Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പൾസർ എൻ എസ് 160’ എത്തി; വില 80,648 രൂപ

Pulsar 160 NS Pulsar 160 NS

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പുതിയ 160 സി സി ബൈക്കായ ‘പൾസർ എൻ എസ് 160’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 80,648 രൂപയാണു ബൈക്കിനു മുംബൈ ഷോറൂമിൽ വില. ഉയർന്ന ഗുണനിലവാരവും രാജ്യാന്തര സ്റ്റൈലും പ്രകടനക്ഷമതയുമൊക്കെ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണു പുതുതലമുറ ബൈക്കായ ‘പൾസർ എൻ എസ് 160’ എത്തുന്നതെന്നു ബജാജ് ഓട്ടോ വെളിപ്പെടുത്തി. മികച്ച കരുത്തും ആക്രമണോത്സുക രൂപകൽപ്പനയും എതിരാളികൾക്കു കിടപിടിക്കാനാവാത്ത പ്രകടനക്ഷമതയുമൊക്കെ പുതിയ ‘പൾസറി’ന്റെ സവിശേഷതകളാണെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോർ സൈക്കിൾസ്) എറിക് വാസ് അവകാശപ്പെട്ടു. 

ഇന്നു സ്പോർട്സ് ബൈക്കിങ് വിഭാഗത്തിന്റെ 70 ശതമാനത്തോളം 150 — 160 സി സി മോട്ടോർ സൈക്കിളുകൾക്കു കീഴിലാണ്. മികച്ച സാങ്കേതിക വിദ്യയും പ്രകടനവുമായി ഈ വിഭാഗത്തിൽ ഇടം ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ‘പൾസർ എൻ എസ് 160’ എത്തുന്നതെന്നും വാസ് വിശദീകരിച്ചു. 

നിലവിലുള്ള ‘പൾസർ എ എസ് 150’ അടിസ്ഥാനമാക്കിയാണു ബജാജ് ‘പൾസർ എൻ എസ് 160’ സാക്ഷാത്കരിച്ചിരിക്കുന്നത്; രൂപകൽപ്പനയിലാവട്ടെ ‘എൻ എസ് 200’ ആണു മാതൃക. നേക്കഡ് സ്പോർട് മോട്ടോർ സൈക്കിളിന്റെ ചെറു പതിപ്പിന് അതേ പെരീമീറ്റർ ഫ്രെയിമാണു ബജാജ് ഉപയോഗിക്കുക; കരുത്തേകാൻ എയർ/ഓയിൽ കൂൾഡ് 150 സി സി എൻജിനും. അഞ്ചു സ്പീഡ് ഗീയർബോക്സിനൊപ്പം ചേരുമ്പോൾ ഈ എൻജിന് 17 പി എസ് വരെ കരുത്തും 13 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക.

‘എ എസ് 150’ ബൈക്കിൽ നിന്നാണു ബജാജ് ‘പൾസർ എൻ എസ് 160’ മോഡലിന് ആവശ്യമായ സൈക്കിൾ ഘടകങ്ങൾ കടമെടുക്കുക. പിന്നിൽ നൈട്രോക്സ് മോണോഷോക്കും മുന്നിൽ ടെലിസ്കോപിക് ഫോർക്കുമാണു സസ്പെൻഷൻ. മുന്നിൽ 80/100 ടയറുകളും പിന്നിൽ 110/80 ടയറുകളുമാണു ബൈക്കിൽ; ഒപ്പം മുന്നിൽ 240 എം എം ഡിസ്ക് ബ്രേക്കും പിന്നിൽ 130 എം എം ഡ്രം ബ്രേക്കും ഘടിപ്പിക്കും. ഇന്ത്യയിൽ ഫ്യുവൽ ഇഞ്ചക്റ്റഡ് ‘എഫ് സീ’, ഹോണ്ട ‘ഹോണറ്റ് 160 ആർ’, സുസുക്കി ‘ജിക്സർ’ തുടങ്ങിയവയോട് ഏറ്റുമുട്ടാനാണ് ‘പൾസർ എൻ എസ് 160’ എത്തുന്നത്.