Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ ബി എസുമായി ‘പൾസർ എൻ എസ് 200’

pulsar-ns-200

പ്രകടനക്ഷമതയേറിയ ‘പൾസർ എൻ എസ് 200’ ബൈക്കിന്റെ പുതിയ വകഭേദം ബജാജ് ഓട്ടോ ലിമിറ്റഡ് പുറത്തിറക്കി. മികച്ച സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സഹിതമെത്തുന്ന ബൈക്കിന് 1.09 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിലെ വില. 200 സി സി, ലിക്വിഡ് കൂൾഡ് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. 

വലിപ്പമേറിയ ഡിസ്ക് ബ്രേക്കും പെരിമീറ്റർ ഫ്രെയിമും സഹിതമാണ് എ ബി എസുള്ള ‘പൾസർ എൻ എസ് 200’ എത്തുന്നത്. കൂടുതൽ സ്ഥിതരയും റൈഡർക്കു മെച്ചപ്പെട്ട നിയന്ത്രണവും സമ്മാനിക്കുന്നതിനൊപ്പം ഏതു പ്രതലത്തിലുമുള്ള ബ്രേക്കിങ്ങും കൂടുതൽ കാര്യക്ഷമമാക്കാനും എ ബി എസിന്റെ സാന്നിധ്യം സഹായിക്കുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. ഉയർന്ന വേഗത്തിൽ ബ്രേക്ക് ചെയ്യുമ്പോൾ വീൽ ലോക്കാവുന്നതു തടഞ്ഞ് സ്കിഡ്ഡിങ് ഒഴിവാക്കാനും എ ബി എസിനാവും.

ഉപയോക്താക്കളുടെ ദീർഘകാലത്തെ ആവശ്യം മുൻനിർത്തിയാണ് ‘പൾസർ എൻ എസ് 200’ ബൈക്കിൽ എ ബി എസ് ലഭ്യമാക്കുന്നതെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോർ സൈക്കിൾസ്) എറിക് വാസ് വ്യക്തമാക്കി. ബൈക്കിന്റെ പ്രകടനക്ഷമതയ്ക്കൊപ്പം ആകർഷണവും ഉയർത്താൻ പുതിയ വകഭേദത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.  തുടക്കത്തിൽ മെട്രോ നഗരങ്ങളിൽ വിൽപ്പനയ്ക്കെത്തുന്ന ‘പൾസർ എൻ എസ് 200’ എ ബി എസ് പതിപ്പ് ക്രമേണ രാജ്യവ്യാപകമായി ലഭ്യമാക്കാനാണു ബജാജ് ഓട്ടോയുടെ പദ്ധതി.