Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് നാല് ‘ഡിയൊ’യുമായി ഹോണ്ട; വില 49,132 രൂപ

dio-bs4

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പുലർത്തുന്ന ‘ഡിയൊ’ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) വിപണിയിലിറക്കി. ബി എസ് നാല് എൻജിനും ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ(എ എച്ച് ഒ) സംവിധാനവുമുള്ള സ്കൂട്ടറിന് 49,132 രൂപയാണു ഡൽഹി ഷോറൂമിൽ വില. ഒന്നര പതിറ്റാണ്ട് മുമ്പ് 2002ലാണു ‘ഡിയൊ’ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 17.5 ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണു കാഴ്ചപ്പകിട്ടേറിയ ഈ ഗീയർരഹിത സ്കൂട്ടർ സ്വന്തമാക്കിയതെന്നാണ് എച്ച് എം എസ് ഐയുടെ അവകാശാവാദം.

സ്വന്തം അഭിരുചികൾക്ക് അനുസൃതമായി ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയുടെ ആവേശമാണ് ‘2017 ഡിയൊ’ പങ്കുവയ്ക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) യാദ്വീന്ദർ സിങ് ഗുലേറിയ അഭിപ്രായപ്പെട്ടു. എൽ ഇ ഡി പൊസിഷൻ ലാംപ്, ഇരട്ട വർണ ബോഡി, തന്റേടം തുളുമ്പുന്ന സ്പോർട്ടി ഗ്രാഫിക്സ്, മൊബൈൽ ഫോൺ ചാർജിങ് സോക്കറ്റ് എന്നിവയ്ക്കൊപ്പം രണ്ടു പുതിയ നിറങ്ങളിൽ കൂടി ‘2017 ഡിയൊ’ വിൽപ്പനയ്ക്കുണ്ടാവുമെന്ന് ഗുലേറിയ വെളിപ്പെടുത്തി. നിലവിലുള്ള നിറങ്ങളായ സ്പോർട്സ് റെഡ്, കാൻഡി ജാസി ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിവയ്ക്കൊപ്പം വൈബ്രന്റ് ഓറഞ്ച്, പേൾ സ്പോർട്സ് യെലോ വർണങ്ങളിലും പുതിയ ‘ഡിയൊ’ ലഭ്യമാവും.

‘വി’ ആകൃതിയിലുള്ള എൽ ഇ ഡി ലാംപ് സഹിതമെത്തുന്ന ‘2017 ഡിയൊ’യ്ക്ക് കരുത്തേകുന്നത് ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി)യുടെ പിൻബലമുള്ള 109 സി സി എൻജിനാണ്. ഇതിനു പുറമെ ഇക്വലൈസൻ സാങ്കേതികവിദ്യ സഹിതമുള്ള കോംബി ബ്രേക്ക് സംവിധാന(സി ബി എസ്)നവും പുതിയ ‘ഡിയൊ’യിലുണ്ട്. കേന്ദ്ര സർക്കാർ വ്യവസ്ഥകൾ പ്രകാരം 125 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങൾക്ക് 2018 ഏപ്രിൽ ഒന്നു മുതലാണ് സി ബി എസ് നിർബന്ധമാക്കുന്നത്.

Your Rating: