Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽപതിന്റെ നിറവിൽ ഹോണ്ട ‘അക്കോഡ്’

honda-accord-2016

ആഗോളതലത്തിൽ തന്നെ മികച്ച ജനപ്രീതിയാർജിച്ച ഹോണ്ടയുടെ ‘അക്കോഡി’ന് നാൽപതിന്റെ നിറവ്. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോറിന്റെ ഡി വിഭാഗം സെഡാനായ ‘അക്കോഡ്’ കഴിഞ്ഞ ദിവസമാണു 40—ാം പിറന്നാൾ ആഘോഷിച്ചത്. നാലു പതിറ്റാണ്ട് മുമ്പ് 1976ൽ അരങ്ങേറിയ ‘അക്കോഡി’ന്റെ ഒൻപതാം തലമുറ മോഡലാണ് ആഗോളതലത്തിൽ ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്. ഇക്കാലത്തിനിടെ അമേരിക്കയിൽ മാത്രം 1.27 കോടി ‘അക്കോഡ്’ വിൽക്കാൻ ഹോണ്ടയ്ക്കു കഴിഞ്ഞു. മൂന്നു വാതിലുള്ള ഹാച്ച്ബാക്കായി തുടങ്ങിയ ‘അക്കോഡി’ന്റെ അക്കാലത്തെ വീൽബേസ് ആവട്ടെ ഇന്നത്തെ ‘ജാസി’നേക്കാൾ കുറവായിരുന്നു. കാലപ്രവാഹത്തിനിടെ ഹാച്ച്ബാക്ക് രൂപത്തോട് വിട പറഞ്ഞ ‘അക്കോഡ്’ ഇന്ന് സൊഡനായും കൂപ്പെയായുമാണു ലഭിക്കുക.

first-generation-1976-honda-accord First generation 1976 Honda Accord

അരങ്ങേറ്റം കഴിഞ്ഞ ആറു വർഷത്തിനു ശേഷം 1982ലാണു ഹോണ്ട യു എസിലെ ഒഹിയോ ശാലയിൽ ‘അക്കോഡ്’ നിർമാണം തുടങ്ങിയത്. ഇതുവരെ യു എസിൽ മാത്രം 1.05 കോടി ‘അക്കോഡ്’ നിർമിച്ചിട്ടുണ്ടെന്നാണു ഹോണ്ടയുടെ കണക്ക്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ യു എസിൽ ഏറ്റവുമധികം വിൽപ്പന നേടിയ കാർ ‘അക്കോഡ്’ ആണെന്ന് ഹോണ്ട അവകാശപ്പെടുന്നു. മാത്രമല്ല കഴിഞ്ഞ ആറു വർഷത്തിനിടെ അഞ്ചു തവണയും 35ൽ താഴെ പ്രായമുള്ളവർക്കിടയിലെ ജനപ്രിയമായ ഇടത്തരം കാറും ‘അക്കോഡ്’ ആണത്രെ. ഇന്ത്യൻ അരങ്ങേറ്റത്തിനായി 2001ലാണ് ‘അക്കോഡി’ന്റെ ആറാം തലമുറ മോഡൽ വിരുന്നെത്തിയത്. ഇടത്തരം സെഡാനായ ‘സിറ്റി’ക്കു പിന്നാലെ ഹോണ്ട കാഴ്സ് ഇന്ത്യ അവതരിപ്പിച്ച രണ്ടാമത്തെ മോഡലുമായിരുന്നു ‘അക്കോഡ്’. തുടർന്ന് വിൽപ്പനയിലെ ഇടിവ് പരിഗണിച്ച് 2014ൽ അന്നു വിപണിയിലുണ്ടായിരുന്ന എട്ടാം തലമുറ ‘അക്കോഡി’നെ ഹോണ്ട ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിക്കുകയും ചെയ്തു.

1991-fourth-generation 1991 fourth-generation CB7 Accord

ഇന്ത്യയിൽ 2008ൽ അവതരിപ്പിച്ച എട്ടാം തലമുറ ‘അക്കോഡ്’ 11,492 യൂണിറ്റിന്റെ വിൽപ്പനയാണു കൈവരിച്ചത്. ഡീസൽ എൻജിനുള്ള മോഡൽ ലഭ്യമല്ലെന്നതായിരുന്നു ‘അക്കോഡ്’ നേരിട്ട പ്രധാന പോരായ്മ. എന്തായാലും ഈ ന്യൂനത പരിഹരിച്ച് ‘അക്കോഡി’ന്റെ ഒൻപതാം തലമുറ ഈ ഉത്സവകാലത്ത് ഇന്ത്യയിൽ തിരിച്ചെത്തുന്നുണ്ട്. ടൊയോട്ട ‘കാംറി’യോട് ഏറ്റുമുട്ടാനായി സങ്കര ഇന്ധന വകഭേദമായിട്ടാവും പുതിയ ‘അക്കോഡ്’ എത്തുക. രണ്ടു ലീറ്റർ ഐ — വിടെക് പെട്രോൾ എൻജിനൊപ്പം വൈദ്യുത മോട്ടോറിന്റെയും പിൻബലമുള്ള കാർ പരമാവധി 198 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ.

Your Rating: