Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റ് വാങ്ങണോ?

new-bullet Bullet 500

കേരളത്തില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള ബൈക്കുകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക്. എല്ലാത്തരം ആളുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന വാഹനം. ബുക്കുചെയ്ത് മാസങ്ങള്‍ നീണ്ട കാത്തിരുപ്പിനൊടുവിലാണ് ഈ ബൈക്ക് കയ്യില്‍ കിട്ടുന്നത്. സാങ്കേതികമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും മറ്റു ബൈക്കുകളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. ബുള്ളറ്റ് വാങ്ങുന്നതിന് മുമ്പ് ചിന്തിക്കേണ്ട കാര്യങ്ങള്‍...

ബുള്ളറ്റ് വേണോ?

ക്ലാസിക്ക് ലുക്കുള്ള ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റേത്. ക്ലാസിക്ക്, ഇലക്ട്ര, സ്റ്റാണ്ടേര്‍ഡ്, തണ്ടര്‍ബേര്‍ഡ്, കോണ്ടിനെന്റല്‍ ജിടി, ഹിമാലയന്‍ തുടങ്ങിയ ബൈക്കുകളുണ്ട് എന്‍ഫീല്‍ഡ് നിരയില്‍. ജാപ്പനീസ് ബൈക്കുകളുടെ പെര്‍ഫോമന്‍സ് ആഗ്രഹിച്ചാണെങ്കില്‍ ഒരിക്കലും റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകള്‍ തിരഞ്ഞെടുക്കരുത്. വേഗപ്രിയര്‍ക്കു വേണ്ടിയുള്ളതല്ല മറിച്ച് റൈഡിംഗ് ഒരനുഭവമാക്കാനാഗ്രഹിക്കുന്നവര്‍ക്കായി രൂപപ്പെടുത്തിയിരിക്കുന്നതാണു ബുള്ളറ്റ്. 'വിറയൽ' എൻഫീല്‍ഡ് ബൈക്കുകളുടെ കൂടെപിറപ്പാണ്.

ട്രാഫിക്ക് ബ്ലോക്കുകളിലെ നിയന്ത്രണം ബുദ്ധിമുട്ട്

യാത്ര സുഖം തന്നെയാണ് ബുള്ളറ്റിന്റെ പ്രധാന സവിശേഷത. ദൂരയാത്രകളില്‍ ക്ഷീണം കുറവായിരിക്കും. ഹൈവേകളിലും ബുള്ളറ്റ് മികച്ചതാണ്. എന്നാല്‍ ചെറിയ ട്രാഫിക്ക് ബ്ലോക്കുകളില്‍ കട്ടി കൂടിയ ക്ലച്ചും ഭാരം കൂടുതലും അല്‍പ്പം ബുദ്ധിമുട്ട് സമ്മാനിക്കും. ബുള്ളറ്റ് ഉപയോഗിച്ച് ശീലിച്ചാൽ മറ്റു ബൈക്കുകളിലെ യാത്ര ഇഷ്ടപ്പെടില്ല.

ഇന്ധനക്ഷമത

ചെറിയ എന്‍ജിനുകളുള്ള വാഹനങ്ങളെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുമായി താരതമ്യം ചെയ്യരുത്. 35 മുതല്‍ 45 കിലോമീറ്റര്‍ വരെയാണ് റോയല്‍ എന്‍ഫില്‍ഡ് 350 സിസി ബൈക്കുകളുടെ മൈലേജ്. പെട്ടന്നുള്ള ആക്‌സിലറേഷനും അനാവശ്യ ബ്രേക്കിങും ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുമെല്ലാം മൈലേജിനെ കാര്യമായി ബാധിക്കും. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കൈകാര്യം ചെയ്യുന്നതിന് അനുസരിച്ചാണ് മൈലേജ്. ചെറു ബൈക്ക് ഉപയോഗിക്കുന്നതുപോലെ ഉപയോഗിച്ചാല്‍ മൈലേജ് കുറയുമെന്നത് തീര്‍ച്ച.

സ്‌പോക്ക് വീലുകള്‍

അലോയ് വീലിന്റെ ഈ കാലഘട്ടത്തിലും ബുള്ളറ്റിലിപ്പോഴും ഉള്ളത് പഴയ മോഡല്‍ സ്‌പോക്ക് വീലുകള്‍ തന്നെ. പ്രധാനമായും ഓഫ്-റോഡ് റൈഡുകള്‍ക്കു വേണ്ടിയുള്ളതാണ് സ്‌പോക്ക് വീലുകള്‍. എളുപ്പത്തില്‍ നന്നാക്കാനാകും എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. കൂടാതെ അലോയ് വീലുകളെ അപേക്ഷിച്ച് സ്‌പോക്കുകള്‍ക്ക് യാത്ര സുഖം കൂടുതലുണ്ട്. എന്നാല്‍ വൃത്തിയാക്കാന്‍ പ്രയാസമാണ് എന്നത് ബുള്ളറ്റ് പ്രേമികളെ വിഷമിപ്പിക്കുന്ന കാര്യമാണ്.

തുരുമ്പ് പിടിക്കുമെന്ന പരാതി

പൊതുവേ ബുള്ളറ്റിന്റെ പാർട്സുകൾക്ക് തുരമ്പുപിടിക്കുമെന്ന് പരാതിയുണ്ട് എന്നാൽ ആഫ്റ്റർ മാർക്കറ്റായി ഫിറ്റ് ചെയ്യുന്ന ക്ലാഷ് ഗാർഡുപോലുള്ള ഭാഗങ്ങൾക്ക് മാത്രമേ തുരുമ്പു പിടിക്കു എന്നാണ് ബുള്ളറ്റ് പ്രേമികളുടെ അഭിപ്രായം. പുർണ്ണമായും ഉരുക്കിലാണ് ബുള്ളറ്റിന്റെ ഭാഗങ്ങൾ നിർമിക്കുന്നത്. അതുകൊണ്ട് ഉപയോഗിക്കുന്ന ആളുകളുടെ പരിചരണം പോലിരിക്കും തുരുമ്പു പിടിക്കുന്നത്.

സര്‍വീസ് തലവേദന

സർവീസാണ് റോയൽ എൻഫീൽഡ് ബൈക്ക് ഉപഭോക്താക്കള്‍ പ്രധാനമായും നേരിടുന്ന പ്രശ്നം. മറ്റു നിർമാക്കളുടെ ബൈക്കുകൾ ഏതു ടൂ വിലർ വർക്ക്ഷോപ്പുകളിലും നന്നാക്കാമെന്നിരിക്കെ റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ നന്നാക്കാൻ അറിയാവുന്നവർ കുറവാണ്. കമ്പനി സർവീസ് സെന്ററുകളിലെ സർവീസിനെപ്പറ്റി മോശം അഭിപ്രായം ഒട്ടുമിക്ക ബുള്ളറ്റ് ഉപഭോക്താക്കൾക്കും ഉണ്ടാകും.