Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കര ഇന്ധന സാങ്കേതികവിദ്യ ഗതാഗത മേഖലയുടെ ഭാവി – ഹോണ്ട സിഇഒ

Yoichiro-Ueno-Honda-CEO Yoyichiro Ueno-Honda CEO

ഗതാഗത മേഖലയുടെ നിലനിൽപും വളർച്ചയും സങ്കര ഇന്ധന സാങ്കേതിക വിദ്യയുടെ പിൻബലമില്ലാതെ ഭാവിയിൽ സാധ്യമല്ലെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ യൂയിചിറോ ഉയെനോ. കഫെ (ക്ലീൻ എയർ ഫോർ യൂറോപ്പ്) പോലെയുള്ള രാജ്യാന്തര മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ജനപ്രീതിയാർജിക്കുകയും അതനുസരിച്ചുള്ള നിയന്ത്രണങ്ങൾ ലോകരാജ്യങ്ങൾ പ്രാബല്യത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അതിനൊപ്പം നിൽക്കാൻ സങ്കര ഇന്ധന സാങ്കേതിക വിദ്യ അനിവാര്യമാണ്. ഈ മേഖലയിൽ ഹോണ്ടയുടെ റിസർച് ആൻഡ് ഡവലപ്മെന്റ് ടീം മികച്ച മുന്നേറ്റമാണു നടത്തിക്കൊണ്ടിരിക്കുന്നതെന്നും യൂയിചിറോ പറഞ്ഞു. വിൽപനയുടെ അടിസ്ഥാനത്തിൽ ലോകത്തെ നാലാമത്തെ വലിയ വാഹനവിപണിയായി ഇന്ത്യ മാറാൻ പോകുകയാണ്. ജർമനിയെ പിന്തള്ളിയാകും ഇന്ത്യ നാലാം സ്ഥാനത്തെത്തുക. മിക്ക വിപണികളിലെയും ഹോണ്ടയുടെ പതാകവാഹകൻ എന്നു വിശേഷിപ്പിക്കാവുന്ന അക്കോർഡ് എന്ന സെഡാൻ‌ കാർ ഇന്ത്യയുടെ സങ്കര ഇന്ധന സ്വപ്നങ്ങൾക്കു കരുത്തു പകരാൻ എത്തിക്കഴിഞ്ഞു. (സിബിയു–നിർമാണം പൂർത്തിയാക്കിയ കാർ) രീതിയിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താകും അക്കോർഡ് ഇന്ത്യയിൽ വിൽക്കുക.

honda-accord-hybrid Accord Hybrid

നിലവിൽ ഹോണ്ട എൻജിനുകളുടെ പുക പരിശോധനാ ഫലങ്ങൾ ഇന്ത്യയുടെ മലിനീകരണ നിയന്ത്രണ ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നവയാണ്. നാലു മീറ്ററിൽ താഴെ നീളമുള്ള കാറുകൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നികുതിയിളവ് ചരക്കുസേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ പുനഃപരിശോധിക്കപ്പെടുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലു മീറ്ററിൽ താഴെ നീളമുള്ള കാറുകൾക്കു സുരക്ഷയും യാത്രാസുഖവും ഒരുപോലെ ഒരുക്കുക എന്നതു ശ്രമകരമായ ദൗത്യമാണ്. ഹോണ്ട അടക്കമുള്ള മിക്ക രാജ്യാന്തര വാഹനനിർമാതാക്കളുടെയും സാങ്കേതികത്തികവാർന്ന മോഡലുകൾ എല്ലാം നാലു മീറ്ററിൽ കൂടുതൽ നീളമുള്ളവയാണ്.

