Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ അത്ര വില്ലനാണോ?

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
diesel-ban1

പരിസ്ഥിതിക്ക് നല്ലത് ഡീസലോ പെട്രോളോ? സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം. ന്യൂഡൽഹിയിൽ 2000 സി സിയിൽ അധികമുള്ള ഡീസൽ കാറുകളും സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളും നിരോധിച്ചു. മുംബൈയിൽ നിരോധിക്കുന്നതിനെപ്പറ്റി ചർച്ച നടക്കുന്നു. സത്യത്തിൽ ഡീസൽ അത്രയ്ക്ക് അപകടകാരിയോ ? പല അഭിപ്രായങ്ങളുണ്ട് ഇക്കാര്യത്തിൽ. ആഗോള സ്ഥിതി നോക്കിയാൽ പൊതുവെ യൂറോപ്പിലാണ് ഡീസൽ കാറുകൾ ഏറെ ഉപയോഗിക്കുന്നത്. അമേരിക്കയിലും ഗൾഫ് നാടുകളിലുമൊക്കെ പെട്രോളിനാണു പഥ്യം. മാത്രമല്ല ഈ രാജ്യങ്ങളിൽ പലേടത്തും ഡീസലിനെക്കാൾ വിലക്കുറവ് പെട്രോളിനാണ്. യൂറോപ്പിൽ ഡീസലിനു വില തെല്ലു കുറവുണ്ടെന്നതും ഡീസൽ കൂടുതൽ ഇന്ധനക്ഷമത നൽകുമെന്നതും ഡീസൽ സാങ്കേതികത അവിടെ ഏറെ വികസിച്ചുവെന്നതും ഡീസൽ ഉപയോഗം ചെറുകാറുകളിൽ വരെയെത്താൻ കാരണമായി. യൂറോപ്യൻ നഗരങ്ങളിൽ ഉപയോഗിക്കുന്ന കാറുകളിൽ പാതിയും ഇന്ന് ഡീസലാണ്. 2000 ൽ ഇത് 14 ശതമാനമായിരുന്നു.

Scorpio Mahindra Scorpio

ഡീസൽ മലിനീകരണം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നതിനാൽ യൂറോപ്പിൽ ഡീസൽ കാറുകൾക്ക് മലിനീകരണ ഇളവുകളുണ്ട്. കാർബൺ ഡയോക്സൈഡ് പുറപ്പെടുവിക്കുന്നതിൽ ഡീസൽ കാറുകൾക്ക് പെട്രോളിനെക്കാൾ 20 ശതമാനം മികവുണ്ടെന്നാണ് കണക്ക്. അതു കൊണ്ടു തന്നെ യൂറോപ്പിൽ കാർബൺ ഡയോക്സൈഡ് അളവു മാത്രം കണക്കാക്കി ഡീസൽ വാഹനങ്ങൾക്ക് ക്ലീൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ചിന്താഗതി തെല്ലു വ്യത്യസ്തമാണ്. നഗരങ്ങളിൽ ഉപയോഗിക്കുമ്പോൾ ഡീസലുകൾ കൂടുതൽ കാർബൺ അവശിഷ്ടം കണികകളായി പുറന്തള്ളുന്നു. ഇത് ഗുരുതരമായ പരിസ്ഥിത പ്രത്യാഘാതങ്ങളും ക്യാൻസർ അടക്കമുള്ള രോഗങ്ങളും ഉണ്ടാക്കുമെന്ന് വാദിക്കുന്നവരുണ്ട്. പുതിയ സാങ്കേതികതകളും കാറ്റലിറ്റിക് കൺവർട്ടറുകളുടെ പുതു തലമുറയും പെട്രോളിനെ കൂടുതൽ മികവുള്ളതാക്കുന്നു എന്നതാണ് വാദം. ഈ വാദമാണ് ഇപ്പോൾ ന്യൂഡൽഹിയിൽ വിജയിച്ചിരിക്കുന്നത്.

Toyota Innova toyota innova

മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ഡൽഹിയിൽ ഇനി പുതിയ ഡീസൽ വാഹനങ്ങൾക്ക് അനുമതി നൽകരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലും ഇപ്പോൾ കോടതിയും വിധിച്ചിരിക്കയാണ്. എന്നാൽ മലീനീകരണം കുറയ്ക്കാൻ ഡീസൽ കാറുകൾ മാത്രം നിരോധിക്കുന്നതൊരു പോംവഴിയാണോ? അല്ലെന്ന ചിന്തകൾ ശക്തമാവുകയാണ്.ലോകത്ത് തന്നെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് ന്യൂ ഡൽഹി. ഏകദേശം 27 ലക്ഷം കാറുകളാണ് ഡൽഹിയിൽ. അതിൽ 20 ശതമാനം (5–6 ലക്ഷം) മാത്രമാണ് ഡീസൽ. ഐ ഐ ടി കാൺപൂർ നടത്തിയ പഠനപ്രകാരം ഡൽഹിയിലെ മലിനീകരണത്തിൽ കാറുകളുടെ പങ്ക് 2.5 ശതമാനമാണ്. അതുകൊണ്ടു തന്നെ മറ്റ് വൻ മലീനീകരണ ഉറവിടങ്ങൾ നിയന്ത്രിക്കാതെ ഡീസൽ കാറുകൾക്ക് മേൽ പഴി ചാരുന്നത് ശരിയായല്ലെന്നതാണ് വാദം.

