Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടുപഠിക്കാം കോപ്പൻഹേഗൻ

copenhagen

സൈക്കിളിൽ യാത്ര ചെയ്യുന്ന ഡെൻമാർക്കിലെ കോപ്പൻഹേഗൻകാർ ബെംഗളൂരു നിവാസികളെ മാടി വിളിക്കുന്നുണ്ട്. ദയവായി ഞങ്ങളുടെ പിന്നാലെ വരൂ എന്നു പറഞ്ഞുകൊണ്ട്. നമ്മുടെ റോഡുകളിലെ തിരക്കും കുരുക്കും കണ്ടാൽ കോപ്പൻഹേഗൻകാർ ഊറി ഊറിച്ചിരിക്കും. ഒരു പക്ഷേ ചിലരെങ്കിലും പറയും. ദാ ഇങ്ങോട്ടു നോക്കൂ, ഒരു ഗതാഗതക്കുരുക്കും ഞങ്ങളെ ബാധിക്കാറില്ല. കാരണം ഞങ്ങൾ കോപ്പൻഹേഗൻക്കാർ ഒന്നാംതരം സൈക്കിളിലാണു യാത്ര ചെയ്യുന്നത്. ചെലവു കുറവ്, ഗതാഗതക്കുരുക്ക് ഇല്ല. എന്നു മാത്രമല്ല, വ്യായാമത്തിനായി ജിമ്മിൽ പോകേണ്ട ആവശ്യവുമില്ല.

നാം കുരുക്കിൽപ്പെട്ട് കാത്തുകിടക്കുകയും വാച്ചുനോക്കി അക്ഷമനാകുകയും ചെയ്യുമ്പോൾ കോപ്പൻഹേഗൻ മേയർ മോർട്ടൻ കാബെലിനുപോലും ഈ പ്രശ്നങ്ങളൊന്നുമില്ല. കാരണം മോർട്ടന്റെ ഔദ്യോഗിക വാഹനം സൈക്കിളാണ്. രാവിലെ കുളിച്ചൊരുങ്ങി സൈക്കിളിൽ കൃത്യസമയത്ത് മോർട്ടൻ ഓഫിസിൽ എത്തും. ഔദ്യോഗിക ആവശ്യങ്ങൾക്കും മോർട്ടൻ പോകുന്നതു തന്റെ സ്വന്തം സൈക്കിളിൽ. കോപ്പൻ ഹേഗൻ നഗരസഭയുടെ പരിസ്ഥിതി, സാങ്കേതിക വിദ്യാവിഭാഗം മേയറാണ് മോർട്ടൻ .ഒരു കമ്പത്തിനു സൈക്കിൾ സവാരി തുടങ്ങിയയാളല്ല മോർട്ടൻ. ഡെൻമാർക്കിന്റെ തലസ്ഥാന നഗരത്തെ സൈക്കിളിലേക്കു നയിച്ചതിന്റെ ക്യാപ്റ്റൻ കൂടിയാണ് മോർട്ടൻ.

സൈക്കിളിന് കോപ്പൻഹേഗൻകാർ ബെക്ക് എന്നാണു പറയുക. ഇൗ ബൈക്ക് യാത്രയിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്ക് എന്നേക്കുമായി കുറഞ്ഞു. മലിനീകരണം നാമമാത്രമായി. നഗരത്തിന്റെ കാഴ്ചപോലും മനോഹരം. എല്ലാവരും സൈക്കിൾ ഓടിക്കണമെന്നു നിർദേശം നൽകുകയോ അഭ്യർഥിക്കുകയോ അല്ല കോപ്പൻഹേഗൻ ഭരണകർത്താക്കൾ ചെയ്തത്. ആദ്യമായി സൈക്കിളുകൾക്കായി പ്രത്യേകം പാത നിർമിച്ചു. പിന്നീടു ജംക്‌ഷനുകളിൽ സൈക്കിളുകൾ സുരക്ഷിതമായി പൂട്ടി വയ്ക്കാൻ പ്രത്യേക ലോക്ക് പോയിന്റുകൾ സ്ഥാപിച്ചു. ഇതര വാഹനങ്ങൾക്കു കൂടുതൽ പാർക്കിങ് ഫീസും ഏർപ്പെടുത്തി.മാതൃക കാട്ടാൻ.

നഗരസഭാ മേയർ അടക്കമുള്ള ഉദ്യോഗസ്ഥർ സൈക്കിളിൽ യാത്ര തുടങ്ങി. ജനത്തിന്റെ മനസുമാറിയതോടെ നഗരത്തിന്റെ മുഖവും മാറി. ഫലമോ ? മൂന്നു കിലോമീറ്റർ യാത്ര ചെയ്യാൻ കാറിൽ ഒരു മണിക്കൂർ വേണമെങ്കിൽ സൈക്കിളിൽ 10 മിനിറ്റ് മതിയെന്ന സ്ഥിതിയായി.കാറിൽ പോകുന്നവരെ പരിസ്ഥിതി വിരുദ്ധനായി സമൂഹം കാണുന്ന സ്ഥിതി. സൈക്കിളിൽ പോകുന്നവരോട് ആദരവും. കോപ്പൻഹേഗൻ നഗരം വിവിധതരം സൈക്കിളുകളുടെ പട്ടണമാണിന്ന്.