Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലക്സസ്’ ഇന്ത്യയിൽ; വില 55.27 ലക്ഷം മുതൽ

lexus-es-300h ES 300h

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ ആഡംബര ബ്രാൻഡായ ലക്സസ് ഇന്ത്യയിലും വിൽപ്പനയ്ക്കെത്തി. മൂന്നു മോഡലുകളാണു തുടക്കത്തിൽ ലക്സസ് ശ്രേണിയിൽ ഇന്ത്യയിൽ ലഭ്യമാവുക: ‘ആർ എക്സ് ഹൈബ്രിഡി’ന് 1.07 കോടി രൂപയും ‘ആർ എക്സ് എഫ് സ്പോർട് ഹൈബ്രിഡി’ന് 1.09 കോടി രൂപയും സെഡാനായ ‘ഇ എസ് 300 എച്ച് ഹൈബ്രിഡി’ന് 55.27 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിലെ വില.

ഇവയ്ക്കു പുറമെ ‘ലക്സസ് എൽ എസി’ന്റെ അഞ്ചാം തലമുറ മോഡലും സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എൽ എക്സ് 450 ഡി’യും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്; പക്ഷേ ഇതു വാഹനങ്ങളുടെയും വില പ്രഖ്യാപിച്ചിട്ടില്ല. ഇവ അടുത്ത വർഷം വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ആഡംബര കാറുകൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് ലക്സസിനെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. ഒപ്പം ആഡംബര വാഹനങ്ങൾ മോഹിക്കുന്ന ടൊയോട്ട ഉപയോക്താക്കളെയും കമ്പനി ലക്സസിലൂടെ ലക്ഷ്യമിടുന്നുണ്ട്.

നിലവിൽ ഹൈബ്രിഡ് ‘കാംറി’യാണു ടൊയോട്ട ഇന്ത്യയിൽ നിർമിച്ചു വിൽക്കുന്ന ഏറ്റവും വിലയേറിയ മോഡലെന്ന് ലക്സസ് ഇന്റർനാഷനൽ പ്രസിഡന്റ് യോഷിഹിരൊ സാവ ഓർമിപ്പിച്ചു. ഇതിനും മുകളിലുള്ള വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യയിൽ ധാരാളമുണ്ട്. ഈ സാഹചര്യത്തിൽ ലക്സസ് അരങ്ങേറ്റത്തിന് തികച്ചും അനുയോജ്യമായ സമയമാണിതെന്നു സാവ അഭിപ്രായപ്പെട്ടു. ടൊയോട്ട ഉപയോക്താക്കൾ മറ്റ് ആഡംബര ബ്രാൻഡുകൾ തേടിപ്പോകുന്നതു തടയാനും ലക്സസിന്റെ വരവിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ഡൽഹി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു ഡീലർഷിപ്പുകൾ വഴിയാവും ലക്സസ് ഇന്ത്യയിലെ കാർ വിൽപ്പന ആരംഭിക്കുക. ഇതൊടൊപ്പം ചണ്ഡീഗഢ്, ഹൈദരബാദ്, ചെന്നൈ, കൊച്ചി നഗരങ്ങളിൽ കാർ സർവീസിങ്ങിനുള്ള സൗകര്യവും ഏർപ്പെടുത്തും. കാറുകളോടുള്ള വിപണിയുടെ പ്രതികരണം വിലയിരുത്തിയ ശേഷമാവും പ്രാദേശിക നിർമാണം ആരംഭിക്കുന്നതിനെക്കുറിച്ചു തീരുമാനമെടുക്കുകയെന്ന് ലക്സസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അകിതൊഷി തകെമുര അറിയിച്ചു. ഇന്ത്യയിൽ പ്രാദേശിക നിർമാണത്തിനുള്ള സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തായാലും തുടക്കത്തിൽ ജപ്പാനിൽ നിർമിച്ച കാറുകൾ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. 

Your Rating: