്ടുപോകുമ്പോൾ നാം പല വഴികളും തേടും. ഞാൻ യാത്ര ചെയ്യാൻ തീരുമാനിച്ചതു സന്തോഷത്തിനു വേണ്ടിയാണ്. എനിക്കു സന്തോഷത്തിന്റെ വഴി ഇതായിരുന്നു. രണ്ടു തവണ കൂട്ടുകാരുടെ കൂടെ ഉത്തരേന്ത്യയിലേക്കു യാത്രപോയപ്പോൾ തോന്നി തനിയെ കഴിയുന്നത്ര ദൂരത്തേക്കു പോകണമെന്ന്. അ​ങ്ങനെയാണ് ഈ യാത്ര തുടങ്ങിയത്. ചിലയിടത്തു ബൈക്കോടിച്ച് അതിർത്തി കടക്കാനാകില്ല. അപ്പോൾ ബൈക്ക് കപ്പലിൽ കയറ്റി അവിടെ എത്തുകയേ മാർഗമുള്ളു. കപ്പലിൽ നിന്നിറങ്ങിയാൽ വീണ്ടും ഓടിക്കും. തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തൊനീഷ്യ, ഓസ്ട്രേലിയ, ഒമാൻ, യുഎഇ, ഇറാൻ, ടർക്കി, ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ, പോർചുഗൽ തുടങ്ങിയ രാജ്യങ്ങളിലൂടെയെല്ലാം ഞാൻ ബൈക്കോടിച്ചു.

in-italy

വിവിധ രാജ്യങ്ങളിലെ അനുഭവം .....

ഓരോ ദിവസവും ഓരോ സ്വപ്നം പോലെയാണ്. കാണാത്ത ദേശം, അറിയാത്ത ഭാഷ, കാണാത്ത ആളുകൾ, ആചാരങ്ങൾ, മനസ്സിലാകാത്ത നിയമ‌ങ്ങൾ. അതിനെല്ലാം അപ്പുറത്തു നിറഞ്ഞുനിൽക്കുന്ന സ്നേഹവും. വഴിയിൽ ഇതുപോലെ രാജ്യം ചുറ്റുന്ന പല ബൈക്ക് യാത്രികരെയും കാണും. അവരുടെ രാജ്യത്ത് എത്തുമ്പോഴേക്കും അവർ നമുക്ക് എല്ലാ സൗകര്യവും ഒരുക്കിയിരിക്കും. അവർ യാത്രയിലാണെങ്കിൽ വീടു തുറന്നു ബന്ധുക്കളോ സുഹൃത്തുക്കളോ കാത്തിരിക്കും.. യാത്രക്കാരുടെ കൂട്ടായ്മ കുടുംബം പോലെയാണ്. കംബോഡിയ അതിർത്തിയിൽ കനത്ത മഴയ്ക്കിടയിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ടതോടെ ബൈക്ക് കുഴിയിലേക്കു വീണു. ഒന്നും പറ്റിയില്ലെങ്കിലും ബൈക്കിന് കേടുവന്നു. അതൊരു കുഗ്രാമമാണ്. അവിടെ മെക്കാനിക്കില്ല. അവിടെനിന്നു രണ്ടു ചെറുപ്പക്കാർ രണ്ടു മണിക്കൂർ യാത്ര ചെയ്തു മെക്കാനിക്കിനെ കൊണ്ടുവന്നു. രണ്ടു ദിവസം അവരുടെ വീട്ടിൽ എന്നെ താമസിപ്പിച്ചു. വളരെ ദരിദ്രമായ അവസ്ഥ​യിൽ ജീവിക്കുന്ന ഗ്രാമീണരാണവർ. അപൂർവം ചിലർക്കുമാത്രം ഇംഗ്ലിഷറിയാം.