ഹോണ്ടയുടെ ഇന്ത്യയിലെ വിൽപനയുടെ ഒൻപതു ശതമാനം കേരളത്തിൽ നിന്നാണ്. കഴിഞ്ഞ വർഷത്തെ ഏഴിൽ നിന്നാണ് ഒൻപതിലേക്കുള്ള വളർച്ച. അതിനാൽ തന്നെ കൂടുതൽ സർവീസ് സെന്ററുകളും ഡീലർഷിപ്പുകളും തുറക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും യൂയിചിറോ പറഞ്ഞു. ഹോണ്ടയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനു പാലക്കാട്ടെത്തിയതായിരുന്നു യൂയിചിറോ ഉയെനോ.

ഹോണ്ട ബ്രാൻഡിനെ കൂടുതൽ ജനകീയമാക്കാൻ പദ്ധതിയുണ്ടോ?

ഹോണ്ട ബ്രാൻഡ് ഇപ്പോൾ തന്നെ ജനകീയമാണല്ലോ. കൊച്ചുകുട്ടികൾ വരെ ‘ഹോണ്ട സിറ്റി’ എന്ന കാറിനെപ്പറ്റി വാതോരാതെ സംസാരിക്കുന്നതായി എന്റെ സഹപ്രവർത്തകർ പറയാറുണ്ട്. ഉദ്ദേശിച്ചതു ചെറുകാർ വിപണിയിലേക്കു കൂടുതൽ മോഡലുകൾ വരുമോ എന്നാണെങ്കിൽ ബ്രിയോയുടെ താഴെ വിൽപനയ്ക്കായി ഒരു മോഡലും ഉടനടി ഇറക്കാൻ പദ്ധതിയില്ല. എന്നാൽ നിലവിലുള്ള മോഡലുകൾക്കു കാലികമായ മാറ്റവും സാങ്കേതികമായ മേന്മയും മത്സരക്ഷമമായ വിലയും ഉറപ്പാക്കാൻ പ്രയത്നിക്കും.

honda-city-new-2 New City

മികച്ച പെട്രോൾ എൻജിനുകൾ നിർമിക്കുന്നതിൽ പേരുകേട്ട ഹോണ്ടയിൽനിന്ന് ഒരു ടർബോ പെട്രോൾ എൻജിൻ ഇന്ത്യയിലേക്കെത്തുമോ?

നിലവിൽ ചില വാഹനനിർമാതാക്കൾ ടർബോ പെട്രോൾ എൻജിനുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവ ആവശ്യപ്പെട്ടെത്തുന്ന ഉപയോക്താക്കൾ താരതമ്യേന കുറവാണ്. ടൗണിലെ ട്രാഫിക് ജാമിൽ നിരങ്ങി നീങ്ങാനും ഹൈവേയിൽ കുതിച്ചു പായാനും ഒരുപോലെ ഉതകുന്ന എൻജിനാണു നിലവിൽ ഹോണ്ട ഉപയോഗിക്കുന്ന ‘ഐ–വിടെക്’. ഇന്ത്യ അടക്കമുള്ള മിക്ക ലോക രാജ്യങ്ങളിൽ നിന്നും അവാർഡുകൾ വാരിക്കൂട്ടിയ എൻജിനുമാണത്. അതിനു പകരമായി ഒരു ടർബോ പെട്രോൾ എൻജിൻ അവതരിപ്പിക്കേണ്ട ആവശ്യം ഇപ്പോഴുണ്ടെന്നു തോന്നുന്നില്ല.

i-vtech i-VTEC

ഇന്ത്യയെ ദക്ഷിണേഷ്യയുടെ ഉൽപാദന ഹബ് ആക്കാൻ പദ്ധതിയുണ്ടോ?

