Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എയ്ഡ്സ്’ പ്രതിരോധം: ‘റെഡ്’ പതിപ്പിൽ ‘വെസ്പ’

Vespa Red Vespa Red

ജീവകാരുണ്യ രംഗത്തു പ്രവർത്തിക്കുന്ന ‘റെഡ്’ എന്ന സംഘടനയ്ക്കു സാമ്പത്തിക സഹായ വാഗ്ദാനവുമായി ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയൊ രംഗത്ത്. പുതുതായി അവതരിപ്പിക്കുന്ന ‘വെസ്പ റെഡ്’ സ്കൂട്ടർ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിലൊരു പങ്ക് ഇന്ത്യയിൽ ‘റെഡ്’ നടപ്പാക്കുന്ന എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കു സംഭാവന നൽകുമെന്നാണു പിയാജിയൊയുടെ വാഗ്ദാനം. ‘റെഡ്ഡും’ പിയാജിയൊയും സഹകരിച്ചു യാഥാർഥ്യമാക്കിയ ‘വെസ്പ റെഡ്’ പതിപ്പിന്റെ ഇന്ത്യയിലെ അവതരണം ചൊവ്വാഴ്ചയാണ്.

ആഗോളതലത്തിൽ ‘വെസ്പ 946’ ആണ് ‘റെഡ്’ പതിപ്പായി വിപണിയിലെത്താറുള്ളത്്; ഓരോ ‘946 റെഡ്’ വിൽക്കുമ്പോഴും 150 ഡോളർ(9,793 രൂപ) പിയാജിയൊ ജീവകാരുണ്യ പ്രവർത്തനത്തിനു സംഭാവന നൽകാറുമുണ്ട്. എന്നാൽ ഇന്ത്യൻ മോഡൽ ശ്രേണിയിൽ ഇല്ലാത്തതിനാൽ ‘946’ ആവില്ല ഇവിടെ ‘റെഡ്’ ആയി വിൽപ്പനയ്ക്കെത്തുക; പകരം നിലവിൽ രാജ്യത്തു വിൽപ്പനയിലുള്ള 125 സി സി, 150 സി സി സ്കൂട്ടറുകളുടെ പ്രത്യേക ‘റെഡ്’ പതിപ്പുകൾ പുറത്തിറക്കാനാണു പിയാജിയൊ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡി(പി വി പി എൽ)ന്റെ പദ്ധതി. ഇതോടെ ‘വി എക്സ് എൽ’, ‘എസ് എക്സ് എൽ’, ‘എലഗന്റ്’ എന്നിവയ്ക്കൊപ്പം ‘വെസ്പ’യുടെ അടിസ്ഥാന വകഭേദവും ‘റെഡ്’ രൂപത്തിൽ വിൽപ്പനയ്ക്കെത്തും. 

സാങ്കേതികമായി മാറ്റമൊന്നും വരുത്താതെ, പൂർണമായും ചുവപ്പ് നിറത്തിലാക്കിയാണു പിയാജിയൊ ഈ സ്കൂട്ടറുകൾ വിൽപ്പനയ്ക്കെത്തിക്കുക. സ്കൂട്ടറുകൾക്കു കരുത്തേകുക 125 സി സി, 150 സി സി എൻജിനുകൾ തന്നെ; 125 സി സി എൻജിൻ 10.45 ബി എച്ച് പിയോളവും 150 സി സി എൻജിൻ 11.44 ബി എച്ച് പി വരെയും കരുത്ത് സൃഷ്ടിക്കും. നിലവിൽ 71,000 മുതൽ 97,000 രൂപ വരെയാണു ‘വെസ്പ’ ശ്രേണിയിലെ സ്കൂട്ടറുകളുടെ വില. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവന കൂടി ചേരുന്നതോടെ ‘റെഡ്’ പതിപ്പിന് 5,000 മുതൽ 10,000 രൂപ വരെ അധികം മുടക്കേണ്ടി വരുമെന്നാണു പ്രതീക്ഷ.

കഴിഞ്ഞ വർഷം ജൂണിൽ റോമിൽ ബിൽ ഗേറ്റ്സ് അടക്കമുള്ള പ്രമുഖർ സാക്ഷ്യം വഹിച്ച ഗ്ലോബൽ ഫണ്ട് സമാഹരണ ചടങ്ങിലാണ് റെഡ്ഡും പിയാജിയൊയുമായുള്ള സഖ്യം പ്രഖ്യാപിക്കപ്പെടുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിനു പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഏതെങ്കിലും വാഹന നിർമാതാതാവ് പുറത്തിറക്കുന്ന ആദ്യ മോഡലുമാവും ‘വെസ്പ റെഡ്’  സ്കൂട്ടർ. ‘ഐ ഫോൺ’ നിർമാതാക്കളായ ആപ്പിൾ ‘ഐ ഫോൺ സെവനി’ന്റെ ‘റെഡ്’ പതിപ്പ് പുറത്തിറക്കിയിരുന്നു; സാധാരണ ഫോണിനെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്കായിരുന്നു ഈ മോഡലിന്റെയും വിൽപ്പന. ദശാബ്ദത്തിലേറെയായി എയ്ഡ്സ് ബോധവൽക്കരണ, പ്രതിരോധ പ്രവർത്തനങ്ങളിൽ 2006 മുതൽ സജീവ സാന്നിധ്യമാണു റെഡ്.