Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതു നിറം ഇഷ്ടനിറം

car-colours

‘കസ്റ്റമർക്ക് ഇഷ്ടമുള്ള നിറത്തിൽ കാർ നൽകാം; ഇഷ്ടനിറം കറുപ്പായിരിക്കണമെന്നുമാത്രം’ എന്നു സാക്ഷാൽ ഫോഡ് പറഞ്ഞെന്നതു ചരിത്രം. ഇപ്പോൾ അതിന്റെ നേർവിപരീത ധ്രുവത്തിലാണു കാര്യങ്ങൾ. കറുപ്പിന്റെ ഏതു ഷെയ്ഡ് വേണമെന്നു പോലും കസ്റ്റമർക്ക് കാർ കമ്പനിയോടു പറയാവുന്ന സ്ഥിതിയുണ്ട്.

ഏറെക്കാലമായി ഇന്ത്യൻ കാർ വിപണിയിൽ വെള്ളയും വെള്ളിയുമാണ് ഉപഭോക്താക്കളുടെ ഇഷ്ടനിറങ്ങൾ. അതിനു പിന്നാലെ കറുപ്പ്. മറ്റുള്ള നിറങ്ങളാണ് എല്ലാ കാർ മോഡലുകളുടെയും പരസ്യത്തിൽ നിറയുന്നത് എങ്കിലും അവ മിക്കതും രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ കമ്പനികൾ പരിഷ്കരിക്കും എന്നതാണ് നിത്യഹരിത നിറങ്ങളായി വെള്ള, വെള്ളി, കറുപ്പ് എന്നിവയെ ജനം സ്വീകരിക്കാൻ കാരണം. പക്ഷേ ഇപ്പോൾ ട്രെൻഡ് മാറിവരുന്നു.

നിത്യ ഹരിത നിറങ്ങളൊക്കെ ടാക്സി മേഖലയുടെ അടിസ്ഥാന നിറങ്ങളായിമാറിയതിനാൽ, വ്യക്തിഗ ഉപയോഗത്തിനുള്ള കാറുകൾക്ക് ഇടിവെട്ട് നിറങ്ങൾ വേണമെന്നായി. പ്രീമിയം ലുക് കിട്ടാൻ ‘ബോൾഡ്’ നിറങ്ങൾ എന്നതാണു ട്രെൻഡ്. സാധാരണ നിറങ്ങൾക്കപ്പുറത്ത്, പലനിറങ്ങൾ ചേർത്തു രൂപപ്പെടുത്തുന്ന പുതു നിറങ്ങൾ ചില പുതിയ മോഡലുകളുടെ വിൽപന ഉയരാൻ പോലും സഹായകമായെന്ന് ഡീലർമാർ പറയുന്നു.

കാർ വാങ്ങുന്നവരുടെ ശരാശരി പ്രായം കുറഞ്ഞതും വനിതകൾ, പ്രത്യേകിച്ച് യുവതികൾ, കൂടുതലായി കാർ വാങ്ങാൻ തുടങ്ങിയതും നിറങ്ങളുടെ വിപ്ലവത്തിനു കളമൊരുക്കിയിട്ടുണ്ട്. തിളങ്ങുന്ന പച്ചയും മഞ്ഞയും ഓറഞ്ചും നീലയും ചുവപ്പിന്റെയും ബ്രൗണിന്റെയും വിവിധ ഷെയ്ഡുകളുമൊക്കെ നിരത്തുവാഴുകയാണിപ്പോൾ.

രണ്ടും മൂന്നും വർഷത്തിനുള്ളിൽ കാർ മാറ്റിവാങ്ങുന്ന ശീലം കൂടി വ്യാപകമായതോടെ ഫാൻസി നിറങ്ങൾ വാങ്ങാൻ ഭയമില്ലാതായിട്ടുണ്ട്. കമ്പനി റൂബി റെഡ് മാറ്റി വൈൻ റെഡ് ആക്കുമോ മൂൺലൈറ്റ് നീല മാറ്റി സൺലൈറ്റ് ഓറഞ്ച് ആക്കുമോ എന്നൊന്നും യുവ ഉപയോക്താക്കൾക്കു ടെൻഷനില്ല. സ്പോർട്ടി ആക്കാൻ ഒരേ കാറിൽ രണ്ടു നിറങ്ങൾ ഉപയോഗിക്കാമെങ്കിൽ അത്രയും സന്തോഷം.