വിയറ്റ്നാമിൽവച്ചു ഞാനൊരു സ്ത്രീയെ കണ്ടു. 55 വയസ്സ്. അവർ എട്ടു വർഷമായി സൈക്കിളിൽ യാത്ര ചെയ്യുകയാണ്. 1.5 ലക്ഷം കിലോമീറ്റർ സൈക്കിൾ ചവിട്ടിയിരിക്കുന്നു. അവർ ഋഷികേശിലേക്കുള്ള യാത്രയിലാണ്. അവിടെവച്ചുതന്നെ 70 വയസ്സായ ഒരാളെയും 60 വയസ്സായ ഭാര്യയെയും കണ്ടു. ഹോണ്ട ബൈക്കിൽ അവർ ലോകം‌ ചുറ്റുകയാണ്. ഇന്ത്യക്കാർപോലും അധികം പോകാത്ത കർദുംഗ്‌ല പാസിൽ അവർ പോയിട്ടുണ്ട്. മരണംവരെ യാത്ര എന്നാണവർ പറഞ്ഞത്. പണം സമ്പാദിക്കാനുള്ളതല്ല, യാത്ര ചെയ്യാനുള്ളതാണ് എന്നതാണ് അവരുടെയെല്ലാം രീതി.

in-Cambodia

പലയിടത്തും കലാപങ്ങളായിരുന്നില്ലേ?

എനിക്കു പ്രശ്നങ്ങൾ ഉണ്ടായില്ല. നാം ഭീതിയോടെ കാണുന്ന ഇറാൻ ശരിക്കുമൊരു അദ്ഭുതമാണ്. അവിടെ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്രക്കാരെ വീട്ടുകാർ വിളിച്ചുകൊണ്ടുപോയി താമസിപ്പിക്കും. ഭക്ഷണത്തിനുപോലും പണം വാങ്ങില്ല. അവരുടെ രാജ്യത്തെക്കുറിച്ചു ലോകത്തോടു പറയണമെന്നു മാത്രമാണു പറയുക. ഇ​റാനിലെ ചെറിയ നഗരങ്ങൾ പോലും ഇന്ത്യയിലെ വലിയ നഗരങ്ങളെപ്പോലെയായിരിക്കുന്നു. ഞാൻ അവിടെ എത്തുമ്പോൾ അവരുടെ പുതുവത്സരമാണ്. പുതുവർഷം ആഘോഷിക്കാൻ ഒരാഴ്ചത്തെ അവധി നൽകും. ഹൈവേയിൽ മുഴുവൻ സമയവും നാടുകാണാൻ പോകുന്നവരുടെ വാഹനങ്ങൾ. ൈബക്കു കാണുമ്പോൾ അവർ വാഹനം കൈകാട്ടി നിർത്തി കൂടെ ഭക്ഷണം കഴിക്കാൻ വിളിക്കും. സമ്മാനങ്ങൾ തരും. ഇറാനിലെ തെരുവുകളുടെ വൃത്തി കാണേണ്ടതാണ്. യൂറോപ്പുപോലും തോറ്റുപോകും. അവിടെ ഒരിടത്തും എന്റെ ജാതിയോ മതമോ ചോദിച്ചില്ല. ഇന്ത്യയെ അവർ വല്ലാതെ സ്നേഹിക്കുന്നു.

വെജിറ്റേറിയൻ ഭക്ഷണം എന്താണെന്നു ഗ്രാമങ്ങളിൽ പലർക്കും അറിയില്ല. മാംസം കഴിക്കില്ല എന്നു പറഞ്ഞപ്പോൾ എന്നെ നോക്കി പലരും അദ്ഭുതത്തോടെ ചിരിച്ചു. ഇറാനിൽ ഞാൻ ദിവസേന 400 കിലോമീറ്റർ വരെ ബൈക്കോടിക്കുമായിരുന്നു. രണ്ടാഴ്ചയോളം അവിടെ യാത്ര ചെയ്തു. ഇറാനിലെ ഷെറാസ് – ഇസ്ഫഹാൻ പാതയിലൂടെയുള്ള യാത്ര ഒരിക്കലും മറക്കില്ല. 10 ഡിഗ്രിയാണ് വൈകുന്നേരത്തെ തണുപ്പ്. ഏതു വീട്ടിലും യാത്രക്കാരനു കയ​റിച്ചെന്നു ചൂടുചായ ചോദിക്കാം. അതാണവരുടെ രീതി. ഇറാനിലെ യാത്രയ്ക്കിടയിൽ വഴി തെറ്റി രണ്ടു ദിവസം ഞാൻ ഗ്രാമങ്ങളിലൂടെ ബൈക്കോടിച്ചിരുന്നു.

