Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിൽ ലുക്കിൽ മാരുതി സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ്

Maruti Suzuki Swift Limited Edition Maruti Suzuki Swift Limited Edition

കാര്യമായ പ്രചാരണമോ ശബ്ദകോലാഹലമോ ഇല്ലാതെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. അടിസ്ഥാന, ഇടത്തരം വകഭേദങ്ങൾക്ക് ഇടയിൽ സ്ഥാനം പിടിക്കുന്ന ‘ലിമിറ്റഡ് എഡീഷൻ’ പതിപ്പിന് പെട്രോൾ എൻജിനോടെ 5.45 ലക്ഷം രൂപയും ഡീസൽ എൻജിനോടെ 6.40 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.  ഇന്ത്യയിൽ ഏറ്റവുമധികം ജനപ്രീതിയാർജിച്ച കാറുകൾക്കൊപ്പമാണ് ‘സ്വിഫ്റ്റി’ന്റെ സ്ഥാനം. അടുത്ത ഓട്ടോ എക്സ്പോയിൽ ‘സ്വിഫ്റ്റി’ന്റെ പുതുതലമുറ മോഡൽ അരങ്ങേറ്റത്തിനൊരുങ്ങവേയാണു നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാൻ മാരുതി സുസുക്കി ‘പരിമിതകാല പതിപ്പ്’ എന്ന തന്ത്രം പയറ്റുന്നത്. 

മുമ്പ് വിപണിയിലെത്തിയ പരിമിതകാല പതിപ്പുകളിൽ നിന്നു വ്യത്യസ്തമായി പ്രത്യേക പേരു നൽകാതെയാണു ‘സ്വിഫ്റ്റി’ന്റെ ഇപ്പോഴത്തെ ‘ലിമിറ്റഡ് എഡീഷൻ’ എത്തുന്നതെന്ന സവിശേഷതയുമുണ്ട്. പരിമിതകാല പതിപ്പുകളുടെ പതിവുരീതിയിൽ സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ഈ ‘സ്വിഫ്റ്റി’ന്റെയും വരവ്. പകരം ഗ്രാഫിക്സിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമുള്ള മാറ്റങ്ങൾ മാത്രമാണു പരിമിതകാല പതിപ്പിനെ വേറിട്ടു നിർത്തുന്നത്. ഈ‘സ്വിഫ്റ്റി’ലെ 1.2 ലീറ്റർ പെട്രോൾ എൻജിന് 83 ബി എച്ച് പി വരെ കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ബോണറ്റിലും പാർശ്വങ്ങളിലും മേൽക്കൂരയിലുമൊക്കെ വ്യാപിപ്പിച്ചു കിടക്കുന്ന ഗ്രാഫിക്സാണു കാഴ്ചയിലെ മാറ്റം. അകത്തളത്തിലാവട്ടെ പുത്തൻ സീറ്റ്, സ്റ്റീയറിങ് വീൽ കവറുകളും ആൻഡ്രോയ്ഡ് ഓട്ടോയ്ക്കും ആപ്പ്ൾ കാർ പ്ലേയ്ക്കും അനുയോജ്യമായ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. ‘ബലേനൊ’യിലും ‘ഇഗ്നിസി’ലും ‘എസ് ക്രോസി’ലുമൊക്കെയുള്ളതിനു സമാനമായ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനമാണ് മാരുതി സുസുക്കി ‘സ്വിഫ്റ്റി’ന്റെ പരിമിതകാലപതിപ്പിനും തിരഞ്ഞെടുത്തിരിക്കുന്നത്. എക്സ്ട്രാ ബേസുള്ള സ്പീക്കറുകളും പുത്തൻ കാർപറ്റ് ഫ്ളോർ മാറ്റുകളും പരിമിതകാലപതിപ്പിലുണ്ടെന്നാണ് കമ്പനി പരസ്യങ്ങളിൽ അവകാശപ്പെടുന്നത്.