Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറു സ്ട്രോക് എൻജിനുമായി രണ്ട് കൂട്ടുകാർ

six-strock-engine ബിനീഷും ക്ലീറ്റസ് അനിലും

കുട്ടിക്കാലത്തേ തുടങ്ങിയ വാഹനപ്രേമമാണു മാമംഗലം ചാണയിൽ ക്ലീറ്റസ് അനിലിനെയും സുഹൃത്ത് കൊച്ചു കടവന്ത്ര സ്വദേശി ബിനീഷിനെയും എൻജിനുകളുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയത്. എൻജിനുകളുടെ മികവുയർത്താൻ ഇവരുടെ തലയിൽ പുകഞ്ഞ ചില ആശയങ്ങൾ വാഹനലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. സിക്സ് സ്ട്രോക് എൻജിനുമായി വാഹനലോകത്തെ വിസ്മയിപ്പിച്ച ഇവർ ഇന്റലിജന്റ് റെസിപ്രൊക്കേറ്റിങ് മൾട്ടിസൈക്കിൾ എൻജിൻ(ഐആർഎംസിഇ) എന്ന പുതിയ സാങ്കേതിക വിദ്യയുടെ പണിപ്പുരയിലാണ്. ഒരു സോഫ്റ്റ്്‌വെയറിന്റെ സഹായത്തിൽ ഫോർ സ്ട്രോക്കും സിക്സ് സ്ട്രോക്കും ഒരുമിപ്പിച്ചുള്ള സാങ്കേതിക വിദ്യയാണു ഐആർഎംസിഇ. ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. പേരിനൊപ്പം ബിരുദങ്ങളുടെ നീണ്ട പട്ടികയൊന്നുമില്ല ക്ലീറ്റസ് അനിലിന്റെ പക്കൽ. വാഹനലോകത്തോടുള്ള ഇഷ്ടം കാരണം ഇദ്ദേഹം ആരംഭിച്ച വർക്‌ഷോപ്പാണ് അനിലിന്റെ ജീവിതം. 1997ൽ ഓട്ടോമൊബൈൽ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയ അനിൽ വർക്‌ഷോപ്പിൽ ജോലിക്കെത്തി. ഇന്ധനലാഭം നൽകുന്നതും പരിസര മലിനീകരണം കുറയ്ക്കുന്നതുമായ എൻജിൻ വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചതും അക്കാലത്തു തന്നെ.

പരീക്ഷണങ്ങൾക്കു പറ്റിയ എൻജിൻ കണ്ടെത്തി അതിൽ ചില മാറ്റങ്ങൾ വരുത്തിയാണു സിക്സ് സ്ട്രോക് എൻജിന്റെ പ്രോട്ടോ ടൈപ്പ് 2004ൽ തയാറാക്കിയത്. വീട്ടിൽ തന്നെയായിരുന്നു പരീക്ഷണങ്ങളെല്ലാം. 2005ൽ പേറ്റന്റിന് അപേക്ഷിച്ചു. 2012ൽ ഇന്ത്യൻ പേറ്റന്റ് അനിലിന്റെ സിക്സ് സ്ട്രോക് എൻജിനെ തേടിയെത്തി. ഒരു പവർ നൽകുമ്പോൾ ആറു സ്ട്രോക്കുകൾ ഒരേ സമയം പ്രവർത്തിക്കുന്നതാണു സിക്സ് സ്ട്രോക് എൻജിൻ. മികച്ച ഇന്ധന ലാഭം, കുറഞ്ഞ അന്തരീക്ഷ മലിനീകരണം തുടങ്ങിയ ഒട്ടേറെ നേട്ടങ്ങളുണ്ട് ഇവയ്ക്ക്. സിക്സ് സ്ട്രോക്കിന്റെ നാലു വാൽവ് എൻജിൻ കൂടി ഇതിനിടെ അനിൽ തയാറാക്കി. നാലു വാൽവുള്ള എൻജിൻ പതിവാണെങ്കിലും അതിൽ നിന്നു വ്യത്യസ്തമായ പോർട്ടുകൾ ഉണ്ടെങ്കിലേ സിക്സ് സ്ട്രോക് എൻജിൻ പ്രവർത്തിപ്പിക്കാൻ സാധിക്കൂ. സിക്‌സ് സ്‌ട്രോക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് നാലു പോർട്ടുകൾ ഉള്ള എൻജിൻ ആവശ്യം. തന്റെ കണ്ടെത്തലുമായി അനിൽ പല വാഹനനിർമാതാക്കളെയും സമീപിച്ചെങ്കിലും അനുകൂല മറുപടികൾ ആരും നൽകിയില്ല. സിക്സ് സ്ട്രോക് എൻജിനുകളുടെ പവർ കുറവായിരിക്കുമെന്ന പോരായ്മയാണ് ഇവർ പങ്കുവച്ചത്. ഈ പരാതിക്കു പരിഹാരം തേടിയുള്ള തുടർ പരീക്ഷണങ്ങളാണു ഐആർഎംസിഇ എന്ന കണ്ടെത്തലിലേക്ക് അനിലിനെ എത്തിച്ചത്.

വാഹനത്തിനു പവർ കൂടുതലായി ആവശ്യം വരുന്ന ഘട്ടത്തിൽ ഫോർ സ്ട്രോക് എൻജിനും കുറഞ്ഞ പവർ ആവശ്യമുള്ളപ്പോൾ സിക്സ് സ്ട്രോക്ക് എൻജിനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ. ഉദാഹരണത്തിന് വാഹനം സ്റ്റാർട്ടാക്കുമ്പോൾ ഫോർ സ്ട്രോക് എൻജിനാകും മികവ്. അൽപം ഓടിയ ശേഷം മികച്ച വേഗത്തിൽ മുന്നോട്ടു പോകുമ്പോൾ സിക്സ് സ്ട്രോക് എൻജിൻ മതി. ഇതു രണ്ടും മാറി ഉപയോഗിക്കാൻ പാകത്തിനുള്ള സാങ്കേതിക വിദ്യയാണ് അനിലും ബിനീഷും ചേർന്നു കണ്ടെത്തിയത്. സാങ്കേതിക വിദ്യയുടെ സോഫ്റ്റ്്‌വെയർ വികസിപ്പിച്ചെടുത്തതു ബിനീഷ്. ഫോർ സ്ട്രോക്കും സിക്സ് സ്ട്രോക്കും ഒരു എൻജിനിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നതാണ് സവിശേഷത. ബിനീഷ് തന്റെ എംടെക് പഠനത്തിന്റെ ഭാഗമായി സമർപ്പിച്ച പ്രൊജക്ടും ഇതുമായി ബന്ധപ്പട്ടതായിരുന്നു. സാങ്കേതിക വിദ്യ പൂർണമായി വിജയകരമാണോയെന്നു പരിശോധിക്കാൻ വാഹനം ആവശ്യമാണ്. വാഹനത്തിന്റെ നിർമാണഘട്ടത്തിൽത്തന്നെ ഇതു ഘടിപ്പിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള തിരച്ചിലിലാണു അനിലും ബിനീഷും.

Your Rating: