Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിയാസി’നു സ്പോർട്ടി പതിപ്പ്; വില 9.39 ലക്ഷം മുതൽ

Ciaz S Ciaz S

സെഡാനായ ‘സിയാസി’ന്റെ സ്പോർട്ടി പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കി. ‘സിയാസ് എസ്’ എന്നു പേരിട്ട കാറിന്റെ പെട്രോൾ പതിപ്പിന് 9.39 ലക്ഷം രൂപയും സ്മാർട് ഹൈബ്രിഡ് ഡീസലിന് 11.55 ലക്ഷം രൂപയുമാണു ഡൽഹിയിലെ വില. പുത്തൻ സ്പോയ്ലർ പായ്ക്ക് നൽകിയാണു മാരുതി സുസുക്കി ‘സിയാസ് എസി’നെ നവീകരിച്ചിരിക്കുന്നത്; മുന്നിലും പാർശ്വത്തിലും പിന്നിലും ട്രങ്ക് ലിഡിലുമൊക്കെ സ്പോയ്ലർ ഇടം പിടിച്ചു. കാഴ്ചപ്പകിട്ട് വർധിപ്പിക്കുന്നതിനൊപ്പം കാറിനെ കൂടുതൽ ഏറോഡൈനമിക് ആക്കാനും ഈ പരിഷ്കാരം സഹായിക്കുമെന്നാണു മാരുതി സുസുക്കിയുടെ അവകാശവാദം. അകത്തളം പ്രീമിയം ബ്ലാക്ക് നിറത്തിലാക്കിയതിനൊപ്പം ഗ്രേ ക്രോം ഫിനിഷിങ്ങും ലഭ്യമാക്കിയിട്ടുണ്ട്. 

മാരുതി സുസുക്കി ശ്രേണിയിലെ ഏറ്റവും പുരോഗമനാത്മക ബ്രാൻഡായി ‘സിയാസ്’ മാറിയിട്ടുണ്ടെന്നു കമ്പനി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. 2014 ഒക്ടോബറിൽ നിരത്തിലെത്തിയ കാറിന്റെ ഇതുവരെയുള്ള വിൽപ്പന 1.70 ലക്ഷം യൂണിറ്റാണ്. സ്പോർട്ടി പതിപ്പായ ‘സിയാസ് എസ്’ എത്തുന്നതോടെ യുവതലമുറയെ കൂടി ആകർഷിച്ച് ‘സിയാസി’ന്റെ നില കൂടുതൽ ശക്തമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പെട്രോൾ, ഡീസൽ എൻജിനുകളോടെ വിപണിയിലുള്ള ‘സിയാസ് എസി’ൽ ‘സിയാസ് ആൽഫ’യിലെ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ഇപ്പോൾ തന്നെ ഇന്ത്യൻ കാർ വിപണിയിലെ ‘എ ത്രീ പ്ലസ്’ വിഭാഗത്തിൽ ഏറ്റവും മികച്ച വിൽപ്പനയുള്ള സെഡാനാണു ‘സിയാസ്’; 43.5% വിപണി വിഹിതമാണു കാറിനുള്ളത്. ലീറ്ററിന് 28.09 കിലോമീറ്ററുമായി ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണ് ‘സിയാസ് ഡീസൽ സ്മാർട് ഹൈബ്രിഡ്’ എന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു. കാറിന്റെ വിൽപ്പന പുതുതലമുറ ഷോറൂം ശൃംഖലയായ ‘നെക്സ’യിലേക്കു മാറ്റിയതും ‘സിയാസി’നു ഗുണകരമായെന്നാണു നിർമാതാക്കളുടെ വിലയിരുത്തൽ.