Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈടെക്ക് ബൈക്കുമായി തെലങ്കാന പോലീസ്

regal-police-rafter Regal Police Raptor

ഗുജറാത്ത് പൊലീസിനു പിന്നാലെ തെലങ്കാന പൊലീസും തങ്ങളുടെ ആയുധപ്പുരയിലേക്ക് സൂപ്പർബൈക്കുകൾ എത്തിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. ആദ്യഘട്ടത്തിൽ ഹൈദരാബാദ്, രചകൊണ്ട, സൈബറാബാദ് എന്നിവിടങ്ങളിലായിരിക്കും ഇവ സേവനം നടത്തുകയെന്നും സാധാരണ റോന്തു ചുറ്റലിനു പകരം പ്രത്യേക ദൗത്യങ്ങൾക്കാകും ഇവ നിയോഗിക്കപ്പെടുകയെന്നും ‘കെസിആർ’ പറഞ്ഞു. എത്ര ബൈക്കുകൾ വാങ്ങുമെന്നു സേനയുടെ അവശ്യം കേട്ട ശേഷം തീരുമാനിക്കും.

regal-police-rafter-3 Regal Police Raptor

അമേരിക്കൻ ബ്രാൻഡായ റീഗൽ റാപ്റ്റർ കമ്പനി നിലവിൽ നിയന്ത്രിക്കുന്നത് ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായുള്ള ബിസിനസ് ഗ്രൂപ്പാണ്. പഴയ തലമുറ അമേരിക്കൻ മിഡിൽ വെയിറ്റ് ക്രൂയിസറുകളെ അനുസ്മരിപ്പിക്കുന്ന റീഗൽ റാപ്റ്റർ ബൈക്കുകളുടെ രൂപരഹസ്യവും ഇതു തന്നെ. ഇപ്പോഴും റീഗൽ റാപ്റ്ററിന്റെ രൂപകൽന നിർവഹിക്കുന്നത് കമ്പനിയുടെ അമേരിക്കൻ ഘടകമാണ്. ക്രമസമാധാന പാലനം, അഗ്നി ശമനം, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, വിവിഐപി എസ്കോർട്ട് എന്നീ ആവശ്യങ്ങൾക്കുപയോഗിക്കാനായി പ്രത്യേകം രൂപകൽപന ചെയ്ത ‘റാപ്റ്റർ പൊലീസ് ലെഗസി’ എന്ന മോഡലാണു മാസങ്ങൾക്കകം തെലങ്കാന പൊലീസിനു കൈമാറുക. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫാബുലസ് ആൻഡ് ബിയോൺഡ് (ഫാബ്) ഗ്രൂപ്പാണ് റീഗൽ റാപ്റ്റർ ബൈക്കുകൾ ഇന്ത്യയിൽ നിർമിച്ചു വിൽപന നടത്തുന്നത്. ഇന്ത്യയിൽ പൊലീസ് സേനയ്ക്കായി പ്രത്യേകം നിർമിക്കുന്ന മോഡലുകൾ കുറവായതിനാലാകാം സർക്കാർ റീഗൽ റാപ്റ്ററിനെ പരിഗണിച്ചത്. ഒരു ബൈക്കിന്റെ ഏകദേശ വില നാലു ലക്ഷം രൂപയായിരിക്കുമെന്നു കരുതപ്പെടുന്നു.

regal-police-rafter-2 Regal Police Raptor

റാപ്റ്റർ പൊലീസ് ലെഗസി എന്ന കരുത്തൻ

തെലങ്കാനയുടെ നിരത്തുകളിലൂടെ രാജകീയമായി പായാൻ തയാറെടുക്കുന്ന ‘റീഗൽ റാപ്റ്റർ പൊലീസ് ലെഗസി’ അവരുടെ തന്നെ ‘ഡിഡി 350ഇ 9ബി’ എന്ന മോഡലിനെ അടിസ്ഥാനമാക്കി നിർമിച്ച ബൈക്കാണ്. 180 കിലോ ഭാരമുള്ള ഇവനെ ചലിപ്പിക്കുന്നത് 320 സിസി ഫോർ സ്ട്രോക് വാട്ടർ കൂൾഡ് (റേഡിയേറ്റർ ഫാൻ സഹിതം) പാരലൽ ഇരട്ട സിലിൻഡർ ഫ്യുവൽ ഇൻജക്ടഡ് എൻജിനാണ്. 8500 ആർപിഎമ്മിൽ 22.7 ബിഎച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 22 എൻഎം ടോർക്കുമുണ്ട് റാപ്റ്ററിന്. 3.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60ൽ എത്തും ഈ കരുത്തൻ. അഞ്ചു ഗിയറുകളുള്ള പൊലീസ് ലെഗസിക്ക് മുൻപിലും പുറകിലും ഡിസ്ക് ബ്രേക്കുകളാണ്. 15 ലീറ്റർ ഇന്ധന ടാങ്ക് ശേഷിയും അലോയ് വീലുകളും ഉണ്ട്. ലീറ്ററിന് 35 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമതയും. സിറ്റി ട്രാഫിക്കിലും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ‌ റാപ്റ്ററിനു കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പൊലീസ് ലെഗസിയുടെ പ്രത്യേകതകൾ

