Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ എം ടിയോടെ ‘ടിയാഗൊ എക്സ് ടി എ’; വില 4.79 ലക്ഷം

Tata Tiago Tata Tiago

ചെറു ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ ‘എക്സ് ടി  എ’ വകഭേദത്തിന്റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) പതിപ്പ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. ഡൽഹി ഷോറൂമിൽ 4.79 ലക്ഷം രൂപയാണ് ‘ടിയാഗൊ എക്സ് ടി എ എ എം ടി’ക്കു വില. മുന്തിയ വകഭേദമായ ‘എക്സ് സെഡ് എ എ എം ടി’ക്ക് തൊട്ടുതാഴെ ഇടംപിടിക്കുന്ന പുതിയ കാറിന് 46,000 രൂപയുടെ വിലക്കുറവാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്.

മുന്തിയ വകഭേദമായ ‘എക്സ് സെഡ് എ’യിൽ ലഭ്യമാവുന്ന അലോയ് വീൽ, വിങ് മിററിലെ സൈഡ് ഇൻഡിക്കേറ്റർ, ഫോഗ് ലാംപ്, റിയർ വൈപ്പറും ഡീഫോഗറും, ബൂട്ട് ലാംപ്, ഓട്ടോ ഡൗൺ ഡ്രൈവർ സൈഡ് വിൻഡോ, കൂൾഡ് ഗ്ലൗ ബോക്സ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ തുടങ്ങിയവ ‘എക്സ് ടി എ എ എം ടി’യിൽ നിന്നു ടാറ്റ മോട്ടോഴ്സ് ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയവയും ഈ പതിപ്പിലില്ല; അതേസമയം ഇരട്ട എയർ ബാഗുകൾ ഓപ്ഷനൽ വ്യവസ്ഥയിൽ ലഭ്യമാണ്.

സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ടിയാഗൊ എക്സ് ടി എ എ എം ടി’യുടെ വരവ്; കാറിന് കരുത്തേകുന്നത് 1.2 ലീറ്റർ, പെട്രോൾ എൻജിനാണ്. പരമാവധി 84 പി എസ് കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. അഞ്ച് സ്പീഡ് എ എം  ടി ഗീയർബോക്സാണു കാറിലുള്ളത്.   നഗരത്തിരക്കിൽ സഹായകമാവുന്ന ‘ക്രീപ്’ ഫംക്ഷൻ സഹിതമാണ് ‘ടിയാഗൊ’യിലെ എ എം ടി ഗീയർബോക്സ് എത്തുന്നത്; ബ്രേക്ക് പെഡലിൽ നിന്നു കാൽ പിൻവലിച്ചാൽ കാർ നിരങ്ങി നീങ്ങുന്നതാണ് ഈ സംവിധാനം. കൂടാതെ മാനുവൽ ഗീയർബോക്സുള്ള മോഡലിലെ ‘ഇകോ മോഡി’നു പകരമായി സ്പോർട് ഡ്രൈവിങ് മോഡാണു കാറിലുള്ളത്. അതേസമയം ‘സിറ്റി മോഡ്’ നിലനിർത്തിയിട്ടുമുണ്ട്.