Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോൾവോ ‘വി 90 ക്രോസ് കൺട്രി’ എത്തി; വില 60 ലക്ഷം

Volvo V90 Cross Country Volvo V90 Cross Country

ചൈനീസ് ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ ‘വി 90 ക്രോസ് കൺട്രി’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; 60 ലക്ഷം രൂപയാണു കാറിനു രാജ്യത്തെ ഷോറൂം വില.  ‘വി 90’ കൂടിയായതോടെ ‘90’ പരമ്പരയിലെ വാഹനങ്ങൾ പൂർണമായും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയതായി  വോൾവോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടർ ടോം വോൺ ബോൺസ്ഡ്രോഫ് അറിയിച്ചു. ഇതേ ശ്രേണിയിലെ ‘എക്സ് സി  90’, ‘എസ് 90’ എന്നിവ കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിലെത്തിയിരുന്നു.

ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കു പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഗെറ്റ്എവേ കാറാണു ‘വി 90’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിൽപ്പനയിൽ ഗണ്യമായ സംഭാവന നൽകാൻ ‘വി 90 ക്രോസ് കൺട്രി’ക്കു കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘വി 90 ക്രോസ് കൺട്രി’ക്കു പിന്നാലെ അടുത്ത വർഷം ‘എക്സ് സി 60’ അവതരിപ്പിക്കാനും വോൾവോ ഓട്ടോ ഇന്ത്യയ്ക്കു പദ്ധതിയുണ്ട്. 

സ്റ്റേഷൻ വാഗൻ അഥവാ എസ്റ്റേറ്റ് വിഭാഗത്തോട് ഇന്ത്യ കാര്യമായ പ്രതിപത്തി കാട്ടിയിട്ടില്ലെന്നതാണു യാഥാർഥ്യം. സമാന സവിശേഷതകളും കാഴ്ചപ്പകിട്ടുമുള്ള സ്പോർട്  യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങൾ കൈവരിച്ച സ്വീകാര്യതയാവണം സ്റ്റേഷൻ വാഗണുകൾക്കു തിരിച്ചടി സൃഷ്ടിച്ചത്. എന്നാൽ ആഗോളതലത്തിൽതന്നെ മികവുറ്റ എസ്റ്റേറ്റ് കാർ നിർമാതാക്കളെന്ന നിലയിൽ പെരുമയാർജിച്ച വോൾവോ, ‘വി 90’ വഴി ഈ സ്ഥിതി മാറ്റാനാവും ലക്ഷ്യമിടുക. അധിക ഗ്രൗണ്ട് ക്ലിയറൻസും ഓൾ വീൽ ഡ്രൈവുമൊക്കെയായാണ് ‘എസ് 90’ സെഡാന്റെ ദൃഢതയാർന്ന പതിപ്പായ ‘വി 90’ ഇന്ത്യയിലെത്തുന്നത്. 

രൂപകൽപ്പനാ മികവിനും ആഡംബരങ്ങൾക്കുമൊക്കെ പുരസ്കാരങ്ങളേറെ വാരിക്കൂട്ടിയ ചരിത്രമാണ്  ‘എസ് 90’ ആഡംബര സെഡാന്റേത്. അതേ കാഴ്ചപ്പകിട്ടും അകത്തളവും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ നിലനിർത്തിയാണ് വോൾവോ ‘വി 90’ യാഥാർഥ്യമാക്കുന്നത്. കൂടാതെ ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ‘ക്രോസ് കൺട്രി’ രൂപത്തിലാണ് വോൾവോ ‘വി 90’ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ വിൽപ്പനയ്ക്കുള്ള ‘വി 40 ക്രോസ് കൺട്രി’, ‘എസ് 60 ക്രോസ് കൺട്രി’ എന്നിവയെ പോലെ ആക്രമണോത്സുക ബംപറുകൾ, ബോഡി വർക്കിനു ചുറ്റും അധികമായി ബ്ലാക്ക് ക്ലാഡിങ്, മുന്നിലും പിന്നിലും ദൃഢത തോന്നിപ്പിക്കുന്ന സ്കഫ് പ്ലേറ്റ് എന്നിവയൊക്കെ കാറിലുണ്ട്. കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ്, ഓൾ വീൽ ഡ്രൈവ് എന്നിവയ്ക്കൊപ്പം റൂഫ് റെയിലും ‘വി 90 ക്രോസ് കൺട്രി’യിലുണ്ട്. 560 ലീറ്ററാണു ബൂട്ട് സ്പേസ്; രണ്ടാം നിര സീറ്റ് മടക്കിയാൽ സംഭരണ സ്ഥലം 1,526 ലീറ്ററായി ഉയരും. 

‘എസ് 90’ സെഡാനു ഡി ഫോർ ഡീസൽ എൻജിനാണു കരുത്തേകുന്നത്; പരമാവധി 190 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം, ‘വി 90 ക്രോസ് കൺട്രി’യിൽ ഇടം പിടിക്കുന്നതു ഡി ഫൈവ് എൻജിനാണ്; 235 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനാവും. എന്നാൽ ട്രാൻസ്മിഷൻ ഇരു മോഡലുകളിലും ഒന്നു തന്നെ: എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ്.

Read More: Auto News | Auto Tips ​​| Fasttrack