Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ എക്സ്പൊയിൽ ‘സിറ്റി വൈഡ്’ ബസ്സുമായി സ്കാനിയ

scania-city-wide-bus

ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ കൈവരിച്ച വർധന കണക്കിലെടുത്ത് ഇന്ത്യയിലെ ഉൽപ്പാദനം ഇരട്ടിയാക്കുമെന്ന് സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ സ്കാനിയ. ഇതോടൊപ്പം അടിസ്ഥാന സൗകര്യ മേഖലയിലെ വികസനം പ്രയോജനപ്പെടുത്തി ഇന്ത്യൻ ആഡംബര ബസ് വിപണിയിലെ വിഹിതം വർധിപ്പിക്കാനും കമ്പി ലക്ഷ്യമിട്ടിട്ടുണ്ട്.

നിലവിൽ 2,500 ട്രക്കുകളും 1,000 ബസ്സുകളുമാണു കമ്പനി ബെംഗളൂരുവിനു സമീപം നരസാപുരയിലെ ശാലയിൽ പ്രതിവർഷം നിർമിക്കുന്നത്. 2020 ആകുമ്പോഴേക്ക് ഉൽപ്പാദനം ഇരട്ടിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട സ്കാനിയയുടെ ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ മൈക്കൽ ബെൻജി അറിയിച്ചു. ഇന്ത്യയ്ക്കായി തയാറാക്കിയ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഉൽപ്പാദനം ഉയർത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കൂടുതൽ വിപണി വിഹിതം നേടാൻ അനുയോജ്യ സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നാണു കമ്പനിയുടെ വിലയിരുത്തൽ. ഈ സാധ്യത മുൻനിർത്തിയാണ് ഉൽപ്പാദനം ഇരട്ടിയാക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു വർഷത്തിനകം കർണാടകത്തിലെ നിർമാണ ശാലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 1,200 ആയി ഉയരുമെന്നും ബെൻജി അറിയിച്ചു.

എന്നാൽ അച്ചത്നഹള്ളിയിലെ ശാലയുടെ ഉൽപ്പാദനം ഇരട്ടിക്കാൻ നടത്തുന്ന നിക്ഷേപം എത്രയാവുമെന്നു വെളിപ്പെടുത്താൻ ബെൻജി തയാറായില്ല. ഇതുവരെ 300 കോടി രൂപയാണു സ്കാനിയ ഇന്ത്യയിലെ പ്ലാന്റിൽ നിക്ഷേപിച്ചിരിക്കുന്നത്.

പരമ്പരാഗത ഇന്ധനമായ ഡീസലിനൊപ്പം ബയോ എതനോൾ, ബയോ ഡീസൽ, ബയോ മീതെയ്ൻ തുടങ്ങിയ പാരമ്പര്യേതര ഇന്ധനത്തിലും ഓടുന്ന ‘സിറ്റിവൈഡ്’ ബസ് സ്കാനിയ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്തു. സ്മാർട് സിറ്റി വികസനത്തിനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾക്കും കേന്ദ്ര സർക്കാർ നൽകുന്ന പരിഗണന പ്രയോജനപ്പെടുത്താനാവുമെന്നാണു സ്കാനിയയുടെ പ്രതീക്ഷ.

സ്മാർട് സിറ്റി പദ്ധതിയിൽ വിവിധ സംസ്ഥാനങ്ങളുമായി സഹകരിക്കുമെന്നു ബെൻജി വ്യക്തമാക്കി. വിവിധ നഗരങ്ങളുടെ ആവശ്യങ്ങളും വ്യത്യസ്തമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നാലു വർഷത്തിനകം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിക്കാനുള്ള തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. സിംഗപ്പൂരിലും ഹോങ്കോങ്ങിലും കമ്പനി സമാന വെല്ലുവിളി നേരിട്ടിരുന്നു; ഇത്തരം സാഹചര്യങ്ങൾക്ക് അനുയോജ്യമായ മോഡലുകൾ സ്കാനിയയുടെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിലവിൽ ഇന്ത്യയിലെ പ്രീമിയം ബസ് വിപണിയിൽ 35% വിഹിതമാണു സ്കാനിയ അവകാശപ്പെടുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന ബസ്സുകൾക്ക് ആവശ്യമുള്ള 70 — 80% ഘടകങ്ങൾ കമ്പനി പ്രാദേശികമായി സമാഹരിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.