Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്സസ് ‘എൻ എക്സ് 300 എച്ച്’ വില 53.18 ലക്ഷം മുതൽ

Lexus-NX-300h Lexus-NX-300h

ഔദ്യോഗികമായി അനാവരണം ചെയ്ത് ഒരു മാസം കഴിയുമ്പോൾ ടൊയോട്ടയുടെ ആഡംബര കാർ ബ്രാൻഡായ ലക്സസ് എസ് യു വിയായ ‘എൻ എക്സ് 300 എച്ചി’ന്റെ വില പ്രഖ്യാപിച്ചു. അടിസ്ഥാന മോഡലിന് 53.18 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഷോറൂം വില. അതേസമയം മുന്തിയ വകഭേദമായ ‘എഫ് സ്പോർട്ടി’ന് 55.58 ലക്ഷം രൂപയാണു വില.

‘എൻ എക്സ് 300 എച്ചി’നു കരുത്തേകുന്നത് പെട്രോൾ, ഹൈബ്രിഡ് പവർ ട്രെയ്നാണ്; 2.5 ലീറ്റർ പെട്രോൾ എൻജിനൊപ്പം പിന്നിൽ ഘടിപ്പിച്ച വൈദ്യുത മോട്ടോറും കാറിനു കരുത്തേകുന്നു. മൊത്തം 197 ബി എച്ച് പി കരുത്തും 210 എൻ എം ടോർക്കുമാണ് ഈ സഖ്യം സൃഷ്ടിക്കുക. ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘എൻ എക്സ് 300 എച്ചി’ൽ ഇ  സി വി ടി ഗീയർബോക്സും ലക്സസ് ലഭ്യമാക്കുന്നു.

പവർ റിക്ലൈനിങ് പിൻ സീറ്റ്, നാവിഗേഷൻ സംവിധാനം സഹിതം 10.3 ഇഞ്ച് മൾട്ടി മീഡിയ ഡിസ്പ്ലേ, 14 സ്പീക്കർ മാർക്ക് ലെവിൻസൻ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി പനോരമിക് സറൗണ്ട് വ്യൂ, ഹെഡ്സ് അപ് ഡിസ്പ്ലേ എന്നിവയ്ക്കൊപ്പം കാലിന്റെ ചലനം തിരിച്ചറിഞ്ഞു സെൻസർ സഹായത്തോടെ പ്രവർത്തിക്കുന്ന റിയർ പവർ ടെയിൽഗേറ്റും കാറിലുണ്ട്. ‘എഫ് സ്പോർട്ടി’ലാവട്ടെ പാഡ്ൽ ഷിഫ്റ്ററുമുണ്ട്. സുരക്ഷയ്ക്കായി എട്ട് എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയവയാണ് ‘എൻ എക്സ് 300 എച്ചി’ലുള്ളത്. 

വിദേശ നിർമിതമായ ‘എൻ എക്സ് 300 എച്ച്’ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്. മെഴ്സീഡിസ് ബെൻസ് ‘ജി എൽ സി’, അടുത്തുതന്നെ അരങ്ങേറ്റം കുറിക്കുന്ന ‘ബി എം ഡബ്ല്യു എക്സ് ത്രീ’, ‘2018 ഔഡി ക്യു ഫൈവ്’, അടുത്തയിടെ വിപണിയിലെത്തിയ വോൾവോ ‘എക്സ് സി 60’ തുടങ്ങിവയോടാണ് ‘എൻ എക്സ് 300 എച്ചി’ന്റെ മത്സരം.