കിഴക്കൻ തുർക്കിയിൽ ഒരേ ദിവസംതന്നെ മഴയും കാറ്റും മഞ്ഞും കനത്ത ചൂടുമുണ്ടായിരുന്നു. 45 ഡിഗ്രിവരെ ഉയരുന്ന ചൂടിൽനിന്നു മഞ്ഞിലേക്കു ബൈക്കോടിച്ചുപോയപ്പോൾ പറഞ്ഞറിയിക്കാനാകാത്ത അനുഭവമായിരുന്നു. യാത്രയെ സ്നേഹിച്ചുതുടങ്ങിയാൽപ്പിന്നെ എല്ലാ കാലാവസ്ഥയും ഒരുപോലെയാണ്. യാത്രക്കാരനു കാലാവസ്ഥാ ഭേദങ്ങളില്ല. റോമിൽ കണ്ടുമുട്ടിയ ജർമൻകാരൻ എന്നെ ദുബായിലുള്ളവർക്കു പരിചയപ്പെടുത്തി, റോം വിടുമ്പോൾ കണ്ട സ്ത്രീ എന്നെ ഇ‌റ്റലിയിലെ ഗ്രാമങ്ങളിലുള്ളവർക്കു പരിചയപ്പെടുത്തി, അവിടെയുള്ളവർ എന്നെ യൂറോപ്പിലെ മറ്റു നഗരങ്ങളിലുള്ളവർക്കു കൈമാറി. ഓരോ സ്ഥലത്ത് എത്തുമ്പോഴും അവിടെ താമസവും സഹായവുമായി പലരും കാത്തുനിൽക്കുകയായിരുന്നു. ദുബായിൽ ബൈക്ക് സർവീസ് ചെയ്തുതന്ന അനി എന്ന മലയാളി ഒരു ചില്ലിക്കാശുപോലും വാങ്ങിയില്ല.

അതുൽ യാത്ര തുടങ്ങിയതു വേദനയിൽനിന്നാണ്. 2005ൽ നട്ടെല്ലിന്റെ ഡിസ്കിലുണ്ടായ തകരാറിനെത്തുടർന്നു നാലു മാസത്തോളം അനങ്ങാനാകാതെ കിടക്കയിൽ കിടന്നു. അപ്പോഴാണ് അറിയുന്നത് അതുവരെ കണ്ട ലോകം എത്ര ചെറുതാണെന്നും എത്ര പണമാണു വെറുതെ കളയുന്നതെന്നും. അന്നു തീരുമാനിച്ചു, യാത്രയ്ക്കുവേണ്ടി കിടക്കയിൽനിന്ന് എഴുന്നേൽക്കണമെന്ന്. നീണ്ട യാത്രകൾ ആദ്യം തുടങ്ങിയത് അയൽസംസ്ഥാനങ്ങളിലേക്കാണ്. ആദ്യം ദക്ഷിണേന്ത്യ കണ്ടു. പിന്നെ ഉത്തരേന്ത്യയിലേക്കു യാത്ര തുടങ്ങി. വേദന വരുമ്പോൾ അതുൽ ബാക്കിയാകുന്ന യാത്രകളെക്കുറിച്ച് ആലോചിക്കും. അതുവരെ കണ്ട കാഴ്ചകളെക്കുറിച്ച് ആലോചിക്കും.

