Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലാകാശവും പച്ചക്കടലും കടന്ന്

bike-riders

യാത്ര ആവേശമായി മനസ്സിനെ അലട്ടിയാൽ പിന്നെയൊരു ഇറങ്ങിപ്പോക്കാണ്. എന്നാൽ ഇത്തവണത്തെ യാത്ര അവസാനിക്കുമ്പോഴേക്കും അവർ അൻപതു ദിനവും 15,000 കിലോമീറ്ററും മൂന്നു രാജ്യങ്ങളും പിന്നിട്ടിരുന്നു. കാസർകോട് സ്വദേശി കെ.എച്ച്.ജാഫറും കോഴിക്കോടുകാരൻ‌ ശബരിനാഥുമാണ് കുറഞ്ഞ ചെലവിൽ യാത്ര ചെയ്തു നാട്ടിൽ തിരിച്ചെത്തിയത്. മൂന്നു രാജ്യങ്ങളും കറങ്ങി തിരിച്ചെത്തിയ ഇവർക്കു ചെലവായതാകട്ടെ 90,000 രൂപയും. ദീർഘ ദൂരയാത്രയ്ക്ക് മിക്കവരും ബുള്ളറ്റ് തിരഞ്ഞെടുക്കുമ്പോൾ ഇവർ മൂന്നു രാജ്യങ്ങളും പിന്നിട്ടത് യമഹയുടെ ബൈക്കിലും.

ബെംഗളൂരുവിൽ എംബിഎക്ക് ഒരുമിച്ചു പഠിക്കുമ്പോഴാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. ഇവിടുന്നാണ് യാത്ര ഇവരുടെ മനസ്സിൽ കുടിയേറുന്നതും. ട്രക്കിങ് ഹരമായ ജാഫർ തന്റെ ജോലി രാജി വച്ചാണ് ശബരിക്കൊപ്പം നാടുചുറ്റാനിറങ്ങിയത്. ചെലവു കുറച്ചുള്ള യാത്രയായിരുന്നു ഇവരുടെ ലക്ഷ്യം. ഇറങ്ങുമ്പോൾ രണ്ടു ജീൻസും നാലു ടീ ഷർട്ടുമാണ് കരുതിയത്. താമസ സ്ഥലങ്ങളെക്കുറിച്ചു മുൻധാരണകളുമുണ്ടായിരുന്നില്ല. കാസർകോട് നിന്നു തുടങ്ങി ബെംഗളൂരു, ഹംപി, ഒൗറംഗാബാദ്, ദില്ലി, മണാലി, ലേ, ലഡാക്ക്, അമൃതസർ, നേപ്പാൾ, സിക്കിം, ഭൂട്ടാൻ വഴി തിരിച്ചു വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് നിന്നു കാസർകോട്ടേക്കു മടങ്ങിയ ഇവർക്ക് ജില്ലാതിർത്തിയിൽ ഗംഭീര സ്വീകരണമൊരുക്കി സഞ്ചാരി കൂട്ടായ്മയുടെ അംഗങ്ങളും കെഎൽ 14 മോട്ടോർ സൈക്കിൾ ക്ലബ്ബും ഉണ്ടായിരുന്നു.

നാൽപതു ബൈക്കുകളിലായി ഇവരെ സ്വീകരിച്ചു കൊണ്ടുവന്ന ശേഷം തളങ്കര ഹാർബറിൽ ഗംഭീര അനുമോദനവും നൽകി. യാത്രയിൽ പ്രധാന നഗരങ്ങിലെല്ലാം തങ്ങിയിരുന്നതായി ജാഫറും ശബരിനാഥും പറയുന്നു. മറക്കാനാവാത്ത ഒരുപാട് ഓർമകൾ ലഭിച്ചു. കയ്യിൽ പണമില്ലെന്നു കണ്ടു സഹായിച്ചവരെയും ഭക്ഷണം വാങ്ങി തന്നും കൂടെ നിന്നവരെയും ഒരിക്കലും മറക്കാനാവില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. 27 മണിക്കൂറോളം തുടർച്ചയായി ബൈക്ക് ഓടിച്ച അനുഭവവും ഇവർക്കു പറയാനുണ്ട്. യാത്രയിൽ കുറച്ചു മോശം അനുഭവങ്ങളും ഇവർക്കു നേരിടേണ്ടി വന്നു. ഇനിയും ഒരുപാടു രാജ്യങ്ങളിലേക്കു യാത്ര ചെയ്യണമെന്നാണ് ഇവരുടെ മോഹം. ഒട്ടേറെ പ്രതിസന്ധികൾ കടന്നു തിരിച്ചെത്തിയ ഇവരോട് യാത്രയെ കുറിച്ചു ചോദിച്ചാൽ ഒന്നേ പറയാനുള്ളു. ‘ജീവിതം’ പഠിച്ചു.