Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഡസ്റ്റർ 'പിക്ക്അപ്പ്' !

modified-duster-6 Modified Duster, Photos: Albert Manjapra

ഇന്ത്യന്‍ വിപണിയില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവന്ന വാഹനമാണ് റെനോ ഡസ്റ്റര്‍. അധികം ആളും അനക്കവുമില്ലാതിരുന്ന കോംപാക്റ്റ് എസ് യു വി എന്ന സെഗ്മന്റിനെ ഡസ്റ്റര്‍ താരമാക്കി മാറ്റി. ഇന്ന് കോംപാക്റ്റ് എസ് യു വി ലൈനപ്പിലില്ലാത്ത വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ കുറവാണ്. എന്നാല്‍ നമ്മള്‍ ഇന്ന് ഇവിടെ പരിചയപ്പെടാന്‍ പോകുന്നത് ഡസ്റ്ററിന്റെ പിക്ക്അപ്പിനെയാണ്.

modified-duster-5 Modified Duster

പിക്ക്അപ്പ് എന്നാല്‍ നമുക്ക് പച്ചക്കറി വണ്ടിയാണെങ്കില്‍ വികസിത രാജ്യങ്ങളില്‍ അത് അങ്ങനെയല്ല. യാത്രാസുഖവും ലക്ഷ്വറിയും സാധനങ്ങള്‍ കയറ്റാനുള്ള സ്‌പെയ്‌സുമുള്ള മികച്ച വാഹനമാണ് അവര്‍ക്ക് മിനി ട്രക്ക്. ഓസ്ട്രേലിയ, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന വാഹനങ്ങളിലൊന്നും ഈ പിക്ക്അപ്പുകള്‍ തന്നെ. ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിലവിലുള്ള ഡസ്റ്ററിന്റെ പിക്ക്അപ്പ് മോഡലിനെ മനസില്‍ കണ്ട് രൂപംകൊടുത്ത കോട്ടയത്തിന്റെ സ്വന്തം ഡസ്റ്റര്‍ പിക്ക്അപ്പ്.

modified-duster-7 Modified Duster

ഡസ്റ്റര്‍ 911

കോട്ടയം സ്വദേശി ഡാരിന്‍ ഐപ്പാണ് ഈ ഡസ്റ്റര്‍ മോഡിഫിക്കേഷനു പിന്നില്‍. കാർ ഡീറ്റെയ്‌ലിങ് ഷോപ്പ് നടത്തിയിരുന്ന ഡാരിന്റെ പ്ലാന്‍ അനുസരിച്ചാണ് വാഹനം മോഡിഫൈ ചെയ്തത്. ഇതിന് ഏകദേശം ഒന്നര വര്‍ഷമെടുത്തു. മോഡിഫിക്കേഷന്‍ കൂടുതല്‍ പെര്‍ഫെക്റ്റ് ആക്കുന്നതിനായാണ് ഇത്രയും സമയം എടുത്തതെന്നാണ് ഡാരിന്‍ പറയുന്നത്. ഡസ്റ്ററിന്റെ പിന്‍ഭാഗം മുറിച്ച്, രണ്ട് നിര സീറ്റുകളുള്ള പ്രീമിയം ലുക്ക് നല്‍കിയിട്ടുണ്ട് വാഹനത്തിന്.

modified-duster-2 Darin Ipe

പിക്ക്അപ്പ് ആക്കിയത് കൂടാതെ പുതിയ മോഡല്‍ ഹെഡ്‌ലൈറ്റുകള്‍, ഹെല്ല ലുമിനാര്‍ ലൈറ്റുകള്‍, ഹെല്ല ഡെറ്റംറണ്ണിങ് ലൈറ്റുകള്‍, എൽഇഡി ടെയില്‍ ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും പുറം ഭാഗത്തെ മാറ്റങ്ങളാണ്. ഷാസിയുടെ ബലം വർധിപ്പിച്ചിട്ടുമുണ്ട്. റെഡ്‌ഫോക്‌സില്‍ നിന്നുള്ള കസ്റ്റം പെയ്ന്റാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ക്രാഷ് പ്രൊട്ടക്‌ഷന്‍ മെറ്റല്‍ ബംപറും പ്രത്യേകം നിര്‍മിച്ച ഡോര്‍ഹാന്‍ഡിലുമുണ്ട്.

ഉള്‍ഭാഗത്തും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ സീറ്റുകളാണ് ഡസ്റ്റര്‍ പിക്ക്അപ്പില്‍. ബ്ലാക്ക് തീമിലാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. റൂഫിലും ഡോറുകളിലും കറുപ്പിന്റെ ഏഴഴക് ദൃശ്യമാകുന്നുണ്ട്. ഡോര്‍പാഡുകളില്‍ ഹൈഡ്രോഗ്രാഫിക്സ് ഡിസൈനും ചെയ്തിരിക്കുന്നു. ഡസ്റ്ററിന്റെ 110 പിഎസ് വകഭേദമാണ് മോഡിഫിക്കേഷനായി ഉപയോഗിച്ചിരിക്കുന്നത്. എന്‍ജിന്‍ റീമാപ്പ് ചെയ്ത് 140 പിഎസ് കരുത്തും 313 എന്‍എം ടോര്‍ക്കുമാക്കിയിട്ടുണ്ട്.