ടെഹ്റാനിലെ തബരീഷിൽവച്ചു വണ്ടി കേടായി. അതൊരു ഗ്രാമമാണ്. തിരക്കൊഴിഞ്ഞ ഒഴിഞ്ഞ ഹൈവേ. പരിസരത്തൊന്നും വീടോ കെട്ടിടങ്ങളോ ആളുകളോ ഇല്ല. നല്ല തണുപ്പുകാലവും. അതുവഴി ബൈക്കിൽ വന്ന 75 വയസ്സു കഴിഞ്ഞ ഒരാൾ വണ്ടി നിർത്തി വിവരങ്ങൾ ചോദിച്ചു. വണ്ടി വഴിയിൽവച്ചു ലഗേജുമായി എന്നെയും കൂട്ടി ഒന്നര മണിക്കൂർ യാത്ര ചെയ്തു. രാത്രി ഒരു ചെറിയ വർക്ക്ഷോപ്പിലെത്തി അയാളെ വിളിച്ചുണർത്തി. അവിടെനിന്നൊരു കാറുമായി പോയി ബൈക്ക് കെട്ടിവലിച്ചു കൊണ്ടുവന്നു. അതിനു ശേഷം 30 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തുപോയി കട തുറപ്പിച്ചു സ്പെയർ പാർട്സ് വാങ്ങി വന്നു. വെളുക്കുമ്പോഴേക്കും ബൈക്കു ശരിയാക്കി ഞാൻ അവിടെ ഉച്ചവരെ ഉറങ്ങി. പേർഷ്യൻ മാത്രമേ അവർക്കു സംസാരിക്കാനറിയൂ. ഞാൻ സംസാരിക്കുന്ന ഒരു ഭാഷയും അവർക്കറിയില്ല. വർക്ക്ഷോപ്പിലെ എല്ലാ പണവും അദ്ദേഹം നൽകി. അവസാനം ഇന്ത്യയെ താൻ സ്നേഹിക്കുന്നുവെന്ന് ആംഗ്യവും ശബ്ദവുമെല്ലാം ചേർത്തുപറഞ്ഞ് എന്നെ യാത്രയാക്കി. ഓരോ നഗരത്തിലും ഞാൻ കാൽനടയായാണ് നഗരം കണ്ടത്. 15 കിലോമീറ്റർ ഓരോ ദിവസവും നടന്നു. യാത്രാക്ഷീണം അകറ്റിയത് ഈ നടത്തമാകാം.

ഇറാനിൽ എന്നെ നഗരം കാണിക്കാൻ കൊണ്ടുപോയത് ഒരു ചേട്ടനും അനിയത്തിയുമാണ്. അവർ എനിക്കുവേണ്ടി നാലു ദിവസം അവധിയെടുത്തു. യുദ്ധത്തിന്റെ ദുരിതത്തിൽനിന്ന് ഇറാൻ ഉയിർത്തെഴുന്നേറ്റതിന്റെ കഥ അവർ പറഞ്ഞു.

ലാവോസിൽ ഞാൻ കണ്ടുമുട്ടിയ മുതിർന്ന ദമ്പതികൾ ഞാൻ സ്പെയിനിലെത്തിയപ്പോൾ അവിടെ തിരിച്ചെത്തിയിരുന്നു. സ്പെയിനിലെ ഒരു ഗ്രാമത്തിൽ അവരുടെ കൂടെ നാലു ദിവസം എന്നെ താമസിപ്പിച്ചു. അവർ എന്നെ സ്പാനിഷ് ഭക്ഷണമുണ്ടാക്കാൻ പഠിപ്പിച്ചു. മതിവരാതെയാണ് വിട്ടയച്ചത്.