pajero sport mitsubishi pajero sport

നിലവിൽ ഇന്ത്യയിൽ ഇറങ്ങുന്ന ഡീസൽ വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റേയും സൾഫറിന്റേയും തോത് ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാൽ ഇതിനൊത്ത് ഇന്ധന നിലവാരവും മെച്ചപ്പെടേണ്ടതുണ്ട്. ഇന്ധനത്തിൻറെ നിലവാരമാണ് ഇന്ത്യയിലെ മുഖ്യ പ്രശ്നം. രാജ്യാന്തര നിലവാരത്തിലും വളരെയധികം താഴ്ന്ന നിലവാരമുള്ള പെട്രോളും ഡീസലുമാണ് ഇവിടെ ലഭിക്കുന്നത്. അതു കൊണ്ട് കാറുകൾ സാങ്കേതികമായി എത്ര ഉയർന്നാലും പരിസ്ഥിതി മലിനീകരണത്തിൽ കുറവുണ്ടാകണമെന്നില്ല. ഡീസലിൽ അമിതമായി വെള്ളത്തിൻറെ അംശമുള്ളതുംമലിനീകരണത്തോത് ഉയർത്തുന്നുണ്ട്. ഡീസൽ കാറുകളെ നിയന്ത്രിക്കാതെ നിലവാരമുള്ള ഇന്ധനം കൊണ്ടുവന്നാൽ തന്നെ രാജ്യത്ത് ആകെമാനമുള്ള പരിസ്ഥിതി മലിനീകരണത്തിൽ കുറവുണ്ടാകും. ഒരു കാലത്ത് ഡീസൽ കാറുകളുടെ നിർമിതി പ്രോത്സാഹിപ്പിച്ച സർക്കാർ തന്നെ അവയ്ക്ക് നിരോധനമേർപ്പെടുത്തുന്നതിലും നിർമാതാക്കൾക്ക് എതിർപ്പുണ്ട്. ജനറൽ മോട്ടോഴ്സ്, ടാറ്റാ, മാരുതി, ഹ്യുണ്ടേയ്, ഫോക്സ് വാഗൻ, ഫിയറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ കോടികളുടെ നിക്ഷേപമാണ് ഡീസൽ പ്ലാൻറുകൾക്കായി മുടക്കിയിട്ടുള്ളത്. ഈ സൗകര്യങ്ങൾ പെട്ടെന്ന് പെട്രോളിലേക്ക് മാറ്റുക എന്നത് പ്രായോഗികമാണെങ്കിലും അധിക മുതൽ മുടക്ക് വേണ്ടി വരും.

tata sumo gold Tata Sumo Gold

മെഴ്സെഡിസ്, ഒൗഡി, ബി എം ഡബ്ല്യു തുടങ്ങിയ രാജ്യാന്തര നിർമാതാക്കളും പുതിയ നിയന്ത്രണത്തിൽ അസ്വസ്ഥരാണ്. ഇന്ത്യയെക്കാൾ കടുത്ത പരിസ്ഥിതി നിയമങ്ങളുള്ള രാജ്യങ്ങളിൽപ്പോലും ഇല്ലാത്ത വിലക്ക് ഇവിടെ വരുന്നതിലാണ് ഇവർക്ക് എതിർപ്പ്.പുതിയ ഡീസൽ വാഹനങ്ങൾക്കു റജിസ്ട്രേഷൻ നൽകുന്നതും പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണലാണ് (എൻജിടി) താൽക്കാലികമായി ഡൽഹിയിൽ തടഞ്ഞത്. 2000 സി സിയിൽ മുകളിലുള്ള വാഹനങ്ങൾക്ക് നിയന്ത്രണം വേണമെന്നാണ് ഉത്തരവ്. ഡീസൽ വാഹനങ്ങൾ വാങ്ങരുതെന്നു കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബഞ്ച് നിർദേശിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാന നഗരത്തിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പരാതികളിലാണ് എൻജിടി ഇടക്കാല ഉത്തരവ്. പരാതി ജനുവരി ആറിനു വീണ്ടും പരിഗണിക്കും.

Mahindra XUV 500 Mahindra XUV 500

സമീപ പട്ടണങ്ങളായ ഗാസിയാബാദ്, നോയിഡ, ഗുഡ്ഗാവ്, ബഹദൂർഗഡ് തുടങ്ങി ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതായി എൻജിടി നിരീക്ഷിച്ചു. മുൻസിപ്പൽ കോർപറേഷനുകൾ, ഡൽഹി വികസന അതോറിറ്റി (ഡിഡിഎ), പൊലീസ്, മറ്റു പൊതു ഭരണ വിഭാഗങ്ങൾ തുടങ്ങിയവ ഡീസൽ വാഹനം ഘട്ടംഘട്ടമായി നിരോധിക്കുന്നതിനുള്ള കർമ പദ്ധതി അടുത്ത വാദത്തിനു മുൻപു തയാറാക്കണം. പ്രത്യേകിച്ചും ഡീസൽ ട്രക്കുകളുടെ നിയന്ത്രണം ഈ ചർച്ചയിൽ പരിഗണിക്കണമെന്നും എൻ ജിടി നിർദേശിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.