Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5.20 കോടിയുടെ ഫെറാരി ‘ജി ടി സി ഫോർ ലൂസൊ’ ഇന്ത്യയിൽ

Ferrari GTC4Lusso Ferrari GTC4Lusso

ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരിയുടെ ‘ജി ടി സി ഫോർ ലൂസൊ’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തി. ‘എഫ് എഫി’ന്റെ പകരക്കാരനാവാൻ രംഗത്തെത്തുന്ന കാറിന് 5.20 കോടി രൂപയാണ് ഇന്ത്യയിലെ ഷോറൂം വില.  ഇതോടൊപ്പം വി എയ്റ്റ് എൻജിൻ സഹിതം ‘ജി ടി സി ഫോർ ലൂസൊ ടി’യും ഇന്ത്യയിലെത്തിയിട്ടുണ്ട്; 4.20 കോടി രൂപയാണ് ഈ മോഡലിനു വില. കഴിഞ്ഞ വർഷത്തെ ജനീവ മോട്ടോർ ഷോയിലാണു നാലു സീറ്റുള്ള ഗ്രാൻഡ് ടൂററായ ‘ജി ടി സി ഫോർ ലൂസൊ’ അരങ്ങേറ്റം കുറിച്ചത്. ‘ഗ്രാൻ ടുറിസ്മൊ കൂപ്പെ’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ജി ടി സി’; ‘ലൂസൊ’ എന്ന ഇറ്റാലിയൻ വാക്കിന്റെ അർഥം ‘ലക്ഷ്വറി’(ആഡംബരം) എന്നും. 

ആയാസരഹിതമായ ദീർഘദൂര ഡ്രൈവിങ് സാധ്യമാക്കുന്ന പ്രകടനക്ഷമതയേറിയ ആഡംബര കാറുകളെയാണ് ഗ്രാൻഡ് ടൂറർ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. നാലു പേർക്കു സുഖകരമായ യാത്ര സാധ്യമാക്കുന്ന കാറിൽ 450 ലീറ്റർ ബൂട്ട് സ്പേസും ഫെറാരി വാഗ്ദാനം ചെയ്യുന്നു. നാച്ചുറലി ആസ്പിറേറ്റഡ് 6.3 ലീറ്റർ, 65 ഡിഗ്രി, വി 12 എൻജിനാണ് സൂപ്പർ കാറായ ‘ജി ടി സി ഫോർ ലൂസൊ’യ്ക്കു കരുത്തേകുന്നത്; എഫ് 140 എൻജിനു പരമാവധി 681 ബി എച്ച് പി കരുത്തും 697 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു ‘പറക്കാൻ’ കാറിനു വേണ്ടതു വെറും 3.4 സെക്കൻഡാണ്. മണിക്കൂറിൽ 345 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. 

ഏഴു സ്പീഡ് ഡ്യൂവൽ ക്ലച് ട്രാൻസ്മിഷനുള്ള കാറിന് ഫോർ വീൽ ഡ്രൈവ് ലേ ഔട്ടാണ്.കാറിലെ ഫോർ വീൽ സ്റ്റീയറിങ്ങിന് പിൻ വീലുകളെ രണ്ടു ഡിഗ്രിയോളം തിരിക്കാനാവും. വേഗം മണിക്കൂറിൽ 100 കിലോമീറ്ററിൽ താഴെയാണെങ്കിൽ മുൻവീലുകളെ അപേക്ഷിച്ച് എതിർദിശയിലാവും പിൻവീലുകൾ തിരിയുക; ഇതോടെ ടേണിങ് റേഡിയസ് കുറയ്ക്കാനാവും. വേഗം 100 കിലോമീറ്ററിലേറെയാവുമ്പോൾ പിന്നിലെയും മുന്നിലെയും വീലുകൾ ഒരേ ദിശയിലാക്കി കാറിനു കൂടുതൽ സ്ഥിരത സമ്മാനിക്കുകയും ചെയ്യും. 

പേരിലെ ‘ആഡംബര’ത്തോടു നീതി പുലർത്തുംവിധമാണു കാറിന്റെ അകത്തളത്തിന്റെ രൂപകൽപ്പന. ഏറ്റവും മികച്ച തുകലിനൊപ്പം 10.25 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്കു പ്രത്യേക സ്ക്രീനുമുണ്ട്. ‘എഫ് എഫി’നെ അപേക്ഷിച്ച് ലെഗ്റൂം 16 എം എം വർധിപ്പിച്ചതും യാത്രാസുഖം മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ. അതേസമയം ‘ജി ടി സി ഫോർ ലൂസൊ ടി’ക്കു കരുത്തേകുന്നത് 3.9 ലീറ്റർ, വി എയ്റ്റ് എൻജിനാണ്; പരമാവധി 610 ബി എച്ച് പി കരുത്തും 760 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ് ഇരട്ട ക്ലച് ഗീയർബോക്സാണു കാറിലെ ട്രാൻസ്മിഷൻ.