∙ റീഗൽ റാപ്റ്റർ ബൈക്ക് ശ്രേണിയിലെ ഏറ്റവും മികച്ച എൻജിൻ കൺട്രോൾ യൂണിറ്റ് (ഇംഗ്ലണ്ടിലെ ഡെൽഫി ഗ്രൂപ്പ് നിർമിച്ചത്).
∙ ക്രോം ഫിനിഷുള്ള ഹെഡ്‌ലാംപ്, സൈഡ് ബോഡി, സൈലൻസർ. സ്റ്റീൽ റിയർ വ്യു മിറർ, ക്രാഷ് ഗാർഡ്.
∙ മുൻപില്‍ ക്രാഷ് ഗാർഡിലും പുറകില്‍ ടവർ രൂപത്തിലും ഉറപ്പിച്ച അലാമിങ് ലൈറ്റുകൾ, സൈറൺ സ്പീക്കർ (ഇവ പബ്ലിക് അഡ്രസ് സിസ്റ്റമായും ഉപയോഗിക്കാം)
∙ ഇരു വശങ്ങളിലും മെറ്റൽ ബോക്സുകൾ. ഇതിൽ വാക്കി ടോക്കി, നോട്ട് ബുക്ക്/ടാബ്‌ലെറ്റ്, ബോംബ് കണ്ടെത്താനും നിർവീര്യമക്കാനുള്ള ഉപകരണങ്ങൾ, ചെറിയ അഗ്നിശമന യന്ത്രം, ചുരുക്കി ഉപയോഗിക്കാവുന്ന ലാത്തി എന്നിവ സൂക്ഷിക്കാം.
∙ പുറകിൽ ബ്രേക്ക് ലൈറ്റ് ക്ലസ്റ്ററിനു മുകളിൽ പ്രഥമ ശുശ്രൂഷ മരുന്നുകൾ സൂക്ഷിക്കാനുള്ള പെട്ടി.
∙ പൊലീസ് മുദ്ര പതിക്കാൻ സൗകര്യമുള്ള വീതിയുള്ള വിൻഡ്ഷീൽഡ്.
∙ ഓക്സിജൻ സെൻസർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ.
∙ മികച്ച നിലവാരമുള്ള കുഷ്യൻ സീറ്റുകൾ, പിൻയാത്രക്കാരനു സപ്പോർട്ട് ബാക്ക്.

regal-police-rafter-1 Regal Police Raptor

ഗുജറാത്ത് പോലീസിന്റെ സ്ട്രീറ്റ് 750

ഗുജറാത്ത് സർക്കാർ 2015ലാണ് ആറു സൂപ്പർ ബൈക്കുകൾ സ്വന്തമാക്കിയത്. ദ്രുത പ്രതികരണ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. അമേരിക്കൻ നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ പുറത്തിറക്കുന്ന സ്ട്രീറ്റ് 750 എന്ന മോഡലാണ് ആറും. 5.50 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന സ്ട്രീറ്റ് 750യിൽ പൊലീസിനു വേണ്ട പരിഷ്കാരങ്ങൾ വരുത്തിയതു കമ്പനി നേരിട്ടു തന്നെയായിരുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം പൂർണമായും ഇന്ത്യയിൽ (ഹരിയാന പ്ലാന്റ്) നിർമിക്കുന്ന സ്ട്രീറ്റ് 750 ഹാർലിയുടെ ഏറ്റവും പുതിയ റെവല്യൂഷൻ എക്സ് എൻജിൻ ഉപയോഗിക്കുന്നു. എയർകൂൾഡ് എൻജിനുള്ള കമ്പനിയുടെ മറ്റു മോഡലുകളിൽ നിന്നു വ്യത്യസ്തമായി സ്ട്രീറ്റ് 750 വാട്ടർ കൂൾഡ് എൻജിനാണ് ഉപയോഗിക്കുന്നത്.

Harley Davidson Street 750 Street 750

റോയൽ എൻഫീൽഡ്

റോയൽ റാപ്റ്റർ പൊലീസ് ലെഗസിയെ സൂപ്പർ ബൈക്ക് എന്നാണു വിളിക്കുന്നതെങ്കിലും പല സംസ്ഥാനങ്ങളിലെയും പൊലീസ് സേന ഉപയോഗിക്കുന്ന കരുത്തു കൂടിയ ബൈക്കുകളായ റോയൽ എൻഫീൽഡ് ക്ലാസിക്/തണ്ടർബേഡ്/സ്റ്റാൻഡേർഡ്/ഇലക്ട്ര 350 ബൈക്കുകളെക്കാൾ നാമമാത്രമായ കരുത്ത് മാത്രമാണു കൂടുതലുള്ളത്. 350 സിസി സിംഗിൾ സിലിൻഡർ എൻജിനൽ നിന്ന് എൻഫീൽഡ് ബൈക്കുകൾ 20 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കുമ്പോൾ റീഗൽ റാപ്റ്റർ പൊലീസ് ലെഗസി 320 സിസി ഇരട്ട സിലിൻഡർ എൻജിനിൽ നിന്ന് 22 ബിഎച്ച്പി കരുത്തു മാത്രമാണുണ്ടാക്കുന്നത്. എന്നാൽ ഇരട്ട സിലിൻഡർ എൻജിനുള്ള റാപ്റ്റ‌റിന് സിംഗിൾ സിലിൻഡർ എൻജിന്‍ ബൈക്കുകളെ അപേക്ഷിച്ചു വിറയൽ കുറവും വേഗം ആർജിക്കുന്ന തോത്, യാത്രാസുഖം എന്നിവ കൂടുതലും ആയിരിക്കും.

Your Rating: