Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധയാകർഷിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾ

passat-gte-hybrid ഫോക്സ്‌വാഗൻ പസാറ്റ് ജിറ്റിഇ

ന്യൂഡൽഹി ∙ ഹൈബ്രിഡ് കാറുകളും ഇലക്ട്രിക് കാറുകളും നിർമിക്കുന്നതിൽ പ്രമുഖ വാഹനനിർമാതാക്കളെല്ലാം ശ്രദ്ധയൂന്നിയിരിക്കുന്നുവെന്ന സൂചനയാണ് ഗ്രെയ്റ്റർ നോയിഡയിൽ നടക്കുന്ന ഓട്ടൊ എക്സ്പൊ നൽകുന്നത്. വായു മലിനീകരണം ആഗോളതലത്തിൽ ഒരു വൻഭീഷണിയായി മാറിയതോടെ ഇന്നിന്റെ ആവശ്യമായ ഇത്തരം കാറുകൾക്കു ജനപ്രീതിയും വർധിക്കുന്നുവെന്ന് ഇത്തരം മോഡലുകൾ പ്രദർശിപ്പിച്ച പവലിയനുകളിലെ തിരക്ക് സൂചിപ്പിക്കുന്നു. പതിമൂന്നാമത് ഓട്ടൊ എക്സ്പൊയിൽ പ്രദർശനത്തിനെത്തി ശ്രദ്ധയാകർഷിച്ച പ്രധാന മോഡലുകൾ അറിയാം.

ഫോക്സ്‌വാഗൻ പസാറ്റ് ജിറ്റിഇ

passat-gte ഫോക്സ്‌വാഗൻ പസാറ്റ് ജിറ്റിഇ

ജനപ്രിയ സെഡാൻ പസാറ്റിന്റെ ഹൈബ്രിഡ് മോഡൽ 'പസാറ്റ് ജിറ്റിഇ' -യുമായാണ് ഫോക്സ്‌വാഗൻ ഡൽഹി ഓട്ടൊ എക്സ്പൊയിലെത്തിയത്. കമ്പനിയുടെ സ്വന്തം പ്ലഗ്-ഇൻ ഹൈബ്രിഡ് ടെക്നോളജിയിൽ അധിഷ്ഠിതമാണു പ്രവർത്തനം. 153 ബിഎച്ച്പി കരുത്തുള്ള 1.4 ലിറ്റർ റ്റിഎസ്ഐ പെട്രോൾ എന്‍ജിൻ, 9.9 കിലോവാട്ട് ലീഥിയം-ഇയോൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോർ എന്‍ജിനുമാണുള്ളത്. ഇലക്ട്രിക് മോട്ടോർ 115 ബിഎച്ച്പി കരുത്തും 400 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കും. ആകെ 218 ബിഎച്ച്പി കരുത്ത്. ആറു സ്്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ. പെട്രോൾ ഡ്രൈവ് മോഡിൽ നിന്നും പൂർണ ഇലക്ട്രിക് ഡ്രൈവ് മോ‍ഡിലേക്കു മാറാൻ ബട്ടണമര്‍ത്തിയാൽ മതി. പരമാവധി 50 കിലോമീറ്റർ വരെ വൈദ്യുതിയിൽ സഞ്ചരിക്കാനാകും. 2017 ൽ പസാറ്റ് ജിറ്റി ഇ ഇന്ത്യയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. 45 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില.

ടൊയോട്ട പ്രിയസ് സെക്കൻഡ് ജനറേഷൻ

toyota-prius-hybrid ടൊയോട്ട പ്രിയസ് സെക്കൻഡ് ജനറേഷൻ

രണ്ടാം തലമുറ ടൊയോട്ട പ്രിയസ് ആണ് ഹൈബ്രിഡ് കാറുകളിൽ ശ്രദ്ധയാകർഷിച്ച മറ്റൊരു താരം. 2015 സെപ്റ്റംബറിൽ അമേരിക്കയിൽ അവതരിപ്പിച്ച ഈ മോഡൽ ഇതാദ്യമായാണ് ഇന്ത്യയിലവതരിപ്പിക്കുന്നത്. 1.8 ലിറ്റർ, നാലു സിലിണ്ടർ വിവിറ്റി-ഐ ഗ്യാസൊലിൻ എൻജിൻ. ഡിഒഎച്ച്സി കമ്പഷെൻ എൻജിൻ 97 ബിഎച്ച്പി കരുത്തും, 142 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കും. പഴയ മോഡലിനെ അപേക്ഷിച്ച് പത്തു ശതമാനം തെർമൽ ഊര്‍ജമാണ് പുതിയ പ്രിയസ് അധികം നൽകുന്നത്. 60 മില്ലീമീറ്റർ നീളവും 15 മില്ലീമീറ്റർ വീതിയും പുതിയ മോഡലിനു കൂടുതലുണ്ട്. പൂർണമായും ഇറക്കുമതി ചെയ്യുന്ന മോഡലിന് 38 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

നിസാൻ എക്സ് ട്രെയിൽ ഹൈബ്രിഡ്

Nissan-X-Trail-Hybrid നിസാൻ എക്സ് ട്രെയിൽ ഹൈബ്രിഡ്

നിസാന്റെ എക്സ് ട്രെയിൽ എസ് യു വിയുടെ ഇലക്ട്രിക് ക്രോസോവർ ഹൈബ്രിഡ് മോഡലാണ് എക്സ് ട്രെയിൽ ഹൈബ്രിഡ്. പുറത്തിറങ്ങുമ്പോൾ ഇന്ത്യയിലെ ആദ്യ പൂർണ ഇലക്ട്രിക് എസ് യു വി എന്ന നേട്ടവും നിസാൻ എക്സ് ട്രെയിൽ ഹൈബ്രിഡ് സ്വന്തം പേരിൽ കുറിക്കും.

2.0 ലിറ്റർ പെട്രോൾ എൻജിനും 32 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് എക്സ് ട്രെയിൽ ഹൈബ്രിഡിനു കരുത്തേകുന്നത്. ആകെ 183 ബിഎച്ച് പി കരുത്ത്. എക്സ് - ട്രോണിക് സിവിറ്റി ട്രാൻസ്മിഷൻ. നിസാന്റെ അതിനൂതന ഹൈബ്രിഡ് സിസ്റ്റം - ഇന്റലിജന്റ് ഡ്യുവൽ ക്ലച്ച് കൺട്രോൾ സിസ്റ്റം ഒരേ സമയം വാഹനമോടിക്കാനുള്ള വൈദ്യുതോർജം നൽകുന്നതിനൊപ്പം വൈദ്യുതി പുനരുൽപ്പാദിപ്പിക്കുകയും ചെയ്യും. ആക്ടീവ് റൈഡ് കൺട്രോൾ ആണ് മറ്റൊരു പ്രധാന ഫീച്ചർ. ദുർഘട റോഡുകളിൽ ഡ്രൈവിങ് അനായാസമാക്കുന്നു ഈ ഫീച്ചർ. പൂർണമായും ഇറക്കുമതി ചെയ്യുന്ന മോഡലിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

മഹീന്ദ്ര ഇ-വെരിറ്റൊ

mahindra-e-verito മഹീന്ദ്ര ഇ-വെരിറ്റൊ

വെരിറ്റൊയുടെ ഇലക്ട്രിക് വകഭേദം ഇ-വെരിറ്റൊ മഹീന്ദ്രയുടെ ആദ്യ ഹൈബ്രിഡ് മോഡലാണ്. 39 പിഎസ് കരുത്തുൽപ്പാദിക്കാൻ ശേഷിയുള്ള എസി മോട്ടോർ ആണുള്ളത്. ഫുൾ ചാർജിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഏഴു മണിക്കൂറാണ് ഫുൾ ചാർജാകാനെടുക്കുന്ന സമയം. ഏകദേശം 10 ലക്ഷം രൂപ വില വരുന്ന ഈ മോഡൽ എന്നു വിപണിയിലെത്തിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റെവ സ്വന്തമാക്കിയതു മുതൽ ഇലക്ട്രിക് കാർ രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയാണ് മഹീന്ദ്ര. പൂർണമായും വൈദ്യുതോര്‍ജത്തിൽ പ്രവർത്തിക്കുന്ന ഹാച്ച്ബാക്കും മഹീന്ദ്രയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നു സൂചനയുണ്ട്.

mahindra-e2o-electric മഹീന്ദ്ര ഇ2ഒ കൺസെപ്റ്റ് കാർ

പൂർണ ഇലക്ട്രിക് കാർ ഇ2ഒ സ്പോർട്സ് കൺസെപ്റ്റും മഹീന്ദ്ര എക്സ്പൊയിൽ പ്രദർശിപ്പിച്ചു. 80 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ എൻജിൻ. പൂജ്യത്തിൽ നിന്നു 60 കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടത് നാലു സെക്കൻഡ്. ഫുൾ ചാർജിൽ പരമാവധി 200 കിലോമീറ്റർ വരെ വൈദ്യുതിയിൽ സഞ്ചരിക്കാനാകും. ഈ വര്‍ഷം പകുതിയോടെ ഈ മോഡലിന്റെ ഒരു വകഭേദം മഹീന്ദ്ര ഷോറൂമുകളിലെത്തുമെന്നാണു കമ്പനി നൽകുന്ന സൂചന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.