അതാതു രാജ്യങ്ങളിൽതന്നെ നിർമാണ യൂണിറ്റുകൾ തുടങ്ങുകയെന്നതാണ് ഹോണ്ട പിന്തുടർന്നു പോരുന്ന രീതി. എന്നാൽ നിലവിൽ ഹൈബ്രിഡ് അക്കോർഡ് ഇറക്കുമതി ചെയ്തു വിൽക്കുന്നതുപോലെയുള്ള നടപടികൾ ആവശ്യമായി വരുമ്പോൾ നടത്താറുണ്ടുതാനും. വാഹന കയറ്റുമതി ഉയർത്താൻ പദ്ധതികളുണ്ട്. എന്നാൽ കൂടുതൽ ഇടങ്ങളിൽ ഫാക്ടറി തുറക്കുന്നതിനെപ്പറ്റി ആലോചനയില്ല. നിലവിൽ കമ്പനിയുടെ എല്ലാ മോഡലുകളിലും 80 ശതമാനം പ്രാദേശികവൽക്കരണം നടപ്പാക്കിയിട്ടുണ്ട്. വിദേശ വിപണികളിലേക്കു ഘടകങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്.

ഹോണ്ടയുടെ ആഡംബര ബ്രാൻഡായ അക്യൂറ ഇന്ത്യയിലേക്കെത്തുമോ?

അമേരിക്ക, കാനഡ, ചൈന, റഷ്യ എന്നീ വിപണികളിലാണു നിലവിൽ അക്യുറ ശക്തമായ വിപണി സാന്നിധ്യം അറിയിച്ചിട്ടുള്ളത്. അക്യൂറയുടെ വ്യാപനം സാവധാനത്തിൽ നടത്തുകയെന്നതാണു നിലവിൽ എടുത്തിരിക്കുന്ന തീരുമാനം. ഇന്ത്യയിലെ ആഡംബര–സ്പോർട്സ് കാർ വിപണിയുടെ വളർച്ച ഹോണ്ട കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായി വന്നാൽ ഹോണ്ടയുടെ ഒരു സൂപ്പർകാർ ഇന്ത്യയിലെത്തിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.

acura Acura ILX

പുതിയ മോഡലുകളെപ്പറ്റി?

ബ്രിയോയുടെ അടുത്ത തലമുറ മോഡൽ എത്തിക്കഴിഞ്ഞു. അക്കോർഡ് ഹൈബ്രിഡ് ഉടനെത്തും. ബിആർവിക്കു കൂട്ടായി മറ്റൊരു ചെറു എസ്‌യുവി കൂടി പരിഗണനയിലുണ്ട്. ഹോണ്ടയുടെ ഗ്ലോബൽ ലൈനപ്പിലുള്ള എച്ആർവിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന്റെ സാധ്യത പരിശോധിച്ചു വരികയാണ്. ചില രാജ്യങ്ങളിൽ വെസൽ എന്ന പേരിലും ഇറങ്ങുന്ന എച്ആർവി ഇന്ത്യയിലെ നിലവിലുള്ള വിപണി സാഹചര്യങ്ങൾക്കു പറ്റിയ കാറാണെന്നു പല വാഹന നിരൂപകരും അഭിപ്രായപ്പെട്ടതായി കേട്ടു. എന്നാൽ ഒരു കാറിന്റെ വിപണി പ്രവേശനത്തിനു മറ്റു പല ഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്. സിവികിന്റെ പുനർ വിപണി പ്രവേശം അക്കോർഡിനു ലഭിക്കുന്ന സ്വീകാര്യത കൂടി കണിക്കിലെടുത്താകും ഉണ്ടാകുക.

honda-hr-v HR-V

കേരളത്തെപ്പറ്റി...

ഇന്ത്യയിലെത്തിയിട്ട് ആറു മാസമായെങ്കിലും ഇതുവരെ വിനോദയാത്രകൾക്കു സമയം കിട്ടിയിട്ടില്ല. സമയം ലഭിച്ചാൽ ആദ്യ പരിഗണന കേരളത്തിനു തന്നെ നൽകും. ഇവിടുത്തെ കാറ്റാണു കാറ്റ്. ശുദ്ധവായുവിനൊപ്പം കേരളത്തിന്റെ ആതിഥേയത്വവും മാതൃകാപരമാണ്.