in-Iran

യാത്ര അവസാനിപ്പിക്കുന്നു

ഫ്രാൻസിൽനിന്നു പോർചുഗൽ കടന്നു നോർത്ത് സ്പെയിൻ വഴി തിരിച്ചു ഫ്രാൻസിലേക്കു പോകുമ്പോൾ ബയൺ എന്ന ചെറു നഗരത്തിനടുത്തുള്ള ഗ്രാമത്തിലാണ് ബൈക്കിനു കേടുവന്നത്. 10 ദിവസം അവിടെ താമസിച്ചു. നന്നാക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു. മണിക്കൂറിനു 100 യൂറോ റിപ്പയർ ചാർജ് ചോദിച്ചു. ചിലപ്പോൾ ശരിയായില്ലെന്നും വരും. അതോടെ യാത്ര തുടരാനാകില്ലെന്ന് ഉറപ്പായി. അവിടെനിന്ന് 200 കിലോമീറ്റർ ദൂരെയുള്ളൊരു ദമ്പതികളെ പരിചയപ്പെട്ടിരുന്നു. അവരെ വിളിച്ചതോടെ ഓടിയെത്തി എന്നെ വീട്ടിലേക്കു കൊണ്ടുപോയി. അവരുടെ കൂടെ രണ്ടു ദിവസം താമസിച്ച ശേഷമാണു ഞാൻ ബാക്പാക്കുമായി യാത്ര തുടരാൻ തീരുമാനിച്ചത്. അവർ ബൈക്ക് നാട്ടിലേക്കു കയറ്റിവിട്ടു. അപ്പോഴേക്കും ഒരു വർഷം പൂർത്തിയാക്കിയിരുന്നു.

ആകെ ചെലവായത്...

2002 തണ്ടർ ബോൾട്ട് റോയൽ എൻഫീഡ് ബുള്ളറ്റിലായിരുന്നു യാത്ര. 75,000 കിലോമീറ്റർ ഓടിയ ശേഷമായിരുന്നു ഈ നാടുകാണൽ യാത്ര തുടങ്ങിയത്. ഇന്ത്യയിൽ ഒഴിച്ചു എല്ലായിടത്തും എൻഫീഡുകാർ വലിയ സ്വീകരണം നൽകി. ഒരു ചില്ലിക്കാശും വാങ്ങാതെ അറ്റകുറ്റപ്പണി നടത്തി. കൂടെനിന്നു പടമെടുത്തു. ഓരോ എൻഫീൽഡ് ഷോറൂമിനും ഇതൊരു അഭിമാന നിമിഷമായിരുന്നു.

ഒരു വർഷത്തിനിടയിൽ വീസ ആവശ്യങ്ങൾക്കായി രണ്ടു തവണ ഇന്ത്യയിൽ വരേണ്ടിവന്നു. ബൈക്ക് അവിടെവച്ചു പോരുകയാണു ചെയ്തത്. ബാലിയിൽനിന്ന് ഓസ്ട്രേലിയയിലേക്കും അവിടെനിന്ന് ഒമാനിലേക്കും ബൈക്ക് കപ്പലിൽ കയറ്റിവിടേണ്ടി വരികയും ചെയ്തു. 20 ലക്ഷത്തോളം രൂപ ചെലവായി.

at-petronas

അതുൽ നൽകുന്ന മുന്നറിയിപ്പ്

∙ ഓരോ രാജ്യത്തെയും യാത്രക്കാരുടെ സംഘവുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഉറപ്പാക്കിയ ശേഷം യാത്ര തുടങ്ങുക.

∙ സ്വന്തം വാഹനത്തിലാണു യാത്ര എങ്കിൽ അതിന്റെ പ്രാഥമിക അറ്റകുറ്റപ്പണികൾ വർക്ക്ഷോപ്പിലുള്ളവരുടെ സഹായത്തോടെ സ്വയം ചെയ്തുനോക്കുക.

∙ ഇന്റർനെറ്റ് ഉപയോഗിച്ച് ആദ്യം യാത്ര പ്ലാൻ ചെയ്യുക. അതതു സ്ഥലത്തെ യാത്രികരുമായി സംസാരിച്ചു കാലാവസ്ഥയും പ്രശ്നങ്ങളും പഠിക്കുക.

∙ നമ്മുടെ വാഹനം പുറത്തു കൊണ്ടുപോയി തിരിച്ചു കൊണ്ടുവരുന്നതിനു വലിയ നിയമപ്രശ്നങ്ങൾ ഉണ്ട്. ഇതു ശരിയാക്കാൻ നാലു മാസം വരെ വേണ്ടിവരും. അതനുസരിച്ചു മാത്രം യാത്ര ആസൂത്രണം ചെയ്യുക.

Your Rating: