Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എ എം ജി ജി എൽ സി 43’ കൂപ്പെ എത്തി; വില 74.80 ലക്ഷം

Mercedes Benz AMG GLC 43 4MATIC Coupe Mercedes Benz AMG GLC 43 4MATIC Coupe

പ്രകടനക്ഷമതയേറിയ എ എം ജി ശ്രേണിയിൽപെട്ട ‘എ എം ജി ജി എൽ സി 43’ കൂപ്പെ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. ഡൽഹി ഷോറൂമിൽ 74.80 ലക്ഷം രൂപയാണു വില.

നിലവിൽ ഇന്ത്യയിൽ ലഭ്യമാവുന്ന ‘43 എ എം ജി’ ശ്രേണിയിലെ തന്ത്രപ്രധാന അവതരണമാണ് പുതിയ എസ് യു വി കൂപ്പെയെന്ന് മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ അഭിപ്രായപ്പെട്ടു. പുതിയ മോഡൽ എത്തിയതോടെ ‘43 എ എം ജി’ ശ്രേണിയുടെ ജനപ്രീതി ഉയരുമെന്നും അദ്ദേഹം പ്രത്യാശിച്ചു. സ്പോർട്സ് കാറിന്റെ ചലനാത്മകതയും കൂപ്പെയുടെ ആഢ്യത്വവും സമന്വയിക്കുന്ന കാറിൽ ‘ജി എൽ സി’യുടെ വൈവിധ്യവും ഒത്തുചേരുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

കാറിലെ പെട്രോൾ എൻജിന് പരമാവധി 367 ബി എച്ച് പി കരുത്താണു സൃഷ്ടിക്കാനാവുക; ഇതോടെ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ കാറിനു വെറും 4.9 സെക്കൻഡ് മതി. ഇക്കൊല്ലം മെഴ്സീഡിസ് ബെൻസ് അവതരിപ്പിക്കുന്ന എട്ടാമതു മോഡലാണിത്. ഓൾ വീൽ ഡ്രൈവ്, ഇലക്ട്രിക് സൺ റൂഫ്, എൽ ഇ ഡി ലൈറ്റുകൾ തുടങ്ങിയവയൊക്കെയായാണ് ‘എ എം ജി ജി എൽ സി 43’ കൂപ്പെയുടെ വരവ്.

എ എം ജി ബ്രാൻഡ് വിപണനം വ്യാപിപ്പിക്കാനായി രാജ്യത്തു രണ്ട് എ എം ജി പെർഫോമൻസ് സെന്ററുകൾ കൂടി തുറക്കാൻ മെഴ്സീഡിസ് ബെൻസിനു പദ്ധതിയുണ്ട്; കൊച്ചിയിലും ചെന്നൈയിലുമാണു കമ്പനി പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുക. നിലവിൽ ഡൽഹി, മുംബൈ, ബെംഗളൂരു, പുണെ, ഹൈദരബാദ് നഗരങ്ങളിലാണ് എ എം ജി പെർഫോമൻസ് സെന്ററുകൾ പ്രവർത്തിക്കുന്നത്.