Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ലുക്കില്‍ പോളോ ജി ടി സ്പോർട്ട്

polo-gt-sports Polo GT Sport

ഹാച്ച്ബാക്കായ ‘പോളോ ജി ടി’യുടെ പരിമിതകാല പതിപ്പായി ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗന്‍  ‘പോളോ ജി ടി സ്പോർട്’ പുറത്തിറക്കി. കാറിനു പുറത്തും അകത്തുമൊക്കെയുള്ള പരിഷ്കാരങ്ങളോടെ വിൽപ്പനയ്ക്കെത്തുന്ന പരിമിതകാല പതിപ്പ് ‘പോളോ ജി ടി’യുടെ ഇരുവകഭേദങ്ങളിലും ലഭ്യമാണെന്നു ഫോക്സ്‌വാഗന്‍ ‌ അറിയിച്ചു.ഗ്ലോസി ബ്ലാക്ക് സ്പോയ്ലർ, 16 ഇഞ്ച് പൊർട്ടാഗൊ അലോയ് വീൽ, ഗ്ലോസി ബ്ലാക്ക് റൂഫ് ഫോയിൽ തുടങ്ങിയവയാണു കാറിന്റെ ബാഹ്യഭാഗത്തെ പരിഷ്കാരങ്ങൾ. അകത്തളത്തിലാവട്ടെ ലതർ ഫിനിഷ്ഡ് സീറ്റുകളും സീറ്റ് കവറിൽ ‘ജി ടി സ്പോർട്’ ചിഹ്നവും പതിപ്പിച്ചിട്ടുണ്ട്. 

സാധാരണ ‘പോളോ ജി ടി’യിലൂള്ള 1.2 ലീറ്റർ ടി എസ് ഐ, 1.5 ലീറ്റർ ടി ഡി ഐ എൻജിനുകളാണു ‘പോളോ ജി ടി സ്പോർട്ടി’നും കരുത്തേകുന്നത്. പെട്രോൾ എൻജിൻ പരമാവധി 105 പി എസ് കരുത്തും ഡീസൽ എൻജിൻ 110 പി എസ് വരെ കരുത്തുമാണു സൃഷ്ടിക്കുക. സാധാരണ ‘പോളോ ജി ടി’യെ അപേക്ഷിച്ച് 20,000 രൂപ അധിക വില ഈടാക്കിയാണ് ഫോക്സ്‌വാഗന്‍  ‘പോളോ ജി ടി സ്പോർട്’ വിൽപ്പനയ്ക്കെത്തിക്കുന്നത്. പരിമിതകാല പതിപ്പെന്ന നിലയിൽ വിൽപ്പനയ്ക്കെത്തുന്ന ‘പോളോ ജി ടി സ്പോർട്’ കാറുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല; എങ്കിലും കാർ മൂന്നു മാസത്തോളം രാജ്യവ്യാപകമായി വിൽപ്പനയ്ക്കുണ്ടാവുമെന്നാണു സൂചന. ഫ്ളാഷ് റെഡ്, കാൻഡി വൈറ്റ് നിറങ്ങളിലാണു കാർ ലഭിക്കുക. 

മികച്ച കരുത്തും താതമ്യമില്ലാത്ത പ്രകടനക്ഷമതയും പ്രതീക്ഷിക്കുന്നവരാണ് ‘പോളോ ജി ടി’ തേടിയെത്തുന്നതെന്നു ഫോക്സ്‌വാഗൻ ഗ്രൂപ് സെയിൽ ഇന്ത്യ മാനേജിങ് ഡയറക്ടർ തിയറി ലെസ്പിയോക് അഭിപ്രായപ്പെട്ടു. മികച്ച കാറിന്റെ പ്രതീകമായിരുന്നു ‘ജി ടി’ ബാഡ്ജ് എങ്കിൽ ‘പോളോ ജി ടി സ്പോർട്’ ഈ നിലവാരം കുറച്ചുകൂടി ഉയരത്തിലെത്തിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാനപരമായി കൂടുതൽ സ്പോർട്ടിയായ ‘പോളോ ജി ടി’യാണു ‘പോളോ ജി ടി സ്പോർട്’ എന്നും അദ്ദേഹം വിശദീകരിച്ചു.