Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ

Driving-Licence

വാഹനം നിരത്തിലോടിക്കണമെങ്കിൽ ലൈസൻസ് കൂടിയേ തീരൂ. പലപ്പോഴും ലൈസൻസ് കാലാവധി കഴിഞ്ഞാണ് പുതുക്കുന്ന കാര്യത്തെപ്പറ്റി നാം ഓർക്കാറ്. ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. ഡ്രൈവിങ് ലൈസൻസിൽ നോൺ ട്രാൻസ്പോർട്ടു വാഹനങ്ങളുടെയും ട്രാൻസ്പോർട്ടു വാഹനങ്ങളുടെയും ലൈസൻസ് കാലാവധി പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. കാലാവധിക്കു ശേഷം വാഹനം ഓടിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ലൈസൻസ് പുതുക്കേണ്ടതാണ്. നോൺ ട്രാൻസ്പോർട്ടു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കാലാവധി 50 വയസ് കഴിഞ്ഞവർക്ക് 5 വർഷവും അല്ലാത്തവർക്ക് 20 വർഷമോ അല്ലെങ്കിൽ 50 വയസുവരേയുമാണ്.

കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഫോറം -9 (APPLICATION FOR THE RENEWAL OF DRIVING LICENCE) ൽ ഉള്ള അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം-1-A) നേത്രരോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവ ഹാജരാക്കണം. 250 രൂപയാണ് ഫീസ്. ലൈസൻസിന്റെ കാലാവധിക്കു മുൻപുതന്നെ പുതുക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. നോൺ ട്രാൻസ്പോർട്ട് ലൈസൻസ് അഞ്ചു വർഷത്തേയ്ക്കാണ് പുതുക്കി നൽകുന്നത്. ട്രാൻസ്പോർട്ടു വാഹനങ്ങളുടേതാകട്ടെ 3 വർഷത്തേക്കാണ് പുതുക്കി ലഭിക്കുന്നത്.

ലൈസൻസ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് പുതുക്കുവാൻ അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സാധ്യത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കും. 30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷിച്ച തീയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം ലഭിക്കുക. കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിഞ്ഞാൽ വീണ്ടും ‍ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ.

ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്

ലൈസൻസ് നഷ്ടപ്പെടുകയോ കേടുപാടു പറ്റുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കാം. അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ ആർ ടി ഓഫീസിൽ വേണം അപേക്ഷ സമർപ്പിക്കണം. മേൽവിലാസം തെളിയിക്കുന്ന രേഖയോടൊപ്പം നിശ്ചിത ഫീസും അടച്ച് അപേക്ഷ നൽകിയാൽ ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റ് പതിപ്പ് ലഭിക്കും. ലൈസൻസ് നഷ്ടപ്പെട്ടതാണെങ്കിൽ ലൈസൻസിങ് അധികാരി മുമ്പാകെ ഹാജരായി സത്യവാങ്മൂലം നൽകണം. ലൈസൻസിന് കേടുപാടു പറ്റിയതാണെങ്കിൽ അത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

മേൽവിലാസം മാറ്റൽ

അന്യസംസ്ഥാനത്ത് താമസിച്ചുകൊണ്ടിരുന്നപ്പോൾ അവിടെ നിന്നെടുത്ത ലൈസൻസിലോ കേരളത്തിലെ ഏതെങ്കിലും ലൈസൻസിങ് അധികാരികൾ നിന്നും ലഭിച്ച ലൈസൻസിലോ ആവശ്യമെങ്കിൽ പുതിയ മേൽവിലാസം ചേർക്കാവുന്നതാണ്. അതിനുവേണ്ടി വെള്ളക്കടലാസിൽ വിശദമായ അപേക്ഷയോടൊപ്പം പുതിയ മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഹാജരാക്കണം. നിശ്ചിത ഫീസും അടയ്ക്കേണ്ടതാണ്.