Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസൂസു ‘എം യു — എക്സ്’ എത്തി; വില 23.99 ലക്ഷം മുതൽ

isuzu-mu-x

ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സിന്റെ പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എം യു — എക്സ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ഏഴു സീറ്റുള്ള എസ് യു വിയായ ‘എം യു — എക്സി’ന്റെ ഫോർ ബൈ ടു ലേഔട്ടുള്ള വകഭേദത്തിന് 23.99 ലക്ഷ രൂപയും ഫോർ ബൈ ഫോർ പതിപ്പിന് 25.99 ലക്ഷ രൂപയുമാണു ഡൽഹി ഷോറൂമിൽ വില. ഇസൂസുവിന്റെ മൂന്നു ലീറ്റർ, ഡി ജി ഐ വി ജി എസ് ടർബോ ഹൈ പവർ എൻജിനാണ് ‘എം യു — എക്സി’നു കരുത്തേകുന്നത്; പരമാവധി 177 പി എസ് കരുത്തും 380 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഫോർ ബൈ ടു, ഫോർ ബൈ ഫോർ പതിപ്പുകൾക്കൊപ്പമുള്ള ട്രാൻസ്മിഷൻ ഓട്ടമാറ്റിക് ഗീയർബോക്സാണ്. ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിലുള്ള പുതിയ ശാലയിലാണ് ഇസൂസു മോട്ടോഴ്സ് ‘എം യു — എക്സ്’ നിർമിക്കുന്നത്.

സുരക്ഷാ വിഭാഗത്തിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, എമർജൻസി ബ്രേക്ക് സഹിതം ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ എന്നിവയൊക്കെ ‘എം യു — എക്സി’ൽ ഇസൂസു ലഭ്യമാക്കുന്നുണ്ട്. സ്ഥലസൗകര്യമുള്ള മൂന്നാം നിര സീറ്റ്, പൂർണമായും മടക്കാവുന്ന മധ്യ നിര സീറ്റ് തുടങ്ങിയവയും ‘എം യു  — എക്സി’ന്റെ സവിശേഷതയായി ഇസൂസു അവതരിപ്പിക്കുന്നു. 

ആഗോളതലത്തിൽതന്നെ ഇസൂസുവിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന വിപണിയാണ് ഇന്ത്യയെന്ന് കനപനിയുടെ ബോർഡിലെ ഡയറക്ടറും മാനേജിങ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഹിരൊഷി നാകഗാവ വെളിപ്പെടുത്തി. ഭാവിയിൽ ആഗോളതലത്തിലുള്ള വാഹന നിർമാണത്തിന്റെ കേന്ദ്രമായും ഇന്ത്യ മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോക വിപണികളിൽ ലഭ്യമാവുന്ന മികച്ച സാങ്കേതിക വിദ്യയും എൻജിനീയറിങ് വൈഭവവും ഇസൂസു ഇന്ത്യയിലും എത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇന്ത്യൻ ഉപയോക്താക്കൾക്ക് ആധുനിക എസ് യു വി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ‘എം യു — എക്സ്’ അവതരിപ്പിക്കുന്നതെന്ന് ഇസൂസു മോട്ടോഴ്സ് ഇന്ത്യ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഹിതൊഷി കൊനൊ അഭിപ്രായപ്പെട്ടു. രൂപകൽപ്പനാമികവിന്റെയും കരുത്തിന്റെയും റോഡ് സാന്നിധ്യത്തിന്റെയും മികച്ച സംഗമമാണ് ‘എം യു — എക്സ്’ എന്നും അദ്ദേഹം അവകാശപ്പെട്ടു.