Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ കരുതൽ വേണം

safe-riding

വേനലായാലും മഴയായാലും സ്വന്തം വാഹനങ്ങളെ ആശ്രയിച്ചാണു മിക്കവരുടെയും യാത്രകൾ. ഇരുചക്ര വാഹനത്തിലെ യാത്രയാണു നാലുചക്ര വാഹനത്തെ അപേക്ഷിച്ചു കൂടുതൽ വിഷമകരം. മഴക്കോട്ടിട്ടാലും നനഞ്ഞു കുളിക്കും.

വസ്ത്രം നനയുമെന്ന ആശങ്കയ്ക്കപ്പുറം വേറെയും അപകടങ്ങൾ കാത്തിരിക്കുന്നുണ്ടു മഴക്കാലത്ത്. കാറ്റും മഴയും റോഡിലെ വെള്ളക്കെട്ടുകളും കുഴികളും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. വാഹനങ്ങൾ നന്നായി സൂക്ഷിച്ചില്ലെങ്കിൽ അപകട സാധ്യത വർധിക്കും. മൺസൂണിൽ സൗഹൃദ വാഹനയാത്ര സാധ്യമാക്കാൻ ചില കാര്യങ്ങൾ.

∙ മഴക്കാലത്തിനു മുൻപു വിശദമായ സർവീസിങ് ആവാം. ഇലക്ട്രിക്കൽ ഭാഗങ്ങളും ബ്രേക്കും പരിശോധിക്കണം.

∙ മഴക്കാലത്തു റോഡിലേക്കുള്ള കാഴ്ച കുറയുമെന്നതിനാൽ ലൈറ്റുകളും ബാറ്ററിയും നല്ല അവസ്ഥയിലായിരിക്കണം.

∙ ടയറുകളിൽ അമിത മർദം പാടില്ല.

∙ നാലുചക്ര വാഹനങ്ങളുടെ വൈപ്പറുകൾക്കു വലിയ റോളുണ്ട്, മഴക്കാലത്ത്. പുതിയ വൈപ്പർ റബർ ഉപയോഗിക്കുകയാണു നല്ലത്.

∙ ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റിന്റെ വൈസർ കാര്യമായി ശ്രദ്ധിക്കണം. രാത്രിയാത്രയിൽ മഴ പെയ്യുമ്പോൾ വൈസർ നല്ലതല്ലെങ്കിൽ റോഡ് കാണാനാകില്ല. നിലവാരം കുറഞ്ഞ ഹെൽമറ്റും ഒഴിവാക്കണം.

∙ മഴക്കാലത്ത് അതിവേഗം അഭികാമ്യമല്ല. വാഹനം പഴയതാണെങ്കിൽ ബ്രേക്ക് ലൈനറിൽ വെള്ളം കയറി ബ്രേക്കിങ് ശേഷി കുറയും. ഡ്രം ബ്രേക്ക് ഉള്ള വാഹനങ്ങൾ വെള്ളക്കെട്ടുകളിൽ കയറിയിറങ്ങുമ്പോൾ ബ്രേക്ക് ചവിട്ടി ശേഷി പരിശോധിക്കണം.. ബ്രേക്ക് മോശമെങ്കിൽ സർവീസ് ചെയ്യാൻ വൈകരുത്.

∙ റോഡുകളിൽ വെള്ളക്കെട്ടുണ്ടെങ്കിൽ സൈലൻസർ വെള്ളത്തിൽ മുങ്ങാതെ നോക്കണം. ജലനിരപ്പു സൈലൻസറിനു മുകളിലാണെങ്കിൽ ആക്സിലേറ്റർ കൊടുത്തുവേണം വാഹനമോടിക്കാൻ.