Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർഥക്കും അലനും നിർമിച്ചു; അടിപൊളി ബൈക്ക്

home-made-bike

ഒരു സൈക്കിളും മോട്ടോറും ചേർത്തുവച്ചാൽ എന്താകും. അതിനെയാണല്ലോ ‘മോട്ടോർ സൈക്കിൾ’ എന്നു പറയുന്നത്. അർഥക്കും അലനും അവധിക്കാലത്തുണ്ടാക്കിയ സൂത്രം കണ്ട കൂട്ടുകാർ ‍ഞെട്ടി. ‍കൂട്ടുകാരെല്ലാം ബന്ധുക്കളുടെ വീട്ടിൽ പോയും സിനിമ കണ്ടും അവധിക്കാലം തീർത്തപ്പോൾ ഒരു മോട്ടോർ സൈക്കിൾ തയാറാക്കുന്ന തിരക്കിലായിലായിരുന്നു ഇവർ. വൈറ്റില ടോക് എച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് അർഥക് ആന്റണി സെന്നും അലൻ പോൾ ബെസിയും. അവധിക്കാലത്ത് ഇവർക്കു പിടിപ്പതു പണിയായിരുന്നു. നഗരത്തിലെ ആക്രിക്കടകൾ കയറിയിറങ്ങി. അങ്ങനെ ആക്രിക്കടയിൽ നിന്നു ശേഖരിച്ച വസ്തുക്കൾ കൊണ്ട് ഒരു മോട്ടോർ സൈക്കിൾ തയാറാക്കി. മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ ബാലപാഠങ്ങൾ പോലും അറിയില്ലാത്തവരാണു 30 കിലോമീറ്റർ വേഗത്തിൽ വരെ യാത്ര ചെയ്യാവുന്ന ഈ സൈക്കിൾ ബൈക്ക് നിർമിച്ചത്.

ഇന്റർനെറ്റിൽ കണ്ട ചില കൗതുകങ്ങളാണ് ഇവർക്കു മോട്ടോർ സൈക്കിൾ നിർമിക്കാൻ പ്രചോദനമായത്. കൈവശമുണ്ടായിരുന്ന സൈക്കിളിന്റെ ഫ്രെയിം അഴിച്ചെടുത്തു. അതിൽ ഹോണ്ടയുടെ ജനറേറ്റർ എൻജിൻ ഘടിപ്പിച്ചാണു യന്ത്ര സൈക്കിൾ തയാറാക്കിയത്. ബൈക്കിന്റെ സീറ്റ്, ഗിയർ സംവിധാനം എന്നിവയെല്ലാം ആക്രിക്കടകളിൽ നിന്നാണു കണ്ടെത്തിയത്. ആക്ടീവയുടെ ഗിയർ ബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്. വീലുകൾ സൈക്കിളിന്റേതു തന്നെ. സമീപവാസിയായ മെക്കാനിക്ക് വരച്ചു നൽകിയ ഇലക്ട്രിക് സർക്യൂട്ടുകൾ ഇവർ തന്നെ തയാറാക്കി. ആദ്യം മോട്ടോർ സൈക്കിൾ തയാറാക്കിയെങ്കിലും ചില പ്രശ്നങ്ങൾ കണ്ടെത്തിയതോടെ അഴിച്ചുപണിതു. രണ്ടു പേർക്കു സുന്ദരമായി യാത്ര ചെയ്യാൻ സാധിക്കുന്ന ബൈക്കാണ് അവസാനം രൂപപ്പെട്ടത്. ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

ജനറേറ്ററിന്റെ എൻജിനിൽ പെട്രോൾ നിറച്ചാൽ ഒരു മണിക്കൂർ ഓടുമെന്ന് ഇവരുടെ വാക്കുകൾ. വീടിനു പുറത്തെടുക്കരുതെന്നു മാതാപിതാക്കളുടെ ഉത്തരവുണ്ടെങ്കിലും വീടിനു മുന്നിലെ ചെറിയ റോഡിൽ ഇവർ തങ്ങളുടെ ‘സൈക്കിളു’മായെത്തും. കൂട്ടുകാർ സൈക്കിൾ ചവിട്ടി പോകുമ്പോൾ ഇവർ എൻജിൻ സ്റ്റാർട് ചെയ്ത് ഓടിക്കുമെന്നു മാത്രം. കടവന്ത്ര ശാസ്ത്രിനഗർ കാവുതടത്തിൽ സെൻ ജോർജിന്റെയും റെനിയുടെയും മകനാണ് അർഥക് ആന്റണി സെൻ. എളംകുളം പെരുവുങ്കൽ ബെസി പോളിന്റെയും റീനയുടെയും മകനാണ് അലൻ.